Image

സമവാക്യങ്ങളില്‍ ഇല്ലാത്തത്...(ഇമലയാളി കഥാമത്സരം 2024: സുദേവന്‍ അമ്പാട്ട്)

Published on 06 October, 2024
സമവാക്യങ്ങളില്‍ ഇല്ലാത്തത്...(ഇമലയാളി കഥാമത്സരം 2024: സുദേവന്‍ അമ്പാട്ട്)

ഒരേ സമയം രണ്ടു വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ എന്തു ചെയ്യും. പ്രത്യേകിച്ച് രണ്ടും അത്രമാത്രം പ്രാധാന്യമുള്ളതാവുമ്പോൾ.
തൊഴുത്തിൽ നിന്നും പശുക്കൾ അമറിക്കൊണ്ടിരിക്കുന്നുണ്ട് അവയ്ക്ക് വൈകിട്ടത്തെ വെള്ളം കൊടുക്കാൻ സമയമായി അതിനു ശേഷമാണ് കറവ. മഹേഷാണെങ്കിൽ ഫോൺ വയ്ക്കുന്നുമില്ല. ഏകദേശം അര മണിക്കൂറോളമായി അവൻ സംസാരം തുടങ്ങിയിട്ട് ഒരേ ഓഫീസിൽ വർഷങ്ങളോളം ജോലി ചെയ്തവരാണവർ. അടുത്തടുത്ത കോട്ടേഴ്സിൽ താമസിച്ചവർ. റിട്ടയറായി വന്നതു മുതൽ എല്ലാ ആഴ്ചയും വിളിച്ചു കൊണ്ടിരുന്നതാണ് അവൻ പിന്നത് കുറഞ്ഞു വന്നു. ഇപ്പൊ ഒരുവർഷം കഴിഞ്ഞു വിളിച്ചിട്ട്. മകന്റെ കല്യാണത്തിനു പോയപ്പോഴാണ് അവനെ അവസാനമായി കണ്ടത്. സാധാരണ ഗതിയിൽ വേഗതയിൽ ചടുലമായി സംസാരിക്കുന്ന ഒരാൾ ഇത്ര മാത്രം മാറി പോകുമോ എന്നു തോന്നും അവന്റെ സംസാരം കേട്ടാൽ. പ്രായാധിക്യത്താൽ വേച്ച് വേച്ച് ഇടറി നടക്കുന്ന ഒരു വൃദ്ധന്റെ കാലടികൾ പോലെ ക്രമരഹിതവുംഅവ്യക്തവുമായിരിക്കുന്നു അവന്റെ ശബ്ദവും വാക്കുകളും അത്രമാത്രം വാർദ്ധക്യത്തിലെത്തിയിട്ടുമില്ല അവൻ.അറുപതു വയസിനടുത്തു പ്രായം മാത്രം. ചെറുപ്പത്തിൽ ഓടിക്കളിക്കുന്ന പ്രായത്തിലൊക്കെ അൻപതും അറുപതും വയസുള്ളവരെ കാണുമ്പോൾ സഹതാപം തോന്നാറുണ്ട്. അവരുടെയൊക്കെ ജീവിതത്തിൽ എന്തു സന്തോഷമാണുള്ളത്. നമ്മൾ കുട്ടികളെ പോലെ ഓടാനോ, ചാടാനോ കളികളിലേർപ്പെടാനോ, ഒന്നുച്ചത്തിൽ പൊട്ടിച്ചിരിക്കാനോ നിലവിളിച്ചു കരയാനോപറ്റാത്തവർ.പ്രായമേറിയതോടെ അവരതൊക്കെ മറന്നു പോയിരിക്കുന്നു. നിർഗുണർ. നിർവികാരർ
പക്ഷെ ചില വഴികളിലെ കപടതകളും സത്യങ്ങളും തിരച്ചറിയണമെങ്കിൽ അതു വഴി സഞ്ചരിച്ചു തന്നെയറിയണം. വായനകൾക്കും കേട്ടറിവുകൾക്കുമുള്ള പരിമിതികൾ വ്യക്തമാണെന്നു മനസിലാക്കാൻ അനുഭവങ്ങൾ കൂടിയേ കഴിയൂ.
വൃദ്ധനായ ഭർത്താവിനോടൊപ്പം നടക്കാൻ വിധിക്കപ്പെട്ട യുവതിയുടെ മനസാണ് മനസിന്. നടക്കാൻ മടിയുളള കുട്ടികളെ പോലെ അതവിടവിടായി ശാഠ്യം പിടിച്ചു നിൽക്കും. പ്രായത്തോട് ഒരിക്കലും അത് സമരസപ്പെടില്ല ചാടിയ വയർ ഉള്ളിലേക്ക് വലിച്ചും വെള്ളിയിഴകളിൽ കറുത്ത ചായം പിടിപ്പിച്ചും അത് കുസൃതികൾ കാണിക്കും. ചെവിയിലിരിക്കുന്ന ഫോൺ ചൂടായിത്തുടങ്ങിയിരിക്കുന്നു. നിരാശയുടെ പരകോടിയിൽ അർദ്ധവിരാമങ്ങൾക്കിടയിൽ അവൻ ഒത്തിരി സമയം നഷ്ടപ്പെടുത്തുന്നുണ്ടെന്നു തോന്നി. സംസാരത്തിന്റെ ആഴം കൂടി അവൻ കരച്ചിലാരംഭിച്ചിരിക്കുന്നു. പുരുഷന്മാരുടെ കരച്ചിലാവുമ്പോൾ അതത്രമാത്രം താളാത്മകമായിരിക്കില്ല. ചിലപ്പോ വലിയ സ്ഫോടനം പോലെ.പിന്നെ ഗൂഢമായ നിശബ്ദത. മറുപടിക്കും സാന്ത്വനങ്ങൾക്കുമുള്ള സാധ്യതകളെ തൃണവൽഗണിച്ചുകൊണ്ട് അതവിഘ്‌നം തുടർന്നു.
...എന്താ സംസാരിച്ച് തീർന്നില്ലെ പശുവിന് വെള്ളമെടുത്തു വച്ചിട്ടുണ്ട് കുറേ സമയാല്ലോ ആരാ ഫോണിൽ..
ഭാര്യ അടുക്കളയിൽ നിന്നും വിളിക്കുന്നുണ്ട്.
. മഹേഷാണ്..
.. ഓ കുറേക്കാലായല്ലോ നിങ്ങളെ ചങ്ങാതി വിളിച്ചിട്ട് ഇന്നെന്തു പറ്റി ?
മറുപടിക്കു കാത്തുനിൽക്കാതെ യമുന പശുക്കൾക്കുള്ള വെള്ളവുമായി തൊഴുത്തിലേക്ക് നടന്നു. മഹേഷിന്റെ ഭാവാദികൾ കാണാൻ തന്നെ രസകരമാണ്. വളരെ അലസമായാണ് അവന്റെ നടത്തം കാണാൻ സുന്ദരൻ വെളുത്ത് ഉയരമുണ്ടെങ്കിലും തടി കുറവാണ്. പാന്റും കൈത്തറി ഷർട്ടും
സ്ഥിരവേഷം.
സന്ധ്യകളിലെ വെടിവെട്ടങ്ങളിൽ മുൻപു വായിച്ച പുസ്തകങ്ങളിലെ കഥാ പാത്രങ്ങളുടെ പോസ്റ്റുമാർട്ടം. കഥാ കൃത്തുകളുമായുള്ള ബന്ധങ്ങൾ. താടിയിലെ നേരിയ മൂന്നോ നാലോ

രോമങ്ങളിൽ തഴുകി അർദ്ധരാത്രി വരെ അവർ സംസാരിച്ചു കൊണ്ടേയിരിക്കും. ഓർമ്മകളുടെ കെട്ടഴിഞ്ഞു വീഴുന്നതിനിടയിലേക്ക് യമുനയുടെ ശബ്ദം കയറി വന്നു. .. അല്ലെങ്കിലും ആ പാവത്തിന് അവിടെ ഒരു വിലയുമില്ല. അയാളുടെ അമ്മയ്ക്കും പെങ്ങന്മാർക്കും വെച്ചു വെളമ്പിക്കൊടുക്കാൻ ഒരു വേലക്കാരി അത്രമാത്രം ഒരു കല്യാണത്തിനോ പുറത്തു പോവുമ്പഴോ
സ്വന്തം ഭാര്യയെ കൂട്ടാറുണ്ടോ അയാൾ അതെന്താ അയാളുടെ പെങ്ങന്മാരുടെ അത്രയൊന്നും
നിറമില്ലാത്തോണ്ടാണോ അതൊക്കെ പോട്ടെ. അവൾക്ക് സർക്കാരു ജോലി കിട്ടീട്ടും വിട്ടോ അവര്. നിന്റെ ശമ്പളം കിട്ടീട്ട് വേണ്ട ഇവിടെ ചെലവ് കഴിയാൻന്നല്ലെ പറഞ്ഞത്..
യമുന ചാണകം വാരുന്നതിനിടയിൽ തൊഴുത്തിൽ നിന്നും പശുക്കളോടു സംസാരിക്കാൻ തുടങ്ങി. നഗരത്തിന്റെ വലിയ തിരക്കിൽ നിന്നും പെട്ടെന്ന് ഗ്രാമത്തിലേക്ക് പറിച്ചു നടപ്പെട്ടതിന്റെ വേദന അവളങ്ങനെയാണ് തീർക്കുന്നത്.യമുനയുടെ സംസാരം തുടങ്ങുമ്പോൾ തന്നെ പശുക്കൾ ചെവിവട്ടം പിടിച്ച് അനങ്ങാതെ നിൽക്കും. സംസാരത്തിന് വിഘാതമായി വരുന്ന കൊതുകുളേയും
ഈച്ചകളേയും തങ്ങളാലാവും വിധം വാലുകൊണ്ടടിച്ചകറ്റി അവർ പരമാവധി അവൾക്ക്
സംരക്ഷണമൊരുക്കും.
മഹേഷിന്റെ ഭാര്യ സരയുവാണ് ഇന്നവർക്കിടയിലെ വിഷയം.
പൊതുവെ കുടുംബകാര്യങ്ങൾ തുറന്നു സംസാരിക്കാർ താൽപ്പര്യമുള്ള ആളായിരുന്നില്ല മഹേഷ്.അന്നൊരു ഞായറാഴ്.
അവധി ദിവസമായിരുന്നതിനാൽ ഒത്തിരി വൈകിയാണുണർന്നത്. പതിവില്ലാത്തവണ്ണം മഹേഷിന്റെ വീട്ടിൽ നിന്നും ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നുണ്ട്. സ്ത്രീ സഹജമായ ജിഞ്ജാസയോടെ യമുന മുറിയിലെ ജനൽ പാളി പാതി തുറന്ന് എത്തി വലിഞ്ഞു നോക്കുന്നുണ്ട്. അയൽക്കാരന്റെ സ്വകാര്യതയിലേക്കുള്ള എളുപ്പവഴിയാണത്. .. എന്താ അവിടെ പ്രശ്നം. ആരാ വന്നെ..
ചോദ്യത്തിനുത്തരമായി യമുന ചുണ്ടിൽ വിരൽ വച്ച് ശബ്ദമുണ്ടാക്കുതെന്ന് ആംഗ്യം കാണിച്ചു. ആ കിളിവാതിലിലൂടെ മഹേഷിന്റെ വീടിന്റെ ഉമ്മറം വ്യക്തമായി കാണാം. അവന്റെ ഭാര്യയുടെ അമ്മയും അച്ഛനും എത്തിയിട്ടുണ്ട്.
കല്യാണം കഴിഞ്ഞാലെന്താ പഠിക്കുന്നതിന് ഞങ്ങളു പഠിപ്പിച്ചോളാംന്നു സമ്മതിച്ചിട്ടല്ലെ നിനക്കെന്റെ മകളെ തന്നത് എന്നിട്ടെന്തായി ഇപ്പും എന്റെ മകളെ കോലം നോക്കിക്കേ മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നുണ്ടോ അവൾക്ക്. ഇവിടത്തെ പണിയെടുത്തു തളർന്നിട്ട്.
എങ്ങനിരുന്ന കുട്ടിയായിരുന്നു ഇപ്പം എല്ലും തോലുമായില്ലെ.. മഹേഷിന്റെ ഭാര്യയുടെ അച്ഛനാണ് വലിയ ശബ്ദത്തിൽ സംസാരിക്കുന്നത്.
അവർക്കിടയിൽ അസ്വാരസ്യത്തിന്റെ വ്യക്തമായൊരു മതിൽ വളർന്നിരിക്കുന്നു. കൊണ്ടു വച്ചിട്ട്
കുറേ സമയമായെന്നു തോന്നുന്നു.
മേശപ്പുറത്തെ ചായ തണുത്തുറയാൻ തുടങ്ങി.പലഹാരങ്ങൾ രൂപമാറ്റമില്ലാതെ തൽസ്ഥിതിയിൽ തന്നെയുണ്ട്.
മഹേഷിന്റെ മകൻകാര്യങ്ങൾ വ്യക്തമല്ലെന്ന മട്ടിൽ അമ്മൂമ്മയുടെ മടിയിലിരുന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അല്ലെങ്കിലും പെണ്ണുങ്ങള് ജോലി ചെയ്ത് കൊണ്ടുവന്നിട്ട് കഴിയേണ്ട ഗതികേടൊന്നും ഞങ്ങളുടെ
തറവാട്ടില് ഇതുവരെയുണ്ടായിട്ടില്ല.ഇനിയൊട്‌ട് വേണ്ട താനും. ഈശ്വരൻ സഹായിച്ചിട്ട് അവനിപ്പൊ നല്ലൊരു ജോലിയുണ്ട് ഇവിടെന്താ ഒരു കുറവ്, തിന്നാനില്ലെ ?കുടിക്കാനില്ലെ ?നിങ്ങളെ മകളോട് ചോദിച്ച് നോക്ക്.പിന്നെ ജോലിക്കാരിയായാൽ ഇവിടത്തെ കാര്യങ്ങൾ ആര് നോക്കും അതൊക്കെ പോട്ടെ കുഞ്ഞിന്റെ കാര്യമോ?..
യുദ്ധ നിയമങ്ങൾക്ക് വിരുദ്ധമായതൊന്നും സംഭവിച്ചു കൂടെന്നമട്ടിൽ മറുപടിയെത്തി.ഒരു മികച്ച വക്കീലിന്റെ വാകാതുര്യത്തോടു കൂടി മുന്നേ വന്ന അസ്ത്രത്തിന്റെ മുനയൊടിച്ച മനഃസംതൃപ്തിയോടു കൂടി മഹേഷിന്റെ അമ്മ കർത്തവ്യം നിർവഹിച്ചു. കവിഞ്ഞു വന്ന ഒരു പരിഹാസച്ചിരി അവർ കൺകോണുകളിൽ ഒളിച്ചുവച്ചു.
..കണ്ടവന്റെ എച്ചിലു തിന്നാനൊന്നുമല്ല ഞങ്ങള് മകളെ വളർത്തിയത് ഞങ്ങൾക്ക് ആണും പെണ്ണുമായി അവളുമാത്രേയുള്ളു നന്നായി പഠിക്കുന്ന കുട്ടിയല്ലെ പഠിച്ചൊരു ജോലിയൊക്കെയായാൽ ഞങ്ങൾക്കും ഒരു അഭിമാനമൊക്കെയല്ലെ എന്നു കരുതി. അല്ലാതെ തന്റെ മകന്റെ സൗന്ദര്യോം പദവീം കണ്ടിട്ടൊന്നുമല്ല അയച്ചത് നിങ്ങള് തറവാട്ടി പെറന്നവരാന്നു തെറ്റിദ്ധരിച്ചു. വാക്കിന് നിലയും വിലയും ഉള്ളവരാന്നും കരുതി.അത് ഞങ്ങടെ തെറ്റാ ? അമ്മയ്ക്കും മോൾക്കും ദാസ്യപ്പണിയെടുക്കാനല്ലെ അവളെ എവിടേം വിടാത്തേ... .. സ്വാഭാവികമായും യുദ്ധമുഖത്ത് നാരികളെത്തുമ്പോൾ എതിർപക്ഷത്ത് ആയുധവുമായി ഒരു പുരുഷനിറങ്ങുന്നത് യുദ്ധനീതിയല്ലെന്ന മട്ടിൽ ഭാര്യയുടെ അമ്മ തന്നെ മറുപടിയുമായെത്തി. അവരുടെ ആവനാഴിയിലെ ഏറ്റവും ശക്തമായ അസ്ത്രമായിരുന്നു അത് അതിലെല്ലാമുണ്ടായിരുന്നു.

.. അമ്മേ മതി നിർത്ത് ഇതെല്ലം എന്റെ വിധിയാണ് ഞാൻ ആരോടും പരാതിയൊന്നും പറഞ്ഞില്ലല്ലൊ
ഇങ്ങനെ നിങ്ങൾ തമ്മിൽ അടി കൂടാൻ. ഇതാണെന്റെ വിധി അതു ഞാനനുഭവിച്ചോളാം..
യുദ്ധഭൂമിയിൽ അവളെത്തി അവരുടെ മകൾ സരയു. വിവസ്ത്രയായ പാഞ്ചാലിയെ പോലെ അപമാനിതയായി പോയിരുന്നു അവൾ.
വെള്ളമിറ്റു വീഴുന്ന വലതു കൈ സാരിത്തലപ്പുകൊണ്ടു തുടച്ച് അവൾ യുദ്ധഭൂമിയിൽ തളർന്നിരുന്നു.
ശത്രുസൈന്യം തിരിഞ്ഞു നടന്നു. വീരയോദ്ധാക്കൾക്കു പറഞ്ഞിട്ടില്ലാത്തവണ്ണം അവർ നടന്ന വഴിയിലേക്കു പതിച്ച ഒന്നോ രണ്ടോ തുള്ളി കണ്ണുനീർ മണ്ണിലേക്ക് പതിക്കും മുന്നേ ബാഷ്പമായി അന്തരീക്ഷത്തിലേക്കുയർന്നു.
ഞങ്ങൾ വിവരങ്ങളൊക്കെ അറിഞ്ഞതിന്റെ വിഷമമോ എന്തോ പിന്നീട് കുറച്ചു ദിവസത്തേക്ക് മഹേഷ് അന്തിചർച്ചയ്ക്കായി വീട്ടിൽ എത്തിയതേയില്ല. സരയുവും പുറത്തേക്ക് ഇറങ്ങിയതേയില്ല.അവൾ കൂടുതലായി അടുക്കളയിലേക്ക് ഒതുങ്ങി. അവരുടെ ഏക മകന്റെ കളി ചിരികളുടെ ശബ്ദം മാത്രം അതിരുകൾ ഭേദിച്ച് അയൽ വീടുകളിലെത്തി. .. വെറുതെയല്ല അവളൊരുപാടു സഹിച്ചു കാണും. എനിക്കറിയില്ലെ അവളെ.. എന്നാലും അവള് മകന്റെ കല്യാണം കഴിയുന്നതു വരെ കാത്തു നിന്നില്ലെ അതു തന്നെ വലിയ
കാര്യം, ചങ്ങനാശ്ശേരിയോ മറ്റോ ആയിരുന്നില്ലെ അവളുടെ അമ്മയുടെ വീട്.
ഏയ് നിങ്ങളോടാണ് കേൾക്കുന്നില്ലെ.. യമുന ശബ്ദമുയർത്തി,,
അയാൾ ചിന്തയിൽ നിന്നുമുണർന്നു. ചിലപ്പഴൊക്കെ അങ്ങനെയാണ് ഓർമ്മകളുടെ തിരത്തള്ളലിൽ ചെവികൾ തന്നെ അടഞ്ഞു പോവും. ദേശഭേദങ്ങൾ മറന്ന് അയാൾ വേറേതോ കാലഘട്ടത്തിലോ ലോകത്തിലോ ആയിരിക്കും. .. ഉം അവനെന്തെങ്കിലും ചെയ്തു കളയോ ന്നാ എന്റെ പേടി ഈ അവസരത്തിൽ അവനെ ഒന്നാശ്വസിപ്പിക്കാനോ സ്വാന്തനം കൊടുക്കാനോ വേറാരുമില്ല. അവന്റെ മകനും ഭാര്യയും രണ്ടു ദിവസം കഴിഞ്ഞയുടനെ ജോലി സ്ഥലത്തേക്ക് പോയി ഇപ്പൊ ആസാമിലോ മറ്റോ ആണ്. പിന്നെ സുഹൃത്തുക്കളെ സൃഷ്ടിക്കുന്നതിലും അവൻ വലിയൊരു പരാജയമായിരുന്നു. വല്ലതും മനസു
തുറന്നു പറയുന്നത് എന്നോടു മാത്രം. .. ഉം സാരല്യ സംഭവിച്ചത് സംഭവിച്ചു. ഇത്രയും ദൂരെ നിന്ന് നമ്മൾക്കെന്ത് ചെയ്യാൻ കഴിയും. മണി
പതിനൊന്നായി കിടന്നുറങ്ങാൻ നോക്ക് മനുഷ്യാ. രാവിലെ പാല് കറന്ന് സൊസൈറ്റില് എത്തിക്കേണ്ടതാണ്.
യമുന കട്ടിലിന്റെ ഓരത്തേക്ക് ചാഞ്ഞു.
ജോലിയിൽ നിന്നും വിരമിച്ച ശേഷം വിരസതയകറ്റാനാണ് ഒരു പശുവിനെ വാങ്ങിയത്. സ്വന്തം ആവശ്യത്തിനുള്ള പാലും കിട്ടുമല്ലോ എന്നും കരുതി.വീടിനടുത്തു തന്നെയുള്ള പഴയൊരു തൊഴുത്ത് അതിനൊരു പ്രചോദനവുമായി.
പശുക്കളുടെ എണ്ണം കൂടിയതോടെ അതിപ്പൊ വിശ്രമില്ലാത്ത തൊഴിലായി മാറിയിരിക്കുന്നു. അതിരാവിലെ മുതൽ രാത്രി വരെയും പുല്ലും വൈക്കോലും കാലിതീറ്റയും തൊഴുത്ത് വൃത്തിയാക്കലും ഒക്കെ കൂടി സമയം പോകുന്നതറിയുന്നില്ല. കുടുംബത്തിൽ ഒരു കല്യാണമോ മറ്റോ വന്നാൽ പോലും വിട്ടു നിൽക്കാൻ പറ്റാത്ത അവസ്ഥയായി. പലപ്പഴും ദിവസത്തിന് ഇരുപത്തിനാലു മണിക്കൂർ പോരെന്നു പോലും തോന്നാൻ തുടങ്ങി. .. ചില അയൽക്കാരു തന്നെ ഒളിഞ്ഞും തെളിഞ്ഞും പറയാൻ തുടങ്ങിയിട്ടുണ്ട്.
ഓ അയാളെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നേ ജോലി പിരിയുമ്പൊ തന്നെ എത്ര ലക്ഷങ്ങൾ കിട്ടിക്കാണും ആരും കടം ചോദിക്കാതിരിക്കാനായിരിക്കും ഈ വേലക്കെട്ടൊക്കെ എടുക്കുന്നത് എന്ന്.
അവർക്കെന്താണ് പറഞ്ഞുകൂടാത്തത് ജോലിയിൽ നിന്നും പിരിയുമ്പോൾ സഹപ്രവർത്തകരെല്ലാം മനോഹരമായൊരു വിശ്രമ ജീവിതം ആശംസിക്കും. പക്ഷെ വിശ്രമില്ലാത്ത ചിലവുകൾ വീണ്ടും അവന്റെ നടുവൊടിക്കും. സ്വന്തം കാലിലായി എന്നാ ശ്വസിക്കുന്ന മക്കളുടെ വീടു പണി.കുട്ടികളുടെ നൂലുകെട്ട് അങ്ങനെ അതഭംഗുരം തുടരും. വിശ്രമ ജീവിതം ആശംസിച്ച സഹപ്രവർത്തകരുടെ തമാശ യോർത്ത് അയാൾ ഉള്ളിൽ മന്ദഹസിച്ചു.
യമുന ഉറക്കത്തിലേക്ക് വഴുതാൻ തുടങ്ങി അവളുടെ കൈ വിരലുകൾ തന്റെ നെഞ്ചിലെ രോമങ്ങൾക്കടിയിൽ മുഖമാഴ്ത്തി ഗാഢനിദ്രയിലേക്ക് ആണ്ടു പോയിരിക്കുന്നു സ്ഥിരമായി തൊഴുത്തിലെ ചാണകം വാരി വൃത്തിയാക്കി അവളുടെ കൈവിരലുകളുടെ ഭംഗി നഷ്ടപെടാൻ തുടങ്ങിയെന്ന് അയാൾക്ക് തോന്നി. തേഞ്ഞു തീരാൻ തുടങ്ങിയ വിരലുകളിൽ നിന്നും നേരിയ ചാണകമണം ഉയരുന്നുണ്ടാ എന്ന് മണത്തു നോക്കി. തൊഴുത്തിൽ നിന്നും ചില നേരങ്ങളിലൊക്കെ ചാണകമണമുള്ളൊരു കാറ്റ് ജനൽ പഴുതിലൂടെ കയറി വരുന്നുണ്ട്. ആദ്യമൊക്കെ അസഹ്യമായിരുന്നെങ്കിലും അതിപ്പൊ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. നാട്ടിൽ താമസം തുടങ്ങിയതു മുതൽ അവളിൽ ചില അതിശയകരമായ മാറ്റം പ്രകടമാണ്.

എപ്പഴും പശുക്കളെപറ്റിയും പശുക്കുട്ടികളുടെ കുസൃതികളെ പറ്റിയും മാത്രമേ സംസാരമുളളു ചിന്തയുള്ളു. പശുക്കൾക്കു ഭക്ഷണം കൊടുക്കുന്നതിലുള്ള ശ്രദ്ധ പോലും അവൾ പലപ്പഴും തന്നോടു പോലും കാണിക്കുന്നില്ലെന്ന് അയാൾക്ക് തോന്നിത്തുടങ്ങി.
അവൾ മറന്നു പോയിരിക്കുന്നു മറ്റു പലതും. അയാൾ ഒരതിശയത്തോടെ അവളുടെ ശിരസിലൂടെ വിരലോടിച്ചു. വെള്ളി കയറാൻ തുടങ്ങിയ മുടിയിഴകളിലൂടെ എന്തോ തിരയാൻ തുടങ്ങി. ,,ഒറങ്ങാൻ നോക്ക് മനുഷ്യാ. അതിനിടേലാന്ന് തലയിൽ കുത്തി കളിക്കുന്നത്.. യമുന ചെറിയൊരു പരിഭവത്തോടെ മറുവശത്തേക്ക് തിരിഞ്ഞു കിടന്നു. .. പിന്നെ എനിക്ക് കുറച്ചു നാളായി ഒരു സംശയം തുങ്ങിയിട്ട് പശുക്കളുടെ കൂടെ കൂട്ടീട്ട് നിന്റെ തലയിലും പശുക്കളെ പോലെ കൊമ്പു മുളക്കാൻ തുടങ്ങിയോ എന്ന്. അതൊന്നു നോക്കിയതാ.. ..ഉം ഇനി അതിന്റെ കുറവു കൂടിയേയുള്ളു,, കൂട്ടിൽ നിന്നും പ്രാവു കുറുകുന്നതുപോലെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അവൾ പതിയെ ഉറക്കത്തിലേക്ക് ചിറകടിച്ചു. അയാൾക്കറിയാം തനിക്കീ രാത്രി ഉറങ്ങാൻ പറ്റില്ലെന്ന്. എത്ര മൂടി പുതച്ചു കിടന്നാലും കണ്ണുകളെത്ര ഇറുക്കിയടച്ചാലും. ഇന്ന് ഉറക്കമില്ലാത്ത രാത്രിയാണ്. ചിലപ്പൊ ഇത് പുരുഷന്മാർക്കു മാത്രമുള്ള പ്രത്യേകതയാവാം. സ്ത്രീകളാണെങ്കിൽ വലിയ വായിൽ നിലവിളിച്ച് വേദനകളെയൊക്കെ ഒഴുക്കിവിട്ടു കൊണ്ട് സുഖമായി കിടന്നുറങ്ങും. ചിലപ്പൊ അതേ
വിദ്യ തന്നെയായിരിക്കുമോ മഹേഷും ചെയ്തു കൊണ്ടിരിക്കുന്നത്. അവനെന്നിലേക്ക് ആർത്തലച്ചു പെയ്യുകയായിരുന്നു ഇടതടവില്ലാതെ. .. നിനക്കറിയോ അവളെന്നും അതിരാവിലെ എഴുന്നേൽക്കും.ഞാനുണരുന്നതിനു മുമ്പായി കട്ടിലിന്റെ അരികിൽ സ്റ്റൂളിൽ കാപ്പി കൊണ്ടു വയ്ക്കും. രാവിലെ പാതി മയക്കത്തിൽ തന്നെ മുറിയിലെ അരണ്ട വെളിച്ചത്തിൽ എന്റെ വലതു കൈ സ്റ്റൂളിൽ തിരയാൻ തുടങ്ങും ആ ഒരു ഗ്ലാസ് കാപ്പിക്കു വേണ്ടി. വർഷങ്ങളായുള്ള ശീലം, അവളു പോയതോർക്കാതെ ഞാനിന്നു രാവിലെയും കാപ്പിക്കായി അവിടെ തിരയാൻ തുടങ്ങി ഒരു ഞെട്ടലോടു കൂടെയാണ് അവിടം ശൂന്യമാണെന്നു മനസിലാക്കുന്നത് അതിപ്പൊ എല്ലാ ദിവസവും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. അവളെന്നെ അസ്വസ്ഥനാക്കികൊണ്ട് എല്ലാ പ്രഭാതങ്ങളിലും മരിക്കുന്നുണ്ട് .ആദ്യത്തെ അതേ തീവ്രതയോടെ. നിനക്കറിയോ അവൾ മരണത്തിനു വേണ്ടി തിരഞ്ഞെടുത്ത വഴി കൂടി വ്യത്യസ്തമായിരുന്നു. എന്റെ മുറിയിൽ കട്ടിലിന്റെ അടിയിൽ എന്റെ ഒരു സ്വകാര്യശേഖരമുണ്ടായിരുന്നു. അച്ഛൻ പട്ടാളത്തിൽ നിന്നും പിരിഞ്ഞു വരുമ്പോൾ കൊണ്ടുവന്ന ഒരു ഇരുമ്പുപെട്ടിയിലാണ് ഞാനത് സൂക്ഷിച്ചു വച്ചിരുന്നത്. അവളുടെ മുന്നിൽ പോലും ഞാനത് തുറന്നിരുന്നില്ല. അവളിതു വരെയും അതേ കുറിച്ച് ചോദിച്ചുമില്ല. വല്ലപ്പഴും വീട്ടിൽ ആരുമില്ലാത്തപ്പോൾ ഞാനതു തുറക്കും. എന്റെ കുറേ സ്വപ്നങ്ങൾ ഉറങ്ങിക്കിടക്കുന്നത് അതിലാണ്. പഴയ കുറേ സർട്ടിഫിക്കറ്റുകൾ, ചെറുപ്പത്തിൽ ഉപയോഗിച്ചിരുന്ന കീ കൊടുക്കുന്ന വാച്ചുകൾ. പേനകൾ,പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ, പിന്നെ വരയുള്ള നോട്ടുബുക്കിന്റെ താളു പറിച്ച് അതിൽ എന്നും നിന്റേതു മാത്രമെന്ന് നുണയെഴുതി വച്ച് കാണാമറയത്തേക്കു പോയവൾ തന്ന ആദ്യ പ്രണയ ലേഖനം. ഞാനാ പെട്ടി തുറക്കുമ്പോൾ അതിൽ നിന്നുമൊരു പ്രകാശം എന്റെ മുഖത്തേക്കു പതിക്കും.
എന്റെ ആദ്യ കവിത അവളെ പറ്റിയാണ്. എന്റെ ഭ്രാന്തു പിടിച്ച രാത്രികളിലെ കുത്തിക്കുറിക്കലുകൾ കഥകളായും കവിതകളായും അതിൽ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.അതിലൊരു കഥയുടെ അവസാനത്തിൽ എന്റെ കഥയിലെ നായിക ഭർത്താവിന്റെ വസ്ത്രം ധരിച്ചു കൊണ്ട് മരണത്തിലേക്ക് നടന്നു പോവുന്നുണ്ട്.എന്റെ ജീവിതത്തിലെ നായികയും അതു തന്നെ ചെയ്തു. അവളാ പെട്ടി കട്ടിലിനു മുകളിൽ തുറന്നു വച്ചിരുന്നു. ആദ്യം തന്നെ അതിലുണ്ടായിരുന്ന എന്റെപ്രിയപ്പെട്ട മഷിപ്പേനകളുടെ നിബ്ബുകളൊക്കെ അവൾ കുത്തിയൊടിച്ചു കളഞ്ഞു.
ശേഷം അവളുടെ വസ്ത്രങ്ങളൊക്കെ കത്തിച്ചു കളഞ്ഞു. നമ്മുടെ വിവാഹത്തിന്റെ അന്നു മാത്രം
ഉപയോഗിച്ച് മടക്കി വച്ച എന്റെ വസ്ത്രമെടുത്ത് അവൾ ധരിച്ചു. ഞാൻ കടയിൽ പോയി
തിരിച്ചുവരുമ്പഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
അവൾ മരിച്ച രീതി കണ്ട് പലരും പറഞ്ഞിരുന്നു അവൾക്ക് ഭ്രാന്തു പിടിച്ചതാണെന്ന്. പക്ഷെവേറാർക്കും മനസിലാക്കാൻ പറ്റാത്ത ഒന്ന്. എനിക്കുമാത്രം മനസിലാവുന്ന ഒരു സൂചന അവളുടെ മരണത്തിലുണ്ടായിരുന്നു.
അവളാത്മഹത്യ ചെയ്യുകയായിരുന്നില്ല. കൊല്ലുകയായിരുന്നു എന്നെ. ഇഞ്ചിഞ്ചായി. അവളിവിടെ തന്നെയുണ്ട് എനിക്കറിയാം. എന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് അവൾ പൊട്ടി പൊട്ടി ചിരിക്കുന്നുണ്ട് .ഒരു പാട് പരിഹസിക്കുന്നുമുണ്ട്. എനിക്കറിയില്ല ഇപ്പൊ പകലോ രാത്രിയോ എന്ന്. സമയമെത്രയായി എന്ന്. അവളിപ്പൊ വിളിക്കാറില്ല എന്നെ., എട്ടു മണിയായി ചേട്ടാ ചായ കുടിക്കാം എന്നു പറഞ്ഞ് പത്തു മണിയായി ചേട്ടാ ചോറു കഴിക്കാം,, എന്നു പറഞ്ഞ്.. ഉൾഗ്രാമങ്ങളിലെ മഴക്കാല രാത്രികളിലെ ചിവീടുകളുടേയും തവളകളുടേയും ശിങ്കാരി മേളം കഴിഞ്ഞാൽ പ്രകൃതിയിലെ ശബ്ദങ്ങൾ നേർത്തു നേർത്തു വരും. വീടിനു തൊട്ടടുത്ത വലിയൊരു പുളിമരത്തിൽ ചേക്കേറുന്ന കിളികളാണെന്നു തോന്നും ഏറ്റവും അവസാനമായി ഉറങ്ങുന്നത്. ചെറിയൊരു കാറ്റിൽ പോലും കൊമ്പുകളുലഞ്ഞാൽ അമ്മക്കിളിയോട് പതം പറഞ്ഞും ശബ്ദം കുറച്ച്

ചിണുങ്ങിയും അവ ശബ്ദമുണ്ടാക്കും. അതു കഴിഞ്ഞാൽ പിന്നെ കറുപ്പു പുതച്ച നിശബ്ദതയാണ്. പിന്നത്തെ ഊഴം അടുത്ത മുറിയിലെ ക്ലോക്കിന്റെതാണ്. പകലില്ലാത്തവണ്ണം വലിയ മുഴക്കത്തോടെയാണ് അതിലെ സെക്കന്റ് സൂചി ഉറക്കം കെടുത്തുന്നത്. അപ്പോൾ സെക്കന്റുകൾക്കിടയിലെ ഇടവേളകളുടെ ദൈർഘ്യം കൂടും അവ പ്രഭാതങ്ങളിലേക്കുള്ള അകലം ദീർഘിപ്പിക്കും. അയാളിലെ ഉറക്കത്തെ നിശ്ശേഷം കെടുത്തിക്കൊണ്ട് മഹേഷിന്റെ ദീനമായ വാക്കുകൾ ആ രാത്രിയിലും തോരാതെ ചാറിക്കൊണ്ടേയിരുന്നു. മുങ്ങിത്താഴാൻ പോകുന്നവന്റെ അവസാനത്തെ നിലവിളിയോ പിടച്ചിലോ പോലെയായിരുന്നു അത്. മഹേഷിന്റെ ജീവിതത്തിന്റെ താളക്രമം പാടേ തെറ്റിപ്പോയിരുന്നു. തനിച്ചായപ്പോൾ പലവുരു പഠിച്ചുവച്ച സമവാക്യങ്ങളൊന്നും അയാളുടെ രക്ഷയെത്തിയില്ല. ഇത്രയും കാലമായി സ്വന്തമായി ഒരു ചായ പോലും തനിച്ചുണ്ടാക്കാൻ പഠിച്ചില്ലെന്ന കാര്യം അയാളെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു. അടുക്കളയിലെ രസക്കൂട്ടിന്റെ സമവാക്യങ്ങൾ മാത്രമല്ല അയാൾക്ക് അജ്ഞമായിരുന്നത്. അയയിൽക്കിടന്ന മുഷിഞ്ഞ വസ്ത്രങ്ങൾ പോലും തന്നെ നോക്കി പരിഹസിക്കുന്നതായി മഹേഷിനു തോന്നിത്തുടങ്ങിയിരുന്നു. ,, നീ പറ ഞാനവൾക്കു തോറ്റു കൊടുക്കണോ നിറം കെട്ട് വെറുമൊരു ശരീരമായി ഞാനിനി എന്തിന് ജീവിക്കണം. നീയെന്താ ഒന്നുംമിണ്ടാത്തെ. സുഹൃത്തേ യാത്ര പറയുന്നത് നിന്നോടു മാത്രമാണ്.. പ്രതിധ്വനികൾ ഉറക്കം കെടുത്തിക്കൊണ്ടിരുന്നപ്പോൾ അയാൾ ചെവികൾ കൈ കൊണ്ടു മൂടി ഉറക്കത്തിലേക്ക് മുങ്ങിത്താഴാൻ ഒരു ശ്രമം നടത്തി.. അടുത്ത വീട്ടിലെ പൂവൻ കൂട്ടിൽ നിന്നും ചിറകടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട് കൂവുന്നതിന് മുന്നേയുള്ള ചടങ്ങാണത്. എങ്ങിനെയോ ചെറിയൊരു മയക്കം കടന്നു വന്നു. പിന്നെപ്പഴോ അരണ്ട വെളിച്ചത്തിൽ അയാളുടെ കൈകൾ കട്ടിലിനു സമീപത്തെ സ്കൂളിൽ ഗ്ലാസിനു തിരയാൻ തുടങ്ങി.അവൾ അതിരാവിലെ എഴുന്നേൽക്കും അവിടെയാണ് യമുന രാവിലത്തെ ചായ കൊണ്ടു വയ്ക്കുന്നത്..


ശുഭം. 

സുദേവൻ അമ്പാട്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക