Image

ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി

Published on 08 October, 2024
 ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കല്‍ കോളജില്‍ ഡോക്ടർമാരുടെ കൂട്ട രാജി.

സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് 50ഓളം സീനിയർ ഡോക്ടർമാർ രാജിവെച്ചത്. ആഗസ്റ്റ് ഒമ്ബതിനാണ് ആർജി കർ ആശുപത്രിയിലെ പിജി ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന സർക്കാർ അലംഭാവം കാണിച്ചുവെന്ന് ആരോപിച്ച്‌ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നിലവില്‍ നിരാഹാര സമരത്തിലാണ്. ആർജി കർ ആശുപത്രിയിലെ ഡിപ്പാർട്ട്‌മെന്റ് തലവൻമാരുടെ യോഗത്തിലാണ് മുതിർന്ന ഡോക്ടർമാർ രാജിവെക്കാൻ തീരുമാനിച്ചത്. ന്യായമായ ആവശ്യത്തിന് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ് തങ്ങളുടെ രാജിയെന്ന് ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.

എൻആർഎസ് മെഡിക്കല്‍ കോളജിലെ ഡോക്ടർമാരും രാജിക്ക് ഒരുങ്ങുന്നതായാണ് സൂചന. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അഴിമതി നിറഞ്ഞതാണെന്നും ഇതിന് പരിഹാരം കാണണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. കേസില്‍ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത സിവില്‍ വളണ്ടിയർ സഞ്ജയ് റോയിയെ ഏക പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മരണം വരെ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ച ജൂനിയർ ഡോക്ടർമാരുടെ സമരം നാല് ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് സമരക്കാർ ആരോപിക്കുന്നു. തിങ്കളാഴ്ച മുതല്‍ സമരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക