ന്യൂജെൻ പിള്ളാർക്ക് ഞാനീ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുമോ..എന്നറിയില്ല.
പത്താം ക്ലാസ്സിൽ ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് അവസാന പരീക്ഷക്ക് മുൻപ് ഓട്ടോഗ്രാഫിൽ എന്തെങ്കിലും എഴുതിക്കുക..എന്നൊരു സമ്പ്രദായമുണ്ടായിരുന്നു..
പലവർണത്തിലുള്ള കടലസുകൾ തുന്നിക്കൂട്ടിയ.... സ്വർണനിറമുള്ള പുറംചട്ടയിൽ പൊതിഞ്ഞ ഒരു കുഞ്ഞു പുസ്തകം...( സ്വയം കുത്തിക്കെട്ടി ഉണ്ടാക്കുന്നവരും ഉണ്ടായിരുന്നു)
"ഓട്ടോഗ്രാഫ് "
അന്ന് കൂടെ പഠിക്കുന്ന സുഹൃത്തുക്കളും സഹപാഠികളും എഴുതിയിരുന്ന വരികൾ ഇപ്പോൾ വായിക്കുമ്പോൾ ചിരിക്കണോ അതോ കരയണോ എന്ന് പലപ്പോഴും തോന്നാറുണ്ട്...
നിറം മങ്ങിപ്പോയ ചിതലരിച്ചു തുടങ്ങിയ ആ കൊച്ചു പുസ്തകത്തിലെ.ചില വരികൾ വായിക്കുമ്പോൾ ഒരു നെടുവീർപ്പ് അറിയാതെ നമ്മളിൽ നിന്നും ഉണ്ടാകും....
" മാറും,കോലം മാറും,
നീയെന്നെ മറന്നാലും
നിന്നെ ഞാന്‍ മറക്കില്ല.."
എന്ന് പറഞ്ഞവരൊക്കെ ഇപ്പൊ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത വിധം മാറിപ്പോയിരിക്കുന്നു....
"ജീവിതം ഭാസുരമാക്കാൻ ഭർത്താവിനെ ഭരണിയിയിൽ കാണാം "..എന്ന് പറഞ്ഞ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. എവിടെയാണോ ആവോ. പക്ഷെ സംഭവിച്ചത് വിപരീതമാണെന്ന് മാത്രം...
"നീലാകാശത്ത്, മേഘങ്ങൾ തമ്മിൽ കൂട്ടിമുട്ടിയകലുന്നത് പോലെ, നാം തമ്മിലുള്ള സ്നേഹബന്ധം അകലാതിരിക്കട്ടേ.".
എന്ന് എഴുതിയ ആളെ പിന്നീട് ഇതുവരെ കണ്ടിട്ടില്ല.........
"കഴിഞ്ഞാലും, വൃക്ഷങ്ങൾ കൊഴിഞ്ഞാലും,
നീയെന്നെ മറന്നാലും,ഞാൻ നിന്നെ മറക്കില്ല..."എന്ന് അവസാനപേജിൽ കുറിച്ച കൂട്ടുകാരി.നീ എവിടെയാണ്...?
" കരളേ.. കുളിരിന്റെ കുളിരെ.. നീയില്ലാത്തൊരു ജീവിതമില്ല..."
ഇങ്ങനെ എഴുതിയ വിടുവായനെ എത്രവട്ടം ഹെഡ്മാഷ് വിളിപ്പിച്ചു എന്ന് അവനുതന്നെ അറിയില്ല......
"ഒരു ദിക്കിലേക്കുള്ള യാത്രയിലാണ് ഞാൻ അതിനിടയിൽ ഒന്ന് വിശ്രമിക്കാൻ വേണ്ടി മാത്രമാണ് ഇവിടെ കൂടിയിട്ടുള്ളത്.
ഈ യാത്രയുടെ അവസാനം എന്താകുമെന്ന് അറിയില്ല സോദരി." ഇങ്ങനെ എഴുതിയ.. സാഹിത്യകാരനെ... വീണ്ടും ഒന്നു കാണാൻ മോഹമുണ്ട്... പക്ഷെ അയാളുടെ യാത്ര എന്താകുമെന്ന് അയാൾക്ക് പോലും അറിയാത്ത തരത്തിൽ ലഹരിക്ക് അടിമയാണെന്നാണ് കേൾവി....
ഓർമ്മിക്കാൻ പോലും ഓർമ്മകൾ ഇല്ലാത്ത എതയെത്രകൂട്ടുകാർ.....മറക്കാത്ത ഓർമ്മകൾ സമ്മാനിച്ചു പത്താം ക്ലാസിന്റെ പടിയിറങ്ങിപ്പോയ മറ്റു ചിലർ....
പലരും ഇപ്പോൾ എവിടെയാണ്.....?
പഴയ ഓട്ടോഗ്രാഫ് കയ്യിൽ ഉണ്ടെങ്കിൽ അതൊന്നു മറിച്ചു നോക്കണം.....
ഓർമ്മകളുടെ താളുകൾ മറിക്കുമ്പോൾ അറിയാതെ ചിലപ്പോൾ നിങ്ങൾ ചിരിച്ചേക്കാം... അല്ലെങ്കിൽ കണ്ണുനിറഞ്ഞേക്കാം....അതുമല്ലെങ്കിൽ നിശ്ചലരായി ഇരുന്നേക്കാം.....
ഒപ്പം പഠിച്ചവരിൽ ചിലർ....ജീവിതതിന്റെ പാതിവഴിയിൽ യാത്രപറഞ്ഞു പോയിട്ടുണ്ടാവാം......
വാതോരാതെ ബഡായി പറഞ്ഞവർ മൗനത്തിന്റെ ആഴങ്ങളിലേക്ക് ഊളയിട്ടിട്ടുണ്ടാവാം....
നന്നായി പാട്ട് പാടിയ കൂട്ടുകാരൻ ചിലപ്പോൾ പാട്ടിനെ തന്നെ വെറുത്തു പോയിട്ടുണ്ടാവാം.....
പുള്ളിമാൻ മിഴിയുള്ളവൻ വട്ടക്കണ്ണടയ്ക്കുള്ളിൽ ചത്ത മിഴികൾ ഒളിപ്പിച്ച് നിരാശയോടെ നോക്കിയേക്കാം....
കാറിൽ വന്നിറങ്ങി ജാഡ കാണിച്ചവർ വാടകവീട്ടിലേക്കുള്ള വഴി കാട്ടിത്തന്നേക്കാം....
മറവി അഭിനയിക്കുന്ന പ്രണയപരാചിതരെ കണ്ടേക്കാം...
"തോറ്റമ്പാടി" എന്ന് വിളിപ്പേര് കിട്ടിയവർ ഉയരങ്ങൾ കീഴടക്കിയത് കാണാം.....
പഴയ ആ ഉപദേശകൻ കുടിച്ചു ലക്കുക്കെട്ട് വഴിയിൽ അലയുന്നത് കാണാം......
ജീവിതത്തിന്റെ പല മേഘലയിലായി വിജയം കൊയ്തവരെ കാണാം....
അങ്ങനെ എത്രയെത്ര മുഖംങ്ങൾ....
സമയം കിട്ടുമ്പോൾ നിങ്ങൾ പഠിച്ച സ്കൂളിൽ ഒന്ന് പോകണം... വരാന്തയിലൂടെ വെറുതെ ഒന്ന് നടക്കണം..... അവസാനം പഠിച്ച ക്ലാസ്സ് മുറിയിൽ ഒന്ന് കയറണം.... ആ ബെഞ്ചിൽ ഒന്ന് ഒറ്റയ്ക്കിരിക്കണം....
ഒരായിരം സുഖമുള്ള ഓർമകൾ നമ്മളിലേക്ക് ഓടിയെത്തുന്നത് കാണാം .. അവിടെ നിങ്ങക്കൊരു പൂമരം കാണാം... ഓർമകൾ പൂക്കുന്ന പൂമരം..
എല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ.... ദൂരെ നിന്ന് നിങ്ങൾ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കണം...... അവിടെ വരാന്തയുടെ കോണിൽനിന്ന് നിങ്ങളെആരോ പിൻവിളിക്കുന്നതായി തോന്നിയേക്കാം...
അത് മാറ്റാരുമല്ല... നിങ്ങൾ തന്നെയാണ്...ആ പഴയ പത്താംക്ലാസു... അല്ലെങ്കിൽ പത്താം ക്ലാസുകാരിയുണ്ടായിരുന്നെങ്കിൽ....!!!! ഇടയ്ക്കൊക്കെ ഓർമ്മകളെ ഓമനിക്ക..