ഡാലസ്. സെപ്റ്റംബര്‍ മാസം 26 മുതല്‍ 29 വരെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ വച്ചു നടത്തപ്പെട്ട 22 - മത് മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന യുവജന സഖ്യം കോണ്‍ഫറന്‍സ് അവിസ്മരണീയമായി.
ഡാലസ് മാര്‍ത്തോമ്മാ ഇവന്റ് സെന്ററില്‍ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പ്രോസസ്സഷനോട് കൂടി ആരംഭിച്ച കോണ്‍ഫറന്‍സ് ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ.എബ്രഹാം മാര്‍ പൗലോസ് കോണ്‍ഫറന്‍സ് ഉത്ഘാടനം ചെയ്തു. ഹോസ്റ്റിങ് ചര്‍ച്ച് ആയ ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയുടെ വികാരിയും, ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ പ്രസിഡന്റുമായ റവ. അലക്‌സ് യോഹന്നാന്‍ സ്വാഗതവും, വെരി റവ.ഡോ.ചെറിയാന്‍ തോമസ് ( മുന്‍ മാര്‍ത്തോമ്മാ സഭാ സെക്രട്ടറി), റവ.സാം കെ.ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് ), ബിജി ജോബി ( ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ), ബിജു മാത്യു (കോപ്പല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍ ) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സമ്മേളനത്തില്‍ സുവനീറിന്റെയും, യുവധാരയുടെയും റിലീസിങ്ങും നടത്തപ്പെട്ടു. കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ ജോബി ജോണ്‍ നന്ദി രേഖപ്പെടുത്തി.
കോണ്‍ഫറന്‍സിന് ബാംഗ്‌ളൂര്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ഡയറക്ടറും, വികാരി ജനറാളും ആയ റവ.ഡോ.ശ്യാം പി. തോമസ് മുഖ്യ നേതൃത്വം നല്‍കി . വിവിധ സെഷനുകളില്‍ റവ.ജോസഫ് ജോണ്‍, റവ.എബ്രഹാം കുരുവിള, റവ. എബ്രഹാം തോമസ്, ഷിനോദ് മാത്യു, ഡോ. ഏബല്‍ മാത്യു, സിസില്‍ ചെറിയാന്‍ സിപിഎ, ദിലീപ് ജേക്കബ്, സ്റ്റേസി വര്‍ഗീസ്, ജോതം സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് വിശ്വാസ തികവുള്ള ഭാവി (Mould - Fashioning A Faith Full Future) എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് മാര്‍ത്തോമ്മാ യുവജനസഖ്യം ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് അവതരിപ്പിച്ച സ്‌കിറ്റ് , ഗായക സംഘത്തിന്റെ തീം സോങ് എന്നിവ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
ശനിയാഴ്ച നടന്ന സമ്മേളനത്തോടനുബന്ധിച്ച് ഭദ്രാസന യുവജന സഖ്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. ഭദ്രാസനത്തിന്റെ വിവിധ ഇടവകളില്‍ നിന്നായി ഏകദേശം 400 ല്‍ പരം യുവജനസഖ്യാംഗങ്ങളും, അനേക വൈദീകരും പങ്കെടുത്തു. മുഖ്യചിന്താവിഷയത്തോടനുബന്ധിച്ചുള്ള ക്ലാസുകള്‍, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, കിഡ്‌സ് സെക്ഷനുകള്‍, ഗെയിംസ്, നാടന്‍ തട്ടുകട എന്നിവ ആയിരുന്നു കോണ്‍ഫറന്‍സിന്റ പ്രധാന ആകര്‍ഷണം. ഞാറാഴ്ചയിലെ വിശുദ്ധ കുര്‍ബാനക്കു ശേഷം നടന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച് കോണ്‍ഫറന്‍സിനു തിരശീല വീണു.
ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. മാര്‍ പൗലോസ് 2026-ല്‍ നടത്തപ്പെടുന്ന ഇരുപത്തി മൂന്നാം യുവജന സഖ്യം കോണ്‍ഫറന്‍സിന്റെ ദീപശിഖ ശാലേം മാര്‍ത്തോമ്മാ യുവജന സഖ്യം ന്യൂയോര്‍ക്കിന് കൈമാറി. ഭദ്രാസന യുവജന സഖ്യം കൗണ്‍സിലിനു വേണ്ടി ജനറല്‍ സെക്രട്ടറി ബിജി ജോബി, കോണ്‍ഫറന്‍സ് കമ്മറ്റിക്കു വേണ്ടി കോ- കണ്‍വീനര്‍ റിജാ ക്രിസ്റ്റി എന്നിവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിച്ചു.