വാഹനങ്ങളില്‍ നിയമവിരുദ്ധമായ കൂളിങ് ഫിലിമുകള്‍ ഒട്ടിച്ചിട്ടുണ്ടെങ്കില്‍ അവ റോഡില്‍ പിടിച്ചുനിര്‍ത്തി വലിച്ചുകീറരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. മുന്‍, പിന്‍ ഭാഗങ്ങളിലെ ഗ്ലാസുകളിലൂടെ 70%. സൈഡ് ഗ്ലാസുകളിലൂടെ 50% എന്നിങ്ങനെ വെളിച്ചം കടക്കുന്ന കൂളിങ് ഫിലിമുകള്‍ ഒട്ടിക്കാമെന്നാണ് നിയമം. ഇതിന് വിരുദ്ധമായി ഫിലിം ഒട്ടിച്ചെന്ന് കണ്ടാല്‍ ചലാന്‍ നല്‍കി പിഴയടയ്ക്കാനും, ഫിലിം മാറ്റിയ ശേഷം കൊണ്ടുവന്ന് കാണിക്കാനും പറയാം. അല്ലാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ റോഡില്‍ പിടിച്ച് നിര്‍ത്തി ഫിലിം വലിച്ചുകീറരുതെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.
കുഞ്ഞുങ്ങള്‍, കീമോ കഴിഞ്ഞ് മടങ്ങുന്നവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിങ്ങനെ പലര്‍ക്കും ഇപ്പോഴത്തെ ചൂട് അസഹനീയമായമാണ്. നിയമപരമായാണോ ഫിലിം ഒട്ടിച്ചത് എന്ന് പരിശോധിക്കാന്‍ പ്രത്യേക ഉപകരണം ഉപയോഗിക്കണമെന്നും, അല്ലാതെ കണ്ണുകൊണ്ട് പരിശോധിച്ച് ചലാന്‍ നല്‍കരുതെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.