യുഗങ്ങൾ അവസാനിക്കുന്നില്ല. ഓരോ യുഗവും വീണ്ടും പുലർന്നുകൊണ്ടിരിക്കുന്നു. ഹിന്ദുപുരാണപ്രകാരം അനന്തമായ കാലത്തെ കാലചക്രങ്ങളായി തിരിച്ചിട്ടുണ്ട്. അവ ചതുർയുഗങ്ങൾ എന്നറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. മൂന്നു യുഗങ്ങൾ കഴിഞ്ഞു ഇപ്പോൾ കലികാലം പൂർത്തിയാകുന്നതിന്റെ സകല ഭീകരതകളും പ്രകടിപ്പിച്ചുകൊണ്ടിരിക്കയാണ്. പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരൻ ശ്രീ ജോൺ മാത്യുവിന്റെ പുതിയ നോവൽ "യുഗങ്ങൾ അവസാനിക്കുന്നില്ല" എന്ന നോവലിൽ നാല് യുഗങ്ങൾ ഉൾക്കൊള്ളുന്നു. ഭാഗം ഒന്ന് ഡൽഹി, ഭാഗം രണ്ടു മണിമലയാർ ഭാഗം മൂന്നു കരടിത്തോട്, ഭാഗം നാല് ഉടമ്പടി. അഞ്ഞൂറ്റിയേഴു പുറങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബൃഹത്തായ ഈ നോവൽ വളരെ വായനാസുഖം തരുന്നതും അതിൽ വിവരിക്കുന്ന ഓരോ സംഭവങ്ങളും നമ്മെ ജിജ്ഞാസാഭരിതരാക്കുന്നതും, നമ്മളെക്കൂടെ ഉൾപ്പെടുത്തുന്നതും നമുക്ക് വിജ്ഞാനം പകരുന്നതുമാണ്. മേലെ പറഞ്ഞ നാലു ഭാഗങ്ങൾ അവതരിപ്പിക്കുന്നത് കൊച്ചു കൊച്ചു അധ്യായങ്ങളായിട്ടാണ്. ഓരോ അധ്യായവും ഓരോ കഥകൾ. അതാണ് ഈ നോവലിന്റെ സവിശേഷതകളിൽ ഒന്ന്. ഓരോ കഥകളിലൂടെ കാലത്തേ മുന്നോട്ട് നയിക്കയാണ് നോവലിസ്റ്റ്.നാലാമത്തെയും അവസാനത്തെയും ഭാഗമായ ഉടമ്പടിയിൽ നോവലിസ്റ്റ് പറയുന്നത് ജീവിതത്തിന്റെ, ശരിക്കും പറഞ്ഞാൽ പ്രവാസ ജീവിതത്തിന്റെ അന്തസത്ത മനസ്സിലാക്കിയ അനുഭവജ്ഞാനമുള്ള ഒരു തത്വോപദേഷ്ടാവ് എന്ന നിലക്കാണ്. പ്രവാസം മനുഷ്യപുരോഗതിയുടെ വളർച്ചയ്ക്ക് സഹായിച്ചതായി പലരും രേഖപ്പെടുത്തുമ്പോഴും സാഹിത്യരംഗത്ത് അതു നൽകുന്ന സംഭാവനകളെ അവഗണിക്കയാണ് പതിവ്. പ്രവാസി എഴുത്തുകാരുടെ രചനകൾ മലയാളസാഹിത്യത്തിൽ ഭാവുകത്വപരമായ വികാസത്തിന് സഹായകമായിട്ടുണ്ടെങ്കിലും അത് ശ്രദ്ധിക്കപെടുന്നില്ല പ്രവാസി എഴുത്തുകാർ അവർ താമസിക്കുന്ന രാജ്യത്തെ അനുഭവങ്ങളും അവിടെ കണ്ടുമുട്ടുന്ന വിഭിന്ന ജീവിതവും ആവിഷ്കരിക്കുമ്പോൾ അവയെല്ലാം വായനക്കാരുടെ ലോകം വിശാലമാക്കാൻ സഹായിക്കുന്നവയാണ്.
യഥാർത്ഥ സംഭവങ്ങളും കാല്പനികതയും ഇടകലർന്നുള്ള പ്രതിപാദനം ഈ നോവലിനെ സവിശേഷമാക്കുന്നു. ഓരോ പ്രവാസിയും കടന്നുവന്ന കടമ്പകൾ അവർ ചേക്കേറിയ ഓരോ രാജ്യവും അവരുടെ ഭാഷയിലും സംസ്കാരത്തിലും വരുത്തിയ മാറ്റങ്ങൾ, അവരുടെ മുന്നിൽ അവർ കുടിയേറിയ രാജ്യം കൈവരിച്ച പുരോഗതിയും പ്രശ്നങ്ങളും എല്ലാം ഈ നോവലിൽ അച്ചടക്കത്തോടെ അടയാളപ്പെടുത്തുന്നു. പ്രവാസികളായി കഴിയുന്നവർ ഇതിലെ കഥാപാത്രങ്ങളെ തിരിച്ചറിയാൻ സാധ്യതയുണ്ട്. അത്രയും തന്മയത്വത്തോടെ അവരെ അവതരിപ്പിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.
യുഗങ്ങളായി മനുഷ്യനും പ്രയാണത്തിലാണു. അവന്റെ ജീവിതം തന്നെ ഒരു പ്രവാസമാണ്. നോവലിസ്റ്റ് തന്നെ ഇങ്ങനെ പറയുന്നു.പ്രവാസം, പ്രവാസദുഖം, ഗൃഹാതുരത്വം, മണ്ണിന്റെ മക്കൾ എന്നൊന്നില്ല അവർ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.ഒരിടത്തും ഞാൻ എന്ന വ്യക്തിയില്ല, സമൂഹമാണ് സമൂഹത്തിന്റെ ഒഴുക്കാണ് അതിനൊപ്പം ചേരുകയല്ലാതെ മറ്റു മാർഗ്ഗമില്ല. "അറിവാണ് അപകടം" എന്ന നോവലിസ്റ്റിന്റെ ചിന്താഗതിയെ സാധൂകരിക്കുന്നുണ്ട് ഇതിൽ വിവരിക്കുന്ന വിവരങ്ങൾ. വാസ്തവത്തിൽ അറിവുകൾ നമ്മെ ഭയപ്പെടുത്തുകയാണ്. അതു നമുക്ക് തടയാൻ കഴിയില്ല. ആ ഭയം നമ്മളിൽ വന്നുചേരുകയാണ്. ഈ അറിവുകൾ നമ്മൾ പാഠപുസ്തകങ്ങളിൽ നിന്നും മനസ്സിലാക്കുന്നവയല്ല. അമ്മൂമ്മ ചൊല്ലിത്തന്നതും നമ്മൾ നിരീക്ഷതുമായ വിനിമയങ്ങളിലൂടെ ചോർന്നു ചോർന്നു വന്നതാണെന്ന് നോവലിസ്റ്റ് നമ്മെ ബോധ്യപെടുത്തുന്നു.കാലം എല്ലാറ്റിനും ഒരു അവസാനം കണ്ടെത്തുമെന്നും നോവലിസ്റ്റ് നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഈ നോവലിലെ കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് ഒരു കാര്യം വ്യക്തമാക്കുന്നു, പ്രവാസം ഉണ്ടാകുന്നത് മനുഷ്യൻ അറിവ് നേടുന്നതിലൂടെയാണ്. അതുകൊണ്ടാണി അറിവ് അപകടമാണെന്ന് പറഞ്ഞത്. ആച്ചിയമ്മ ചോദിക്കുന്നു ജീവിക്കാൻ “തുടക്കമായ പ്രാഥമിക വായനയും കണക്കും പോരെ”. ലോകത്തെപ്പറ്റിയുള്ള അറിവ് നേടിയില്ലായിരുന്നെങ്കിൽ തന്റെ മകൻ പെണ്ണും കെട്ടി പറമ്പും നോക്കി കൂടെ കഴിഞ്ഞേനെ എന്ന്. പഠിപ്പു കഴിഞ്ഞു ആലീസും ചിന്തിക്കുന്നത് യാത്രയെപ്പറ്റിയാണ്. വീട്ടിൽനിന്ന്, നാട്ടിൽ നിന്ന് മാറിനിന്ന് ജോലി സമ്പാദിക്കുക സ്വതന്ത്രയാകുക. അങ്ങനെ ചിന്തിക്കുന്ന മനുഷ്യരുടെ പ്രയാണം അനസ്യൂതം, അഭംഗുരം, അവിരാമം ഇന്നും നടക്കുന്നു.
ഡൽഹി
ഭാഗം ഒന്ന് - എഴുത്തുകാരന്റെ വഴിയമ്പലങ്ങളിൽ ഒന്ന്. അദ്ദേഹം കണ്ടുമുട്ടുന്ന ഡൽഹിയും പിന്നീട് അവിടം വിടുന്നവരെയുള്ള ഡെൽഹിയുടെയും മാറ്റങ്ങളിലേക്ക് ശ്രദ്ധപതിപ്പിക്കുമ്പോൾ കണ്ടെത്തുന്ന വ്യത്യാസങ്ങൾ വിവരിക്കുകയാണ്. ഡൽഹിയിൽ താമസിക്കാത്ത ഡൽഹി കാണാത്ത ഒരാൾക്ക് ഡെൽഹിയെപ്പറ്റിയുള്ള വിവരങ്ങൾ ഈ വിവരണങ്ങളിലൂടെ മനസ്സിലാക്കാം.
ഡൽഹി നഗരം ഇന്നുകാണുന്ന അവസ്ഥയിലേക്ക് മാറിയത് നിരന്തരമായ മാറ്റങ്ങളിലൂടെയാണ്. അതിനൊപ്പം നടക്കുന്ന നോവലിസ്റ്റിനു അത് നേരിട്ട് അനുഭവപ്പെടുന്നു. ഏതൊരു സമൂഹമായാലും അവിടെ മാറ്റങ്ങൾ കൊണ്ടുവരുന്നത് അവിടേക്ക് കുടിയേറിപാർക്കുന്നവർ, പിന്നെ യുദ്ധങ്ങൾ മൂലമുണ്ടാകുന്ന മനുഷ്യരുടെ പലായനം , പകർച്ചവ്യാധികൾ എന്നിവയാണ്. ഡൽഹിയിലെ പ്രതാപനഗറിനെപ്പറ്റി പറയുമ്പോൾ ഇന്ത്യാവിഭജനം മൂലം പാകിസ്ഥാനിൽ നിന്നും കുടിയേറിയ അഭയാർത്ഥികൾ തിങ്ങി പാർത്തിരുന്ന സ്ഥലം ഒരു ഉപനഗരമായി എന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നുണ്ട്. ജനബാഹുല്യം നിറയുമ്പോൾ അവിടെ വ്യാപാരങ്ങളും, ചികിത്സാലയങ്ങളും, സ്കൂളുകളും നിറയുമ്പോൾ പഴയ മുഖഛായ മാറുന്നു. അത്തരം നഷ്ടപ്പെടൽ പുരോഗതിയുടെ പുതിയ മുഖങ്ങൾ സൃഷ്ടിക്കുന്നു. നോവലിസ്റ്റിന്റെ നിരീക്ഷണങ്ങൾ ചരിത്രവസ്തുതകളെ രേഖപ്പെടുത്തുകയാണ്.നഗരങ്ങളുടെ വളർച്ചക്കൊപ്പം സമൂഹത്തിൽ തിന്മയും വളരുന്ന സത്യം കൂടി നോവലിസ്റ്റ് കുറിക്കുന്നുണ്ട്. കഞ്ചാവിന്റെ ചെറിയ തളിരിലകൾ ഉണ്ടകളാക്കി മയക്കുമരുന്നായി ഉപയോഗിപ്പിക്കുന്നവർ അനർഹമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ അത് ഒരു സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു എന്നും നോവലിസ്റ്റ് കാണുന്നു ഇങ്ങനെ ലാഭം കൊയ്യുന്നവരെ പോലീസ് അന്വേഷിക്കുമ്പോൾ അവർ അപ്രത്യക്ഷരാകുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം രാഷ്ട്രീയത്തിലെ മുഖ്യനേതാക്കളായി തിരിച്ചുവരുന്ന കള്ളക്കളികളും വിവരിച്ചുപോകുന്നുണ്ട്.
നഗരത്തെ ഗ്രാമത്തിന്റെ വലിയ പതിപ്പായി കാണുന്നു നോവലിസ്റ്റ്. നാട്ടിലെ ജന്മി കുടിയാൻ ബന്ധം പോലെ ഇവിടെയും കാണുന്നതായി പറയുന്നുണ്ട്. നിഴൽ നോക്കി സമയം കണക്കാക്കിയിരുന്ന സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് ഘടികാരങ്ങൾ വാങ്ങാൻ ചെറുകിട വ്യവസായികൾ അവരെ പ്രാപ്തരാക്കി. വലിയ വ്യാപരികളുടെ തണലിൽ വളരുന്ന ചെറുകിട കച്ചവടക്കാർ. ഈ നോവലിൽ ഒരു വലിയ കമ്പനിയിലേക്ക് ബാഗും തൂക്കി വരുന്ന ഒരു സർദാർജിയെപ്പറ്റി പരാമർശിക്കുന്നുണ്ട്. നഗരവളർച്ചയിലും ഒരു വൈരുദ്ധ്യാത്മക ഭൗതികവാദ തത്വത്തിന്റെ അംശങ്ങൾ നോവലിസ്റ്റ് കണ്ടെടുക്കുന്നുണ്ട്. പല സംഭവങ്ങളും ഒരു മലയാളി പ്രവാസിയുടെ കാഴ്ച്ചപ്പാടുകളിലൂടെയാണ് ചുരുൾ നിവരുന്നത്. അതിലൊന്നാണ് ഞായറാഴ്ചകളിൽ പള്ളിസന്ദർശനം. അതിനായി അവർ സ്ഥലം കണ്ടെത്തുന്നത്, പിന്നെ അത് വളർന്നു വികസിച്ച് ഒരു വിഭാഗത്തിന്റെ ആത്മീയ ആവശ്യങ്ങൾക്ക് പരിഹാരമാകുന്നതും വളരെ യാഥാർഥ്യബോധം വായനക്കാരിലുണ്ടാക്കുന്നു. പ്രവാസികൾ സാഹിത്യരചനയിലേക്ക് കൈ വയ്ക്കുന്നതും എന്നാൽ അവർ സാഹിത്യത്തെ ഗൗരവത്തോടെ കാണുന്നപോലെ സമൂഹം കാണുന്നില്ലെന്ന സൂചനയും വരികൾക്കിടയിൽ ഒളിപ്പിക്കുന്നുണ്ട്. ഒരു കഥയിലൂടെ സൂചിപ്പിക്കുന്ന ഇതിലെ ഒരു വനിതാ കഥാപാത്രത്തിന്റെ അമേരിക്ക എന്ന സ്വപ്നഭൂമിയിലേക്കുള്ള കുടിയേറ്റവും അതിന്റെ സാക്ഷാത്കാരവും അക്കാലത്ത് ഡൽഹിയിലേക്ക് കുടിയേറിയ ഭൂരിപക്ഷം മലയാളികളുടെ അനുഭവങ്ങളാണ്. അവർ ഒരു സമൂഹത്തെ പ്രതിനിധീകരിക്കുന്നു. സ്വന്തം വീട് വിട്ട് ജീവിതായോധനത്തിനായി വന്നുപെടുന്ന സ്ഥലങ്ങളിലും മലയാളികൾ അവരുടെ പൈതൃകവും ഭാഷയും ആചാരങ്ങളും കൈവിടാതെ സൂക്ഷിക്കുന്നുവെന്നു ഓരോ സംഭവകഥകളും വ്യക്തമാക്കുന്നുണ്ട്.
വ്യത്യസ്‌തസാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെ സ്പർശിച്ചുകൊണ്ടുപോകുന്ന ഒരു ഇതിഹാസമാണീ നോവൽ എന്ന് അനുമാനിക്കാം. മനുഷ്യജീവിതത്തിന്റെ സങ്കീർണതകളും, അനിശ്ചിതത്വവും കൃത്യമായി ആവിഷ്കരിക്കാനുള്ള നോവലിസ്റ്റിന്റ താൽപ്പര്യം അദ്ദേഹത്തിന്റെ കഥപറയാനുള്ള ചാതുര്യം കൂടി കൂടിയപ്പോൾ ഈ മനുഷ്യേതിഹാസം ജന്മമെടുത്തു എന്ന് ഊഹിക്കാം. നോവലിസ്റ്റുകളെ അതിസമർത്ഥരായ മനഃശാസ്ത്രജ്ഞരായി വിശേഷിപ്പിച്ചിട്ടുണ്ട്. അവർ അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളുടെയും മാനസിക വ്യാപാരങ്ങൾ അതിസൂക്ഷ്മമം അതിനാൽ വിവരിക്കാൻ അവർക്ക് കഴിയുന്നു. ഇത് സാധിച്ചിരിക്കുന്നത് നോവലിസ്റ്റിന്റെ വളരെ നാളത്തെ പ്രവാസ ജീവിതത്തിൽ നിന്നും ആർജ്ജിച്ച ലോക പരിചയവും നിരീക്ഷണശക്തിയും മൂലമാണെന്നു മനസ്സിലാക്കാം.
മണിമലയാർ - ഭാഗം രണ്ടു
ഒരു കാലഘട്ടത്തിന്റെ പരിധിയിൽ ഒരു ഗ്രാമത്തിനു ഉണ്ടായ വളർച്ചയും പുരോഗതിയും അവിടത്തെ ആചാരങ്ങളും ജീവിതവും ചരിത്രവസ്തുതകളും കാല്പനികതയും കലർത്തി ഇതിൽ വിവരിക്കുന്നുണ്ട്. ഗ്രാമവാസികൾ ഉയരമുള്ള മതിലുകൾ പണിതിരുന്നത് കക്ക നീറ്റിയ കുമ്മായത്തിൽ വരാൽ മീനിനെ കൊന്നെടുക്കുന്ന നെയ് ചേർത്തുണ്ടാക്കുന്ന മിശ്രിതം കൊണ്ടാണെന്ന അറിവ് കലഹരണപ്പെട്ടുപോയെങ്കിലും വായനക്കാരനെ ജിജ്ഞാസാഭരിതനാക്കുന്നു. നാട്ടുരാജാക്കന്മാരുടെ പരസ്പര ആക്രമണവും രാജ്യം വിട്ടു അവർ ഉൾനാടുകളിലേക്ക് പലായനം ചെയ്യുന്നതും അങ്ങനെവരാവുന്ന സാഹചര്യങ്ങളെ ചെറുത്തുനിൽക്കാൻ കളരികൾ ചെറുപ്പക്കാർക്ക് നൽകുന്ന പരിശീനലങ്ങളും, വിശ്രമമില്ലാതെ സ്ത്രീകൾ പ്രയത്നിച്ചുകൊണ്ടിരിക്കുന്നതും വിവരിക്കുമ്പോൾ സാങ്കേതികപുരോഗതി അവർക്ക് ഇന്ന് നൽകുന്ന സൗകര്യങ്ങൾ നമ്മൾ ഓർത്തുപോകുന്നു. ഒരു കാലഘട്ടം നമ്മുടെ മുന്നിലൂടെ സജീവമായി മാറി മറയുന്ന അനുഭവം നല്കുകയാണ് നോവലിസ്റ്റ്. ആ ഗ്രാമവാസികളും ആറ്റിൻ തീരം വിട്ടു ഉൾപ്രദേശങ്ങളിലേക്ക് താമസം മാറ്റുന്നു. നോവലിസ്റ്റിന്റെ ഭാഷയിൽ മനുഷ്യന്റെ യാത്ര തുടരുന്നു. മണികിലുക്കങ്ങളോടെ, ആഘോഷമായി, പുതിയ നീരുറവുകൾ തേടി. നോവലിലെ ആദ്യന്തം പ്രമേയമായിരിക്കുന്നത് പ്രവാസവും അതിന്റെ അനന്തരഫലങ്ങളുമാണു.
ഒരിക്കൽ നമ്മളുടേതെന്നു ധരിച്ചിരുന്നവയെല്ലാം കാലം മാറ്റിക്കളയുന്ന അനുഭവങ്ങളും പ്രവാസികൾക്കുണ്ടാകുന്നുണ്ട്. താൻ മുങ്ങിക്കുളിച്ച നദിയിൽ ഇറങ്ങാൻ ചെന്ന ചാത്തുവെന്ന കഥാപാത്രത്തെ കൊച്ചാപ്പു വിലക്കുന്നു.ഓരോന്നിനും അവകാശികൾ വരുമ്പോൾ, അവിടെ തമ്പുരാൻ, കൊച്ചു തമ്പുരാൻ അടിയൻ ബന്ധം ഉടലെടുക്കുന്നത് സ്വാഭാവികം . ലോകം വളരുമ്പോൾ "ആർക്ക് എന്ത് സംഭവിക്കുന്നുവെന്ന് വിശാലമായ ലോകത്തിനു ഒരിക്കലും വിഷയമല്ലെന്നു നോവലിസ്റ്റ് നിരീക്ഷിക്കുന്നു. ഈ അധ്യായത്തിൽ നമ്മൾ കാണുന്നത് നിഷ്കളങ്കരായ ഗ്രാമവാസികളുടെ വിശ്വാസങ്ങളും അറിവും അവരുടെ മുന്നേറ്റങ്ങളുമാണ്. ആത്മീയതക്ക് എന്നും മുൻതൂക്കം നൽകുന്ന അവർ നന്മകൊതിക്കുന്നവരാണ്. അറിവിലൂടെ, ധനസമ്പാദനത്തിലൂടെ വേദങ്ങൾ പഠിപ്പിക്കുന്നതിലൂടെ അവർ ഒരു ഔന്നത്യ സമൂഹം കെട്ടിപ്പടുത്തു. അവരുടെ ആശങ്കകൾ നോവലിസ്റ്റ് പ്രകടിപ്പിക്കുന്നത് വളരെ സ്വാഭാവികമായിട്ടാണ്. അവർ ചിന്തിക്കുന്നു "ലോകത്തിന്റെ അതിരു എവിടെയാണ്."? പ്രവാസത്തിനു മനുഷ്യരെ പ്രചോദിപ്പിച്ചത് ഒരു പക്ഷെ അവന്റെ സ്വപനങ്ങൾ മാത്രമായിരിക്കയില്ല പക്ഷെ ആശങ്കകളും ജിജ്ഞാസകളുമായിരിക്കാം.
പ്രവാസത്തിന്റെ ഗതി അനുസരിച്ച് മനുഷ്യരുടെ ജീവിതത്തിലും ചിന്തകളിലും വൈരുധ്യങ്ങൾ വന്നുചേരുന്നു. ആ വൈരുധ്യങ്ങളിൽ സൗന്ദര്യം കണ്ടെത്തി അതിനെ കലാപരമായി ആവിഷ്കരിക്കയാണ് നോവലിസ്റ്റ്. നമ്മൾ കണ്ടുമറന്ന അല്ലെങ്കിൽ കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾക്ക് നമ്മൾ കാണുന്നതിനേക്കാൾ വിശാലമായ മാനങ്ങൾ ഉണ്ടെന്നു അദ്ദേഹം വിവരിക്കുന്നു. ഈ ഭൂമി ആരുടേതാണെന്ന് ചോദ്യത്തിന് ഉത്തരം ശക്തരാണെങ്കിൽ ആദ്യം വന്നവരുടെ അല്ലെങ്കിൽ പിന്നീട് ശക്തി പ്രകടിപ്പിച്ചവരുടെ. ഇത് വളരെ ശരിയാണെന്നു മണിമലയാറിന്റെ തീരത്ത് താമസിച്ചിരുന്നവരുടെ ജീവിതത്തിലൂടെ നോവലിസ്റ്റ് നമുക്ക് വ്യക്തമാക്കി തരുന്നു. മണിമലയാർ എന്ന ഈ അധ്യായത്തിൽ കേരളത്തിലെ ഒരു ഗ്രാമം കടന്നുപോന്ന കടമ്പകൾ അതിൽ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, ഇടപെടലുകൾ നടത്തിയ സ്വാധീനത്തിന്റെ ചരിത്രം ലളിതമായ കഥാവിഷ്‌കാരത്തിലൂടെ വ്യക്തമാക്കുന്നു.
കരടിത്തോട് - ഭാഗം 3 - ആലീസ് അമേരിക്ക എന്ന അത്ഭുത ലോകത്ത് എത്തിയിരിക്കുന്നു. എസ്.കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിൻെറ കഥ പോലെ ഈ നോവലിൽ ധാരാളം കഥാപാത്രങ്ങൾ ഉണ്ട്. അവരെ ചുറ്റിപ്പറ്റിയുള്ള കഥകൾ ഉണ്ട്. എന്നാലും ആലീസ് എന്ന കഥാനായികയിലൂടെ കഥ വികസിക്കുന്നു. കയർ പിരിക്കുന്നപോലെ കഥ കെട്ടിയുണ്ടാക്കുന്ന വൈഭവം ഉണ്ടായിരുന്ന പൊറ്റെക്കാടിനെപ്പോലെ ശ്രീ ജോൺ മാത്യു പ്രവാസവും മലയാളികളും എന്ന വിഷയത്തിൽ ഊന്നിനിന്നുകൊണ്ട് അവരിലൂടെ ഉരുത്തിരിയുന്ന കഥകൾ രസകരമായി പറഞ്ഞിട്ടുണ്ട്. ആലീസ് ഭാവിയിലെ കുടിയേറ്റസമൂഹത്തിനു തറക്കല്ലിടുന്നു എന്ന് നോവലിസ്റ്റ് നമ്മെ അറിയിക്കുന്നുണ്ട്. ഇതിലെ മറ്റൊരു കഥാപാത്രമായ എബി ആലീസിന്റെ കഥ അദ്ദേഹം പങ്കെടുക്കുന്ന സാഹിത്യവേദിയിൽ അവതരിപ്പിക്കുന്നുണ്ട്. കൂട്ടുകാരുടെ ഒത്തുചേരലും പിക്നിക്കുകളും ആസ്വദിക്കുന്ന എബി എന്ന എഴുത്തുകാരൻ ബിയർ ക്രീക്ക് എന്ന് പേരുള്ള തോടിനു "കരടിത്തോട്" എന്ന് മലയാളീകരിക്കുന്നുണ്ട്. പ്രവാസഭൂമിയിലെ സ്ഥലങ്ങളും, ഭക്ഷണവും, വസ്ത്രം പോലും നമ്മുടെ ഭാഷയിലൂടെ കാണുകയെന്ന മലയാളികളുടെ പൊതുവായ സ്വഭാവവിശേഷം ഇവിടെ പ്രകടമാകുന്നുണ്ട്. നേഴ്‌സുമാർ ഇവിടെയെത്തി ജോലി സമ്പാദിക്കുന്നതും പിന്നെ നാട്ടിൽ പോയി വിവാഹം കഴിച്ച് ഭർത്താക്കന്മാരെ കൊണ്ടുവരുന്നത് പ്രവാസത്തിന്റെ തുടർച്ചയെ കാണിക്കുന്നതാണ്. അതേസമയം ആലീസിനെപോലെ ഒറ്റക്ക് കഴിയുന്ന സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അപവാദ സമീപനവും ഓരോ ഘടനകളിലൂടെ വ്യക്തമാക്കുന്നു. പ്രവാസജീവിതത്തിലെ സംഘർഷങ്ങൾ അവരുടെ ചിന്തകളിൽ വരുന്ന സങ്കീർണ്ണതകൾ എല്ലാം ഭാവുകത്വമില്ലാതെ വിവരിക്കുന്നുണ്ട്. ഓരോ പ്രവാസിയുടെയും സ്വപ്നം നാട്ടിൽ ഒരു വീടാണ്, നാടൻ വിഭവങ്ങൾ ഇവിടെ കിട്ടണമെന്നാണ്, നാട്ടിലെ വിശേഷങ്ങൾക്കായി കാതോർക്കുന്ന മനസ്സാണ്. ആദ്യം അവർ അതിനായി കണ്ടത് മതപരമായ കൂട്ടായ്മകളാണ് പിന്നെ അത് മതേതര സാമൂഹിക സമാജങ്ങളായി രൂപപ്പെട്ടു. ഭാഷയും ഭക്ഷണവും, സംസ്കാരവും നിലനിർത്താൻ കുടിയേറ്റക്കാർ ആഗ്രഹിക്കുമ്പോൾ അവരുടെ തലമുറ ആ നാട്ടിലെ ആചാരാനുഷ്ടാനങ്ങളിൽ അലിഞ്ഞുചേരുന്നു. മക്കൾ വലുതാകുമ്പോൾ അവർക്കിഷ്ടമുള്ള പങ്കാളികളെ തിരഞ്ഞെടുക്കുന്നതും പലപ്പോഴും മാതാപിതാക്കളെ രൂക്ഷമായ ഭാഷയിൽ വഴക്കുപറയുന്നതും ആലീസിന്റെ മകളിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
തിരിച്ചുപോകുകയെന്നത് ഓരോ പ്രവാസിയുടെയും സ്വപ്നമാണ്. പക്ഷെ അത് സാക്ഷാത്കരിക്കപ്പെടാറില്ല. ജന്മനാട്ടിലേക്ക് ഒരു സന്ദർശനം അവർ നടത്താറുണ്ടെങ്കിലും.
ഉടമ്പടി ഭാഗം 4 - ഇത് നോവലിന്റെ അവസാന അധ്യായമാണ്. ഉടമ്പടി എന്നാൽ അന്യോന്യം ചെയ്യുന്ന പ്രതിജ്ഞ വാഗ്‌ദാനം എന്നൊക്കെ അർത്ഥമുണ്ട്. ഈ നോവലിലെ കഥാപാത്രങ്ങൾ പ്രവാസഭൂമിയിൽ നിന്നും സ്വദേശത്തേക്ക് മടങ്ങുന്നതാണ് ഈ അധ്യായത്തിൽ. പുതിയ തലമുറയിലെ കുട്ടി അവളുടെ കരീബിയൻ ആൺസുഹൃത്തുമായി അമ്മയുടെ നാട് കാണാൻ വരുന്നു. ആലീസ് അവരുടെ അമ്മാവന്റെ മകളുടെ വീട്ടിൽ ചെല്ലുമ്പോൾ അവർക്ക് അവരുടെ മക്കളെ അമേരിക്കയിലേക്ക് വിടാൻ മോഹം. ആലീസിന്റെ ഗൃഹാതുരതമുള്ള ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ അവർ മക്കൾക്കായി പ്രവാസം സ്വപനം കാണുന്നു. പ്രവാസം ഒരു തുടർച്ചയാണ്. അത് നിലക്കാത്ത ഒരു പ്രവാഹമാണ്. ശ്രീ ജോൺ മാത്യു ഈ വിഷയത്തെ വിസ്തരിച്ച് അപഗ്രഥനം ചെയ്തു അദ്ദേഹം കണ്ട കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
ശ്രീ ജോൺ മാത്യുവിന് എല്ലാ നന്മകളും നേരുന്നു.
പുസ്തകത്തിന്റെ കോപ്പികൾ ആമസോണിൽ ലഭ്യമാണ്.
******************