Image

ഡോ. ഷെർലക് ഏലിയാസ് - ഓപ്പറേഷൻ തീയറ്ററിലെ മാന്ത്രികൻ - നോവൽ - ഡോ. നെൽസൺ തോമസ് : ഡോ. കുഞ്ഞമ്മ ജോർജ്ജ്

Published on 09 October, 2024
ഡോ. ഷെർലക് ഏലിയാസ് -  ഓപ്പറേഷൻ തീയറ്ററിലെ മാന്ത്രികൻ - നോവൽ -  ഡോ. നെൽസൺ  തോമസ് : ഡോ. കുഞ്ഞമ്മ ജോർജ്ജ്

ഒരു അനസ്തീഷ്യ സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നെൽസൺ തോമസ് അനസ്തീഷ്യയുടെ ലോകത്തിൽ നിന്നുതന്നെ തന്റെ ആദ്യ നോവലിനുള്ള ജീവതന്തുക്കൾ മെ നഞ്ഞെടുക്കുകയാണ് ഈ പുസ്തകത്തിൽ. പറഞ്ഞാൽ ഒരു ഡോക്ടർ നോവലിസ്റ്റ് കൂടി പിറവിയെടുക്കുകയാണ്. ഇപ്പോഴുള്ള പല പുതിയ ഡോക്ടർ എഴുത്തുകാരും ഡിറ്റക്റ്റീവ് ത്രില്ലർ നോവലുകൾ വൈദ്യശാസ്ത്രത്തിന്റെ പരിസരങ്ങളിൽ നിന്ന് കണ്ടെടുത്ത് എഴുതിയവയാണ്. ഡോ. രജത്, ഡോ. നിഖിലേഷ് പിന്നെയും പലർ.

ഡോ. ഷെർലക് ഏലിയാസ് എന്ന പേര് ഒറ്റനോട്ടത്തിൽ തന്നെ അത്തരത്തിലുള്ള ഒരു ത്രില്ലെർ എന്ന് ഒരുവേള ഞാനും അടിവരയിട്ടു.. എന്നാൽ നോവൽ തീരും വരെ വായിച്ചാൽ മാത്രം പിടികിട്ടുന്ന ഓപ്പറേഷൻ തീയേറ്ററിലെ ഈ മാന്ത്രികന്റെ പാത്രസൃഷ്ടി കൊണ്ടു തന്നെ ഈ എഴുത്ത് ഒരു നോവലിന്റെ രൂപത്തിലേയ്ക്ക് രൂപാന്തരം പ്രാപിക്കുകയാണ്. കഥാപാത്രങ്ങൾ കുറവാണെങ്കിലും പാത്രസൃഷ്ടിയിൽ നെൽസൺ കൈക്കൊണ്ടിരിക്കുന്ന കയ്യടക്കം, ഹൃദ്യമാണ്. സൗഹൃദങ്ങൾ ഇങ്ങനെയും ആവാം, സ്ത്രീക്കും പുരുഷനും ഇടയിൽ എന്ന് ഡോക്ടർ നെൽസൺ നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഡോക്ടർ ജോൺസിനും ഡോക്ടർ സ്റ്റെഫിയ്ക്കും ഇടയിലുള്ള സൗഹൃദം ഒരു പ്രണയത്തിലേക്ക് ചാഞ്ഞേക്കാം എന്ന എന്റെ വഴിവിട്ടുള്ള ചിന്തകൾക്ക് ഡോക്ടർ നെൽസൺ ഒരു വേള തന്റെ സ്വതസിദ്ധമായ പുഞ്ചിരി കൊണ്ടാണ് വായനക്കാരെ നേരിടുന്നത്. നോവലിന്റെ പുതുമ നായകനും പ്രതി നായകനും ഡോക്ടർ ഏലിയാസ് ഷെർലക് തന്നെ ആകുന്നു എന്നതാണ്. വാസ്തവത്തിൽ ഡോക്ടർ ഏലിയാസ് ഒരു പ്രതിനായകനെ അല്ല. ഡോക്ടർ ജോൺസന്റെ ഉള്ളിലെ ചെറിയ അസൂയയും ഈഗോയും കുറച്ച് ദിവസങ്ങളിലേക്ക് എങ്കിലും ഡോക്ടർ ഏലിയാസിന് ഒരു വില്ലന്റെ പരിവേഷം ചാർത്തി കൊടുക്കുന്നുണ്ട്. എന്നാൽ നോവലിന്റെ ഒടുവിൽ ഒരു സീനിയർ അനസ്തീഷ്യോളജിസ്റ്റ്ന്റെ വിരൽത്തുമ്പിലെ മാന്ത്രികത വെറും കയ്യടി നേടാനായി തിയറ്ററിൽ കാണിക്കുന്ന 'ഷോകൾ' അല്ലെന്ന് വായനക്കാർക്ക് വെളിപ്പെട്ടുകിട്ടുന്ന നിമിഷം, അതാണ് ഈ നോവലിന്റെ മർമ്മപ്രധാനമായ ഇടം. ഡോക്ടർ ഷേർലക് ഏലിയാസ് ഈ പുസ്തകം വായിക്കുന്ന അത്ര സീനിയേഴ്സ് ഒന്നും അല്ലാത്ത എല്ലാ അന്നേസ്തെഷ്യ ഡോക്ടർസിന്റെയും കൈയ്യടി അർഹിക്കുന്നുണ്ട്. ഡോക്ടർ ഏലിയാസ് അദ്ദേഹത്തിന്റെ മകൾക്കുണ്ടായ അപകടത്തിന്റെ ആഘാതത്താൽ നമ്മുടെ സഹതാപവും അർഹിക്കുന്നു, അദ്ദേഹം അത് ആഗ്രഹിക്കുന്നില്ല എങ്കിൽക്കൂടി.

ഈ നോവൽ എഴുതുമ്പോൾ ഡോക്ടർ നെൽസന്റെ ഉള്ളിലും ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ നടക്കുന്നത് എന്താണെന്ന് പുറംലോകം അറിയണം, അനസ്തീഷ്യയുടെ ലോകവും അവിടെ നടക്കുന്ന സ്വപ്നതുല്യമായ ഉയർത്തെഴുന്നേൽപ്പുകളും സാധാരണക്കാരായ രോഗികളും അവരുടെ വീട്ടുകാരും, നാട്ടുകാരും ഒക്കെ അറിഞ്ഞാൽ കൊള്ളാമെന്ന് ഡോക്ടർ നെൽസനും ആഗ്രഹിക്കുന്നു എന്നെപ്പോലെ. കർട്ടന് പുറകിൽ നിന്ന് ഓപ്പറേഷൻ ടേബിളിൽ കിടക്കുന്ന രോഗിയുടെ എല്ലാ വൈറ്റൽസും നിയന്ത്രിക്കുന്ന, ഓപ്പറേഷനു ശേഷം ഒരു സ്വപ്ന ലോകത്തിൽ നിന്ന് ഉണർന്നു വരുന്നതുപോലെ രോഗികൾ തിരിച്ച് ജീവിതത്തിലേക്ക് വരുന്നത് എങ്ങനെയാണ്? ഞങ്ങൾ മയക്കു ഡോക്ടർമാരെ പോലും ഇത് ചിലപ്പോൾ അതിശയിപ്പിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിന്റെ ഘടനയും, കെമിസ്ട്രിയും ഫിസിയോളജിയും എത്ര ആഴത്തിൽ പഠിച്ചിട്ടാണ് നമ്മളുടെ മെഡിക്കൽ ലോകം,അനസ്തീഷ്യാലോകം ഇന്ന് അനുഭവിക്കുന്ന മാന്ത്രികതയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സർജറിയും ഒക്കെ ഉറപ്പായ വിജയത്തോടെ ഈ കാലഘട്ടത്തിൽ നടക്കുന്നുണ്ടെങ്കിൽ, നമ്മൾ നമ്മളുടെ പൂർവികരെ മറന്നുകൂടാ.

ഈ നോവലിന്റെ സൃഷ്ടിയിൽ ഡോക്ടർ നെൽസൺ പതിനഞ്ചോളം സർജിക്കൽ, മെഡിക്കൽ സിനാരിയോസ് ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ പലതും അത്യപൂർവ്വ സിനാരിയോസ് ആണ്‌. പല കേസുകൾക്കും ഡോക്ടർ നെൽസൺ തന്നെയാണ് അനസ്തേഷ്യ കൊടുത്തിട്ടുള്ളത്. മറ്റു ചിലവ നമ്മുടെ സമീപ ഓപ്പറേഷൻ തീയേറ്ററുകളിൽ, നമ്മുടെ തന്നെ അനസ്തീഷ്യ സുഹൃത്തുക്കൾ നേരിട്ട പ്രശ്നങ്ങളെ തരണം ചെയ്ത വിധമാണ്.. എല്ലായിടത്തും ഒരു മജീഷ്യനെ പോലെ, ഡോക്ടർ ഷെർലക് ഏലിയാസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അദ്ദേഹം തന്റെ റൂമിൽ ഇരുന്നു തന്നെ 12 തിയേറ്ററുകളിൽ നടക്കുന്ന കേസുകളും സെൻട്രൽ മോണിറ്ററിംഗ് സിസ്റ്റം വഴി മനസ്സിലാക്കുകയും ആവശ്യമെന്ന് തോന്നിയാൽ ഓടിയെത്തുകയും രോഗികൾക്ക് അപായം ഉണ്ടാകുന്നതിന് മുമ്പേ തന്നെ വിദഗ്ധമായി അതിനെ പരിഹരിക്കുന്നതിൽ 100% വിജയിക്കുന്നതു മാണ്ണ് നമ്മൾ കാണുന്നത്.. സാറിന് ഇത് എങ്ങനെ സാധിച്ചു?.. എങ്ങനെ സാധിച്ചു?എന്നാണ് ജൂനിയർ അനസ്തീഷ്യായോളജിസ്റ്റുകളുടെ അതിശയങ്ങൾ.. തന്നെക്കാൾ ജൂനിയർ ആയിട്ടുള്ളവരുടെ ഇമ്മാതിരി അതിശയങ്ങളെ ഒരു സീനിയർ അനസ്തീഷ്യോളജിസ്റ്റ് എന്ന നിലയിൽ ഞാനും അനുഭവിച്ചിട്ടുണ്ട്.. അതിനൊരു ഉത്തരമേയുള്ളൂ.. എക്സ്പീരിയൻസ്. പ്രവർത്തിപരിചയം, പ്രവർത്തിപരിചയം.. ആഴമായ വായന റിസർച്ച്, നമുക്ക് വന്ന വീഴ്ചകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക, അവരുടെ വീഴ്ചകളിൽ നിന്ന് നമ്മളും പാഠങ്ങൾ ഉൾക്കൊള്ളുക. അതാണ് ഈ നോവലിന്റെ ശാസ്ത്രപരമായ ഉള്ളടക്കം.

'അതെന്റെയും ജീവനായിരുന്നു' എന്ന എന്റെ അനസ്തീഷ്യ ഡയറിക്കുറിപ്പുകളുടെ പാരലലായി പോകുന്ന അല്ലെങ്കിൽ എക്സ്റ്റൻഷനായി ഒക്കെ ഈ പുസ്തകത്തെ കാണാം. ഡോക്ടർ നെൽസനേക്കാൾ വളരെ വളരെ സീനിയർ അനസ്തീഷ്യോളജിസ്റ്റ് എന്ന നിലയിൽ ഡോക്ടർ നെൽസൺ സൃഷ്ടിച്ച അനസ്തേഷ്യാ സീനാരിയോ കളെ ഞാൻ ബഹുമാനിക്കുന്നു. നെൽസന്റെ പുസ്തകത്തിന്റെ കൂടെ എന്റെ പുസ്തകവും, അല്ലെങ്കിൽ എന്റെ പുസ്തകത്തിൽ ചേർത്ത് നെൽസന്റെ പുസ്തകവും വായിച്ചാൽ വായനക്കാർ അനസ്തീഷാ ലോകത്തിലെ 90% പ്രശ്നങ്ങളും,പിഴവുകളും, പരിഹാരങ്ങളും മനസ്സിലാക്കാൻ പ്രാപ്തരായിരിക്കും..

ഡോക്ടർ നെൽസന്റെ സാഹിത്യ ലോകത്തിലെ ആദ്യ കാൽവെപ്പ് എന്ന നിലയിൽ ഈ പുസ്തകം വായിക്കുവാൻ ഞാൻ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. ഡോക്ടർ നെൽസൺ ഇനിയും ഇനിയും പുതിയഎഴുത്തുകളുമായി മുന്നോട്ടു വരട്ടെ എന്ന ആശംസകളോടെ, പ്രാർത്ഥനകളോടെ.

Dr. Kunjamma George

പ്രസാധകർ കൈരളി

വില. Rs 270/

കോട്ടയം മെഡിക്കൽ കോളേജിലെ എന്റെ അനസ്തീഷ്യ പ്രൊഫസർ ആയിരുന്നു ഞങ്ങൾ കുഞ്ഞമ്മ മാഡം എന്ന് വിളിക്കുന്ന Kunjamma George. Dr. Sherlock Elias ഓപ്പറേഷൻ തിയേറ്ററിലെ മാന്ത്രികൻ എന്ന എന്റെ നോവലിന് മാഡം എഴുതിയ ഹൃദ്യവും വിശദവുമായ അവലോകനം വായിച്ചപ്പോൾ എനിക്ക് അത്യധികം സന്തോഷം തോന്നി. മാഡത്തിന്റെ നിരീക്ഷണങ്ങൾ ഈ നോവലിനെ സംബന്ധിച്ച് മൂർത്തവും പ്രസക്തവുമാണ്. അനസ്തേഷ്യയിലെ പതിറ്റാണ്ടുകളുടെ അനുഭവസമ്പന്നതയിൽ നിന്നുകൊണ്ട് എന്റെ ഈ രചനയെ വായിച്ചാസ്വദിക്കാൻ സാധിച്ചു എന്നത് ഞാൻ ഒരു വലിയ അനുഗ്രഹമായി കരുതുന്നു. - Dr. NELSON THOMAS 

( പുസ്തകം നിലവിൽ കൈരളി ബുക്സ് വെബ്സൈറ്റിലും ആമസോണിലും ലഭ്യമാണ്. )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക