ഡൽഹി: ബിജെപിക്ക് ഹരിയാനയിൽ ജനങ്ങൾ താമരപ്പൂക്കാലം നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ജനത പുതിയ ഇതിഹാസം കുറിച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് ഡൽഹി ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് നഡ്ഡയുടെ ടീമിന്റെ വിജയമാണ്. ഹരിയാനയിൽ ഭരണമാറ്റമെന്ന ചരിത്രം മാറി. ബിജെപിക്ക് സീറ്റും വോട്ട് ശതമാനവും കൂടി. രാജ്യത്തെ സർക്കാരുകൾ ബിജെപി സർക്കാരുകളെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരിൽ ദരിദ്രരെ തമ്മിലടിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് ഇത്തിൾക്കണ്ണി പാർട്ടിയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
എവിടെയൊക്കെ ബിജെപി സർക്കാരുകൾ രൂപീകരിക്കുന്നോ, അവിടെയൊക്കെ ദീർഘകാലം ജനങ്ങളുടെ പിന്തുണ ബിജെപിക്ക് ലഭിക്കുന്നു. കോൺഗ്രസിന് എവിടെയെങ്കിലും ഭരണത്തുടർച്ച കിട്ടിയിട്ടുണ്ടോ? ഒരിടത്തും രണ്ടാമൂഴം കോൺഗ്രസിന് ജനങ്ങൾ നൽകിയിട്ടില്ല. ഇന്ത്യയിലെ പലയിടത്തും ജനങ്ങൾ കോൺഗ്രസിന് നോ എൻട്രി ബോർഡ് വെച്ചിരിക്കുകയാണ്. അധികാരമില്ലെങ്കിൽ വെള്ളത്തിൽ നിന്ന് പുറത്തെടുത്തിട്ട മത്സ്യത്തിന്റെ അവസ്ഥയാണ് കോൺഗ്രസിന്.
ദരിദ്രരായവരെ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. പ്രധാനമന്ത്രി പറഞ്ഞു.