അദ്ധ്യായം 24
1974 ഡിസംബറില്‍ ആണെന്നു തോന്നുന്നു, ഞങ്ങളുടെ വീട്ടുടമസ്ഥന്റെ ഫോണില്‍ ഒരാള്‍ ഞങ്ങളെ വിളിച്ചു. ഒരു സ്ത്രീ. പേര് ഗസ്റ്റല്‍ മോര്‍ട്ടണ്‍. അവര്‍ പറഞ്ഞു, അവരുടെ മമ്മാ ലെന്നിബര്‍ഗ് കുടുംബത്തിലേതാണെന്നും എല്ലാ ലെന്നിബര്‍ഗുകാരും സ്വന്തക്കാരാണെന്നും.
ന്യൂയോര്‍ക്കിലെ പല പത്രങ്ങളും മുടക്കം കൂടാതെ ന്യൂയോര്‍ക്കില്‍ വരുന്ന കുടിയേറ്റക്കാരുടെയും ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടവരുടെയും പേരുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു എന്നും, ഗസ്റ്റലിന്റെ മമ്മാ പോളീന്‍ സ്ട്രീബര്‍ ലെന്നിബര്‍ഗ് ഞങ്ങളുടെ പേരുകള്‍ പത്രത്തില്‍ കണ്ടു എന്നും പറഞ്ഞു. ആ സമയത്ത് അവര്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുകയായിരുന്നു. ഞങ്ങളോടവര്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ ബോസ്റ്റണിലേക്ക് മാറിപ്പോയിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗസ്റ്റല്‍ മോര്‍ട്ടണ്‍ ഞങ്ങള്‍ക്ക് അവരെയും അവരുടെ ഭര്‍ത്താവിനെയും കാണാനൊരു അവസരമുണ്ടാക്കി.
ഗസ്റ്റലും മോര്‍ട്ടണും അവരുടെ മനോഹരമായ ആഡംബര അപ്പാര്‍ട്ട്‌മെന്റിലേക്ക് ഞങ്ങളെ കൊണ്ടുപോയി. അവര്‍ രണ്ടുപേരും 1932ലോ, 1933ലോ ആണ് അമേരിക്കയിലേക്ക് കുടിയേറിയത്. മോര്‍ട്ടണ് ഇന്‍ഡ്യയുമായി കയറ്റുമതി ഇറക്കുമതി ബിസിനസ്സ് ആയിരുന്നു. ഗസ്റ്റലാണെങ്കിലോ ഒരു ആര്‍ട്ടിസ്റ്റും. സെറാമിക്കിലും മെറ്റലിലും തടിയിലും അവര്‍ തന്റെ കഴിവ് തെളിയിച്ചു. ഓയില്‍ പെയിന്റിംഗിലും അവര്‍ സമര്‍ത്ഥയായിരുന്നു. ഗസ്റ്റലിന്റെ സഹോദരന്‍ ജോര്‍ജ്ജ് സ്ട്രീബര്‍ അറിയപ്പെടുന്ന കലാകാരനായിരുന്നു. ഗസ്റ്റലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ സഹോദരനെപ്പോലെ പ്രശസ്തയാവണമെന്ന്. പക്ഷെ ഭാഗ്യം അവരില്‍ നിന്ന് തെന്നിമാറിപ്പോയി. ഗസ്റ്റലിന്റെയും മോര്‍ട്ടണ്‍ന്റേയും അപ്പാര്‍ട്ട്‌മെന്റ് മനോഹരമായ പെയിന്റിംഗുകളും ആര്‍ട്ട് വര്‍ക്കുകളും വിദേശത്തു നിന്നു കൊണ്ടുവന്ന ചെടികളും പൂക്കളും പല ആകൃതിയിലുള്ള മുള്‍ച്ചെടികളും കൊണ്ട് നിറഞ്ഞിരുന്നു. അലമാരകളില്‍ പുസ്തകങ്ങള്‍ നിറഞ്ഞിരുന്നു. തറയില്‍ വിദേശ നിര്‍മ്മിതങ്ങളായ കമ്പളങ്ങളും. വീട്ടുപകരണങ്ങള്‍ സ്‌കാന്‍ഡിനേവിയന്‍ രൂപകല്പനയില്‍ വെളുത്തതോ നേര്‍ത്ത പിംഗലവര്‍ണ്ണത്തിലോ (നേര്‍ത്ത തവിട്ടുനിറം) പണിതതായിരുന്നു. അവരുടെ ലോകം ഞങ്ങളുടെ റോക്‌സ്ബറിയിലെ വയോമിംഗ് ക അപ്പാര്‍ട്ട്‌മെന്റു പോലെയോ ഷെറിന്‍ ബ്ലൗസ് കമ്പനിപോലെയോ ആയിരുന്നില്ല.
മോര്‍ട്ടണ്‍ നല്ല നീളമുള്ള, നെറ്റിക്കു ചുറ്റും നരകയറിയ ചുരുണ്ട മുടിയുള്ള ഒരു ആരോഗ്യവാന്‍ ആയിരുന്നു. മനുഷ്യരുമായി ഇടപെടാന്‍ കഴിവുള്ള ആള്‍. ഗസ്റ്റലിനും മോര്‍ട്ടണും ഏകദേശം നാല്പതു വയസ്സു പ്രായം വരും. ഗസ്റ്റല്‍ വലിയ കലാകാരിയുടെ മട്ടില്‍ തന്നെയാണ് വസ്ത്രധാരണം ചെയ്തതും പെരുമാറിയിരുന്നതും. പല സ്ത്രീകള്‍ക്കും ധരിക്കാന്‍ ധൈര്യമില്ലാത്ത ട്രൗസറുകള്‍ അവര്‍ ധരിച്ചിരുന്നു. പാര്‍ട്ടികളിലും മറ്റു കൂടിവരവുകളിലും ഗസ്റ്റല്‍ ട്രൗസര്‍ ധരിച്ച് അവരുടെ നേര്‍ത്തു മനോഹരമായ ശരീരം പ്രദര്‍ശിപ്പിച്ചിരുന്നു. ഇടതൂര്‍ന്ന സ്വര്‍ണ്ണമുടി തോളിനു തൊട്ടുമുകളിലായി വെട്ടി നിര്‍ത്തുകയാണ് പതിവ്. നീളമുള്ള സിഗററ്റ് ഹോള്‍ഡറുകളില്‍ കത്തിച്ചു വലിക്കുന്ന സിഗററ്റുമായേ അവരെ കാണാനാവൂ. തുടര്‍ച്ചയായി സിഗററ്റ് വലിക്കുന്ന ഗസ്റ്റലിന് ഇഷ്ടം വിദേശീയ സാധനങ്ങളോട് ആയിരുന്നു.
ഗസ്റ്റലും മോര്‍ട്ടണും വളരെ സജീവമായ സാമൂഹ്യജീവിതമാണ് നയിച്ചിരുന്നത്. നല്ല ജോലികള്‍ ചെയ്യുന്നവരാണ് കൂട്ടുകാര്‍. ബുദ്ധിയുള്ളവരും. കൂടുതല്‍പേരും ഡോക്ടര്‍മാരും പ്രൊഫസര്‍മാരും. അവരില്‍ അധികം പേരും ജര്‍മ്മനിയില്‍ ജനിച്ച കുടിയേറ്റക്കാര്‍. ന്യൂഹാംഷെയറിലെ വടക്കന്‍ കോണ്‍വേയില്‍ നദിക്കരികിലായി അവര്‍ക്കൊരു വേനല്‍ക്കാല വസതിയുണ്ടായിരുന്നു. അവിടേക്ക് അവര്‍ കൂട്ടുകാരെ ക്ഷണിക്കും. അവിടെ നടത്തിയിരുന്ന പാര്‍ട്ടികള്‍ കൂട്ടുകാര്‍ക്കിടയില്‍ സംഭാഷണ വിഷയമായിരുന്നു.
ഗസ്റ്റലും മോര്‍ട്ടണും ഞങ്ങളെ ആ വേനല്‍ക്കാല വസതിയില്‍ ഒരു പാര്‍ട്ടിക്ക് ക്ഷണിച്ചു. പാര്‍ട്ടിയില്‍ വച്ച് ഞങ്ങള്‍ അവരുടെ കൂട്ടുകാരെ കണ്ടു, പരിചയപ്പെട്ടു. (എനിക്കുവേണ്ടി അവര്‍ നടത്തിയ പാര്‍ട്ടിയായിരുന്നു അതെന്ന് ഞാന്‍ പിന്നീടു മനസ്സിലാക്കി.) കൂട്ടുകാര്‍ക്കിടയില്‍ പ്രാറ്റ് ഡയഗ്നോസ്റ്റിക് ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയോളോജിസ്റ്റ് ഡോക്ടര്‍ ആലീസ് എറ്റിംഗറും, ഡോക്ടര്‍ അന്ന റീനറും, അതേ മെഡിക്കല്‍ ശൃംഘലയിലെ ബോസ്റ്റണ്‍ ഡിസ്‌പെന്‍സറിയില്‍ ചീഫ് റേഡിയോളൊജിസ്റ്റ് ആയിരുന്ന ഡോക്ടര്‍ ഈവ (ഡോക്ടര്‍ അന്നയുടെ സഹോദരി), വീറ്റല്‍ കോളേജിലെ ഭാഷാ പ്രൊഫസര്‍, ബെത്ത് ഇസ്രായേല്‍ ഹോസ്പിറ്റലിലെ മൂത്രരോഗ വിദഗ്ദ്ധന്‍ (യൂറോളൊജിസ്റ്റ്) എന്നിവരും ഉണ്ടായിരുന്നു. ഗസ്റ്റലിന്റെയും മോര്‍ട്ടണ്‍ന്റെയും വളരെ അടുത്ത സ്‌നേഹിതരായ ഫിലിപ്പും, ജര്‍ട്രൂഡും (അവര്‍ അവരുടെ അറുപതുകളില്‍ ആയിരുന്നു) പാര്‍ട്ടിയില്‍ പങ്കെടുത്തു. ഏറ്റവും പ്രധാനമായി, ഞങ്ങളുടെ എല്ലാ നന്മകള്‍ക്കും കാരണക്കാരിയായ, ഗസ്റ്റല്‍ മോര്‍ട്ടന്റെ മാതാവ് പോളീനെ അവിടെ വച്ച് കാണാനിടയായി. അവര്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് പാര്‍ട്ടിക്ക് വന്നിരുന്നു. കണ്ട മാത്രയില്‍ തന്നെ പോളീനും എന്റെ മമ്മായും കൂട്ടുകാരായി. ആ കൂട്ടും അടുപ്പവും വളരെക്കാലം നീണ്ടുനിന്നു. പോളീന്റെ മരണം വരെ.
എന്നെ സംബന്ധിച്ചിടത്തോളം ആ പാര്‍ട്ടി പല ഉന്നത വ്യക്തികളുമായുള്ള അഭിമുഖ സംഭാഷണത്തിന്റെ പരമ്പരയായി പരിണമിച്ചു. ഓരോരുത്തരും മറ്റുള്ളവര്‍ കേള്‍ക്കാത്തവിധം ശബ്ദം താഴ്ത്തിയാണ് എന്നോട് സംസാരിച്ചതും ചോദ്യം ചെയ്തതും. അവര്‍ വളരെ ദാക്ഷണ്യപൂര്‍വ്വം പെരുമാറിയതിനാല്‍ ഞാന്‍ പൂര്‍ണ്ണമായും ശാന്തയായിരുന്നു. ജീവിതത്തില്‍ എന്തായി തീരണമെന്നാണ് എന്റെ ആഗ്രഹമെന്നും എന്തു വിദ്യാഭ്യാസം നേടാനിശ്ചിക്കുന്നു എന്നും അവരെന്നോടു ചോദിച്ചു. ഞാന്‍ ഡോക്ടര്‍ എറ്റിംഗറോട് എനിക്കൊരു റേഡിയോളജിസ്റ്റ് ആവാനാണ് ഇഷ്ടം എന്നു പറഞ്ഞു. എന്റെ വിദ്യാഭ്യാസ പശ്ചാത്തലത്തില്‍ എളുപ്പം ചെയ്യാവുന്ന ഒരു കാര്യമല്ല അതെന്ന് അവര്‍ സഹതാപപൂര്‍വ്വം പറഞ്ഞു. എന്റെ അജ്ഞതയില്‍ അവര്‍ക്ക് തമാശ തോന്നിക്കാണും. പക്ഷെ അവരത് പ്രകടിപ്പിച്ചില്ല. പകരം എന്റെ ആശകളും സ്വപ്നങ്ങളും വളരെ ഗൗരവമായി എടുക്കുകയും മെഡിക്കല്‍ ഫീല്‍ഡിലെ മറ്റു പഠന മണ്ഡലങ്ങളിലേക്ക് എനിക്ക് സ്വായത്തമാക്കാന്‍ സാധിക്കുന്നയിടങ്ങളിലേക്ക് എന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ സഹായിക്കുകയുമാണ് ചെയ്തത്.
ഒരിക്കല്‍ ഞാന്‍ ഗസ്റ്റലിനോട് ഭാഷകള്‍ പഠിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അത് ഓര്‍ത്തിട്ടാവണം ഭാഷാ പ്രൊഫസറെ പാര്‍ട്ടിക്ക് ഗസ്റ്റല്‍ ക്ഷണിച്ചത്. എനിക്ക് ഭാഷകളില്‍ പ്രാഥമിക വിദ്യാഭ്യാസം കുറവാകയാല്‍ കോളേജില്‍ ചേര്‍ന്ന് ഭാഷകള്‍ പഠിക്കാന്‍ പ്രയാസമുണ്ടാവുമെന്ന് പ്രൊഫസര്‍ പറഞ്ഞു.
ഡോക്ടര്‍ എറ്റിംഗര്‍ എന്നോട് അടുത്ത ശനിയാഴ്ച പ്രാറ്റ് ഡയഗ്നോസ്റ്റിക് ഹോസ്പിറ്റലില്‍ ചെന്ന് അവരെ കാണാന്‍ ആവശ്യപ്പെട്ടു. ''നമുക്ക് ചിലത് സംസാരിക്കാം'' അവര്‍ പറഞ്ഞു. ശനിയാഴ്ച അവരെ കാണാന്‍ ഞാന്‍ മനസ്സില്‍ ധൃതി കൂട്ടിയെങ്കിലും എനിക്ക് അവരുടെ ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം പറയാനാവുമോ എന്നു ഞാന്‍ വേവലാതിപ്പെടുകയും ചെയ്തു.
മെന്‍ഡല്‍ ഫാമിലി, ജര്‍ട്രൂഡും ഫിലിപ്പ് മെന്‍ഡലും ഞങ്ങളുടെ കൂട്ടുകാരായി. ഫിലിപ്പ് എന്റെ മമ്മാക്ക് ഇംഗ്ലീഷ് പാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. ഫിലിപ്പ് ഒരു നല്ല ടീച്ചറായിരുന്നു. അയാളുടെ ശിക്ഷണത്തില്‍ മമ്മായുടെ ഇംഗ്ലീഷ് ഇന്ദ്രജാലത്തിലെന്നപോലെ മെച്ചപ്പെട്ടു. ഈ മെച്ചപ്പെടല്‍ പുതിയ ഭാഷയും പുതിയ സംസ്‌കാരങ്ങളുമുള്ള രാജ്യവുമായി സമരസപ്പെട്ടു പോകാന്‍ മമ്മായെ വളരെ സഹായിച്ചു.
ജര്‍ട്രൂഡ് ഒരു സംഗീതാദ്ധ്യാപികയായിരുന്നു. പിയാനോയില്‍ അവര്‍ അതിസമര്‍ത്ഥയായിരുന്നു. ജര്‍ട്രൂഡ്, സ്റ്റീഫന്‍ ഫോസ്റ്ററുടെ പാട്ടുകള്‍ എന്നെ പഠിപ്പിച്ചു. അവര്‍ പിയാനോ വായിക്കുമ്പോള്‍ അവരോടൊപ്പം പാടുവാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഫിലിപ്പിനും ജര്‍ട്രൂഡിനും ഒരു മകനുണ്ടായിരുന്നു. അയാള്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു പ്രൊഫസര്‍ ആയിരുന്നു. അവര്‍ രണ്ടുപേരും മകന്റെ നിയമനത്തില്‍ വളരെ അഭിമാനം പൂണ്ടു. അക്കാലത്ത് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. മെന്‍ഡല്‍ കുടുംബം പലപ്പോഴും ഞങ്ങളെ ഡിന്നറിന് ക്ഷണിക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ അവരുടെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായി. അപ്പോഴും റോക്‌സ്ബറിയിലെ വയോമിംഗ് ക സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. എങ്കിലും ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് നേരെ വാതിലുകള്‍ തുറക്കപ്പെടുകയാണ് കുറച്ചു കൂടി നല്ല ജീവിതം ഞങ്ങള്‍ക്ക് സാധ്യമാവും എന്ന ശുഭാപ്തി വിശ്വാസവുമുണ്ട്.
ഈ സമയത്താണ് ഞാന്‍ സംഗീതമേളകള്‍ക്ക് പോകാനാരംഭിച്ചത്. യുദ്ധം കഴിഞ്ഞ് വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ബിത്തോവന്റെ സംഗീതം എന്റെ മനസ്സിനെ അഗാധമായി ഇളക്കിമറിച്ചു. എനിക്ക് വിശദീകരിക്കാനാവില്ല എന്തുകൊണ്ടാണ് ആ സംഗീതം എന്നില്‍ വികാരങ്ങളുണര്‍ത്തിയതെന്ന്, എന്നെ വേദനിപ്പിച്ചതെന്ന്, ഞാന്‍ മനസ്സിലടക്കി വച്ചിരുന്ന വികാരങ്ങള്‍ പതഞ്ഞുയര്‍ന്നതെന്ന്, നിയന്ത്രിക്കാനാവാത്ത വിധം ഞാന്‍ കരഞ്ഞതെന്ന്. ഞാന്‍ ആ സംഗീതത്തോട് എത്രമാത്രം അടുത്തുപോയോ അത്രമാത്രം അതെന്നെ തകര്‍ത്തു തരിപ്പണമാക്കുകയാണ് ചെയ്തത്. ഞാന്‍ സ്പഷ്ടമായി ഓര്‍ക്കുന്നു ബോസ്റ്റണില്‍ നടന്ന ബിത്തോവന്റെ നയന്‍ത് സിംഫണിക്ക് മറ്റൊരു യുവതിയോടൊപ്പം ഞാന്‍ പോയതും, വികാരങ്ങളെ നിയന്ത്രിക്കാനാവാതെ ഞാന്‍ പൊട്ടിക്കരഞ്ഞതും. അതിനു ശേഷം വളരെക്കാലം ഞാന്‍ ബിത്തോവന്റെ സംഗീതം കേള്‍ക്കാന്‍ പോകാതിരുന്നു. (ഈ സ്വഭാവം വളരെക്കാലം കഴിഞ്ഞാണ് എനിക്ക് നിയന്ത്രിക്കാനായത്.)
പ്രാറ്റ് ഡയഗ്നോസ്റ്റിക് ഹോസ്പിറ്റല്‍ ഒരു വലിയ മെഡിക്കല്‍ ശൃംഖല ആയിരുന്നു. ടഫ്ട്ട്‌സ് മെഡിക്കല്‍ സ്‌കൂളിന്റെ വലിയ ടീച്ചിംഗ് ഹോസ്പിറ്റല്‍ ആയ ഇതില്‍ ഫ്‌ളോട്ടിംഗ് ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രണ്‍ (കുട്ടികള്‍ക്കു വേണ്ടിയുള്ള ഒഴുകുന്ന ആശുപത്രി). അകത്തും പുറത്തും ഉള്ള രോഗികള്‍ക്കു വേണ്ടിയുള്ള ബോസ്റ്റണ്‍ ഡിസ്‌പെന്‍സറിയും അവിടെ ഉണ്ടായിരുന്നു.
ആ ആധുനിക, മതിപ്പുളവാക്കുന്ന കെട്ടിടത്തിലേക്ക് കയറുമ്പോള്‍ രാജ്യത്തിലെ ഏറ്റവും പേരുകേട്ട റേഡിയോളജിസ്റ്റിനെ കാണാനാവുമെന്ന് ഞാന്‍ ചിന്തിച്ചതേയില്ല. ഞാന്‍ എക്‌സ്‌റേ ഡിപ്പാര്‍ട്ടുമെന്റിലേക്ക് പോകുന്ന എലിവേറ്ററില്‍ കയറി. ശനിയാഴ്ചയായതുകാരണം ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്‍വശത്ത് ഒരു ടെക്‌നീഷന്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അത് ഒരു നില മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വലിയ ഡിപ്പാര്‍ട്ട്‌മെന്റ് ആയിരുന്നു. ടെക്‌നീഷന്‍ എന്നെ ഒരു മുറിക്കു മുന്നില്‍ കൊണ്ടാക്കി. അവിടെ ആലീസ് എറ്റിംഗര്‍ ങ.ഉ. എന്നൊരു നെയിം പ്ലേറ്റ് ഉണ്ടായിരുന്നു.
ഡോ. എറ്റിംഗര്‍ എന്നെ ഊഷ്മളമായി സ്വീകരിച്ചു. അവരുടെ ആ സ്വീകരണം എന്റെ മനസ്സിനെ ശാന്തമാക്കി. ശരാശരി ഉയരവും തിളങ്ങുന്ന ബുദ്ധി ദ്യോതിപ്പിക്കുന്ന കണ്ണുകളും ഉള്ള അവരുടെ നില്പ് വളഞ്ഞുള്ളതായിരുന്നു. അവര്‍ ഒരു വെളുത്ത കോട്ട് ധരിച്ചിരുന്നു. കണ്ണട കഴുത്തിലെ ഒരു ചരടില്‍ തൂങ്ങിക്കിടന്നിരുന്നു. സംസാരം അവര്‍ ഏറ്റെടുത്തു ''ഉര്‍സ്യുല, നിനക്ക് എന്തു ജോലി ചെയ്യാനാണ് ഇഷ്ടമെന്ന് എനിക്കു മനസ്സിലായി, നമ്മള്‍ ഗസ്റ്റലിന്റെ വീട്ടില്‍ വച്ച് സംസാരിച്ചപ്പോള്‍ തന്നെ. എനിക്കു തോന്നുന്നത് നിനക്ക് നല്ലൊരു എക്‌സ്‌റേ ടെക്‌നീഷന്‍ ആവാനുള്ള സാമര്‍ത്ഥ്യം ഉണ്ടെന്നാണ്. നിനക്ക് അതിനുള്ള പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് നിന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് ആരോടും ഒന്നും പറയരുത്. പരിശീലനത്തിലായിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശമ്പളം ലഭിക്കാറില്ല. എങ്കിലും നിനക്ക് ചെറിയൊരു തുക ലഭിക്കാനുള്ള വഴി ഞാന്‍ ശരിയാക്കിത്തരാം. പകരം, ''ബോസ്റ്റണ്‍ ഡിസ്‌പെന്‍സറി എക്‌സ്‌റേ ഡിപ്പാര്‍ട്ടുമെന്റില്‍ ഈവാറിന്യൂവറുടെ മേല്‍നോട്ടത്തില്‍ നീ ജോലി ചെയ്യണം. ഈവാ അവിടത്തെ ഹെഡ് ടെക്‌നീഷന്‍ ആണ്. നിന്റെ മണിക്കൂറുകള്‍, ദിവസവുമുള്ള പരിശീനവും ക്ലാസിന്റെ ഷെഡ്യൂളുകളും അനുസരിച്ച് ഈവ നിശ്ചയിക്കും. ക്ലാസ്സുകള്‍ മിസ്റ്റര്‍ റാല്‍ഫ് ബാനിസ്റ്ററുടെ കീഴിലായിരിക്കും. നിന്റെ ജോലിക്കുള്ള ശമ്പളത്തിനു പുറമേ ആഹാരത്തിനും, യൂണിഫോറം അലക്കിനും ഉള്ള ടിക്കറ്റുകള്‍ ഫ്രീയായി കിട്ടും. ഇതും ആരോടും പറയരുത്. ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ആലോചിച്ച്, സമ്മതമാണെങ്കില്‍ തിങ്കളാഴ്ച രാവിലെ ഏഴുമണിക്ക് മിസ്റ്റര്‍ ബാനിസ്റ്ററുടെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണം. നീ എന്തൊക്കെയാണ് ധരിക്കേണ്ടത് എന്ന് - യൂണിഫോറം, വെള്ള കാലുറകള്‍, ഷൂസുകള്‍ എന്നിവ ബാനിസ്റ്റര്‍ നിന്നെ അറിയിക്കും.''
എനിക്ക് എന്റെ ചെവികളെ വിശ്വസിക്കാനായില്ല. ഞാന്‍ സ്വപ്നം കാണുകയല്ല എന്നു വിശ്വസിക്കാന്‍ എന്നെത്തന്നെ നുള്ളി നോക്കാന്‍ എനിക്കു തോന്നി. കുറച്ചു നല്ല ഉപദേശങ്ങള്‍ ഡോ. എറ്റിംഗറില്‍ നിന്ന് സ്വീകരിച്ച് തിരികെ വരാം എന്ന് വിശ്വസിച്ചാണ് ഞാനവരെ കാണാന്‍ പോയത്. തിരികെ വന്നതോ, രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ട്രെയിനിംഗ് തുടങ്ങാനുള്ള നിര്‍ദ്ദേശവുമായി. ഡോക്ടര്‍ എറ്റിംഗര്‍ക്ക് ഞാന്‍ നന്ദി പറഞ്ഞു, അവരുടെ ഓഫര്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു.
അപ്പോള്‍ മുതല്‍ ഡോ. എറ്റിംഗര്‍ എന്നെ അവരുടെ ജീവനക്കാരില്‍ ഒരാളെപ്പോലെ അംഗീകരിച്ചു. അവരുടെ ഡിപ്പാര്‍ട്ടുമെന്റിന്റെ എല്ലാ മുറികളും കൊണ്ടുനടന്നു കാണിച്ചു. വലിയ എക്‌സ്‌റേ മെഷീനുകള്‍, അവയിലെ കണ്‍ട്രോള്‍ ബട്ടനുകളും ചെറിയ ചെറിയ മറ്റുപകരണങ്ങളും. സ്വതവേ നീങ്ങുന്ന എക്‌സ്‌റേ മെഷീന്‍ മേശകളും ഒക്കെ. അവര്‍ ഒരു മെഷീന്‍ കുത്തനെ നിര്‍ത്തിയത് ഒരു സ്വിച്ചില്‍ ചവിട്ടിക്കൊണ്ടാണ്. എക്‌സ്‌റേ രശ്മികള്‍ ശരീരത്തില്‍ തട്ടാതിരിക്കാന്‍ എല്ലാവരും എപ്പോഴും ധരിക്കേണ്ട ഫിലിം ബാഡ്ജ് കാണിച്ചു തന്നു. ഏതെങ്കിലും ജോലിക്കാര്‍ അശ്രദ്ധയാല്‍ എക്‌സ്‌റേ രശ്മികള്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയാല്‍ അവരെ അപ്പോള്‍ തന്നെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പു തന്നു. ''ബാഡ്ജിലേക്കു നോക്കിയാല്‍ മതി എന്താ കഥ എന്ന് എനിക്കു മനസ്സിലാവും. അതുകൊണ്ട് അക്കാര്യം മനസ്സില്‍ വച്ചു കൊള്ളണം. എല്ലാ സുരക്ഷാ നിയമങ്ങളും പാലിക്കണം. മിസ്റ്റര്‍ ബാനിസ്റ്റര്‍ നിനക്ക് അക്കാര്യങ്ങളും പറഞ്ഞുതരും.''
പ്രത്യേക പ്രൊസീഡ്യുറുകള്‍ ചെയ്യുന്ന മൊബൈല്‍ യൂണിറ്റുകള്‍ - അവ കിടക്കക്കരികില്‍ വച്ച് ഉപയോഗിക്കുന്നവയാണ്. ഇരുട്ടു മുറിയും, ഫിലിമുകള്‍ ഉണങ്ങുന്ന മുറിയും, റേഡിയോളൊജിസ്റ്റിന്റെ ഫിലിം നോക്കുന്ന മുറിയും ഉദരത്തിന്റെയും കുടലുകളുടെയും 'ബേറിയം എനിമ' മുറികളും അങ്ങനെ അങ്ങനെ.... എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ എല്ലാം മങ്ങിപ്പോയി.
ഇതൊരു മെഡിക്കല്‍ ലോകമാണ്. ഇങ്ങനെയൊന്നുണ്ടെന്നു പോലും കുറച്ചു മണിക്കൂറുകള്‍ക്ക് മുന്‍പ് ആ കെട്ടിടത്തിനകത്തു കയറിയപ്പോള്‍ എനിക്കറിയില്ലായിരുന്നു. ഇനി ഞാനും ഈ ലോകത്തിന്റെ ഒരു ഭാഗമാവാന്‍ പോവുകയാണ്. പക്ഷെ എന്നെ ഏല്പിക്കുന്ന ജോലി, ഞാന്‍ ഏല്‍ക്കുന്ന പ്രവര്‍ത്തി കൈകാര്യം ചെയ്യാന്‍ ഉള്ള കഴിവിനെക്കുറിച്ച് എന്റെ മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഞാന്‍ ദൃഢ നിശ്ചയമുള്ളവള്‍ ആയിരുന്നു. കഷ്ടപ്പെട്ട് ജോലി ചെയ്യാന്‍ എനിക്കു ഭയവുമില്ലായിരുന്നു. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളും അവയുടെ ചരിത്രങ്ങളും പറഞ്ഞു കേള്‍പ്പിച്ച ശേഷം ഡോക്ടര്‍ എറ്റിംഗര്‍ ടൂര്‍ അവസാനിപ്പിച്ചു.
ഞാനൊരു പരിഭ്രമാവസ്ഥയില്‍ പ്രവേശനമുറിയില്‍ നിന്നും ഇറങ്ങി. ബെന്നറ്റ് സ്ട്രീറ്റിലൂടെ, ആശുപത്രിയുടെ പല കെട്ടിടങ്ങള്‍ക്കും, മെഡിക്കല്‍ സ്‌കൂളിനും മുന്നിലൂടെ, ഇതെല്ലാം സത്യമായും സംഭവിക്കയാണോ എന്നതിശയിച്ച് നടന്നു. ഒടുവില്‍ ഞാന്‍ റോക്‌സ്ബറിയിലെ അപ്പാര്‍ട്ടുമെന്റില്‍ എത്തി. എന്റെ മമ്മായും സിഗ്മണ്ടും ഞാനും ഒരു കുപ്പി വൈന്‍ കഴിച്ച് ആ ദിവസം ആഘോഷിച്ചു.
മിസ്റ്റര്‍ ബാനിസ്റ്റര്‍ ടെക്‌നോളജി തലവനും ട്രെയിനിംഗ് പ്രോഗ്രാമിന്റെ ചീഫും ഒരു നല്ല ടീച്ചറും ആയിരുന്നു. കഴിവുള്ളവനും നീതിമാനും എന്നോട് നന്നായി പെരുമാറുന്ന ആളും ആയിരുന്നു. എക്‌സ്‌റേ ടെക്‌നിക്കിനെ കുറിച്ച് എനിക്കറിയേണ്ടതെല്ലാം അദ്ദേഹമെന്നെ പഠിപ്പിച്ചു. കാര്യങ്ങള്‍ വിശദീകരിച്ചു തരാനും കാണിച്ചു തരാനും സദാ സന്നദ്ധനായിരുന്നു മിസ്റ്റര്‍ ബാനിസ്റ്റര്‍. ഇത്രയും കഴിവുള്ള മറ്റു ടെക്‌നീഷന്‍മാരുമൊത്ത് ജോലി ചെയ്യാന്‍ സാധിച്ചത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. വിശേഷിച്ചും പാറ്റ് വൈറ്റ്‌നസ്റ്റിനെ (ജമ േണവശലേവൗൃേെ)പ്പോലുള്ളവരോടൊപ്പം.
ഞാന്‍ രാവിലെ ഏഴുമണിക്ക് പ്രാറ്റ് ഡയഗ്നോസ്റ്റിക്കില്‍ ജോലിക്കു കയറും. അവിടത്തെ ജോലി കഴിയുമ്പോള്‍, മൂന്നു മണിക്ക്, ഞാന്‍ റോഡ് മുറിച്ചുകടന്ന് ബോസ്റ്റണ്‍ ഡിസ്‌പെന്‍സറിയിലോ, ഫ്‌ളോട്ടിംഗ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലോ പോയി ഡോക്ടര്‍ ഈവാ റീന്വറോടും അവരുടെ ജോലിക്കാരോടുമൊപ്പം, എന്നെ അവര്‍ക്ക് ആവശ്യമുള്ളത്ര സമയം സാധാരണയായി ആറുമണിവരെ, ജോലി ചെയ്യും. പിന്നെ ഞാന്‍ റോക്‌സ്ബറിയിലേക്ക് പോകും. അവിടെ എന്റെ മമ്മായെ പരീക്ഷണവസ്തുവാക്കി, അവരുടെ കൈകള്‍, പാദങ്ങള്‍, കാലുകള്‍, നട്ടെല്ല്, തല എന്നിവയെ പൊസിഷന്‍ ചെയ്യുന്ന വിധം പരിശീലിക്കും. എന്റെ ഡബിള്‍ ഷിഫ്റ്റുകളും, പഠിക്കാനുള്ള കഴിവും, ആഗ്രഹവും ഡോക്ടര്‍ എറ്റിംഗറുടെ ശ്രദ്ധയില്‍ പെടാതിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ പറഞ്ഞു, അവരുടെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിനി ഞാനായിരുന്നു എന്ന്.
പ്രാറ്റ് ഡയഗ്നോസ്റ്റിക്ക് വളരെ പേരും പെരുമയും ഉള്ള ഒരു സ്ഥാപനം ആയിരുന്നു. പ്രശസ്തരായ പലരേയും ചികിത്സിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. റാവുള്‍ ഡഫി പേരുകേട്ട പെയിന്റിംഗ് ആര്‍ട്ടിസ്റ്റ്, സേര്‍ജ് കസേവ്‌സ്‌കി , നിരവധി മ്യൂസിക് കോണ്‍സേര്‍ട്ടുകള്‍ നടത്തിയ മ്യൂസിക്ക് കണ്ടക്ടര്‍, രാഷ്ട്രീയക്കാര്‍, ധനവാന്മാര്‍ വ്യവസായികള്‍ തുടങ്ങിയവര്‍.
പ്രശസ്ത ഫ്രഞ്ച് പെയിന്റര്‍ റാവുള്‍ ഡഫി റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് കാരണം കൈകാലുകള്‍ക്ക് മുടന്തു ബാധിച്ച് ഞങ്ങളുടെ ആശുപത്രിയില്‍ വന്നു. കണ്ടുപിടിച്ച് അധികകാലമാവാത്ത 'കോര്‍ട്ടിസോണ്‍' എന്ന അത്ഭുതമരുന്നുകൊണ്ട് അദ്ദേഹത്തെ ചികിത്സിച്ചു. അപ്പോള്‍ അത്യത്ഭുതമാണ് സംഭവിച്ചത്.
വീല്‍ചെയറിനരികില്‍ ക്രച്ചസ്സുകളുമായി ആശുപത്രിയില്‍ അനേകരുടെ സഹായത്തോട വന്ന താന്‍ രോഗം പരിപൂര്‍ണ്ണമായി സുഖപ്പെട്ട് ആരുടെയും സഹായം കൂടാതെ നടന്ന് ആശുപത്രിയില്‍ നിന്ന് പുറത്തുപോകുന്ന നിരവധി രംഗങ്ങള്‍ അദ്ദേഹം പേപ്പര്‍ പ്ലേസ്മാറ്റില്‍ വരച്ചിരുന്നു (ആശുപത്രിയിലെ ഡിന്നര്‍ ടേബിളില്‍ ആഹാരവും കോഫി, വെള്ളം തുടങ്ങിയ പാനീയങ്ങളും വീഴാതിരിക്കാന്‍ ടേബിളില്‍ വിരിക്കുന്ന പേപ്പര്‍ കൊണ്ടുള്ള വിരി). ഡഫി ആരാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം വരച്ച ഒരു പ്ലെയിസ്മാറ്റ് ഞാന്‍ ചോദിച്ചു വാങ്ങുമായിരുന്നു. അല്ലെങ്കില്‍ ഓര്‍ഗനൈസ് ചെയ്യുമായിരുന്നു.
അമേരിക്കന്‍ ബയിസ്ബാള്‍ കോച്ച് ഹൗവേര്‍ഡ് ജോണ്‍സണ്‍ അവിടെ ഒരു പേഷ്യന്റ് ആയിരുന്നു, ഞാനവിടെ ഉള്ളപ്പോള്‍ അദ്ദേഹം ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ക്കും ഇന്റേണ്‍സിനും നന്ദി സൂചകമായി പച്ചനിറത്തിലുള്ള ടൈയില്‍ 'സൈമണ്‍ ദി പൈ മാന്‍' എന്ന ലോഗോ എംബ്രോയിഡറി ചെയ്ത് സമ്മാനിച്ചു. മിക്ക ഡോക്ടര്‍മാരും ആ മഹാമനസ്‌കതയെ ബഹുമാനിച്ചില്ല, വിലമതിച്ചതുമില്ല.
ട്രെയിനിംഗ് തുടങ്ങിക്കഴിഞ്ഞ് സിഗ്മണ്ട് എനിക്കൊരു സമ്മാനം തന്നു. '1947 എഡിഷന്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ ഡിക്ഷണറി''. എനിക്കു തീര്‍ച്ചയുണ്ട് സിഗ്മണ്ട് അതിന്റെ വിലകൊടുക്കാന്‍ ധാരാളം എൗഹഹലൃ ബ്രഷ്‌കള്‍ വിറ്റുകാണുമെന്ന്.
Read More: https://emalayalee.com/writer/24