വിർജീനിയ സ്റ്റേറ്റ് സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിമായ ഗസാല ഹാഷ്‌മി സംസ്ഥാന ലെഫ്. ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ പ്രചാരണം ഊർജിതമാക്കി. ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥിക്കു ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയുണ്ട്.
സെനറ്റിൽ ഹാഷ്മിക്കു 2028 വരെ കാലാവധിയുണ്ട്. എന്നാൽ മേയിൽ അവർ ലെഫ്. ഗവർണർ സ്ഥാനാർഥിയാവുന്നു എന്നു പ്രഖ്യാപിച്ചു. 2023 നവംബറിൽ 62% വോട്ട് നേടിയാണ് അവർ റിപ്പബ്ലിക്കൻ എതിരാളിയെ തോൽപിച്ചത്. പിന്നീട് അവർ ഡെമോക്രാറ്റിക് പിന്തുണ നേടുകയും ചെയ്തു.
ധനസമാഹരണത്തിനുള്ള അഭ്യർഥനയിൽ ഹാഷ്മി പറഞ്ഞു: "ഒട്ടേറെ അമേരിക്കക്കാരുടെ കഥ തന്നെയാണ് എന്റേതും."
ഹൈദരാബാദിൽ നിന്നു നാലു വയസിൽ അമ്മയോടും സഹോദരനോടും ഒപ്പം യുഎസിൽ ഹാഷ്മി എത്തുമ്പോൾ പിതാവ് ജോർജിയയിൽ പിഎച് ഡി ചെയ്ത ശേഷം യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കയായിരുന്നു.
എംറോയ് യൂണിവേഴ്സിറ്റിയിൽ നിന്നു പിഎച് ഡി നേടിയ അവർ അസ്ഹർ ഹാഷ്മിയുടെ ഭാര്യയായ ശേഷമാണ് വിർജിനിയയിൽ എത്തുന്നത്. 30 വർഷമായി അവിടെ കോളജ് അധ്യാപികയാണ്.
സിവിൽ റൈറ്സ് വിഷയങ്ങളിൽ സജീവമായി ഇടപെട്ട ഹാഷ്മിക്കു പ്രമുഖ തൊഴിലാളി, വനിതാ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.
2019ൽ ജനപ്രീതിയുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ തോൽപിച്ചാണ് ഹാഷ്മി സ്റ്റേറ്റ് സെനറ്റ് സീറ്റ് നേടി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിക്കു നൽകിയത്.
റിപ്പബ്ലിക്കൻ യോങ് കിൻ ഗവർണറായ വിർജിനിയയിൽ ആ പാർട്ടി അബോർഷൻ, വോട്ടവകാശം, പബ്ലിക് സ്കൂളുകൾ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളുടെ അവകാശങ്ങൾ പിടിച്ചു പറിക്കാൻ ശ്രമിക്കയാണെന്നു ഹാഷ്മി പറയുന്നു. അതിനെ ചെറുക്കും.
വിർജിനിയയിൽ ഗവർണർക്കു തുടർച്ചയായി രണ്ടു തവണ അനുവാദമില്ല. യോങ് കിൻ 2026ൽ സ്ഥാനമൊഴിയും.
Virginia Indian American senator seeks Lt Gov job