സംസ്ഥാനത്ത് വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഡിസംബര്‍ മുതല്‍ പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. കാറുകളില്‍ ചൈല്‍ഡ് സീറ്റ്, ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റ് മുതലായവ കര്‍ശനമാക്കാനാണ് വകുപ്പിന്റെ തീരുമാനം.
നിയമം പാലിക്കുന്നതിനായി ഒക്ടോബര്‍ മാസത്തില്‍ ബോധവല്‍ക്കരണം, നിയമലംഘകര്‍ക്ക് നവംബറില്‍ മുന്നറിയിപ്പ്, ഡിസംബറില്‍ പിഴ എന്ന രീതിയിലാണ് നടപടികള്‍ എടുക്കുക. കുട്ടികള്‍ അപകടത്തില്‍ പെട്ടാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഡ്രൈവര്‍ക്കായിരിക്കുമെന്നും എംവിഡി വ്യക്തമാക്കി.
നിയമങ്ങള്‍ ഇപ്രകാരം:
കാറുകളില്‍ കുട്ടികളുടെ സുരക്ഷ
-നാലുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്. കാറിന്റെ പിന്‍സീറ്റിലായിരിക്കണം ഇത്. നവജാതശിശുക്കള്‍ക്കും ഇത്തരത്തില്‍ പ്രത്യേക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാണ്.
-നാലുമുതല്‍ 14 വയസ്സ് വരെ പ്രായമുള്ള 135 സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ക്കായി സേഫ്റ്റി ബെല്‍റ്റോട് കൂടിയ 'ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യന്‍' ഉപയോഗിക്കണം. ഇതും കാറിന്റെ പിന്‍സീറ്റില്‍ മാത്രമേ ഘടിപ്പിക്കാവൂ.
-ചൈല്‍ഡ് സീറ്റുകള്‍ ഉപയോഗിക്കുന്നത് കുട്ടിയുടെ ഉയരം അടക്കമുള്ള കാര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡ്രൈവര്‍ ജാഗ്രതമാനിക്കണം.
ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ
-നാല് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ്നിര്‍ബന്ധമാണ്.
-കുട്ടിയെ വാഹനം ഓടിക്കുന്നയാളുമായി ബന്ധിപ്പിക്കുന്ന സേഫ്റ്റി ബെല്‍റ്റും സുരക്ഷയ്ക്കായി ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍, ഇത് നിര്‍ബന്ധമില്ലെന്നും പല കുട്ടികളും ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഉറങ്ങിപ്പോകുന്നതിനാലാണ് ഇത് നിര്‍ദേശിക്കുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ്അറിയിച്ചു.