ടെല്‍ അവീവ്: ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ ഹമാസ് തലവൻ യഹിയ സിൻവാർ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോർട്ട്.
അടുത്ത ദിവസങ്ങളില്‍ അദ്ദേഹം പലരുമായും ബന്ധപ്പെട്ടിരുന്നതായി
വാർത്താ ചാനലായ അല്‍-അറേബ്യ റിപ്പോർട്ട് ചെയ്തു. സെപ്തംബർ 21-ന് ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ സിൻവാർ കൊല്ലപ്പെട്ടതായാണ് അനുമാനിക്കപ്പെട്ടിരുന്നത്.
ഹമാസ് കമാൻഡ് സെന്റർ ലക്ഷ്യമാക്കിയാണ് അന്ന് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിനുശേഷം സിൻവറെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വർഷം ഓഗസ്റ്റില്‍ ഇറാനില്‍ നടന്ന സ്ഫോടനത്തില്‍ മുൻ ഹമാസ് മേധാവി ഇസ്മായേല്‍ ഹനിയ കൊല്ലപ്പെട്ടതിനെ തുടർന്നാണ് യഹിയ പുതിയ മേധാവിയായി ചുമതലയേറ്റത്.
അതേസമയം, ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തില്‍ തെല്ലും പശ്ചാത്താപമില്ലെന്ന് യഹിയ പറഞ്ഞതായി വെള്ളിയാഴ്ച റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞ് തന്നെ കാണാൻ എത്തിയവരോടാണ് യഹിയ തന്റെ നിലപാട് അറിയിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ യഹിയ ആയിരുന്നു.
സായുധ ആക്രമണത്തിലൂടെ മാത്രമേ പലസ്തീൻ എന്ന സ്വതന്ത്രരാഷ്ട്രം സാധ്യമാകൂ എന്നാണ് 62-കാരനായ യഹിയയുടെ കാഴ്ചപ്പാട് എന്നും അദ്ദേഹത്തെ കണ്ടു എന്ന് വെളിപ്പെടുത്തിയവർ പറയുന്നു