ആലപ്പുഴ: ഭരണിക്കാവ് കൊച്ചമ്പലത്തിന് കിഴക്കുഭാഗം 50 കാരനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ഓലകെട്ടി തെക്കേക്കര ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ അരുണാലയത്തില്‍ അരുണിനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ആലിന്റെ മുക്കിന് സമീപം കൊച്ചമ്പലത്തിന് കിഴക്ക് റോഡരികില്‍ ആണ് സംഭവം. മാരുതി സ്വിഫ്റ്റ് കാറില്‍ പിന്‍സീറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു.
കുറത്തികാട് പൊലീസ് എത്തി പരിശോധന നടത്തി. ആലപ്പുഴയില്‍ നിന്നുമുള്ള വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.സംഭവത്തില്‍ കൊച്ചമ്പലത്തിന് സമീപം താമസിക്കുന്ന വിമുക്തഭടനായ മഹേഷിനെ കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് അറിയുന്നത്. മൃതദേഹം കണ്ടെത്തിയ കാര്‍ മഹേഷിന്റേതാണ്.