Image

കൊടുംകാറ്റിന്റെ രൂക്ഷത കണക്കിലെടുത്തു ബൈഡൻ വിദേശയാത്രകൾ മാറ്റി വച്ചു (പിപിഎം)

Published on 09 October, 2024
കൊടുംകാറ്റിന്റെ രൂക്ഷത കണക്കിലെടുത്തു ബൈഡൻ വിദേശയാത്രകൾ മാറ്റി വച്ചു (പിപിഎം)

മിൽട്ടൺ കൊടുംകാറ്റ് അതിരൂക്ഷമാവുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജർമനിയിലേക്കും അംഗോളയിലേക്കുമുള്ള യാത്രകൾ നീട്ടി വച്ചു. വ്യാഴാഴ്ച്ചയാണ് അദ്ദേഹം പുറപ്പെടാനിരുന്നത്.  

"ഇപ്പോൾ ഇവിടെ വരാനിരിക്കുന്ന സാഹചര്യങ്ങളാണ് പ്രധാനം. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം," ബൈഡൻ പറഞ്ഞു.

കാറ്റിന്റെ സഞ്ചാരപഥവും കരുത്തും കണക്കിലെടുത്തു പ്രസിഡന്റ് ബൈഡൻ വിദേശയാത്ര മാറ്റി വയ്ക്കുകയാണെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു. തെക്കുകിഴക്കൻ മേഖലയിൽ ഹെലെനി കൊടുംകാറ്റ് സൃഷ്ടിച്ച പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടതുണ്ട്.

ചൊവാഴ്ച രാവിലെ വൈറ്റ് ഹൗസിൽ ഹെലെനിയുമായി ബന്ധപ്പെട്ട ഗവൺമെന്റിന്റെ നടപടികൾ ബൈഡൻ അവലോകനം ചെയ്തു. മിൽട്ടൺ കൊണ്ടുവരുന്ന പ്രതിസന്ധി നേരിടാനുള്ള ഒരുക്കങ്ങളും.

ബെർലിനിൽ യുക്രൈനു സഹായം നൽകുന്ന രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കാനാണ് ബൈഡൻ വ്യാഴാഴ്ച്ച പോകാനിരുന്നത്. ജർമനിയിലേക്കും തെക്കൻ ആഫ്രിക്കൻ രാജ്യമായ അംഗോളയിലേക്കും പിന്നീട് പോകാൻ ആഗ്രഹിക്കുന്നുവെന്നു ജനുവരിയിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പറഞ്ഞു.

കാറ്റിനു വീണ്ടും കരുത്തു കൂടി

ഫ്ലോറിഡയിലേക്കു നീങ്ങുന്ന മിൽട്ടൺ കൊടുംകാറ്റിനു ചൊവാഴ്ച്ച വീണ്ടും കരുത്തു കൂടിയതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. ഗൾഫ് ഓഫ് മെക്സിക്കോയ്ക്കു മീതെ നീങ്ങുന്ന കാറ്റു കാറ്റഗറി 5ൽ നിൽക്കുന്നു.

ലക്ഷക്കണക്കിനാളുകൾ കാറ്റിന്റെ പാതയിൽ നിന്നു പലായനം ചെയ്തു കൊണ്ടിരിക്കയാണ്. ഒഴിഞ്ഞു പോകാൻ ആരും മടിക്കരുതെന്നു ഗവർണർ റോൺ ഡിസന്റിസ് പറഞ്ഞു. ഒരു മില്യണിലധികം പേർക്ക് ഒഴിയാൻ ഉത്തരവ് നൽകിയിട്ടുണ്ട്.

Biden postpones foreign trip as Milton awaited 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക