ജമ്മു കശ്മീരിൽ വീണ്ടും ചെങ്കൊടി പാറിച്ച് മുഹമ്മദ് യൂസഫ് തരിഗാമി. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുല്‍ഗാം നിയമസഭാ മണ്ഡലത്തില്‍ നിന്നും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത്തവണ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാണ് തരിഗാമി തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും ഇതിനുമുന്‍പ് സി.പി.എം ടിക്കറ്റില്‍ ഒറ്റയ്ക്ക് നിന്നാണ് അദ്ദേഹം ചെങ്കൊടി പാറിച്ചിരുന്നത്.
കശ്മീര്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തീവ്രവാദ ഗ്രൂപ്പുകളുടെ വായടപ്പിക്കുന്നതിനും മുന്നിട്ടിറങ്ങിയ കരുത്തുറ്റ കമ്മ്യൂണിസ്റ്റുകാരനാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ തരിഗാമി. വിഘടനവാദികള്‍ വാഴുന്ന കശ്മീര്‍ താഴ്‌വരകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് തരിഗാമി ചുവപ്പ് രാഷ്ട്രീയത്തില്‍ എത്തിചേര്‍ന്നത്. തരിഗാമിയുടെ കൈയില്‍ എപ്പോഴും ഒരു ലൈസന്‍സ്ഡ് റിവോള്‍വറുണ്ടാവും. ഭീകരരുടെ ഹിറ്റ്ലിസ്റ്റില്‍പ്പെട്ട തരിഗാമിക്ക് നേരെ നിരവധി വധശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കുല്‍ഗാം മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ 22 വര്‍ഷം തുടര്‍ച്ചയായി നിയമസഭയിലെത്തുന്ന മുഹമ്മദ് യൂസഫ് തരിഗാമി വീണ്ടും ഒരിക്കല്‍ കൂടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.