മാധ്യമങ്ങളിൽ നിന്ന് ഒളിഞ്ഞു മാറി നിൽക്കുന്നു എന്ന ആരോപണം നേരിടുന്ന വൈസ് പ്രസിഡന്റ് കമലാ ഹാരിസ് സി ബി എസ് ടെലിവിഷന്റെ '60 മിനിറ്റ്സ്' അഭിമുഖത്തിൽ സമ്പദ് വ്യവസ്ഥയും അതിർത്തി പ്രശ്നവും യുക്രൈൻ യുദ്ധവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കർശനമായ ചോദ്യങ്ങൾ നേരിട്ടു. കൂടുതൽ വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തു.
'കോൾ ഹേർ ഡാഡി'പോഡ്‌കാസ്റ്റിലെ അഭിമുഖത്തിനു പിന്നാലെയാണ് സി ബി എസ് അഭിമുഖം വന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് രണ്ടാമതൊരു ഡിബേറ്റിനു തയാറില്ലെന്നു അറിയിച്ചിരിക്കെ ഹാരിസിന്റെ ഇത്തരം അഭിമുഖങ്ങൾ അവരെ കൂടുതൽ തിരിച്ചറിയാൻ ജനങ്ങൾക്കു സഹായകമാവും.
ചൊവാഴ്ച ഹാരിസ് എ ബി സിയുടെ 'ദ വ്യൂ' എന്ന പരിപാടിയിൽ സംസാരിക്കും. പിന്നീട് സി ബി എസ് 'ദ ലേറ്റ് ഷോ' യിൽ എത്തുന്നുണ്ട്. വ്യാഴാഴ്ച്ച യുണിവിഷൻ ടൗൺ ഹാളിലും.
വോട്ടർമാർക്ക് ഏറ്റവും താല്പര്യമുള്ള വിലക്കയറ്റ വിഷയത്തിൽ ഹാരിസ് പുതുതായി ഒന്നും പറഞ്ഞില്ല. ഏറെ സമ്പന്നർക്കു കൂടുതൽ നികുതി ചുമത്തുന്നത് അപ്രായോഗികം അല്ലേയെന്നു ചോദിച്ചപ്പോൾ കോൺഗ്രസിൽ ഏറെപ്പേർ സഹകരിക്കും എന്നവർ സൂചിപ്പിച്ചു.
അതിർത്തി വിഷയത്തിൽ കോൺഗ്രസ് പ്രവർത്തിക്കേണ്ടതുണ്ടെന്നു ഹാരിസ് പറഞ്ഞു. ബൈഡൻ ഭരണകൂടം 2021ൽ പിന്തുണച്ച ബില്ലിനെ റിപ്പബ്ലിക്കൻ പാർട്ടി തടഞ്ഞു വച്ചത് ഡൊണാൾഡ് ട്രംപിനെ സ്വാർഥ താല്പര്യമാണ്.
കോവിഡ് കഴിഞ്ഞു അതിർത്തിയിൽ വമ്പിച്ച അഭയാർഥി പ്രവാഹം ഉണ്ടായത് ബൈഡൻ ഭരണകൂടം തുടക്കം മുതൽ നേരിട്ട വലിയ പ്രശ്നമാണെന്നു അവർ ചൂണ്ടിക്കാട്ടി. മൂന്നു വർഷമായി ഈ പ്രശ്നം കൂടുതൽ ഊർജിതമായി നേരിടാൻ കഴിയാതിരുന്നത് കോൺഗ്രസിന്റെ സമീപനം മൂലമാണ്.
അതിർത്തിയിൽ ട്രംപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയത് തെറ്റല്ലേ എന്നു സി ബി എസിന്റെ ബിൽ വിറ്റേക്കർ ചോദിച്ചപ്പോൾ ഹാരിസ് പറഞ്ഞു: "ഇതു ഏറെക്കാലമായുള്ള പ്രശ്നമാണ്. പരിഹാരം ലഭ്യമാണ്. ഞങ്ങൾ തുടക്കം മുതൽ തന്നെ അതൊക്കെ മുന്നോട്ടു വച്ചിട്ടുണ്ട്.”
അതിർത്തി കടന്നു വരുന്നവരുടെ എണ്ണം പകുതിയായി
അടുത്ത കാലത്തായി എടുത്ത നടപടികളെ തുടർന്നു അതിർത്തി കടന്നു വരുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്നു അവർ അവകാശപ്പെട്ടു. എന്നാൽ കോൺഗ്രസ് വൈകാതെ നടപടി എടുത്തു പരിഹാരം കാണണം.
ശാന്തമായി ചോദ്യങ്ങളെ നേരിട്ട ഹാരിസ് പറയാനുള്ള കാര്യങ്ങൾ വ്യക്തമായി പറയുകയും നിയന്ത്രണത്തോടെ സംസാരിക്കയും ചെയ്തു. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതു സംഭവിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപനം സാധ്യമായില്ല താനും.
നെതന്യാഹുവിന്റെ മേൽ ബൈഡൻ ഭരണകൂടത്തിനു നിയന്ത്രണം നഷ്ടമായോ എന്ന ചോദ്യത്തിനു ഹാരിസ് ഇങ്ങിനെ മറുപടി നൽകി: "ഇസ്രയേലുമായി ഞങ്ങൾ നയതന്ത്ര തലത്തിൽ ബന്ധപ്പെടുന്നത് നമ്മുടെ തത്വങ്ങൾ വ്യക്തമാക്കുന്ന തുടർച്ചയായ തുടർച്ചയായ പ്രക്രിയ ആണ്."
നെതന്യാഹു കേൾക്കുന്നില്ലെന്നു തോന്നുന്നല്ലോ എന്നായിരുന്നു അടുത്ത ചോദ്യം. മറുപടി: "ഈ യുദ്ധം അവസാനിക്കാൻ എന്തെല്ലാം വ്യവസ്ഥകൾ വേണമെന്നു നമ്മൾ ആഗ്രഹിക്കുന്നോ, അക്കാര്യങ്ങൾ വ്യക്തമായി തുടർന്നും പറഞ്ഞു കൊണ്ടേയിരിക്കും."
യുക്രൈനിൽ സമാധാനം ഉണ്ടാക്കാനുള്ള ഏതു ചർച്ചയ്ക്കും ആ രാജ്യത്തിൻറെ സാന്നിധ്യം ഉണ്ടാവണമെന്നു ഹാരിസ് പറഞ്ഞു. പ്രസിഡന്റായാൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെ തനിച്ചു കാണുന്ന പ്രശ്‌നമില്ലെന്നും അവർ പറഞ്ഞു.
പ്രസിഡന്റായാൽ ഒറ്റ ദിവസം കൊണ്ടു താൻ യുക്രൈൻ യുദ്ധം തീർക്കുമെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ അതിന്റെ വിശദാംശങ്ങൾ അദ്ദേഹം പറഞ്ഞിട്ടില്ല.
യുക്രൈനെ നേറ്റോ സഖ്യത്തിൽ എടുക്കുമോ എന്നു ചോദിച്ചപ്പോൾ അക്കാര്യം അപ്പോൾ തീരുമാനിക്കുമെന്നു ഹാരിസ് പറഞ്ഞു.
Harris speaks with CBS as media exposure up