2028 ല്‍ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ബോക്‌സിങ് ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ, രാജ്യാന്തര ബോക്‌സിങ് അസോസിയേഷനില്‍(ഐ.ബി.എ.) ഇപ്പോള്‍ അഫിലിയേഷന്‍ ഉള്ള ദേശീയ ബോക്‌സിങ് സംഘടനകള്‍ ബന്ധം അവസാനിപ്പിച്ച് വേള്‍ഡ് ബോക്‌സിങ് ഫെഡറേഷനില്‍ (വേൾഡ് ബോക്സിങ്) അംഗത്വമെടുത്താല്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ വഴി തെളിയും. ഐ.ബി.എ.യുടെ കീഴിലുള്ള ദേശീയ ബോക്‌സിങ് സംഘടനകളുടെ അംഗീകാരം റദ്ദാക്കാന്‍ ദേശീയ ഒളിമ്പിക്‌സ് ഘടകങ്ങള്‍ക്ക് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
കസക്‌സഥാന്‍ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ ഗെന്നഡി ഗൊളോവ്കിനെ ബോക്‌സിങ്ങുമായി ബന്ധപ്പെട്ട ഒളിമ്പിക് കമ്മിഷൻ അധ്യക്ഷനായി ഐ.ഒ.സി. നിശ്ചയിച്ചു. കസക്സ്ഥാന്‍ ബോക്‌സിങ് സംഘടന വേള്‍ഡ് ബോക്‌സിങ് ഫെഡറേഷനില്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഐ.ഒ.സി.യുമായി ബോക്‌സിങ് സംബന്ധിച്ച ആലോചനകള്‍ ഗെന്നഡിയുടെ നേതൃത്വത്തിലാകും. രണ്ടു തവണ ലോക ബോക്‌സിങ് ചാമ്പ്യനായ ഗെന്നഡി ഗൊളോവ്കി 2004ലെ ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങില്‍ വെള്ളി നേടിയിരുന്നു. 2025 ആദ്യം വേള്‍ഡ് ബോക്‌സിങ്ങ് ഫെഡറേഷന്‍ പ്രവര്‍ത്തനക്ഷമമാകേണ്ടതുണ്ട്. അല്ലാത്തപക്ഷം ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ബോക്‌സിങ് ഉണ്ടാകില്ല.
ഐ.ബി.എ.യിലെ പ്രതിസന്ധികള്‍ മൂലം ഐ.ഒ.സി.അവരുടെ അംഗീകാരം റദ്ദാക്കിയശേഷം നേരിട്ടാണ് പാരിസ് ഒളിമ്പിക്‌സില്‍ ബോക്‌സിങ് നടത്തിയത്. ഐ.ഒ.സി. അംഗീകാരം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് ഐ.ബി.എ. സമര്‍പ്പിച്ച പരാതി രാജ്യാന്തര കായിക കോടതി(കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്) തള്ളിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാകണം ഐ.ഒ.സി. സെപ്റ്റംബര്‍ 30ന് ദേശീയ ഒളിമ്പിക് സമിതികള്‍ക്ക് കത്ത് അയച്ചത്. ഐ.ഒ.സി. ഡയറക്ടര്‍ ഓഫ് എന്‍.ഒ.സി. റിലേഷന്‍സ് ആന്‍ഡ് ഒളിമ്പിക് സോളിഡാരിറ്റി ,ജെയിംസ് മക്ലിയോര്‍ഡ് ആണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം സ്‌പോര്‍ട് ഡയറക്ടര്‍ കിറ്റ് മക് കൊണലും ലീഗല്‍ അഡ്വൈസർ മറിയം മഹ്ഡവിയും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
മേല്‍പ്പറഞ്ഞ കത്ത് അയയ്ക്കുന്നതിനും മുമ്പ്, സെപ്റ്റംബര്‍ 26ന് ഗെന്നഡി ഗൊളോവ്കിന് പുതിയ ബോക്‌സിങ് സംഘടന ഐ.ഒ.സി.യുമായുള്ള ഇടപാടുകളുടെ ചുമതലക്കാരനായി നിശ്ചയിച്ചിരുന്നു. രാജ്യാന്തര ബോക്‌സിങ് അസോസിയേഷനില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് നാളേറെയായി. പാരിസ് ഒളിമ്പിക്‌സില്‍ ബോക്‌സിങ് നടത്തിപ്പ് ഏറ്റെടുത്ത രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഭാവിയില്‍ അതുണ്ടാകില്ലെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. പുതിയ സംഘടനയായ വേള്‍ഡ് ബോക്‌സിങ്ങ് ഫെഡറേഷനു തത്വത്തില്‍ ഐ.ഒ.സി. അംഗീകാരം നല്‍കിയെന്നു വേണം കരുതുവാന്‍.
ഒളിമ്പിക്‌സില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഇനമാണ് ബോക്‌സിങ്. വനിതകളും ഇപ്പോള്‍ ഒളിംപിക് മത്സര രംഗത്തുണ്ട്. മാത്രമല്ല, അമേരിക്കയില്‍ ബോക്‌സിങ്ങ് വലിയ ആവേശമാണ്. അമേരിക്ക വേദിയൊരുക്കുന്ന ഒളിമ്പിക്‌സില്‍ ബോക്‌സിങ് ഒഴിവാക്കപ്പെടുന്നത് സംഘാടകര്‍ക്ക് ക്ഷീണമാണ്. അതുകൊണ്ടാകണം ആദ്യം ഒഴിവാക്കിയെങ്കിലും പുനര്‍ചിന്തയ്ക്ക് ഐഒ.സി. തയ്യാറായത്. ഏതെങ്കിലും രാജ്യം പുതിയ നിര്‍ദ്ദേശം നിരസിച്ചാല്‍ അന്നാട്ടില്‍ നിന്നാര്‍ക്കും ഒളിമ്പിക് ബോക്‌സിങ്ങില്‍ പങ്കെടുക്കാനാവില്ല.