ഹമാസ് ഭീകര സംഘടന നിരപരാധികളെ കൂട്ടക്കൊല ചെയ്തതിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. ഗാസയിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതും ദുഃഖകരമാണെന്നു ഇസ്രയേലി പ്രസിഡന്റ് ഇസാക് ഹെർസോഗുമായി ഒക്ടോബർ 7 വാർഷിക ദിനത്തിൽ ഫോണിൽ സംസാരിച്ച ബൈഡൻ പറഞ്ഞു.
ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട 1200നടുത്ത ഇസ്രയേലികളെ ഓർമിച്ചു ബൈഡൻ അനുശോചനം അറിയിച്ചു. ഗാസയിൽ ഹമാസ് പിടിയിലുള്ള ബന്ദികളെ തിരിച്ചു കൊണ്ടുവരാനുളള ശ്രമങ്ങൾ യുഎസ് ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിൽ നിന്നും അവരുടെ തീവ്രവാദി സംഘങ്ങളിൽ നിന്നും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ തന്റെ ഭരണകൂടം തുടർന്നും പിന്തുണയ്ക്കുമെന്നു ബൈഡൻ ഹെർസോഗിനു ഉറപ്പു നൽകി.
ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഒട്ടനവധി നിരപരാധികളുടെ ജീവൻ നഷ്ടമായതിലും ബൈഡൻ അഗാധ ദുഃഖം രേഖപ്പെടുത്തിയെന്നു വൈറ്റ് ഹൗസ് പറഞ്ഞു. "ഗാസയിൽ യുദ്ധവിരാമം സാധ്യമാക്കാനും ബന്ദികളെ മോചിപ്പിക്കാനും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനും പലസ്തീൻ സിവിലിയന്മാരുടെ ദുരിതം അവസാനിപ്പിക്കാനുമുള്ള കരാർ സാധ്യമാക്കാൻ തുടർന്നും പരിശ്രമിക്കുമെന്നു ഇരു നേതാക്കളും ഉറപ്പു നൽകി."
വൈറ്റ് ഹൗസിൽ ഒക്ടോബർ 7 അനുസ്മരണ ചടങ്ങിൽ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും മെഴുകുതിരി കൊളുത്തി ഒരു നിമിഷത്തെ മൗനം ആചരിച്ചു. യഹൂദ പുരോഹിതൻ പ്രാർഥനയും നടത്തി.
Biden speaks to Herzog