കോവിഡ് മഹാമാരിക്കാലത്തു യുഎസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനു രഹസ്യമായി കോവിഡ് പരിശോധനയ്ക്കുള്ള കിറ്റുകൾ അയച്ചു കൊടുത്തിരുന്നു എന്നു വെളിപ്പെടുത്തൽ. 'തിന്മയുടെ അവതാരം' എന്നു പ്രസിഡന്റ് ബൈഡൻ വിശേഷിപ്പിച്ച പുട്ടിനുമായി ട്രംപ് ഇപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുവെന്നും ബോബ് വുഡ്‌വേർഡ് എഴുതിയ 'വാർ' എന്ന പുതിയ പുസ്തകത്തിൽ പറയുന്നു.
കോവിഡ് കിറ്റുകൾക്കു ക്ഷാമം ഉണ്ടായിരുന്നപ്പോൾ 2020ൽ പുട്ടിന്റെ സ്വന്തം ഉപയോഗത്തിന് Abbott Point of Care Covid test യന്ത്രങ്ങൾ അയച്ചു കൊടുത്ത കാര്യം പരമരഹസ്യമായി സൂക്ഷിക്കണമെന്നു പുട്ടിൻ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. "ഇക്കാര്യം പരസ്യമായാൽ ആളുകൾ നിങ്ങളുടെ നേരെ കലി തുള്ളും" എന്നു പുട്ടിൻ പറഞ്ഞു.
പരസ്യമായാൽ തനിക്കു പുല്ലാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
ഒട്ടനവധി അഭിമുഖങ്ങളും ട്രംപിനോട് അടുത്തു നിന്നവരിൽ നിന്നു ശേഖരിച്ച വിവരങ്ങളും അടങ്ങുന്ന പുസ്തകം യുഎസ് തിരഞ്ഞെടുപ്പ് അടുത്ത നേരത്തു പുതിയൊരു വിവാദത്തിനു തിരി കൊളുത്തുന്നു. അതേ സമയം, വുഡ്‌വേർഡ് പറയുന്ന കാര്യങ്ങളെല്ലാം അസംബന്ധമാണെന്നാണ് ട്രംപ് ക്യാമ്പയിന്റെ നിലപാട്.
ട്രംപ് 2021ൽ അധികാരമൊഴിഞ്ഞ ശേഷം അവർ തമ്മിൽ ഏഴു തവണയെങ്കിലും രഹസ്യമായി സംസാരിച്ചെന്നും വുഡ്‌വേർഡ് പറയുന്നു. റഷ്യ യുക്രൈനെ ആക്രമിച്ചതിനെ തുടർന്നു യുഎസ്-റഷ്യ ബന്ധങ്ങളിൽ തകർച്ച ഉണ്ടായിരുന്നു. ഏകാധിപതിയായ പുട്ടിൻ തിന്മയുടെ അവതാരമാണെന്നു ബൈഡൻ വിശേഷിപ്പിച്ചു. എന്നാൽ ട്രംപ് എന്നും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായി തുടർന്നു. താൻ പ്രസിഡന്റായാൽ ഒരൊറ്റ ദിവസം കൊണ്ട് യുക്രൈൻ യുദ്ധം തീർക്കുമെന്നു ട്രംപ് പറയുന്നത് ഈ സൗഹൃദത്തെ കുറിച്ചുള്ള ഉറപ്പിലാണ്.
ട്രംപിന്റെ ക്യാമ്പയ്ൻ ഡയറക്‌ടർ സ്റ്റീവൻ ച്യുങ് വുഡ്‌വേർഡ് പറയുന്ന കാര്യങ്ങൾ തള്ളി. "ബോബ് വുഡ്‌വേർഡ് മെനഞ്ഞുണ്ടാക്കിയ കഥകളൊന്നും ശരിയല്ല," അദ്ദേഹം പറഞ്ഞു. വുഡ്‌വേർഡിനു വട്ടാണെന്ന് അദ്ദേഹം ആരോപിച്ചു. ട്രംപിനോടുള്ള വിദ്വേഷം കൊണ്ട് അദ്ദേഹം രോഗിയായി.
ട്രംപിനെ വിജയിപ്പിക്കാൻ 2016ൽ റഷ്യ സഹായിച്ചെന്നു ആരോപണം ഉണ്ടായിരുന്നു. എന്നാൽ അതേപ്പറ്റി ജസ്റ്റിസ് ഡിപ്പാർട്മെന്റ് നടത്തിയ അന്വേഷണത്തിൽ തെളിവൊന്നും കിട്ടിയില്ല.
Trump sent Covid kits to Putin, says book