Image

ഹരിയാന കളഞ്ഞു കുളിച്ചു; കാഷ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തുണച്ചു

രാഷ്ട്രീയ ലേഖകന്‍ Published on 08 October, 2024
ഹരിയാന കളഞ്ഞു കുളിച്ചു; കാഷ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തുണച്ചു

അന്തിമ ഫലം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ ഫലം പുറത്തു വരുമ്പോള്‍ ഹരിയാനയില്‍ ബി.ജെ.പി 48 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസിന് 37 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഐ.എന്‍.എല്‍.ഡി രണ്ടും മറ്റുള്ളവര്‍ 3 സീറ്റിലും വിജയിച്ചു. റീ കൗണ്ടിങ് ബി.ജെ.പി ആവശ്യപ്പെട്ട റോത്തഗ് മണ്ഡലത്തില്‍ മാത്രമാണ് ഫലം വൈകുന്നത്. ജമ്മു കശ്മീരില്‍ 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകളില്‍ വിജയിച്ചു. ബിജെപിക്ക് 29 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. കോണ്‍ഗ്രസ്- 6, ജെ.കെ.പി.ഡി.പി-3, ജെ.പി.സി-1, സി.പി.എം-1, എ.എ.പി-1, മറ്റുള്ളവര്‍- 7 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

മൂന്നാമൂഴത്തിലെ മോദിയുടെ വ്യക്തിപ്രഭാവം ജമ്മുകാഷ്മീരില്‍ ഏശിയില്ല. ഹരിയാനയില്‍ ആഞ്ഞടിച്ച ബി.ജെ.പി ഭരണവിരുദ്ധ വികാരം വോട്ടാക്കിമാറ്റാന്‍ കോണ്‍ഗ്രസിനും കഴിയാതെവന്നതാണ് ഇരുസംസ്ഥാനങ്ങളിലും നടന്ന തിരഞ്ഞെടുപ്പിന്റെ ബാലന്‍സ് ഷീറ്റ്. അതിരൂക്ഷമായ ഹരിയാനയിലെ കര്‍ഷക പ്രക്ഷോഭത്തിന്റെയും കാഷ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിന്റെയും പശ്ചാത്തലത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിക്കും രാഹുലിനും പകുതി വീതം ചിരിക്കാം.

എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത തകര്‍ത്ത് കേവല ഭൂരിപക്ഷവും കടന്ന് തുടര്‍ച്ചയായ മൂന്നാം തവണയും ബി.ജെ.പി ഹരിയാനയില്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ ജമ്മു കാഷ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന്റെ നേൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുത്ത് ഇന്ത്യാസഖ്യവും നേടി. 2008 മുതല്‍ 2014 വരെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയും ലോക്‌സഭാംഗവുമായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമര്‍ അബ്ദുള്ള ജമ്മുകാഷ്മീരിന്റെ പുതിയ മുഖ്യമന്ത്രിയാവും. അതേസമയം ഹരിയാനയില്‍ ഭരണം നിലനിര്‍ത്തിയതോടെ മുഖ്യമന്ത്രി നായബ് സിങ് സൈനിക്ക് ബി.ജെ.പി വീണ്ടും അവസരം നല്‍കും. തിരഞ്ഞെടുപ്പിന് ഏഴ്മാസം മുന്‍പ് ഒ.ബി.സി വിഭാഗക്കാരനായ സൈനിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി മുഖം മിനുക്കിയിരുന്നു.

രാജ്യത്തെ പിടിച്ചുലച്ച കര്‍ഷകസമരത്തിന്റെ ഊര്‍ജ പ്രവഹ കേന്ദ്രമായ ഹരിയാനയില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയതെങ്കിലും അത് വോട്ടാക്കിമാറ്റാനായില്ല. ഭരണ വിരുദ്ധവികാരവും തങ്ങള്‍ക്കനുകൂലമാക്കുന്നതിലും  ഇന്ത്യാ സഖ്യം പരാജയപ്പെട്ടു. ജാട്ട് വോട്ടുകളില്‍ മാത്രം ശ്രദ്ധയൂന്നിയുള്ള പ്രചരണവും കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളും സഖ്യത്തിന് വിനയായി.

ആര്‍.എസ്.എസിന്റെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് ബി.ജെ.പി നടത്തിയത്.  സര്‍ക്കാരിന്റെ വികസനങ്ങള്‍, നയങ്ങള്‍, ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവ വിശദീകരിച്ചായിരുന്നു പ്രചരണം കൊഴുപ്പിച്ചത്. ഇക്കവിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗ്രാമീണ മേഖലകളില്‍ ബി.ജെ.പികനത്ത തിരിച്ചടി നേരിട്ടിരുന്നു. കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തു.ു. നേട്ടം ആവര്‍ത്തിക്കാമെന്ന കോണ്‍ഗ്രസ് മോഹം ഇക്കുറി പൊലിഞ്ഞു. ശക്തമായ സ്വാധീനമുള്ള നഗരമേഖകള്‍ക്കൊപ്പം ഗ്രാമീണ മേഖലയിലെ വോട്ടുകളും ബി.ജെ.പിക്ക് നേടാന്‍ സാധിച്ചത് അവരുടെ ഹാട്രിക് വിജയത്തിന് കാരണമായി. ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള നായബ് സിങ് സൈനിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകള്‍ സമാഹരിക്കാനുള്ള ബി.ജെ.പി നീക്കം വിജയിച്ചു എന്നാണ് ഫലെ ചൂണ്ടിക്കാണിക്കുന്നത്.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ശക്തമായ മുന്നേറ്റം കോണ്‍ഗ്രസ് നടത്തിയെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഗതി മാറി. തുടര്‍ന്ന് ബി.ജെ.പിയുടെ സ്ഥായിയായ മുന്നേറ്റമാണ് കണ്ടത്. ജാട്ട് സമുദായത്തിന് മുന്‍തൂക്കമുള്ള മേഖലകളിലടക്കം അവര്‍ നേട്ടമുണ്ടാക്കി. യു.പിയുമായി ചേര്‍ന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളില്‍ പകുതി സീറ്റുകളില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു. പഞ്ചാബുമായി ചേര്‍ന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നേടാനായത്. ഒടുവില്‍ 49 സീറ്റുകളുമായി ബി.ജെ.പി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സീറ്റ് നിലയിലെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡ പക്ഷവും ദളിത് നേതാവായ കുമാരി സെല്‍ജ പക്ഷവും തമ്മിലുള്ള തര്‍ക്കവും തിരിച്ചടിയായി. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ കാര്യങ്ങള്‍ പരസ്യ പോരിലേക്ക് എത്തിയിരുന്നു.

അതേസമയം, പത്തു വര്‍ഷത്തിന് ശേഷമാണ് ജമ്മു കാശ്മീരില്‍ ജനവിധി ഉണ്ടായിരിക്കുന്നത്. രാജ്യം ഉറ്റുനോക്കിയ ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ തൂക്ക് സഭക്ക് സാധ്യതയോ എന്ന ആകാംക്ഷക്കിടെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അനായാസേന ജയിച്ചു കയറിയത്. നാഷണല്‍ കോണ്‍ഫറന്‍സ് നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ക്രെഡിറ്റില്‍ കോണ്‍ഗ്രസിനും ആശ്വസിക്കാം. കശ്മീര്‍ മേഖലയിലെ 47 സീറ്റില്‍ ഭൂരിപക്ഷവും നാഷണല്‍ കോണ്‍ഫറന്‍സ് തൂത്ത് വാരി. കശ്മീര്‍ താഴ്‌വരയില്‍ ജനങ്ങള്‍ ഫറൂക്ക് അബ്ദുള്ളയുടെയും ഒമര്‍ അബ്ദുള്ളയുടെയും നേതൃത്വത്തോടാണ് വിശ്വാസം കാട്ടിയത്.

ജമ്മു കശ്മീരിന് പ്രത്യക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടതാണ് തിരിച്ചടിയുടെ ഒരു കാരണം. സംസ്ഥാന പദവി എന്നതില്‍ ചുറ്റിപ്പറ്റിയായിരുന്നു ജമ്മു കാശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചരണം നടന്നത്. ആര്‍ട്ടിക്കിള്‍ 370, 2019 ആഗസ്റ്റില്‍ റദ്ദാക്കിയതിനു ശേഷം ഏതാനും മാസങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു.

സ്ഥിതിഗതികള്‍ സാധാരണ നിലയിലായതിനു ശേഷം 'നയ കശ്മീര്‍' എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വികസനം, തൊഴില്‍, സുരക്ഷ എന്നിവയെല്ലാം ഇതിലൂടെ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, പ്രത്യേകാധികാരം എടുത്തുകളഞ്ഞപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ നഷ്ടബോധത്തെ അഡ്രസ് ചെയ്യാന്‍ ബി.ജെ.പിക്ക് കനിഞ്ഞില്ല. എന്നാല്‍ നാഷണല്‍ കോണ്‍റന്‍സും കോണ്‍ഗ്രസുമുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ബി.ജെ.പിയുടെ നീക്കത്തെ കശ്മീര്‍ വിരുദ്ധമെന്ന് വ്യക്തമാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

സംസ്ഥാനത്തെ വലിയ ശതമാനം വരുന്ന അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരെ ലക്ഷ്യമിട്ടുകൊണ്ട്, വമ്പന്‍ നിക്ഷേപങ്ങളിലൂടെ തൊഴില്‍ സൃഷ്ടിക്കും എന്ന വലിയ ഉറപ്പ് ബി.ജെ.പി നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമായില്ല. സര്‍ക്കാര്‍ തങ്ങളെ ചതിച്ചുവെന്ന ചിന്ത യുവാക്കള്‍ക്കിടയില്‍ത്തന്നെ ശക്തമായി. ജമ്മുമേഖലയില്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയെങ്കിലും ചെറിയ പാര്‍ട്ടികളെ ഉപയോഗിച്ച് ഭരണത്തിലെത്താമെന്ന തന്ത്രം പക്ഷേ കശ്മീര്‍ താവഴ്‌വരയില്‍ പാളി. അപ്നി പാര്‍ട്ടി, പീപ്പിള്‍ കോണ്‍ഫറന്‍സ് പോലുള്ള പാര്‍ട്ടികളുമായി ഇതിന്റെ ഭാഗമായി കൈകോര്‍ത്തു. വര്‍ഷങ്ങളായി ബി.ജെ.പി വെള്ളവും വളവും പകര്‍ന്ന ഈ കൂട്ടുകെട്ടുകള്‍ എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ല.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക