മിഡിൽ ഈസ്റ്റിൽ സമാധാനം സാധ്യമാക്കണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ് ഒക്ടോബർ 7 ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ ആഹ്വാനം ചെയ്തു.
വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു: "ഹമാസ് ഇസ്രയേലിൽ പ്രവേശിച്ചു ഒക്ടോബർ 7നു 1,250 പേരെ കൂട്ടക്കൊല ചെയ്തതോടെ ആരംഭിച്ച ഭീകര സംഭവങ്ങൾ ഒരു വർഷമായ ഇന്നും തുടരുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇസ്രയേലി പൗരന്മാരെയും വിദേശിയരെയും ഹമാസ് കൊന്നൊടുക്കി.
"നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 250 പേരെ അവർ ഗാസയിലേക്കു തട്ടിക്കൊണ്ടു പോയി. ഹമാസിന്റെ നിന്ദ്യമായ പ്രവൃത്തികൾ ഏറ്റവും ഉച്ചത്തിൽ അന്താരാഷ്ട്ര സമൂഹം അപലപിക്കേണ്ട ദിനമാണിന്ന്."
എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം, ഗാസയിലെ രക്തച്ചൊരിച്ചിൽ പലസ്തീൻ ജനതയുടെ മേൽ അടിച്ചേൽപ്പിക്കുന്ന ദുരിതം വാക്കുകൾക്കു അതീതമാണ്. ഇപ്പോൾ ലെബനൻ ജനതയും അതു പോലുള്ള ദുരിതം അനുഭവിക്കുന്നു.
"ബന്ദികളെ മോചിപ്പിക്കാൻ ഇനി വൈകരുത്. തോക്കുകൾ നിശബ്ദമാവണം. മേഖലയെ കീഴടക്കിയ ദുരിതങ്ങൾ അവസാനിക്കണം. സമാധാനവും അന്താരാഷ്ട്ര നിയമങ്ങളും നീതിയും നടപ്പാക്കേണ്ട സമയം അതിക്രമിച്ചു.
"മേഖലയിൽ ഇസ്രയേലിനും പലസ്തീൻ ജനതയ്ക്കും മറ്റെല്ലാ രാജ്യങ്ങൾക്കും ഒടുവിൽ സമാധാനവും അന്തസും ഉറപ്പാക്കി പരസ്പര ബഹുമാനത്തോടെ കഴിയാൻ സാധിക്കുന്ന അവസ്ഥ ഉണ്ടാവാൻ നമ്മൾ വിരാമമില്ലാതെ പ്രവർത്തിക്കണം.'
യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമവും അനുസരിച്ചു രണ്ടു രാഷ്ട്രങ്ങൾ ഒത്തു ജീവിക്കുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ മിഡിൽ ഈസ്റ്റിൽ സമാധാനം സാധ്യമാവൂ എന്ന് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് ഫിലേമോൻ യാങ് പറഞ്ഞു.
UN chief urges peace in Middle East