Image

സങ്കടത്തിന്റെ അലമുറ ( കവിത : പുഷ്പമ്മ ചാണ്ടി , ചെന്നൈ )

Published on 05 October, 2024
സങ്കടത്തിന്റെ അലമുറ ( കവിത : പുഷ്പമ്മ ചാണ്ടി , ചെന്നൈ )

മിഴികൾ നിറക്കാതെ
മനസ്സ് കടൽ പോലെ
ആയിരം ശബ്ദങ്ങൾ
കൊണ്ട് അലമുറയിട്ടു കരഞ്ഞു 
ഒരിക്കലും ശമിക്കാത്ത,ഒരടിയൊഴുക്ക് പോലെ,
അവസാനമില്ലാത്ത,സങ്കടത്തിൻ്റെ അലമുറ.

കാലം പാഞ്ഞുപോകുന്നു എന്നാലും 
പക്ഷേ മനസ്സ്‌ മഞ്ഞിലും മഴയിലും 
തണുക്കാതെ , മരുഭൂമിയിലൂടെ നടന്നു പോകുന്നപോൽ 
ഈ വരണ്ട മനസ്സിൽ വീണ്ടും വീണ്ടും സങ്കടം 
അലമുറയിട്ടു കരയുന്നു , ശബ്‍ദമില്ലാതെ
സങ്കടം ആരോടും  പറയാതെ, (കേൾക്കാൻ ആളില്ല) ,
മനസ്സിന്റെ അഗാധത്തിൽ,
മഴപെയ്തതുപോലെ,വിണ്ണിന്‍റെ കരച്ചിൽ 
അത് മാത്രം ...

മിഴികൾ തുറന്നു വെച്ചപ്പോൾ,
ദു:ഖം നദിയായി ഒഴുകിയില്ല  
കണ്ണീരിന്റെ നദികൾ 
ഇരമ്പി കടലിൽ പതിച്ചില്ല 
ഒരവസാനം കാണാതെ,
ഓർമ്മകളുടെ ഭാരം താങ്ങി,
സങ്കടം അലമുറയിട്ടു,

കരച്ചിൽ നിലയ്ക്കും,
സങ്കടം മങ്ങിയേക്കാം,
പക്ഷേ ഹൃദയത്തിൽ  മൂകമൗനം,
അലമുറയിടും, എന്നും...എന്നേക്കും

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക