Image

ഹരിയാന തിരഞ്ഞെടുപ്പില്‍ വിനേഷ് തന്നെ താരം (സനില്‍ പി.തോമസ്)

Published on 03 October, 2024
ഹരിയാന തിരഞ്ഞെടുപ്പില്‍ വിനേഷ് തന്നെ താരം (സനില്‍ പി.തോമസ്)

ഹരിയാനയിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ശനിയാഴ്ച(ഒക്ടോബര്‍ അഞ്ച്) നടക്കും. കഴിഞ്ഞ 10 വര്‍ഷമായി അധികാരത്തിലുള്ള ബി.ജെ.പി.ക്ക് ഇക്കുറി കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒന്‍പത് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന, ഇപ്പോള്‍ കേന്ദ്രമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടറിനെ പരമാവധി ഒഴിവാക്കിയാണ് ബി.ജെ.പി. പ്രചാരണം എന്നതു തന്നെ ഭരണവിരുദ്ധവികാരം അവര്‍ ഭയപ്പെടുന്നതിന്റെ സൂചയാണ്. നയബ് സിങ് സെയ്‌നിയാണ് കഴിഞ്ഞ ഒരു വര്‍ഷമായി മുഖ്യമന്ത്രി.


പക്ഷേ, പല മണ്ഡലങ്ങളിലും ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും ഭീഷണിയായി മറ്റു പാര്‍ട്ടികള്‍ ഉണ്ട്. ജനനായക് ജനതാ പാര്‍ട്ടി കന്‍ഷി റാമിന്റെ ആസാദ് സമാജ് പാര്‍ട്ടിയുമായി സഖ്യത്തിലാണ്. ഇന്ത്യന്‍ നാഷണ ല്‍ ലോക്ദള്‍ ബി.എസ്.പി.യുമായി ചേര്‍ന്നിരിക്കുകയാണ്. ഹരിയാന ലോഖിത് പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവയും മത്സരരംഗത്തുണ്ട്. 90 മണ്ഡലങ്ങളില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് ജുലാനയാണ്. ഇവിടെയാണ് ഗുസ്തിതാരം വിനേഷ് ഫോഗട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. വിനേഷ് അനായാസം വിജയിച്ചു കയറാവുന്ന മണ്ഡലമല്ലിത്. 1967നുശേഷം ആകെ നാലു തവണ മാത്രമാണ് കോണ്‍ഗ്രസ് ജുലാനയില്‍ വിജയിച്ചത്.


കഴിഞ്ഞ ദിവസം വിദേശ വാര്‍ത്താ ഏജന്‍സികള്‍ വരെ ജുലാന മണ്ഡലത്തെക്കുറിച്ചും വിനേഷിന്റെ സാധ്യതകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാരിസ് ഒളിംപിക്‌സ് ഫൈനലില്‍ കടന്നിട്ടും ഫൈനല്‍ ദിനം 100 ഗ്രാം തൂക്കം കൂടിയതിന്റെ പേരില്‍ വിനേഷ് അയോഗ്യയാക്കപ്പെട്ടതും നേരത്തെ വിനേഷും സാക്ഷി മാലിക്കും ബജ്‌റങ്ങ് പൂനിയയും ഒക്കെ ലൈംഗിക അതിക്രമം ആരോപിച്ച് അന്നത്തെ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സാരഥി ബ്രിജ്ഭൂഷന്‍ ശരന്‍ സിങ്ങിനെതിരെ സമരം നയിച്ചതും വിദേശ മാധ്യമങ്ങള്‍ ശ്രദ്ധിച്ചിരുന്നു.

"ഞാന്‍ ഇവിടെ മത്സരിക്കുന്നത് ഈ മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളിലും മാറ്റം കൊണ്ടുവരാനും എല്ലാവരുടെയും കാര്യം ഒരു പോലെ, പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യം ശ്രദ്ധിക്കാനുമാണ് 'വിനേഷ് ഫോഗട്ടിന്റെ വാക്കുകള്‍ ഒരു ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഒളിമ്പിക്‌സില്‍ നിന്നും മെഡല്‍ ഇല്ലാതെ മടങ്ങിയ വിനേഷ് പറഞ്ഞത്രെ.' ഞാന്‍ ദിവസം മുഴുവന്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. പക്ഷേ, എല്ലാ ദിവസവും നൂറു കണക്കിന് ആളുകള്‍ എന്നെ കാണാന്‍ വന്നു. അവര്‍ പറഞ്ഞു. ഒരു പോരാളിയുടെ ആവേശം കെടരുത് ".

ജുലാന വിനേഷിന്റെ ഭര്‍ത്താവ് സോംവീര്‍ രതിയുടെ നാടാണ് .മണ്ഡലത്തിലെ മരുമകളാണ് വിനേഷ്. ട്രാക്ടറുകളുടെ അകമ്പടിയോടെയാണ് വിനേഷ് പ്രചാരണം നടത്തുന്നത്. കര്‍ഷക നേതാക്കൾ ജന്തര്‍മന്ദറിലെ സമര കാലത്ത് ഗുസ്തിതാരങ്ങളെ പിന്തുണച്ചെങ്കില്‍ കര്‍ഷകരുടെ സമരത്തില്‍ വിനേഷ് ഫോഗട്ടും പങ്കെടുത്തു.


'ജുലാനയുടെ പുത്രി' ആയി ആം ആദ്മി പാര്‍ട്ടിയുടെ കവിതാ ദലാലും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി യോഗേഷ് ബൈരഗിയും ജെ.ജെ.പി.യുടെ, നിലവിലെ എം.എല്‍.എ. അമര്‍ജീത് സിങ്ങും ഐ.എന്‍.എല്‍.ബി.എസ്.പി. സഖ്യത്തിലെ സുരേന്ദ്രര്‍ ലാത്തറും മത്സരരംഗത്തുണ്ട്. മത്സരം കടുക്കുമെങ്കിലും അവസാന വിജയം വിനേഷിനായിരിക്കുമെന്ന് പൊതുവേ കണക്കാക്കപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് ഹരിയാനയില്‍ കാഴ്ചവച്ചത്. അതും  പ്രതീക്ഷ നല്‍കുന്നു.


ഒരു പോരാളിയായി വിനേഷിനെ എല്ലാവരും കാണുന്നു. തോല്‍വിയറിയാത്ത ജപ്പാന്‍ താരത്തെ പാരിസില്‍  ഗുസ്തി ഗോദയില്‍ മലര്‍ത്തിയടിച്ച വിനേഷ് ജുലാനയിലും അട്ടിമറി പ്രതീക്ഷിക്കുന്നു. വിനേഷിന്റെ സാന്നിധ്യം ഹരിയാനയിലെങ്ങും സ്ത്രീകളില്‍ ആവേശം ഉയര്‍ത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന് വിനേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പുതിയ ഊര്‍ജ്ജം പ്രദാനം ചെയ്‌തെന്നുമാണ് പൊതു വിലയിരുത്തല്‍.

വിനേഷിനെ വ്യക്തിപരമായി വിമര്‍ശിക്കാതിരിക്കാന്‍ എതിരാളികള്‍ ശ്രദ്ധിക്കുന്നുണ്ട്. ഒളിമ്പിക്‌സിലെ വിനേഷിന്റെ അയോഗ്യതയെ പരിഹസിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷിനെ തോല്‍പിക്കുക എളുപ്പമാണെന്നു പറയുകയും ചെയ്ത ബ്രിജ്ഭൂഷൻ ശരന്‍ സിങ്ങിനെ ബി.ജെ.പി. നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.  ഇത്തരം വിമര്‍ശനങ്ങള്‍ തിരിച്ചടിക്കുമെന്ന് എതിരാളികള്‍ വിലയിരുത്തുന്നു. കര്‍ഷകരെയും യുവാക്കളെയും സ്ത്രീകളെയും ഒപ്പം നിര്‍ത്താന്‍ വിനേഷിനു സാധിക്കുമെന്നു കരുതുന്നു. സ്വന്തം മണ്ഡലത്തിലെ കടുത്ത മത്സരം വിനേഷിനെ അവിടെത്തന്നെ തള്ളച്ചിടുന്നതില്‍ എതിരാളികള്‍ക്കു സന്തോഷമുണ്ട്. പക്ഷേ ,വിനേഷ് തരംഗമായാൽ മറ്റു മണ്ഡലങ്ങളിലും അതിൻ്റെ അലയൊലികൾ എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക