ഇന്ത്യയില്‍ സംസ്ഥാനതലത്തിലെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മ്മാണ സഭയാണ് നിയമസഭകള്‍. പേരു സൂചിപ്പിക്കുന്നതുപോലെ നിയമനിര്‍മ്മാണമാണ് നിയമസഭാംഗങ്ങളുടെ പ്രധാന ചുമതല. സാങ്കേതികാര്‍ത്ഥത്തില്‍ നിയമ സഭയ്ക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ജന പ്രതിനിധി സഭ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ പൊതുകാര്യങ്ങളും ഇവിടെ ചര്‍ച്ചാ വിഷയമാകുന്നു. അംഗങ്ങള്‍ പാസാക്കുന്ന നിയമങ്ങള്‍ ഗവര്‍ണ്ണര്‍ അംഗീകരിച്ച് ഒപ്പുവയ്ക്കുന്നതോടെ അത് ഔദ്യോഗികമാകും.
തങ്ങള്‍ വോട്ട്ചെയ്ത് വിട്ടവര്‍ സമ്മേളിക്കുന്ന നിയമസഭയില്‍ നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നത് നിയമനിര്‍മാണവും നാടിന്റെ വികസനത്തിനുവേണ്ടിയുള്ള ആരോഗ്യകരമായ ചര്‍ച്ചകളുമാണെന്നിരിക്കെ ഇന്നലെ കേരള നിയമസഭയില്‍ തികച്ചും വ്യക്തിപരമായ വിദ്വേഷ പ്രകടനങ്ങളുടെ നിലവാരമില്ലാത്ത വാക്പോരായിരുന്നു. മലപ്പുറം പരാമര്‍ശത്തില്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസ് ചര്‍ച്ചയ്ക്കെടുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് പരിധി വിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് നിയമസഭയില്‍ അസാധാരണ സംഘര്‍ഷത്തിനാണ് ഇടയാക്കിയത്. ഇരുവരും തമ്മിലുള്ള വാക്പോര് രാഷ്ട്രീയവും കടന്ന് വ്യക്തിപരമായി മാറിയത് സഭയ്ക്കും തീരാകളങ്കമായി. മുഖ്യമന്ത്രി വിശദീകരിച്ച് ഉത്തരം നല്‍കേണ്ട 49 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍, നേരിട്ട് മറുപടി നല്‍കേണ്ടതില്ലാത്ത വിഭാഗത്തിലേക്ക് മാറ്റിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് നിയമസഭയില്‍ പൊട്ടിത്തെറിയുണ്ടായത്.
സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. ''ചോദ്യം മുക്കിയത് ആര്‍ക്കുവേണ്ടി സ്പീക്കറേ...'' എന്നു വിളിച്ച് പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. പിന്നാലെ സഭ ബഹിഷ്‌കരിച്ചു. അല്പ നേരം കഴിഞ്ഞ് അവര്‍ സഭയിലെത്തി. പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെപ്പറ്റി പറഞ്ഞതാണ് ബഹളത്തിന് വഴിമരുന്നിട്ടത്.
സ്പീക്കറുടെ വേദിയിലേക്ക് തള്ളിക്കയറിയ പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മില്‍ കൈയാങ്കളിയുമുണ്ടായി. എട്ടു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തിനിടെ സഭ ഇത്രയും തീവ്ര പ്രതിഷേധത്തിന് വേദിയായത് ഇതാദ്യമാണ്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇതിനിടെയാണ് മാത്യു കുഴല്‍നാടന്‍, അന്‍വര്‍ സാദത്ത്, സി.ആര്‍ മഹേഷ്, ഐ.സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സ്പീക്കറുടെ വേദിയിലേക്ക് തള്ളിക്കയറി. വാച്ച് ആന്‍ഡ് വാര്‍ഡിനെ വെട്ടിച്ച് കുഴല്‍നാടന്‍ സ്പീക്കറുടെ അടുത്തേക്കു നീങ്ങിയപ്പോള്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെത്തി തടഞ്ഞതോടെ കൈയാങ്കളിയായി.
''നിലവാരമില്ലാത്ത പ്രതിപക്ഷനേതാവാണ് താനെന്ന് പലവട്ടം തെളിയിച്ചതിന്റെ പാരമ്യതയാണ് ഇപ്പോള്‍ കാണുന്നത്. എത്രമാത്രം അധപതിക്കാമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകളില്‍ തെളിയുന്നത്. സതീശന്‍ കാപട്യത്തിന്റെ മൂര്‍ത്തീരൂപമാണ്. ഞാന്‍ നാടിന് മുന്നില്‍ നിന്നിട്ടുണ്ട്. ആ നാട് എന്നെ മനസ്സിലാക്കിയിട്ടുമുണ്ട്...'' എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുനവച്ച വാക്കുകള്‍.
''ഞാന്‍ നിലവാരമില്ലാത്തവനായി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നെക്കുറിച്ച് അങ്ങ് നല്ലവാക്കാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ വിഷമിച്ചുപോയേനേ. ഞാന് ഒരു വിശ്വാസിയാണ്. എല്ലാ ദിവസവും പ്രാര്‍ഥിക്കുന്ന ആളാണ്. എല്ലാ ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെപ്പോലെ അഴിമതിക്കാരനാകരുതെന്നും നിലവാരമില്ലാത്തവനാകരുതെന്നുമാണ്. എന്റെ നിലവാരം അളക്കാന്‍ അങ്ങ് വരേണ്ട...'' പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉരുളയ്ക്കുപ്പേരി പെലെ മറുപടി കൊടുത്തത് ഇങ്ങനെ.
ഹിതകരമല്ലാത്ത ഒട്ടേറെ സംഘര്‍ഷങ്ങള്‍ക്ക് കേരള നിയമസഭ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരത്തില്‍ ജനം മൂക്കത്ത് വിരല്‍വച്ച സംഭവമായിരുന്നു 2015 മാര്‍ച്ച് 13-ന് നിയമസഭയില്‍ അരങ്ങേറിയത്. ധനമന്ത്രി കെ.എം മാണി 2015-2016 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിക്കുന്ന ദിനം. ബാര്‍ കോഴ ആരോപണ വിധേയനായ മാണിയെ അന്നേദിവസം ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. തുടക്കം മുതല്‍ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയിരുന്നു.
സഭയ്ക്ക് അകത്തും പുറത്തും യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തി.
സി.പി.എം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എം.എല്‍.എമാരായ സി.കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി.പി.ഐ അംഗം കെ അജിത്ത് തുടങ്ങിയവര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിമാറ്റുകയും സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറി കസേര മറിച്ചിട്ട് മൈക്കും കംപ്യൂട്ടറും നശിപ്പിക്കുകയും ചെയ്തു.
വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുതള്ളിയെന്ന ആരോപണവുമായി തോമസ് ഐസകും, ശിവദാസന്‍ നായര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് ജമീല പ്രകാശവും രംഗത്തെത്തി. ഇ.എസ് ബിജുമോള്‍ എം.എല്‍.എയെ ഷിബു ബേബിജോണ്‍ തടഞ്ഞതും വിവാദമായിരുന്നു. കെ.കെ ശൈലജയ്ക്കുനേരെ എം.എ വാഹിദ് രംഗത്തെത്തിയതോടെ പ്രതിപക്ഷ എം.എല്‍.എമാരും പാഞ്ഞടുത്തു.
വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ സഹായത്തോടെ ഡയസിലെത്തിയ സ്പീക്കര്‍ എന്‍ ശക്തന്‍ ബജറ്റ് അവതരണത്തിന് ആംഗ്യം കാണിച്ചു. മറുവശത്തെ വാതിലിലൂടെ ഉള്ളിലെത്തിയ കെ.എം മാണി ഇതിനിടയില്‍ ബജറ്റ് വായിച്ചുതുടങ്ങിയിരുന്നു. കുറച്ചുവരികള്‍ മാത്രം വായിച്ചശേഷം ബജറ്റ് അവതരിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ ലഡു വിതരണം ചെയ്തും മാണിയെ ആശ്ലേഷിച്ചും ഭരണപക്ഷ എം.എല്‍.എമാര്‍ രംഗത്തെത്തുകയായിരുന്നു.
നിയമസഭയിലെ ലഡു വിതരണം തെറ്റായിപ്പോയെന്ന പ്രതികരണവുമായി സ്പീക്കര്‍ ശക്തന്‍ പിന്നീട് രംഗത്തെത്തിയിരുന്നു. ലഡു വിതരണം നടക്കുമ്പോള്‍ താന്‍ സഭയില്‍ ഇല്ലായിരുന്നുവെന്നും, അത് കണ്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സഭയ്ക്കുള്ളില്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരാന്‍ പാടില്ലെന്നാണ് ചട്ടം. അത് ഭരണപക്ഷ എം.എല്‍.എമാര്‍ ലംഘിച്ചുവെന്നും സ്പീക്കര്‍ സമ്മതിച്ചിരുന്നു.
ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലൂടെയായിരുന്നു അന്ന് നിയമസഭ കടന്നുപോയത്. അഞ്ച് എം.എല്‍.എമാര്‍ക്കെതിരേയുണ്ടായ സസ്പെന്‍ഷനിലും ക്രമിനല്‍ കേസിലുമാണ് ആ പ്രതിഷേധം അവസാനിച്ചത്. വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, സി.കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് എടുത്തത്.
പിന്നീട് വി ശിവന്‍കുട്ടിയുടെ അപേക്ഷ പരിഗണിച്ച് 2018 ഫെബ്രുവരിയില്‍ ഈ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തസംഭവത്തില്‍ മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അതേസമയം നിയമസഭാ അക്രമക്കേസില്‍ മന്ത്രിയും മുന്‍ മന്ത്രിയുമടക്കം ആറ് ഇടതുനേതാക്കളുടെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. ഇതുസംബനന്ധിച്ച അനുബന്ധ കേസില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13-ന് കേരള ഹൈക്കോടതി പ്രസ്ഥാവിച്ച വിധി പിണറായി സര്‍ക്കാരിനെയും ഇടത് മുന്നണിയെയും പ്രതിരോധത്തിലാക്കുന്നതും യുഡിഎഫിനെ ഊര്‍ജസ്വലരാക്കുന്നതുമാണ്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ഇടതുപക്ഷത്തെ മുന്‍ എം.എല്‍.എമാരായ ജമീല പ്രകാശത്തിന്റെയും കെ.കെ ലതികയുടെയും പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളായ എം.എ.വാഹിദിനും കെ ശിവദാസന്‍നായര്‍ക്കും ഡൊമിനിക് പ്രസന്റേഷനുമെതിരെയുള്ള കേസ് റദ്ദാക്കുകയാണുണ്ടായത്. ഇതോടെ അക്രമത്തിന്റെ പാപഭാരം പങ്കുവയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമവും പാളി. പ്രതിപക്ഷത്തിനു വര്‍ധിതവീര്യമുണ്ടാക്കിയ ഈ സാഹചര്യത്തിലാണ് ഇന്നലെ നിയമസഭയില്‍ കൈയ്യാങ്കളിയുണ്ടായത്.
ശിവന്‍കുട്ടിയുടെ കലിപ്പ്...
ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി 2015 മാര്‍ച്ച് 13-ന് സ്പീക്കറുടെ ഡയസില്‍ കയറി കാട്ടിക്കൂട്ടിയ പരാക്രമങ്ങളുടെയും ബോധംകെട്ട് വീഴലിന്റെയും ലൈവ് സീനുകള്‍ ജനം കണ്ടതാണ്. ഇന്നലെ പ്രതിപക്ഷ ബഹളം നടക്കുമ്പോള്‍ ശിവന്‍കുട്ടിയുടെ കണ്‍ട്രോള് പോയി. ഇത്തവണ തങ്ങളുടെ സ്വന്തം സ്പീക്കറെ രക്ഷിക്കാന്‍ എഴുന്നേറ്റ ശിവന്‍കുട്ടിയെ, തര്‍ക്കത്തിനിടെ സംസാരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി കൈയില്‍ പിടിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. അതുകൊണ്ട് ബോധം കെട്ടില്ല.