പേര് കേൾക്കുമ്പോൾ തന്നെ ആകർഷിക്കുന്ന ചില സിനിമകൾ ഉണ്ട്. "കഥ ഇന്ന് വരെ" എന്ന സിനിമ ആ കൂട്ടത്തിൽ പെട്ട ഒന്നായിരുന്നു. അത് കൊണ്ട് തന്നെ യാത്രയിൽ ചില ത്യാഗങ്ങൾ സഹിച്ചു പോയി സിനിമ കണ്ടു. ചിതറിക്കിടക്കുന്ന തുണ്ടുകൾ വിദഗ്ധമായി കൂട്ടിച്ചേർത്തു മനോഹരമായ ഒരു ശില്പം പൂർത്തിയാക്കപ്പെട്ട അനുഭവം. വിഷ്ണു മോഹന്റെ ചിത്രം ഇനിയും പ്രതീക്ഷയ്ക്കു വക നൽകുന്നു. വിസ്മയം പകർന്ന കഥാവസാനം. മടുപ്പിക്കാതെ ഒഴുകിയ ദൃശ്യാവിഷ്‌കാരം. മേതിൽ ദേവികയും ബിജുമേനോനും അവരുടെ റോളുകൾ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. പാട്ട് പ്രാധാന്യം ഇല്ലാത്ത വിധം സംഭാഷണത്തിനിടയിൽ ചെന്നു കുരുങ്ങുന്ന വിരസത പുതിയ സിനിമയിൽ പതിവാണല്ലോ.
സിനിമ കാണാനുള്ള എന്റെ യാത്രയും അത്യന്തം ചിതറിയ ഒരു അനുഭവം. തലേന്ന് തന്നെ പമ്പ് ഹൌസ് ജംഗ്ഷൻ ലെ ഓട്ടോ ഒന്ന് മുൻകൂട്ടി ബുക്ക് ചെയ്ത് കൃത്യമായി കമ്പനിപടി എത്തി. Bus സമയം കുറിച്ച ബോർഡ് ൽ കണ്ടതിനും അല്പം മുൻപേ വന്ന മുക്കത്ത് ബസിൽ ചാടി കയറി
." ഇത് തലയോലപ്പറമ്പിലേക്കില്ല വെള്ളൂർ വരെ ഉള്ളൂ ചെക്ക് പോസ്റ്റിൽ ഇറങ്ങിക്കോ വണ്ടി വരും "
എന്ന് കണ്ടക്ടർ പറഞ്ഞു മിനിമം ചാർജ് വാങ്ങി. അങ്ങനെ അതിൽ നിന്നും ഇറങ്ങി ചെക്ക് പോസ്റ്റിലേക്ക് അപ്പോൾ തന്നെ വന്ന മൂത്തേടത്തു ബസിൽ കയറി നേരെ ഇറുമ്പയം ചുറ്റി സ്ഥലത്തെത്തി. ചെന്നപ്പോൾ തിയേറ്റർ വിജനം വിമൂകം. 5 പേർ ഇല്ലാതെ സിനിമ കാണിക്കില്ല. അവധി എങ്കിലേ ആൾക്കാർ വരുള്ളൂ..പോകുന്ന കൂടെ മൂന്ന് പേരെ കൂടി കൊണ്ട് പോയാലേ സിനിമ കാണാൻ പറ്റു എന്ന ദയനീയമായ അവസ്ഥ. വന്നു കയറിയ കൗമാരക്കാർ എല്ലാം കിഷ്‌കിന്ധകാണ്ഡം കാണാൻ വന്നവർ. അപ്പോഴാണ് പിന്നിൽ വന്നു നിന്ന ദമ്പതികളെ കണ്ടത്
"ഏതു സിനിമയ്ക്കാ..?' ഞാനും കൂട്ടുകാരിയും തിരക്കി..
"എന്തോ കുഷ്കുന്ധം എന്ന് പറഞ്ഞിട്ട് ഒരെണ്ണം ഇല്ലേ അതിനാ " അദ്ദേഹം പറഞ്ഞു. കൂശ്മാണ്ഡം എന്ന് പറയാഞ്ഞത് ഭാഗ്യം..കിഷ്കിന്ധത്തെ കുറിച്ച് പുള്ളിക്ക് ഏറെ അറിയില്ല എന്നോർത്തു ചിരി വന്നെങ്കിലും ശ്ശോ..നേരത്തെ പറഞ്ഞെങ്കിൽ ഞങ്ങൾ കാണാൻ വന്ന സിനിമയ്ക്ക് ടിക്കറ്റ് എടുപ്പിക്കാമായിരുന്നു എന്നൊരു ചിതറിയ ചിന്ത അപ്പോൾ മനസ്സിൽ ഉദിച്ചു. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ കിഷ്കിന്ധം ആൾക്കാർ കയറി തുടങ്ങി. ഞങ്ങൾ എന്നിട്ടും പ്രതീക്ഷയോടെ കാത്തിരുന്നു. അങ്ങനെ മൂന്ന് പേർ വന്ന് ചേർന്നു. ഞാൻ ഓടി ചെന്നു ചോദിച്ചപ്പോൾ ഒരാൾ "കഥ ഇന്ന് വരെ" കാണാൻ ബുക്ക് ചെയ്ത് വന്നത്. സമാധാനം ആയി. പിന്നെ ഇത്തിരി പ്രായം ചെന്ന ഒരാൾ. അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. ടിക്കറ്റ് എടുപ്പിച്ചു. വേറൊരാളും എടുത്തു. അങ്ങനെ അഞ്ച് പേരായി. ആളെണ്ണം വളരെ കുറഞ്ഞ തിയേറ്ററിൽ ഇരുന്നപ്പോൾ കഷ്ടം എന്ന് തോന്നി. നല്ല ശബ്ദവിന്യാസം സൗകര്യങ്ങൾ... എന്നിട്ടും കാണികൾ കുറവ്...അങ്ങനെ സിനിമ കണ്ടിറങ്ങി കത്തുന്ന വെയിലിൽ കുടയും ചൂടി തീയേറ്ററിന്റെ മുന്നിൽ വന്നു ഓട്ടോയ്ക്കായി കാത്തു നിന്നപ്പോൾ " ഇതിലേ വാ" എന്ന് പറഞ്ഞു മുന്നിൽ നിൽക്കുന്നു നീല നിറമുള്ള മൂത്തേടത്തു ബസ്. കൂട്ടുകാരി പറഞ്ഞു "ദേ അങ്ങോട്ടുള്ള ബസ്. സീമ കേറിക്കോ ഞാൻ പൊയ്ക്കൊള്ളാം."
അവൾക്കു കാഞ്ഞിരമറ്റത്തേക്കാണ് പോകേണ്ടത്. തലങ്ങും വിലങ്ങും വണ്ടികൾ പായുമ്പോൾ റോഡിന്റെ മറുവശത്തേക്ക് കടക്കാൻ കഷ്ടപ്പാട്. സൂക്ഷിച്ചില്ലെങ്കിൽ പാണ്ടി ലോറി കയറിയ തവളയുടെ അവസ്ഥയാകും എങ്കിലും സകല ദൈവങ്ങളെയും പ്രാർത്ഥിച്ചു മറുവശത്തേക്ക് പാഞ്ഞു ചെന്നു ബസിൽ കയറി. ടിക്കറ്റ് എടുക്കുന്ന ലേഡി കണ്ടക്ടർ വന്നു.
. "വെള്ളൂർ.." ഞാൻ പറഞ്ഞു.
"ഇത് വെള്ളൂർക്കല്ല മാഡം.. തൊടുപുഴയ്ക്കാ...മൂർക്കാട്ടിൽ പടി ഇറങ്ങിക്കോ..". എല്ലാ മൂത്തേടം ബസും വെള്ളൂരിനു സ്വന്തം എന്ന ധാരണ തെറ്റി..ഒരിക്കൽ കൂടി യാത്ര ചിതറുന്നു. വേറെ അമ്പലപ്പടി പള്ളിപ്പടി തുടങ്ങി പല പടികളിലേക്കും പോകും മുൻപ് കൃത്യമായി അവിടിറങ്ങുമ്പോൾ ചില്ലിൽ മത്തങ്ങാ മുഴുപ്പിൽ എഴുതിയ തൊടുപുഴ.. അക്ഷരങ്ങൾ എന്നെ നോക്കി കളിയാക്കി ചിരിച്ചു. ഇനി മുതൽ ബസിന്റെ നിറവും പേരും മാത്രം നോക്കി കയറല്ലേ എന്ന് ഡ്രൈവർ സീറ്റിനു പിന്നിലെ ഗുരുദേവന്റെ ചിത്രം എന്നോട് മന്ത്രിച്ചു. അവിടുന്നു ഒരു ഓട്ടോ പിടിച്ചു പച്ചക്കറിയും വാങ്ങി വീടെത്തി.
ഗുണപാഠം.. ബസുകളുടെ നിറവും പേരും നോക്കി ആരും ബസിൽ കയറരുത്. സ്ഥലം എവിടേക്കു എന്ന് നോക്കി കൃത്യമായി കയറുക. ഇരുന്നുറങ്ങാതെ ഇറങ്ങേണ്ടിടത്ത് ഇറങ്ങുക. പിന്നെ Sex തോന്നാത്ത നല്ല പുരുഷസുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരുടെ കാറിൽ കയറാം.. പോകാം. അങ്ങനെ കിട്ടുക ഈ ഭൂമിയിൽ അത്ര എളുപ്പം ഒന്നുമല്ല .ഇനി കിട്ടിയാലും ചിലപ്പോൾ പേരുദോഷം ഉണ്ടാകാം. അതിന്റെ പ്രത്യാഘാതങ്ങൾ ഭയപ്പെടുത്തുന്നു. പിന്നെ ഒരു സിനിമ കാണാൻ കൂട്ടിന് ഇനി ഒരാളെ കല്യാണം കഴിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. തുണയായി അങ്ങനെ ഒരാൾ ഇനി ഉണ്ടാകും എന്നും തോന്നുന്നില്ല. അത്ര മേൽ കപടം "ഈ ലോകഗോളം തിരിയുന്ന മാർഗം ".പിന്നെ "നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" എങ്കിലും ഒറ്റയ്ക്കൊരുത്തിക്കു ആരിൽ നിന്നും അത്രയേറെ നന്മയൊന്നും ലഭിക്കില്ല. അത് പ്രതീക്ഷിക്കുകയും വേണ്ട. അവൾ എവിടേക്കു തിരിഞ്ഞാലും ഭൂതക്കണ്ണാടി വെച്ച് അവളെ നിരീക്ഷിക്കാനും അവളുടെ വീട്ടിലേക്ക് ആരെങ്കിലും വന്നുകയറിയാലും ആ ഭൂതക്കണ്ണാടി അനുസ്യൂതം പ്രവർത്തിക്കും. സൂക്ഷ്മമായതിനെ ഇരട്ടിപ്പിക്കുക എന്നതല്ലേ അതിന്റെ നിയോഗം?