ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിക്ക് ഭരണം പിടിക്കാനായില്ലെങ്കിലും ഇന്ത്യയ്ക്കു വേണ്ടി കളത്തിലിറങ്ങിയ മുന്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ട് മിന്നുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ വിനേഷിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും, ബിജെപിയുടെ മുന്‍ എംഎല്‍എയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. ബ്രിജ് ഭൂഷന്‍ ലൈംഗികാതിക്രമം കാട്ടിയെന്ന് നിരവധി താരങ്ങളുടെ പരാതികള്‍ ഉയര്‍ന്നതോടെ ഇയാളുടെ രാജി ആവശ്യപ്പെട്ട് വിനേഷ് അടക്കമുള്ള ഗുസ്തി താരങ്ങള്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.
വിനേഷ് ഫോഗാട്ട് ജയിച്ചെങ്കിലും അവരുടെ പാര്‍ട്ടി തോറ്റില്ലേ എന്ന് പറഞ്ഞ ബ്രിജ് ഭൂഷണ്‍, എവിടെ പോയാലും നാശമുണ്ടാക്കുന്നയാളാണ് വിനേഷ് എന്നുമാണ് അധിക്ഷേപം ഉയര്‍ത്തിയിരിക്കുന്നത്.
'വിജയിക്കാന്‍ വിനേഷ് ഫോഗട്ട് എന്റെ പേരുപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം അവരെ വിജയിക്കാന്‍ സഹായിച്ച മഹാനാണ് ഞാനെന്നാണ്. അവര്‍ വിജയിച്ചു. പക്ഷേ കോണ്‍ഗ്രസ് തോറ്റു. എവിടെ പോയാലും നാശം പടര്‍ത്തുന്നവരാണ് അവര്‍. കൃഷിക്കാരുടേയും ഗുസ്തി താരങ്ങളുടേയും പ്രതിഷേധത്തിന്റെ പേരില്‍ തെറ്റിദ്ധാരണാജനകമായ ഒരുപാട് ശ്രമങ്ങള്‍ നടന്നു. എന്നിരുന്നാലും ബി.ജെ.പിയുടെ നയത്തെ ജനങ്ങള്‍ ഏറ്റെടുത്തു.' ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
അതേസമയം ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിജ് ഭൂഷണ് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ നിന്ന് 65,080 വോട്ട് നേടി, 6,015 വോട്ട് ഭൂരിപക്ഷത്തില്‍ വിനേഷ് ഫോഗാട്ട് മിന്നും വിജയം സ്വന്തമാക്കുകയും ചെയ്തു.