Image

മനസ്സ്; (കവിത, സന്ധ്യ)

Published on 05 October, 2024
 മനസ്സ്; (കവിത,  സന്ധ്യ)



സ്വപ്നം കാണും മനസ്സ്
കുതറിയോടുന്നൊരു
കുസൃതിക്കുരുന്നാണ്.

നിദ്രയുടെ ഗുഹകളിലൂടെ
വേഷപ്രച്ഛന്നനായിറങ്ങി
നടന്ന്, രാത്രിയുടെ ഇരുൾ
രഹസ്യങ്ങൾ ചുരുളഴിക്കും.

കാട്ടുപൂമൊട്ടിൻ്റെയുള്ളിലും
പട്ടുനൂൽപ്പുഴുവിൻ കൂട്ടിലും,
നുഴഞ്ഞു കടക്കും, പൂവിൻ്റെ,
പൂമ്പാറ്റച്ചിറകിൻ്റെ, സത്യം
ചെവിയോർത്ത് പഠിക്കും.

മനസ്സിൻ്റെ പെൻഡുലം
സമയ സരസ്സിൻ്റെ
ആയത്തിലാടും.

ഇന്നലെ കണ്ട സ്വപ്നം,
നേര് പോലെ സുതാര്യം.
നൂറ്റാണ്ടുകൾ പഴയൊരു
ഇരുനില വീട് , അകങ്ങൾ.

മുറികളുടെ ഓരോ ചുവരും
ഇടനാഴിയിലെ ഇരുട്ടും,തടി 

ഗോവണിയുടെ ഞരക്കവും
ചിരപരിചിതമായി തോന്നി.

'എൻ്റെ വീട് ' എന്ന സ്വപ്നം
പൂവണിയും മുമ്പ്, ഒരായുസ്സ്
ജീവിച്ചൊഴിഞ്ഞ വാടകവീടിൻ്റെ
കഴുക്കോലുകൾ കഥ മണത്തു.
കൽതൂണുകൾ തിരിച്ചറിഞ്ഞു.

രണ്ടാമത്തെ നിലയിലെ
വടക്ക് കിഴക്കേ മൂലയിലെ
ജനാല അവിടെ തന്നെയുണ്ട്.
അത്തിമരത്തിലെ അണ്ണാർ
കണ്ണനോട് കിന്നാരം പറഞ്ഞ

പെൺകുട്ടിയെ ഒരുപാട് 

തിരഞ്ഞു.

ഓടു മേൽക്കൂരയിൽ
മഴ വീണുടഞ്ഞു.
മിഴിയുടെ കോണിലായ്
മഴയുടെ യവനികയൂർന്നു
വീഴുന്നു....

തൂവാനം വന്നു തൊടുന്നേരം
തൂവൽ ഭാരമിയന്ന മനസ്സ്,
മീവൽക്കിളിയുടെ ചിറകിൽ
പറന്നെങ്ങോ മറയുന്നു.....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക