ഇസ്രയേൽ എല്ലാ ലക്ഷ്യങ്ങളും നേടിക്കഴിഞ്ഞാൽ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യത്തിനു വേണ്ടി പോരാടുന്നവർക്കു ഒക്ടോബർ 7 ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ നന്ദി പറഞ്ഞു കൊണ്ട്, 'ജോലി പൂർത്തിയാക്കാൻ' ഗവൺമെന്റ് ഉറച്ചു തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിക്കയും ചെയ്യും.
"നമ്മുടെ ലക്ഷ്യങ്ങൾ സുവ്യക്തമാണ്: ഹമാസിന്റെ നീചമായ ഭരണം അവസാനിപ്പിക്കുക, എല്ലാ ബന്ദികളെയും തിരിച്ചു കൊണ്ടു വരിക, ഇസ്രയേലിനു ഭാവിയിൽ ഉണ്ടാകാവുന്ന ഭീഷണികൾ തടയുക, തെക്കും വടക്കും വീടൊഴിഞ്ഞു പോയവരെ തിരിച്ചെത്തിക്കുക."
ഹമാസ് നടത്തിയ ആക്രണത്തിന്റെ ഒന്നാം വാർഷികം ആചരിക്കുന്ന പ്രത്യേക യോഗത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. മെഴുകുതിരി കത്തിച്ച ശേഷം മന്ത്രി സഭാംഗങ്ങൾ ഒരു മിനിറ്റ് മൗനം പാലിച്ചു.
നെതന്യാഹു പറഞ്ഞു: "ഒരു വർഷം മുൻപ്, രാവിലെ 06:29നു ഹമാസ് ഭീകരർ ഇസ്രയേലിനെതിരെ മിന്നൽ ആക്രമണത്തിൽ കൂട്ടക്കൊല നടത്തി. അന്നു ഞാൻ ടെൽ അവീവിൽ നടന്ന റാലിയിൽ പറഞ്ഞു, നമ്മൾ യുദ്ധത്തിലാണെന്ന്.
"നമ്മൾ ശത്രുവിനു കാണാൻ കഴിഞ്ഞിട്ടില്ലാത്ത കരുത്തോടെ തിരിച്ചടിക്കുമെന്നും. അവർ കണ്ടിട്ടില്ലാത്ത വില നൽകേണ്ടി വരുമെന്നും. നമ്മൾ യുദ്ധത്തിലാണ്, വിജയിക്കയും ചെയ്യുമെന്നും.
"നിലനിൽപിന്റെയും പുനരുധാനത്തിന്റെയും യുദ്ധമാണിത്. ആ ഇരുണ്ട ദിനത്തിന് ശേഷം നമ്മൾ ഏഴു മുന്നണികളിലാണ് യുദ്ധം ചെയ്യുന്നത്. ഇറാൻ നയിക്കുന്ന തിന്മയുടെ അച്ചുതണ്ട് തകർത്താൽ മാത്രമേ നമുക്ക് ഭാവിയും സുരക്ഷയും ഉറപ്പാക്കാൻ കഴിയൂ.
"ഒക്ടോബർ 7 കൂട്ടക്കൊല ഹോളോകാസ്റ്റിനു ശേഷം യഹൂദ ജനത നേരിട്ട ഏറ്റവും വലിയ കൂട്ടക്കുരുതിയാണ്. എന്നാൽ ഹോളോകാസ്റ്റിൽ നിന്നു വിഭിന്നമായി, നമ്മൾ ശത്രുക്കൾക്കെതിരെ ഉണർന്നു പോരാടി. അതിരൂക്ഷമായി യുദ്ധം ചെയ്തു."
ഗാസയിലും ലെബനനിലും മറ്റും രക്തസാക്ഷികളായ സൈനികർക്കു അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. "അവരുടെ ത്യാഗം മൂലമാണ് നമുക്ക് നമ്മുടെ ശത്രുക്കളെ തകർക്കാനും നിരവധി ബന്ദികളെ മോചിപ്പിക്കാനും കഴിഞ്ഞത്."
മേഖലയിലെ സുരക്ഷയുടെ ചിത്രം ഇസ്രയേൽ മാറ്റി വരയ്ക്കുകയാണെന്നു നെതന്യാഹു പറഞ്ഞു. "നമ്മുടെ കുട്ടികൾക്കു വേണ്ടി, നമ്മുടെ ഭാവിക്കു വേണ്ടി, ഒക്ടോബർ 7നു സംഭവിച്ചത് ഒരിക്കലും ആവർത്തിക്കാതിരിക്കാൻ വേണ്ടി."
ഒക്ടോബർ 7 രക്തസാക്ഷികളുടെ ഓർമയ്ക്ക് ഉയർത്തിയ അയൺ സ്‌വോഡ്സ് സ്മാരകത്തിൽ നേരത്തെ നെതന്യാഹുവും ജെറുസലേം മേയർ മോഷെ ലിയോണും മെഴുകുതിരികൾ കത്തിച്ചു.
Will end war when all goals completed: Netanyahu