ന്യൂഡൽഹി, ഒക്‌ടോബർ 8 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസില്‍ ഉണ്ടായിരുന്ന ആല്മവിശ്വാസവും ആഹ്ലാദവും ചൊവ്വാഴ്ച ഒരു പേടിസ്വപ്നമായി മാറി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് ഞെട്ടിക്കുന്ന തോൽവിയും ബിജെപിക്ക് ‘അതിശയിപ്പിക്കുന്ന’ വിജയവുമാണ്.
കോൺഗ്രസിന് എങ്ങനെ വിജയം നഷ്‌ടപ്പെടുകയും ഏറെ പ്രതീക്ഷിച്ച വിജയം ബിജെപിക്ക് വിട്ടു നൽകുകയും ചെയ്‌തുവെന്നതാണ് ഇപ്പോൾ ഏറ്റവും വലിയ ചർച്ചാ വിഷയം. എക്‌സിറ്റ് പോൾ ഫലങ്ങളും രാഷ്ട്രീയ വിദഗ്ധരും സംസ്ഥാനത്ത് ശക്തമായ കോൺഗ്രസ് തരംഗമാണെന്ന് വിലയിരുത്തി .
പാർട്ടിയിൽ മേൽക്കൈ നേടുന്നതിനുള്ള തർക്കങ്ങളും ചേരിപ്പോരും ആഭ്യന്തര കലഹങ്ങളുമാണ് കോൺഗ്രസിൻ്റെ നിലവാരം കുറഞ്ഞ പ്രകടനത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ഭൂപീന്ദർ ഹൂഡയുടെയും കുമാരി സെൽജയുടെയും കീഴിലുള്ള വ്യത്യസ്ത വിഭാഗങ്ങൾ സംസ്ഥാന ഘടകത്തെ ദുർബലപ്പെടുത്തുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ, ഹരിയാന കോൺഗ്രസ് സംസ്ഥാന ഘടകത്തിനുള്ളിൽ നിരവധി വിഭാഗങ്ങൾ ഉയർന്നുവന്നിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഭൂപീന്ദർ ഹൂഡ, കുമാരി സെൽജ, രൺദീപ് സുർജേവാല എന്നിവരെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാര്‍ എടുത്തതോടെ ആഭ്യന്തര കലഹം രൂക്ഷമായി. അവർ തങ്ങളുടെ ആഗ്രഹം പരസ്യമാക്കുന്നതിൽ നിന്ന് പിന്മാറിയില്ല. അതൃപ്തിയും അസ്വാരസ്യവും ശമിപ്പിക്കാൻ പാർട്ടി ഹൈക്കമാൻഡ് നടത്തിയ ശ്രമങ്ങൾ പാഴായി.
ശക്തമായ ഭരണ വിരുദ്ധതയും കർഷകരോഷവും ഗുസ്തിക്കാരുടെ പ്രതിഷേധവും നേരിടേണ്ടി വന്നിട്ടും മൂന്നാം തവണയും ബിജെപി അധികാരത്തിൽ തിരിച്ചെത്തി എന്നതാണ് ഇതിൻ്റെ ഫലം. തിരിച്ചുവരവ് എന്ന കോൺഗ്രസിൻ്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഇപ്പോൾ തകരുകയാണ്. പ്രധാനമായി, ഇതിന് കുറ്റപ്പെടുത്താൻ ബാഹ്യശക്തികളൊന്നുമില്ല. ഹരിയാനയിൽ വിജയിക്കാൻ സാധ്യതയുള്ളവര്‍ ആയിരുന്നിട്ടും, പാർട്ടി തിരഞ്ഞെടുപ്പില്‍ തകർന്നു
ഹൂഡയുടെയും സെൽജയുടെയും നേതൃത്വത്തിലുള്ള വിഭാഗീയ തർക്കവും രാഹുലിൻ്റെ ആശയത്തെ അവർ കൂട്ടത്തോടെ നിരാകരിച്ചതും ഞെട്ടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് തോൽവിയുടെ മറ്റൊരു കാരണമായി. ടിക്കറ്റ് വിതരണ വേളയിൽ ഹൂഡയും സെൽജയും തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി കളിച്ചു.
ഹൂഡയുടെ 72 വിശ്വസ്തർക്ക് ടിക്കറ്റ് വിഹിതത്തിൽ കൂടുതൽ പങ്ക് ലഭിച്ചതിനാൽ, രണ്ടാഴ്ചയോളം പാർട്ടിയുടെ പ്രചാരണത്തിൽ നിന്ന് മാറി നിന്ന സെൽജയെ കോൺഗ്രസ് ഹൈക്കമാൻഡ് വളരെ പാടുപെട്ടാണ് തിരികെ പ്രചാരണ രംഗത്ത് കൊണ്ടു വന്നത്. കോൺഗ്രസിൻ്റെ ദളിത് മുഖമായ അവർ, ബിജെപിക്ക് കൂടുതൽ ആയുധങ്ങൾ നൽകി.
അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് വിഭജനത്തിന് തൊട്ടുമുമ്പ്, കോൺഗ്രസ് എംപി രാഹുൽ ഗാന്ധി എഎപി ഉൾപ്പെടെയുള്ള ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷികളുമായി തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം ഉണ്ടാക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നുവെങ്കിലും അത് സംസ്ഥാന യൂണിറ്റ് നേതാക്കൾ നിരസിച്ചു. ഭരണവിരുദ്ധവികാരം നയാബ് സിംഗ് സൈനി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന അവരുടെ അമിത ആത്മവിശ്വാസമായിരുന്നു കാരണം. കൂടാതെ, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ ശ്രദ്ധേയമായ പ്രകടനം സംസ്ഥാനത്ത് പാര്‍ട്ടി തിരിച്ചുവരുമെന്ന പ്രതീക്ഷ നൽകിയെങ്കിലും അത് നടന്നില്ല .
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിന് കാരണമായത് ആഭ്യന്തര കലഹമാണ്. 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പും ഇതേ രീതിയിൽ തന്നെ നടന്നതിനാൽ, പാർട്ടി അതിൻ്റെ മുൻകാല തെറ്റുകളിൽ നിന്ന് ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് വ്യക്തം