Image

ഇടിമിന്നലേറ്റ് വീട്ടിലെ ആക്വെറിയവും ജനൽ ചില്ലുകളും തകർന്നു ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published on 09 October, 2024
ഇടിമിന്നലേറ്റ് വീട്ടിലെ ആക്വെറിയവും ജനൽ ചില്ലുകളും തകർന്നു ; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നതിനിടെ പലയിടങ്ങളിലും ഇടിമിന്നല്‍ നാശംവിതച്ചു.  കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് വലിയ നാശനഷ്ടം.

മേപ്പയ്യൂര്‍ നരക്കോട് കല്ലങ്കി കുങ്കച്ചന്‍കണ്ടി നാരായണന്റെ വീട്ടിലും പാലേരിയില്‍ കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാനന്ദന്റെ വീട്ടിലുമാണ് ഇടിമിന്നല്‍ ഉണ്ടായതിനെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന സദാനന്ദനും സുഹൃത്തും എഴുന്നേറ്റ ഉടനെയാണ് വീട്ടിലെ തൂണിന് സമീപത്തായി മിന്നലേറ്റത്. ഇതിന്റെ ആഘാതത്തില്‍ തൂണിന്റെ അടിഭാഗത്തെ ടൈലുകള്‍ ചിതറിത്തെറിച്ചു. വയറിങ് പൂര്‍ണ്ണമായും കത്തി നശിച്ചു. നിമിഷങ്ങളുടെ ഇടവേളയിലാണ് വീട്ടുകാര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

വീട്ടിലെ അക്വോറിയം പൊട്ടിത്തെറിക്കുകയും ചെയ്തു. ഇടിമിന്നലിനെ തുടര്‍ന്ന് നാരായണന്റെ വീടിന്റെ ജനല്‍ പാളികള്‍ പൊട്ടിത്തകര്‍ന്നു. വീടിന്റെ ചുമരില്‍ വിള്ളലേറ്റിട്ടുണ്ട്. വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു.

ആലുവ ചെങ്ങമനാട് പഞ്ചായത്തിലും ഇടിമിന്നലിനെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ചെങ്ങമനാട് പഞ്ചയാത്തിലെ പനയക്കടവ് ഭാഗത്താണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. ഐഷ ബാലന്‍, കണ്ടത്തില്‍ സജീവ്, ലക്ഷ്മി മന്ദിരത്തില്‍ രാജീവ് എന്നിവരുടെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു.

ശുചി മുറിയിലെ ക്ലോസറ്റും പൈപ്പുകളും തകര്‍ന്നിട്ടുണ്ട്. ഫാനുകള്‍, ഇന്‍വര്‍ട്ടറുകള്‍, ടെലിവിഷന്‍ സെറ്റ് ടോപ് ബോക്‌സ് , കേബിളുകള്‍, സ്വിച്ചുകള്‍, പ്ലഗുകള്‍ എന്നിവ കത്തി നശിച്ചിട്ടുണ്ട്. ഐഷ ബാലന്റെ വീട്ടിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക