അവളുടെ അച്ഛനുമമ്മയും അധ്യാപകരായിരുന്നു.എല്ലാ കുഞ്ഞുങ്ങളെയും മനസ്സിലാക്കിയ അവർക്ക് സ്വന്തം മകളെ മനസിലായില്ല.
പത്താം ക്ലാസ്സിൽ കണക്കിൽ കഷ്ടിച്ച് കടന്ന് കൂടിയപ്പോളവളാശ്വസിച്ചു. പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് എടുക്കാം. അമ്മയും സമ്മതിച്ചതാ. പക്ഷെ റിസൾട്ട് വന്നു കഴിഞ്ഞപ്പോൾ ടീച്ചർ ദമ്പതിമാരുടെ മട്ടുമാറി. അവർക്ക് മോളെ എഞ്ചിനീയർ ആക്കണം.സയൻസ് ഗ്രൂപ്പ് തന്നെ എടുക്കണം. അവൾ അച്ഛന്റെയും അമ്മയുടെയും കാല് പിടിച്ചു പറഞ്ഞു നോക്കി.
എനിക്ക് കണക്ക് പഠിക്കാൻ പറ്റില്ല.
അവരതിന് പരിഹാരം കണ്ടെത്തിയതൊരു ട്യൂഷൻ ഏർപ്പാട് ചെയ്താണ്.
ഓണപരീക്ഷ നടക്കുകയാണ്.ഇന്ന് സെപ്റ്റംബർ അഞ്ച്.അധ്യാപക ദിനം. അച്ഛന് സ്കൂളിലെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ഇന്നാണ് ലഭിക്കുക.
ഇതിലും നല്ലൊരു അവസരം ഇനി കിട്ടാനില്ല.
രാവിലെ തന്നെ ട്യൂഷന് പോയ അമ്മു അതു കഴിഞ്ഞ് സ്കൂളിൽ എത്തിയില്ല. അച്ഛനുമമ്മയും പരിഭ്രാന്തിയിലായി.
ഇവളിതെവിടെ പോയി? ആദ്യത്തെ ദേഷ്യവും കുറ്റപ്പെടുത്തലുകളും കണ്ണീരിനും പ്രാർത്ഥനക്കും വഴി മാറി.
ഒടുക്കം വൈകിട്ട് ദൂരേയൊരു റെയിൽവേ സ്റ്റേഷനിൽ നിന്ന് അമ്മുവിനെ കണ്ടു കിട്ടിയപ്പോളവൾ പറഞ്ഞത് എനിക്കിനി വീട്ടിൽ പോണ്ട. എനിക്ക് വയ്യ കണക്ക് പഠിക്കാൻ എന്നാണ്.
പോലീസുകാർ അവളെ അച്ഛനുമമ്മക്കും കൈമാറുമ്പോൾ ഏതൊക്കെയോ മഞ്ഞപത്രക്കാർ അധ്യാപകദിനത്തിൽ അവാർഡ് കിട്ടിയ അധ്യാപകന് വീട്ടിൽ നിന്ന് കിട്ടിയ ഗുരുദക്ഷിണയെ കുറിച്ചു വർണ്ണകഥകൾ മെനയുകയായിരുന്നു.