ന്യൂജേഴ്‌സി: വനിതകളുടെ ഐക്യവും നിസ്വാർത്ഥമായ സേവനതല്പരതയും ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ട് കരുണ ചാരിറ്റീസിന്റെ ഫണ്ട് സമാഹരണവും മുപ്പത്തിയൊന്നാം വാർഷികവും ആഘോഷിച്ചു. ന്യൂജേഴ്‌സിയിലെ റോയൽ ആൽബർട്ട് പാലസിൽ നടന്ന ഹൃദ്യമായ ചടങ്ങിൽ ട്രൈസ്റ്റേറ്റ് മേഖലയിലെ നിരവധി വനിതകളും പുരുഷന്മാരും പങ്കെടുത്തു.
പ്രസംഗങ്ങൾ കുറവും കലാപരിപാടികൾ സമൃദ്ധവുമായിരുന്ന ചടങ്ങിൽ അപ്രതീക്ഷിത അതിഥികളായി പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും സംഘവും കടന്നു വരികയും തായമ്പക അവതരിപ്പിച്ച് സദസിന്റെ മനം കവരുകയും ചെയ്തു. കേരള ഹിന്ദുസ് ഓഫ് ന്യു ജേഴ്‌സിക്കു വേണ്ടി എത്തിയ അവർ പ്രതിഫലമൊന്നുമില്ലാതെ കരുണയുടെ സേവനപ്രവർത്തനങ്ങൾക്ക് തുണയാകാൻ എത്തിയത് അപൂർവ അനുഭവമായി.
1993 ൽ സ്ഥാപിതമായ കരുണ ചാരിറ്റീസിന്റെ ലക്ഷ്യങ്ങളും പ്രവർത്തനവും പ്രസിഡന്റ് ഡോ. സോഫി അധ്യക്ഷ പ്രസംഗത്തിൽ വിത്സൺ ചൂണ്ടിക്കാട്ടി. അക്കാലത്ത് അംബാസഡറായിരുന്ന ടി.പി. ശ്രീനിവാസന്റെ പത്നി ലേഖ ശ്രീനിവാസൻ തുടക്കമിട്ട കരുണ ചാരിറ്റീസ് മൂന്നു പതിറ്റാണ്ടുകളിൽ ഒരു മില്യണിലേറെ തുകയും അര മില്യണിലേറെ തുകക്കുള്ള സഹായങ്ങളും നിസ്സഹായാർക്ക് എത്തിച്ചു. കാൻസർ രോഗികൾക്കും വിദ്യാഭ്യാസ രംഗത്തു വിഷമതയനുഭവിക്കുന്നവർക്കുമൊക്കെ കരുണ സഹായവുമായെത്തുന്നു. ഫുഡ് ബാങ്കുകൾ, സൂപ്പ് കിച്ചണുകൾ എന്നിവക്കും സഹായം നൽകുന്നു. സമാഹരിക്കുന്ന തുക മുഴുവൻ അർഹിക്കുന്നവരിൽ എത്തുന്നു എന്ന് സംഘടന ഉറപ്പു വരുത്തുന്നു.
ഈ വര്ഷം ഇതിനകം 15000 ഡോളറിലധികം സഹായങ്ങൾ നൽകുകയുണ്ടായി. സമാഹരിക്കുന്ന തുക മുഴുവൻ വിതരണം ചെയ്യുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ചെലവൊന്നുമില്ല. എല്ലാവരും വോളന്റിയർമാർ.
ഏവർക്കും കരുണ അഥവാ 'kindness' ജീവിതത്തിന്റെ ഭാഗമാക്കാമെന്നു ഡോ സോഫി ചൂണ്ടിക്കാട്ടി. അതിനു സമ്പന്നനായിരിക്കേണ്ട കാര്യമൊന്നുമില്ല. ഒരാൾ വിചാരിച്ചാൽ ലോകത്തു മാറ്റം ഉണ്ടാവില്ലായിരിക്കാം. പലർ വിചാരിച്ചാൽ സ്ഥിതി മാറും. ഇന്നിവിടെ എത്തിയിരിക്കുന്നവരൊക്കെ 'കരുണ' എന്ന ദൗത്യത്തിന്റെ ഭാഗമായാണ് വന്നിരിക്കുന്നത് . അവർക്കൊക്കെ നന്ദി പറയുന്നു.
അടുത്തകാലത്തായി അന്തരിച്ച ലേഖാ ശ്രീനിവാസനും ആദ്യകാല നേതാക്കളായിരുന്ന ലില്ലിക്കുട്ടി ഇല്ലിക്കൽ, ഡോ ഉഷ സോമസുന്ദരം എന്നിവർക്കും അവർ ആദരാഞ്ജലി അർപ്പിച്ചു.
മുഖ്യപ്രസംഗം നടത്തിയ രൂപ ഉണ്ണികൃഷ്ണൻ (ചീഫ് സ്ട്രാറ്റജി ആൻഡ് ഇന്നൊവേഷൻ ഓഫീസർ, IDEX കോർപറേഷൻ) ലേഖ ശ്രീനിവാസന്റെ മരുമകളാണ്. ഇന്ത്യയിൽ ഷൂട്ടിംഗ് ചാമ്പ്യനും പിന്നീട് റോഡ്‌സ് സ്‌കോളറുമായി.
തന്റെ ഭർതൃ മാതാവ് തുടക്കമിട്ട സംഘടനയിൽ ലഭിച്ച അംഗീകാരത്തിന് അവർ നന്ദി പറഞ്ഞു. സങ്കടം വരുമ്പോൾ അമ്മ (ലേഖ ശ്രീനിവാസൻ) കരയുമായിരുന്നു. സന്തോഷം വരുമ്പോഴും കരയുന്നതായിരുന്നു ആ വ്യക്തിത്വം. ഏതൊരു പ്രസ്ഥാനവും തുടങ്ങുന്നത് ഒരു ആശയത്തിൽ നിന്നാണ്. കരുണ എന്ന ആശയം അമ്മ മുൻപോട്ടു വച്ചു. അത് സാക്ഷാൽക്കരിക്കാൻ ഒരു നെറ്റ്വർക്ക് ഉണ്ടാക്കി. പിന്നീട് ഒരു കർമ്മപദ്ധതിയും. ഇതുതന്നെയാണ് ഏതൊരു പ്രോജക്ടിന്റെയും പ്രവർത്തന രൂപരേഖ. 31 വർഷമായി സംഘടന മുന്നോട്ടു പോകുന്നു എന്നത് മികച്ച തുടക്കത്തിന്റെ സൂചനയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലും കരുണയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് അഭിമാനമുയർത്തുന്നു. സംഘടനയുടെ പ്രവർത്തനനത്തിനു എല്ലാവിധ സഹായങ്ങളും അവർ വാഗ്ദാനം ചെയ്തു.
വാർഷികം പ്രമാണിച്ചു തയാറാക്കിയ സുവനീറിന്റെ ആദ്യ കോപ്പി ഡെയ്‌സി തോമസിൽ നിന്ന് സ്വീകരിച്ചുകൊണ്ട് രൂപ ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു.
ഡോ സോഫി വിൽസനു പുറമെ മേരി മോടയിൽ (സെക്രട്ടറി), പ്രേമ ആൻഡ്രപ്പള്ളിയിൽ (ട്രഷറർ), വത്സല നായർ (വൈസ് പ്രസിഡന്റ്), പ്രീത നമ്പ്യാർ (ജോയിന്റ് സെക്രട്ടറി), റോഷ്‌നി രവി (ജോയിന്റ് ട്രഷറർ), ഡോ സ്മിത മനോജ് (എക്സ് ഒഫിസിയോ), ബോർഡ് ഓഫ് ഡയറക്ടർസ് പ്രതിനിധികളായ റോസമ്മ തഞ്ജൻ , സാറാമ്മ തോമസ് , സുമ ശശി നായർ, എന്നിവരോടൊപ്പം ഷീല ശ്രീകുമാറും മറ്റു കമ്മിറ്റി അംഗങ്ങളും കൂടിയാണ് വാർഷികാഘോഷ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചത്
തുമ്പി അൻസൂദ് ആയിരുന്നു എംസി. ജിത്തു കൊട്ടാരക്കര ആൻഡ് ടീം (ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനി), മാലിനി നായർ ആൻഡ് ടീം (സൗപർണിക ഡാൻസ് അക്കാദമി), റുബീന സുധർമൻ (വേദിക പെർഫോമിംഗ് ആർട്സ്) മറീന ആന്റണി എന്നിവർ നൃത്തങ്ങളിലൂടെയും സുമ നായർ, സിജി ആനന്ദ്, ദേവിക ഗൊയറ്റ്‌സെ, എന്നിവർ ഗാനങ്ങളിലൂടെയും ഹൃദയഹാരിയായ പ്രകടനം കാഴ്ച വച്ചു.