തിരൂര്‍: ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പേരില്‍ 100 കണക്കിന് പേരെ പറ്റിച്ച് കോടികള്‍ തട്ടി ട്രാവല്‍ ഏജന്‍സി. തിരൂരങ്ങാടി ചെമ്മാട്ടെ ട്രാവല്‍സ് ഏജന്‍സിക്കെതിരേയാണ് തീര്‍ത്ഥാടകരുടെ പരാതി. പണം നല്‍കിയിട്ടും അവസാനനിമിഷം ഹജ്ജിന് പോകാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും നല്‍കിയ പണം ഇതുവരെ തിരികെ തന്നില്ലന്നും പരാതിക്കാര്‍ പറയുന്നു.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള നൂറിലധികം ആളുകളില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ട്രാവല്‍ ഏജന്‍സി കൈക്കലാക്കിയത്. ഓരോ ആളുകളില്‍ നിന്നും 6 ലക്ഷത്തോളം രൂപയാണ് വാങ്ങിയിരുന്നത്.
പണം നല്‍കിയവര്‍ ഹജ്ജിനു പോകാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെങ്കിലും അവസാന നിമിഷം പോകാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്.
യാത്രക്കാര്‍ തലേദിവസം പെട്ടിയൊക്കെ പാക്ക് ചെയ്തിരുന്നു. കുടുംബക്കാരെയൊക്കെ വിളിച്ച് യാത്ര പോകുന്നതിന്റെ ഭാഗമായി ഭക്ഷണവും നല്‍കി. മഹല്ലിന്റെ നേതൃത്വത്തില്‍ യാത്രയയപ്പും ലഭിച്ചിരുന്നു. ഹജ്ജിനായി പുറപ്പെടുന്ന ദിവസം രാവിലെയാണ് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്. പണം തിരികെ ചോദിച്ചെങ്കിലും ഇതുവരെ നല്‍കിയില്ലെന്നും പരാതിക്കാര്‍ പറയുന്നു.
പണം ചോദിക്കുമ്പോള്‍ ട്രാവല്‍സ് ഏജന്‍സിയുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഓരോരുത്തരും വ്യത്യസ്ത പരാതികള്‍ നല്‍കിയിരുന്നു. ഹജ്ജിന്റെ പേരില്‍ വലിയ തട്ടിപ്പ് നടത്തിയ ട്രാവല്‍ ഏജന്‍സിക്കെതിരേ ഇനി ഒരുമിച്ച് നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പരാതിക്കാര്‍.