'മഴ തോര്‍ന്നാല്‍ കുടയൊരു ബാധ്യതയാണ് '.
കഴിഞ്ഞദിവസം എഫ്ബിയില്‍ കണ്ട ഒരു പോസ്റ്റാണ്.
സത്യം !.
ആവശ്യം കഴിഞ്ഞാല്‍ കുടയുടെ വില അത്രയേയുള്ളൂ. അതുകൊണ്ടാണ് ഒരുകാലത്ത് തലയ്ക്കുമീതെ കുടകളായിരുന്ന വൃദ്ധ മാതാപിതാക്കളെ നടതള്ളുന്നത്. പ്രസവിച്ചുവളര്‍ത്തി, പഠിപ്പിച്ച് ജോലികിട്ടിയാല്‍, പെണ്ണും കെട്ടിച്ച്, കൊച്ചുമക്കളെ വളര്‍ത്താന്‍ ബേബി സിറ്ററും ആയി ആവുന്നത്ര സഹായിച്ചു. മകനെ വിശ്വസിച്ച് കുടുംബസ്വത്തും അവന്റെ പേരില്‍ എഴുതിക്കൊടുത്താല്‍ പിന്നെ മാതാപിതാക്കള്‍ നനഞ്ഞ കുടകളായി. പിടിപോയ, കമ്പിയില്‍നിന്നു കുത്തുവിട്ട, തുളവീണ നരച്ചകുട !. അത് വലിച്ചെറിയണം. അതിനേ കൊള്ളൂ..
മനാഫും ഈശ്വര്‍ മല്‍പേയും ഈ പോയ മഴക്കാലത്ത് നമ്മള്‍ കണ്ട നനഞ്ഞ രണ്ടു കുടകളാണ്. പെരുമഴ കഴിഞ്ഞു. ഇനി കുട ശല്യമാണ്. പെരുമഴയില്‍ ചൂടിയ കുടകള്‍ ഏതെങ്കിലും മൂലയില്‍ ഒതുക്കിവച്ചേക്കണം. എന്തു ചെയ്യാം, അങ്ങനെ ഒതുങ്ങാത്ത കുടകളായിപ്പോയി മനാഫും ഈശ്വര്‍ മല്‍പേയും. അര്‍ജുന്റെ ശരീരം തിരിച്ചുകിട്ടാന്‍, കലങ്ങിയൊഴുകി സംഹാരതാണ്ഡവമാടിയ നദിയുടെ ഓരംപറ്റി, വീടും നാടും മറന്ന് 72 ദിവസം ഒരേ നില്‍പ്പുനിന്ന്, നോമ്പു നോറ്റവനാണ് മനാഫ്. അയാളില്‍ക്കൂടി ആ തിരച്ചിലിനെപ്പറ്റി അപ്പപ്പോള്‍ നമ്മള്‍ ഒരുപാട് അറിഞ്ഞു. അര്‍ജുന്‍ എന്ന അജ്ഞാതയുവാവ് നമ്മള്‍ക്ക് ഉറ്റവനെപ്പോലെയായത് മനാഫ് നിമിത്തമാണ്. ജീവന്‍ പണയംവച്ച് ഗംഗാവലി നദിയുടെ കുത്തൊഴുക്കില്‍ ഊളിയിട്ട് അര്‍ജുനെ തപ്പിയ ഉഡുപ്പിക്കാരന്‍ ഈശ്വര്‍ മല്‍പേയുടെ വീട്ടിലെ സാഹചര്യം എവിടെയോ വായിച്ചു. മൂന്നു മക്കളാണ് ഈശ്വര്‍ മല്‍പേയ്ക്ക്. മൂന്നുപേരും വികലാംഗരാണ്. നടക്കാന്‍പോലും സാധിക്കാത്ത മക്കളില്‍ ഒരാള്‍ക്കെങ്കിലും അതിനുള്ള കഴിവ് ദൈവം നല്‍കണേ എന്ന പ്രാര്‍ത്ഥന മാത്രമാണ് അദ്ദേഹത്തിനുള്ളത്. പലപ്പോഴും കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കുപോലും ബുദ്ധിമുട്ടുന്ന മനുഷ്യന്‍. മൃതശരീരങ്ങള്‍ മാത്രമല്ല ആത്മഹത്യചെയ്യാന്‍ നദിയിലേക്ക് എടുത്തുചാടിയ പലരെയും രക്ഷപ്പെടുത്തിയിട്ടുണ്ട് ഈശ്വര്‍.. പണം മോഹിച്ചല്ല ഇവര്‍ രണ്ടുപേരും ഇതൊക്കെ ചെയ്തത്. അര്‍ജുന്‌റെ അമ്മാവന്‍മാരോ കൊച്ചച്ഛന്‍മാരോ അല്ല ഇവര്‍. അടുത്ത ബന്ധുക്കള്‍പ്പോലും വന്നുപോയതല്ലാതെ ഊണും ഉറക്കവുമില്ലാതെ അവിടെ ക്യാമ്പു ചെയ്ത് കാത്തിരുന്നിട്ടില്ല. കൈയ്യിലെ പണം കൊടുത്ത് വാടകയ്ക്ക് വീടെടുത്ത് 72 ദിവസം ഊണും ഉറക്കവും ഉപേക്ഷിച്ച് നദിക്കരയില്‍ കണ്ണുംനട്ടുനിന്ന മനാഫ് അന്നൊക്കെ അര്‍ജുന്റെ വീട്ടുകാര്‍ക്ക് തണലൊരുക്കിയ വലിയൊരു കാലന്‍കുടതന്നെയായിരുന്നു. ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു കേരളക്കാരന്‍ പയ്യനുവേണ്ടി മുങ്ങിപ്പരതുന്നതിനിടെ എന്തെങ്കിലും പറ്റിയാല്‍ സ്വന്തം കുടുംബം അനാഥമാകുമെന്ന് പേടിയ്ക്കാതെ, കലങ്ങി മറിഞ്ഞ നദിയുടെ മുക്കുംമൂലയും പരതിയ ഈശ്വറില്‍ പ്രതീക്ഷവച്ചുപുലര്‍ത്തിയ അക്കാലത്ത് അര്‍ജുന്റെ വീട്ടുകാര്‍ക്ക് വലിയൊരു കുടതന്നെയായിരുന്നു അദ്ദേഹവും. ഈശ്വര്‍ മല്‍പേ മുങ്ങിത്തപ്പല്‍ നിര്‍ത്തിയപ്പോഴൊക്കെ എല്ലാവരും അയ്യോ വച്ചു. ആ കരച്ചിലും വിലാപവും കണ്ട് പാവം പിന്നെയും ആറ്റിലേക്ക് എടുത്തുചാടി....മലയാളി ഒന്നടങ്കം അര്‍ജുന്റെ ജീവനായി പ്രാര്‍ത്ഥിച്ചു.
ഒടുവില്‍ ബോഡി കിട്ടി. ശവസംസ്‌കാരവും കഴിഞ്ഞു. കര്‍ണാടകസര്‍ക്കാറും കേരള സര്‍ക്കാറും കുടുംബത്തിന് ധനസഹായം അനുവദിച്ചു. അര്‍ജുന്റെ ഭാര്യയ്ക്ക് ജോലിയുമായി. എല്ലാം സമാപിച്ചു. സങ്കടങ്ങളുടെ പെരുമഴക്കാലം അവസാനിച്ചു. ഇനി നനഞ്ഞ കുടകളെന്തിന് ? പട്ടടയുടെ ചൂടാറും മുമ്പ് കൊതിക്കെറുവു തുടങ്ങി. ഇനി അര്‍ജുന്റെ പേരിന്റെ ബലത്തില്‍ ലോകത്താരും യുട്യൂബ് വീഡിയോ ചെയ്തുകൂടാ പോലും !. മനാഫിന്റെ ലോറികള്‍ക്കൊന്നും അര്‍ജുന്‍ എന്നപേര് ഇട്ടുകൂടാ !.ആ പേര് ഉച്ചരിക്കാന്‍പോലും മനാഫിന് അവകാശമില്ലെന്നാണോ. പഞ്ചപാണ്ഡവന്‍മാരില്‍ നടുവിലാനായ അര്‍ജുന്റെ പേര് ആരുടെയെങ്കിലും കുത്തകയാണോ...
മനാഫിനേപ്പോലൊരു സുഹൃത്തിനെ കിട്ടാന്‍ ഓരോ മലയാളിയും കഴിഞ്ഞയാഴ്ച കൊതിച്ചു.
അങ്ങനൊരു അളിയനോ, കൂട്ടുകാരനോ ഉണ്ടായിരുന്നെങ്കില്‍ എന്നു സോഷ്യല്‍ മീഡിയയില്‍ മിക്കവരും കുറിച്ചുവച്ചു. ഒപ്പം ഈശ്വര്‍ മല്‍പേയെ പോലൊരു നിസ്വാര്‍ത്ഥ മനുഷ്യജന്‍മം നമ്മുടെ കേരളത്തിലുണ്ടായില്ലല്ലോ എന്നു നിരാശപ്പെട്ടു. ഒരു കടപ്പാടുമില്ലാത്ത ഒരു മലയാളി ഡ്രൈവറുടെ ശരീരം തപ്പി അപകടം പതിയിരിക്കുന്ന ഗംഗാവലിയുടെ ആഴപ്പരപ്പിലേക്ക് പലവട്ടം കൂപ്പുകുത്തിയതെന്തിനായിരുന്നു? ലോകരെ അറിയിക്കാന്‍ വേണ്ടി നിങ്ങളൊക്കെ ആ തിരച്ചില്‍ വീഡിയോ യുട്യൂബില്‍ ഇട്ടതെന്തിനാണ് .?. മനാഫേ , നിങ്ങളെന്തിന് നിങ്ങളുടെ ഡ്രൈവര്‍ മാത്രമായിരുന്ന ഒരാള്‍ക്കുവേണ്ടി 72 ദിവസം ഗംഗാവലിനദിക്കരയില്‍ തപസ്സിരുന്നു ?. .അര്‍ജുന്റെ മകനെ സ്വന്തം മകനായി കരുതുമെന്നു പറയാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു..? പേരിനും പ്രശസ്തിക്കും വേണ്ടിയായിരുന്നില്ലേ അതൊക്കെ .. എന്നാല്‍ ആ പണിയിനി വേണ്ടാ കേട്ടോ.. ഞങ്ങള്‍ മലയാളികള്‍ അങ്ങനെയാണ്.പാലം കടക്കുവോളം നാരായണാ ,നാരായണാ..പാലം കടന്നുകിട്ടിയാല്‍ കൂരായണ, കൂരായണ...
അര്‍ജുന്റെ വീട്ടുകാരുടെ പത്രസമ്മേളനം കണ്ട് സങ്കടം വന്നുപോയി. സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍ കണ്ട് അതിലേറെ അത്ഭുതപ്പെട്ടുപോയി..കഷ്ടം !.
2024 വര്‍ഷം മുമ്പ് ഇതുപോലൊരു സംഭവം നടന്നതാണ് ഓര്‍മ വരുന്നത്. അന്ന് ആളുകള്‍ അവരുടെ വസ്ത്രങ്ങള്‍ ഊരി ഒരു തച്ചന്റെ മുന്നില്‍ നടുറോഡില്‍ വിരിച്ചു. വൃക്ഷകൊമ്പുകള്‍ വെട്ടി വഴിയില്‍ വിതറി. തൊണ്ടപൊട്ടി ഹോശന്നാ വിളിച്ചു. വന്‍ പുരുഷാരം ജയ് വിളിച്ചു. വലിയ സംഭവം തന്നെ.. രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ഇതേ ജനംതന്നെ അതേ യുവാവിനു മുന്നില്‍ അലറിവിളിച്ചു ..ഇത്തവണ ' അവനെ ക്രൂശിക്ക 'എന്നായിരുന്നു എന്നു മാത്രം. മരിച്ചവരെ ഉയിര്‍പ്പിച്ചതും സൗഖ്യം നല്‍കിയതും വിശന്നപ്പോള്‍ അപ്പം പെരുപ്പിച്ചു വിളമ്പിയതും എല്ലാം അവര്‍ ബോധപൂര്‍വ്വം മറന്നു..
ഇനി നന്‍മ ചെയ്യുമ്പോള്‍ എല്ലാവരും ഓര്‍മിക്കുക,പിന്നാലെ ക്രൂശീകരണം വരുന്നുണ്ടെന്ന്. ഇങ്ങനെ ക്രമേണ നമ്മള്‍ നന്ദിയില്ലാത്തവരും ഓര്‍മകള്‍ നഷ്ടപ്പെട്ടവരുമായി തീര്‍ന്ന വലിയൊരു സമൂഹമായി മാറും..