സ്വന്തമായി കുട്ടികൾ ഇല്ലാത്തതു കൊണ്ടു വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയുമായ കമലാ ഹാരിസിനു വിനയമില്ലെന്നു പറഞ്ഞ അർകൻസോ റിപ്പബ്ലിക്കൻ ഗവർണർ സാറ ഹക്കബി സാൻഡേഴ്‌സ് പഴഞ്ചൻ ആശയങ്ങളാണ് അവതരിപ്പിക്കുന്നതെന്നു ഹാരിസ്.
'മക്കളില്ലാത്തതു കൊണ്ട് പൂച്ചക്കുട്ടികളെ വളർത്തുന്ന തടിച്ചികൾ' രാജ്യം ഭരിക്കുന്നതു നന്നല്ലെന്നു പറഞ്ഞ റിപ്പബ്ലിക്കൻ വി പി സ്ഥാനാർഥി ജെ ഡി വാൻസിനും ഹാരിസ് മറുപടി പറഞ്ഞു. "അങ്ങിനെ പറയുന്നത് നീചമാണ്."
തന്റെ 'ആധുനിക' കുടുംബത്തെ കണ്ടു മനസിലാക്കാൻ അവർ നിർദേശിച്ചു. ഭർത്താവ് ഡഗ് എംഹോഫും അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ രണ്ടു മക്കളുമായി ജീവിക്കുന്ന കുടുംബമാണത്.
മിഷിഗണിൽ ഡൊണാൾഡ് ട്രംപിന്റെ ടൗൺ ഹാൾ പരിപാടിയിൽ മോഡറേറ്ററായി എത്തിയ സാൻഡേഴ്‌സ് പറഞ്ഞു: "ഞാൻ പ്രസവിച്ച മക്കളാണ് എന്നെ വിനയമുള്ളവളാക്കിയത്. എന്നാൽ ഹാരിസിന് അങ്ങിനെ വിനയം നൽകുന്ന ഒന്നുമില്ല."
'കോൾ ഹേർ ഡാഡി' എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെ ഹാരിസ് പ്രതികരിച്ചു. "വിനയം വേണമെന്നു നിർബന്ധമില്ലാത്ത ഒട്ടേറെ സ്ത്രീകൾ ഇവിടെയുണ്ടെന്നു അവർക്കു അറിയാമെന്നു തോന്നുന്നില്ല. രണ്ടാമത്, ഒട്ടനവധി സ്ത്രീകൾക്കു ജീവിതത്തിൽ ഒട്ടേറെ സ്നേഹം ലഭിക്കുന്നുണ്ട്, കുടുംബംങ്ങളുണ്ട്, കുട്ടികളുണ്ട്.
"കുടുംബം പല തരത്തിലുണ്ട്. രക്തബന്ധത്തിൽ നിന്നു കുടുംബങ്ങൾ ഉണ്ടാവുന്നു. സ്നേഹത്തിൽ നിന്നു കുടുംബങ്ങൾ ഉണ്ടാവുന്നു. എനിക്കിതു രണ്ടുമുണ്ട്. അതൊരു വലിയ അനുഗ്രഹമായി ഞാൻ കാണുന്നു.
“എനിക്കു നല്ല ഒന്നാന്തരം രണ്ടു കുട്ടികളുണ്ട്. എന്നെ അവർ മോമാല എന്നു വിളിക്കുന്നു. ഞങ്ങൾ വളരെ ആധുനികമായ കുടുംബമാണ്. എന്റെ ഭർത്താവിന്റെ മുൻ ഭാര്യ എന്റെ സുഹൃത്തുമാണ്."
മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നു എന്ന വിമര്ശനം നേരിട്ട ഹാരിസ് സി ബി എസിന്റെ 60 മിനിറ്റ്സ്, എ ബി സിയുടെ ദ വ്യൂ, സി ബി എസിന്റെ ദ ലെയ്റ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ട് എന്നിവയിലും ദ ഹൊവാർഡ് സ്റ്റെർൺ ഷോയിലും ഈയാഴ്ച പ്രത്യക്ഷപ്പെടും.
Harris says Vance statement 'mean'