Image

ജോസ് വലിയകല്ലുങ്കൽ: അക്കരക്കാഴ്‌ച നൽകിയ താരപദവി (മീട്ടു റഹ്മത്ത് കലാം)

Published on 09 October, 2024
ജോസ് വലിയകല്ലുങ്കൽ: അക്കരക്കാഴ്‌ച നൽകിയ താരപദവി (മീട്ടു റഹ്മത്ത് കലാം)

അമേരിക്കൻ മലയാളി കുടുംബത്തിന്റെ ജീവിതം ആസ്പദമാക്കി കൈരളി ടിവിയിൽ 2008-10 കാലയളവിൽ സംപ്രേഷണം ചെയ്തിരുന്ന 'അക്കരക്കാഴ്ചകളിലെ' കേന്ദ്രകഥാപാത്രമായ ജോർജ് തേക്കിൻമൂട്ടിലിനെ അവതരിപ്പിച്ചുകൊണ്ടാണ് ജോസ് വലിയകല്ലുങ്കൽ ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. മലയാള ടെലിവിഷൻ ചരിത്രത്തിലെ ആദ്യ സിറ്റ്കോമായ 'അക്കരക്കാഴ്ചകൾ' ഇന്ന്  പുതുതലമുറയും യൂട്യൂബിലൂടെ ആസ്വദിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹാസ്യം അനായാസമായി കൈകാര്യം ചെയ്യാനുള്ള ജോസ് വലിയകല്ലുങ്കലിന്റെ കഴിവുതന്നെയാണ്. മിക്സഡ് ജ്യൂസ്, പോസിറ്റീവ് എന്നീ ഹ്രസ്വ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഇദ്ദേഹം മികച്ച നടനുള്ള കൈരളി ടിവി യുഎസ്എ-യുടെ അവാർഡിന് അർഹനായിരിക്കുകയാണ്. കഴിഞ്ഞ 34 വർഷങ്ങളായി ന്യൂജേഴ്‌സിയിൽ താമസിക്കുന്നതുകൊണ്ട് മലയാള സിനിമയിൽ നല്ല വേഷങ്ങൾ നിരസിക്കേണ്ടി വന്നിട്ടുണ്ടെന്ന് സമ്മതിക്കുന്ന ജോസ്, തനിക്കായി കാലം മികച്ച കഥാപാത്രങ്ങൾ കരുതിവച്ചിട്ടുണ്ടെന്ന ശുഭാപ്തിവിശ്വാസത്തിലാണ്.…

അമേരിക്കയിൽ എത്തുന്നതിന് മുൻപ് കലാഭിരുചി ഉണ്ടായിരുന്നോ?'അക്കരക്കാഴ്ചകളെക്കുറിച്ച്' ഓർക്കുമ്പോൾ?

 ഞാനൊരു  കോട്ടയംകാരനാണ്. ഉഴവൂരിനടുത്തുള്ള വെളിയന്നൂർ എന്ന ഗ്രാമത്തിലാണ് ജനിച്ചുവളർന്നത്. നാട്ടിൽ ചെറിയ ബിസിനസ് ചെയ്തശേഷം, 1990 ൽ അമേരിക്കയിലെത്തി. പള്ളിപ്പെരുന്നാളിനും മറ്റും നാടകം കളിച്ചിട്ടുള്ളതാണ്  കലയുമായുണ്ടായിരുന്ന ഏക ബന്ധം.

'അക്കരക്കാഴ്ചകൾ' എഴുതിയ അജയൻ വേണുഗോപാൽ പാലക്കാടുകാരനാണ്. സ്ക്രിപ്റ്റ് വായിച്ചുകേട്ടപ്പോൾ, കോട്ടയം ഭാഷ പിടിച്ചാൽ പ്രേക്ഷകർക്ക് കൂടുതൽ കണക്ട് ചെയ്യാനാകുമെന്ന് ഞാൻ നിർദ്ദേശിച്ചത് അദ്ദേഹം ചെവിക്കൊണ്ടു. ക്യാമറയ്ക്ക് മുൻപിലെ ആദ്യപ്രകടനം അക്കരക്കാഴ്ചകളിലൂടെയാണ്. അതാണ് ഞങ്ങളുടെ എല്ലാവരുടെയും കളരി. അവിടെനിന്നാണ് ഞങ്ങൾ പലതും പഠിച്ചുതുടങ്ങിയത്. കാര്യങ്ങൾ വരുതിയിലാക്കാൻ ഏഴെട്ട് എപ്പിസോഡുകൾ വേണ്ടിവന്നു. ഒരുപറ്റം സുഹൃത്തുക്കൾ വളരെ ആസ്വദിച്ച് ചെയ്തതുകൊണ്ടാകാം,  

ഇന്നും അതിന് ആരാധകരുള്ളത്. മലയാള ടെലിവിഷനിലെ ആദ്യ സിറ്റ്കോമാണ് 'അക്കരക്കാഴ്ചകൾ.' കരച്ചിൽ സീരിയലുകൾ ട്രെൻഡിങ് ആയി നിൽക്കുന്ന സമയത്ത് അങ്ങനൊരു പരിപാടി ഏൽക്കുമോ എന്ന് അണിയറപ്രവർത്തകർക്ക് സംശയമുണ്ടായിരുന്നു. അതിന്റെ സ്വീകാര്യതകൊണ്ടാകാം പിന്നീട്‌  മറിമായം, തട്ടീം മുട്ടീം, ഉപ്പും മുളകും പോലുള്ള പ്രോഗ്രാമുകൾ വന്നത്. അതിന്റെ പിന്നിൽ പ്രവർത്തിച്ച പലരും എന്റെ സുഹൃത്തുക്കളാണ്. അക്കരക്കാഴ്ചകളാണ്  പ്രചോദനമായതെന്ന് അവരിൽ പലരും പറഞ്ഞിട്ടുണ്ട്. 

ഹാസ്യം വഴങ്ങുമെന്ന് തിരിച്ചറിഞ്ഞത്?

ഞാൻ സംസാരിക്കുന്ന സദസ്സിൽ ഒപ്പമുള്ളവരുടെ മുഖത്തൊരു ചിരി തെളിയുന്നത് ശ്രദ്ധിച്ചിരുന്നു. പഴഞ്ചൊല്ലുകൾ ഇടകലർത്തിയുള്ള എന്റെ ശൈലി കേട്ടിരിക്കാൻ രസമാണെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കുമ്പോൾ ആ രീതി പിന്തുടരാൻ സ്വാഭാവികമായും ശ്രമിക്കുമല്ലോ. അങ്ങനെ, ഞാൻപോലുമറിയാതെ ഹാസ്യം വഴങ്ങിവന്നതാകാം.

ഹാസ്യം അഭിനയിച്ചു ഫലിപ്പിക്കാൻ പ്രയാസമാണെന്ന വാദത്തോട് യോജിക്കുന്നുണ്ടോ?

അടൂർ ഭാസിയുടെയൊക്കെ  കാലത്ത് പ്രേക്ഷകരെ ചിരിപ്പിക്കാൻ ചില അഭ്യാസങ്ങളൊക്കെ കാണിച്ചിരുന്നതുകൊണ്ടാകാം ഹാസ്യം പ്രയാസമാണെന്ന് സ്ഥാപിക്കപ്പെട്ടത്. ഇന്ന് സിനിമകളിൽ സിറ്റുവേഷൻ കോമഡി ആണല്ലോ. കയ്യിൽ കിട്ടുന്ന ഡയലോഗ് ഏത് രീതിയിൽ അവതരിപ്പിക്കുന്നു എന്നത് പ്രധാനമാണ്. സങ്കടമുള്ള രംഗംകണ്ട് പ്രേക്ഷകൻ കരഞ്ഞില്ലെങ്കിൽ ആരും ഗൗനിക്കില്ല. പക്ഷേ, തമാശ പറഞ്ഞിട്ട് കേൾക്കുന്നവർക്ക് ചിരി വന്നില്ലെങ്കിൽ അതൊരു വീഴ്ചയാകും.

കഥാപാത്രമായി മാറാൻ പ്രത്യേകിച്ച് എന്തെങ്കിലും തയ്യാറെടുപ്പുകൾ നടത്താറുണ്ടോ?

നിരീക്ഷണപാടവം ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. എന്റെ പിതാവിന്റെ നടപ്പ്, നോട്ടം, സംഭാഷണരീതി,ചില മൂളലുകൾ ഒക്കെ ജോർജ്ജ് തെക്കുംമൂട്ടിൽ  എന്ന കഥാപാത്രം ചെയ്യുമ്പോൾ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. എഴുതി തരുന്നത് അതേ  രീതിയിൽ പറയാതെ, സ്വാഭാവികമായി പറയുന്നത് പ്രേക്ഷകർക്ക് ഇഷ്ടമാണ്. അമേരിക്കൻ മലയാളികൾക്കിടയിൽ നിരവധി 'ജോർജ്ജ് തെക്കുംമൂട്ടിൽ'മാരുണ്ട്.  തങ്ങളുടെ അച്ഛനുമായോ ഭർത്താവുമായോ സുഹൃത്തുമായോ ആ കഥാപാത്രത്തിന് സാദൃശ്യം തോന്നിയിട്ടുണ്ടെന്ന് പലരും നേരിൽ കാണുമ്പോൾ പറഞ്ഞിട്ടുണ്ട്. ഈ പരിപാടി കണ്ടുകൊണ്ടാണ് തങ്ങളുടെ മക്കൾ മലയാളം പഠിച്ചതെന്ന് ചില മാതാപിതാക്കൾ പറഞ്ഞിട്ടുണ്ട്. 2008 ലാണ് അക്കരക്കാഴ്ചകൾ സംപ്രേഷണം  ചെയ്തിരുന്നത്.  അന്ന് ജനിക്കാത്ത കുട്ടികൾപോലും യൂട്യൂബിൽ ഇത് കണ്ട്, എന്നെ തിരിച്ചറിയാറുണ്ട്. അതൊക്കെ വലിയ അവാർഡാണ്.

സിനിമാമോഹമുണ്ടോ?

സിനിമയിൽ നല്ലൊരു വേഷം ചെയ്യണമെന്ന ആഗ്രഹം കുറേനാളായിട്ടുണ്ട്. നാട്ടിൽ ഉള്ള സമയത്ത് ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജോലിയിൽ നിന്ന് അവധിയെടുത്ത് നാട്ടിൽ ചെന്നിട്ട്, ഷൂട്ടിംഗ് രണ്ടാഴ്ചത്തേക്ക് നീട്ടി എന്നൊക്കെ അറിയുമ്പോൾ വിഷമമുണ്ടായിട്ടുണ്ട്. കുടുംബവും ജോലിയും സാമ്പത്തികഭദ്രതയും ഒന്നും നോക്കാതെ സിനിമയ്ക്ക് പിറകേ ഓടാൻ ഒരിക്കലും ധൈര്യം തോന്നിയിട്ടില്ല.

കുടുംബം?

ഭാര്യ ഷേർളിയും മക്കളായ ടോമും മീനുവും അടങ്ങുന്നതാണ് കുടുംബം.

അക്കരക്കാഴ്ചകൾ 'ഡിജെ കെജെ' എന്നൊരു വേഷത്തിൽ മകൻ അഭിനയിച്ചിരുന്നു. അവന് സംഗീതത്തിലാണ് താല്പര്യം. ഇപ്പോൾ ന്യൂയോർക്കിൽ ജോലി ചെയ്യുന്നു. മകൾ നന്നായി നൃത്തം ചെയ്യും. ഫ്ലോറിഡയിൽ സ്പീച്ച് തെറാപ്പിസ്റ്റാണ്. മരുമകൻ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കുടുംബവും അഭിനയത്തിന് മികച്ച പിന്തുണ നൽകുന്നുണ്ട്. യൂട്യൂബിൽ എത്ര പേർ കണ്ടെന്നും നല്ല കമന്റ്സ് വരുന്നുണ്ട് എന്നൊക്കെ സന്തോഷത്തോടെ പറയും. 

അഭിനയജീവിതത്തിൽ സംതൃപ്തനാണോ?

മിക്സഡ് ജ്യൂസ്, പോസിറ്റീവ് എന്നീ ഹ്രസ്വ ചിത്രങ്ങളിലെ വേഷത്തിലൂടെ കൈരളി ടിവി യുഎസ്എ യുടെ മികച്ച നടനുള്ള അവാർഡ് ലഭിച്ചു. അക്കരക്കാഴ്ചകൾ ടെലികാസ്റ്റ് ചെയ്തിരുന്നതും കൈരളിയിലാണ്.

അക്കരക്കാഴ്ചകൾ നൽകിയ മേൽവിലാസത്തിൽ എന്നും അഭിമാനമേയുള്ളു. കോവിഡ് സമയത്ത് ചെയ്ത 'പോസിറ്റീവ്' എന്ന ഷോർട് ഫിലിമിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആരോടും പരാതിയോ പരിഭവമോ ഇല്ല. 

 ഇനിയിപ്പോൾ, നല്ലൊരു വേഷം ലഭിച്ചാൽ രണ്ടോ മൂന്നോ മാസത്തേക്കായാലും നാട്ടിൽ പോയി അഭിനയിക്കാനാകും. ആരെങ്കിലും അങ്ങനൊരു അവസരം നൽകുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനുള്ള കാത്തിരിപ്പിലാണ്.

ജോസ് വലിയകല്ലുങ്കൽ: അക്കരക്കാഴ്‌ച നൽകിയ താരപദവി (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക