Image

കോൺഗ്രസ് തോറ്റു; വിനേഷ് ജയിച്ചു (സനിൽ പി.തോമസ്)

Published on 08 October, 2024
കോൺഗ്രസ് തോറ്റു; വിനേഷ് ജയിച്ചു (സനിൽ പി.തോമസ്)

ഹരിയാനയിലെ ജുലാനയിൽ  വിനേഷ് ഫോഗട്ട് വിജയിച്ചു. സത്യത്തിൻ്റെ വിജയമെന്ന് വിനേഷ്. ജുലാന വിനേഷിൻ്റെ ഭർത്താവ് സോംവീർ രതിയുടെ നാടാണ്. ജുലാനയുടെ മരുമകളായാണ് വിനേഷ് കോൺഗ്രസ് സ്ഥാനാർഥിയായിമത്സരിച്ചത്.6015 വോട്ടിൻ്റെ ഭൂരിപക്ഷം.ബി.ജെ.പിയുടെ യോഗേഷ് ബൈരഗി, എ.എ.പിയുടെ കവിതാ ദലാൽ ( ജുലാനയുടെ പുത്രി) ,നിലവിലെ എം.എൽ.എ.അമർജീത് സിങ് (ജെ.ജെ.പി.) സുരേന്ദർ ലാത്തർ (ഐ.എൻ.എൽ._ ബി.എസ്.പി.) എന്നിവർ ഉയർത്തിയ കനത്ത വെല്ലുവിളിയെ അതിജീവിച്ചാണ് വിനേഷ് ജയിച്ചത്. 1967 നു ശേഷം നാലു തവണ മാത്രം കോൺഗ്രസ് ജയിച്ച മണ്ഡലമാണ് ജുലാന. 19 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജുലാനയിൽ കോൺഗ്രസ് വിജയിക്കുന്നത്. സർവേ ഫലങ്ങളും എക്സിറ്റ് പോൾ പ്രവചനവും തെറ്റിച്ച് ഹരിയാനയിൽ കോൺഗ്രസ് പിന്നാക്കം പോയപ്പോൾ സാധ്യത കുറഞ്ഞൊരു സീറ്റിൽ വിനേഷ് ഫോഗട്ട് ജയിച്ചത് വലിയ സംഭവമാണ്. അതിൽ വിനേഷിലെ പോരാളിയെ ജനം അംഗീകരിച്ചു എന്നു വേണം കരുതുവാൻ. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ വിനേഷ് പിന്നിലായിരുന്നു.


ഒളിംപിക്സിൽ വിനേഷിനു സംഭവിച്ച അയോഗ്യതയെ പരിഹസിക്കുകയും ഹരിയാനയിൽ ബി.ജെ.പിക്ക്  വിനേഷിനെ അനായാസം തോൽപിക്കാൻ കഴിയുമെന്നു പറയുകയും ചെയ്ത ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൻ സിങ്ങിനെ ബി.ജെ.പി. നേതൃത്വം പിന്തുണച്ചിരുന്നില്ല.ഇപ്പോൾ ബ്രിജ് ഭൂഷൻ പറയുന്നത് തൻ്റെ പേരു പയോഗിച്ചാണ് വിനേഷ് ജയിച്ചതെന്നാണ്. അതു ഒരു അർഥത്തിൽ സത്യമാണ്. ബ്രിജ്ഭൂഷനെതിരെ ലൈംഗിക അധിക്രമ ആരോപണങ്ങൾ ഉയർത്തിയാണല്ലോ വിനേഷ് ഒരു പോരാളിയായത്. ജന്തർ മന്തറിലെ സമരവും പാരിസ് ഒളിംപിക്സിൽ അയോഗ്യത കല്പിക്കപ്പെട്ടതുമൊക്കെ വിനേഷിന് അനുകൂലമായ ജനവികാരം ഉണർത്തിയിരുന്നു.
" ഒളിംപിക്സ് കഴിഞ്ഞ് മടങ്ങിവന്ന്  വീട്ടിൽ തന്നെ കഴിച്ചുകൂട്ടിയ എന്നെക്കാണാൻ ദിവസവും നൂറുകണക്കിനു ആളുകൾ വന്നു.അവർ പറഞ്ഞു. ഒരു പോരാളിയുടെ ആവേശം കെടരുത്. ".വിനേഷ് ഒരു ബ്രിട്ടിഷ് വാർത്താ ഏജൻസിയോട് കഴിഞ്ഞയാഴ്ച പറഞ്ഞത് ഓർക്കുന്നു.
മുൻ മുഖ്യമന്ത്രി ഭുവീന്ദർ സിങ് ഹൂഡയെ മുന്നിൽ നിർത്തി ജാട്ട് സമുദായത്തിൻ്റെ വോട്ട് വാങ്ങി ജയിക്കാമെന്ന കോൺഗ്രസിൻ്റെ കണക്കുകൂട്ടൽ തെറ്റി.കുമാരി  സെൽജയും സുർജേവാലയുമൊക്കെ ഹൂഡയോട് പൂർണ യോജിപ്പിലല്ലായിരുന്നു. പി.ഡി.പി യെ ഒപ്പം നിർത്താനും സാധിച്ചില്ല.ചിലയിടങ്ങളിൽ വിമത ശല്യവും ഉണ്ടായി.  മറുവശത്ത് നിലവിലെ മുഖ്യമന്ത്രി നയബ് സിങ് സെയ്നിയെ ഉയർത്തിക്കാട്ടിയായിരുന്നു ബി.ജെ.പി. പ്രചാരണം.
ജാട്ട് ഇതര വോട്ടുകളുടെ കേന്ദ്രീകരണം സംഭവിച്ചെന്നു വിലയിരുത്തപ്പെടുന്നു.ഇത്തരം സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് വിനേഷ് ജയിച്ചത്.
കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ് കോൺഗ്രസിനു പുറമെ വിനേഷിനെ പിന്തുണച്ചത് എന്നാണ് അറിഞ്ഞത്.ഒടുവിൽ വിനേഷിലെ പോരാളി വിജയിച്ചു.ഇതൊരു ഗുസ്തി താരത്തിൻ്റെ മാത്രം വിജയമല്ല;  ഇന്ത്യയിലെ സ്ത്രീകളുടെ വിജയമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക