മലപ്പുറം അരീക്കോട് 13 വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 24കാരനായ സഹോദരന് 123 വര്‍ഷം കഠിനതടവും ഏഴ് ലക്ഷം രൂപ പിഴയും. ശിക്ഷാവിധി കേട്ട പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.
കോടതി ശിക്ഷ വിധിച്ച ശേഷം ജഡ്ജ്മെന്റ് കോപ്പിയില്‍ ഒപ്പിടുവിക്കാനായി ഓഫിസിലേക്ക് കൊണ്ടു പോകവെയാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്. കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് പ്രതിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2019 നവംബറിലാണ് കേസിന്നാസ്പദമായ സംഭവം. അന്ന് 19 വയസ്സായിരുന്നു പ്രതിക്കുണ്ടായിരുന്നത്. നിരവധിതവണ ലൈംഗിക പീഡനത്തിന് വിധേയായ പെണ്‍കുട്ടി ആറു മാസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. മകളുമായി അമ്മ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് അറിയുകയുമായിരുന്നു. എന്നാല്‍ ഡോക്ടര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചില്ല.
മൂന്ന് മാസം കഴിഞ്ഞ് പ്രസവ ലക്ഷണം പ്രകടിപ്പിച്ച കുട്ടിയെ അമ്മ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മറ്റൊരു ഡോക്ടറുടെ ചികിത്സയില്‍ പെണ്‍കുട്ടി പ്രസവിക്കുകയും ചെയ്തു. ഈ ഡോക്ടറാണ് വിവരം അരീക്കോട് പൊലീസില്‍ അറിയിക്കുന്നത്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ചൈല്‍ഡ് വൈല്‍ഫെയര്‍ കമ്മറ്റി മുഖേന ദത്ത് നല്‍കുകയും ചെയ്തു.
വിവരമറിഞ്ഞ് പോലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഗര്‍ഭത്തിനുത്തരവാദി മൂത്ത സഹോദരനാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കേസ് കോടതിയില്‍ എത്തിയതോടെ കുട്ടിയും അമ്മയും അമ്മാവനും കൂറുമാറി. എന്നാല്‍ ഡി എന്‍ എ ഫലം വന്നതോടെ കുഞ്ഞിന്റെ അച്ഛന്‍ സഹോദരന്‍ തന്നെയാണെന്ന് തെളിഞ്ഞു. പരിശോധന നടത്തിയ ഡയറക്ടര്‍ ഓഫ് ഫോറന്‍സിക് ലാബ് അസിസ്റ്റന്റിനെ കോടതി മുമ്പാകെ പ്രോസിക്യൂഷന്‍ വിസ്തരിക്കുകയും ചെയ്തു.
പ്രായ പൂര്‍ത്തിയാവാത്ത അതിജീവിത ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ചികിത്സ തേടിയ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ തയ്യാറാകാത്ത സ്വകാര്യ ആശുപത്രി ഡോക്ടറെ പോലീസ് കേസിലെ രണ്ടാം പ്രതിയാക്കിയിരുന്നു. എന്നാല്‍ ഈ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന്് ഒന്നാം പ്രതിക്കെതിരെയുള്ള കേസ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു. 16വയസ്സിന് താഴെയുള്ള കുട്ടിയെ ബലാല്‍സംഗം ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 376 (3), ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ ആക്ട് അഞ്ച് (എന്‍), പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗര്‍ഭിണിയാക്കിയതിന് പോക്സോ ആക്ടിലെ അഞ്ച് (ജെ) എന്നീ വകുപ്പുകളിലാണ് ശിക്ഷ.
അരീക്കോട് പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന എന്‍ വി ദാസന്‍, ബിനു തോമസ്, എ ഉമേഷ് എന്നിവരായിരുന്നു കേസിന്റെ അന്വേഷണോദ്യോഗസ്ഥര്‍. കേസില്‍ പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 23 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍ സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു.