"എന്താടോ നിങ്ങളുടെ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടുത്ത് വന്നപ്പോഴേയ്ക്കും നമ്മുടെ മലയാളികൾക്കൊരു ചൂട് കയറിയല്ലോടോ. രണ്ടു കൂട്ടരും കാര്യമായി വാദിക്കുന്നുണ്ടല്ലോ."
"അതെ പിള്ളേച്ചാ, ഇപ്പോൾ കാലാവസ്ഥ പതുക്കെ തണുക്കാൻ തുടങ്ങിയപ്പോൾ ആളുകൾ ചൂടായി തുടങ്ങി. പക്ഷേ, പലപ്പോഴും വ്യക്തിപരമായി ആക്രമിക്കുന്നു എന്നതാണ് വിഷയം."
"അത് മലയാളികളുടെ സംസ്ക്കാരമാണെടോ. ജാത്യാലുള്ളത് തൂത്താൽ മാറില്ലല്ലോ. എന്തായാലും പറയുന്നതിൽ കാര്യമുണ്ടോ എന്ന് നോക്കിയാൽ മതി."
"അത് ശരിയാണ് പിള്ളേച്ചാ. വൈസ് പ്രെസിഡന്റുമാരുടെ ഡിബേറ്റ് കഴിഞ്ഞപ്പോൾ പിള്ളേച്ചന് വല്ല മാറ്റവുമുണ്ടായോ?"
"മാറ്റമുണ്ടായില്ലെന്നു മാത്രമല്ല. ഞാനിപ്പോൾ ട്രംപിനെ കൂടുതൽ സ്നേഹിക്കുന്നു."
"അതെന്താ, അങ്ങനെ?"
"എടോ, ആ കമലാ ഹാരിസ് എന്താ ഇങ്ങനെ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്."
"അതെന്താ പിള്ളേച്ചാ? അദ്ദേഹത്തിന് എന്താ കുഴപ്പം? ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞില്ലേ?"
"കൊടുത്ത മറുപടിയിലൊന്നും കാര്യമായ കഴമ്പില്ലായിരുന്നു. പിന്നെ എതിരാളിയെ മലർത്തിയടിക്കാൻ കിട്ടിയ അവസരമൊന്നും അദ്ദേഹം ഉപയോഗിച്ചുമില്ല."
"അതൊരു കുറ്റമാണോ? എല്ലാവരുമായി സ്നേഹത്തിൽ പോകണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്."
"അങ്ങനെ തോന്നുന്നില്ല. നമുക്ക് ചോദ്യങ്ങൾ ഒന്ന് പരിശോധിക്കാം. എന്നിട്ടു രണ്ടു സ്ഥാനാർത്ഥികളും കൊടുത്ത ഉത്തരങ്ങളും ഒന്ന് നോക്കാം."
"അങ്ങനെയാണെങ്കിൽ ജെ. ഡി വാൻസ് മൊത്തം ഉരുണ്ടു കളിക്കയായിരുന്നല്ലോ. ഒന്നിനും വ്യക്തമായ ഉത്തരം ഇല്ലായിരുന്നു."
"വൈസ് പ്രെസിഡന്റ് സ്ഥാനാർത്ഥികൾ അവരുടെ മാസ്റ്ററെ താങ്ങുക എന്നതല്ലേ ചെയ്യുക. പക്ഷേ, അവരുടെ പോളിസിയാണ് ജനങ്ങൾ ശ്രദ്ധിക്കുക. ആദ്യമായി ചോദിച്ചത് തന്നെ മിഡിൽ ഈസ്റ്റ് പ്രതിസന്ധിയെപ്പറ്റി ആയിരുന്നു. ചോദ്യം വളരെ വ്യക്തമായിരുന്നു. 'മുൻകരുതലായി ഇസ്രായേൽ നടത്തിയേക്കാവുന്ന ഒരു ആക്രമണത്തെ നിങ്ങൾ പിന്താങ്ങുമോ?' അതിനു ടിം വാൾസിനു വ്യക്തമായി ഒരു മറുപടിയില്ലായിരുന്നു. അതാണ് കമലാ ഹാരിസിന്റെ പോളിസി. അവർ പിന്തുണയ്ക്കുന്നത് മറുപക്ഷത്തെയാണ്. എന്നാൽ ജെ. ഡി വാൻസിന്റെ കയ്യിൽ വ്യക്തമായ ഉത്തരമുണ്ടായിരുന്നു. ഇസ്രായേൽ എടുക്കുന്ന ഏതു തീരുമാനത്തിനെയും ഞങ്ങൾ പിന്തുണയ്ക്കും എന്നാണ് പറഞ്ഞത്."
"അത് തന്നെ തെറ്റല്ലേ, പിള്ളേച്ചാ. അങ്ങനെ ഇസ്രയേലിനെ കയറൂരി വിട്ടാൽ അവിടം കീഴ്മേൽ മറിയില്ലേ? അവിടെ സമാധാനം അല്ലേ വേണ്ടത്. അത് കമലാ ഹാരിസിന് മാത്രമേ സാധിക്കൂ. അതുപോലെ ഹെലേനി എന്ന കൊടുങ്കാറ്റിന്റെ കാര്യത്തിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിലും ഉള്ള ചോദ്യങ്ങൾക്കു ടിം വാൾസ് വളരെ ചിന്തോദ്ധീപകമായി സംസാരിച്ചപ്പോൾ ജെ. ഡി വാൻസിനു വ്യക്തമായ മറുപടി ഇല്ലായിരുന്നു. കാരണം, ട്രംപ് പറഞ്ഞത് കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പ് ആണെന്നാണ്."
"അദ്ദേഹം പറഞ്ഞത് മറ്റൊരു അർത്ഥത്തിലാണ്. അതായത്, ലോകത്തിൽ ഏറ്റവും കൂടുതൽ കാർബൺ എമൽഷൻ ഉണ്ടാക്കിയ രാജ്യം തന്നെ ഇപ്പോൾ കൂടുതൽ ആ പ്രശ്നം ഉണ്ടാക്കുന്നവരെ വിമർശിക്കുന്നതിനെപ്പറ്റിയാണ് അദ്ദേഹം പരാമർശിച്ചത്. എന്നാൽ 'ഇമിഗ്രേഷൻ' എന്ന സങ്കീർണ്ണമായ വിഷയത്തിൽ ടിം വാൾസിന്റെ മറുപടി കേട്ട് ചിരിക്കാത്തവരുണ്ടാകില്ല."
"അക്കാര്യത്തിൽ ടിം വാൾസ് ഹാരിസിന്റെ വ്യക്തമായ നയമാണ് പറഞ്ഞത്. അതിലെന്താണ് തെറ്റ്?"
"എന്താടോ വാൾസ് പറഞ്ഞത്? ബൈബിളിലെ വാക്യം (മത്തായി 25:40) വായിക്കാൻ. അതാണോ ഒരു സർക്കാരിന്റെ നിലപാടാകേണ്ടത്?"
"ആ വാക്യം പറയുന്നത്, 'ഈ ചെറിയവരിൽ ഒരാൾക്ക് ചെയ്യുന്നത്, എനിക്കു ചെയ്യുന്നതാകുന്നു' എന്നാണ്. പാവപ്പെട്ടവരെ സഹായിക്കുന്നത് നല്ലതാണ്. പക്ഷേ നിയമാനുസൃതമല്ലാതെ കയറി വരുന്നവരെയെല്ലാം ഇവിടെ കൊണ്ടു വന്ന്, കഷ്ടപ്പെട്ടു ജോലി ചെയ്‌തു നികുതി അടയ്ക്കുന്ന സാധാരണക്കാരുടെ നികുതിപ്പണമെടുത്തു കൊടുത്തു തീറ്റിപ്പോറ്റി അവർക്കു ഭീഷണിയായി മാറുമ്പോൾ അതവർ സഹിച്ചെന്നു വരില്ല."
"അനധികൃതമായി വരുന്ന കുടിയേറ്റക്കാർ എങ്ങനെയാണ് പിള്ളേച്ചാ സാധാരണക്കാർക്ക് ഭീഷണിയാകുന്നത്? എല്ലാവരും ഓരോ കാലാകാലങ്ങളിൽ കുടിയേറിയവരല്ലേ?"
"എടോ, ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം പറയാം. ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ, തിങ്ങിപ്പാർക്കുന്ന ക്യൂൻസിലെ ബെൽറോസിൽ ഇങ്ങനെ വന്ന ആയിരം പേരെ പാർപ്പിച്ചിരിക്കുന്ന ഒരു ഷെൽറ്ററിൽ നിന്നും രണ്ടു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ക്യൂബയിൽ കൊലപാതക കുറ്റത്തിന് പോലീസ് അന്വേഷിച്ചിരുന്നവരാണ്. അനധികൃതമായി ബോർഡർ ചാടി വന്നതാണ്. അവരെ സർക്കാർ ചെലവിൽ ബസിൽ കയറ്റി ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചിരിക്കയായിരുന്നു. അവരുടെ കയ്യിൽ നിന്നും തോക്കു കണ്ടെടുത്തിട്ടുണ്ട്. അവിടെയൊക്കെ ബസ് കാത്തു നിൽക്കുന്നവരുടെ മാല പൊട്ടിച്ചു പോകുന്നതും മറ്റും ഇപ്പോൾ സാധാരണയായിരിക്കയാണ്. കുടിയേറ്റ നിയമങ്ങൾ കർശനമാക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ കണ്ട തീവ്രവാദികളും കമ്യൂണിസ്റ്റുകളും എല്ലാം കയറി ഇവിടം നശിപ്പിക്കും. ട്രംപിന് ഇക്കാര്യത്തിൽ വ്യക്തമായ നയമുണ്ട്. അതുകൊണ്ടു തന്നെ ഈ ഒറ്റ കാര്യത്തിൽ കമലാ ഹാരിസിന്റെ വോട്ടു ബാങ്കിൽ ചോർച്ചയുണ്ടാകും."
"പിള്ളേച്ചാ, അത് ഡെമോക്രാറ്റിക് പാർട്ടിയുടെ നയമാണ്. അവർ പാവപ്പെട്ടവരോട് കരുണയുള്ളവരാണ്. അതുകൊണ്ടാണ് സാമ്പത്തികത്തെപ്പറ്റിയുള്ള ചോദ്യത്തിൽ ടിം വാൾസ് പ്രത്യേകം പറഞ്ഞത്, അവർ അധികാരത്തിൽ വന്നാൽ 30 ലക്ഷം വീടുകൾ പുതുതായി പണിയുമെന്ന്. അമേരിക്കയിലെ സാധാരണ വോട്ടർമാർ നികുതിയടയ്ക്കുമ്പോൾ ട്രംപ് കഴിഞ്ഞ 15 വർഷമായി നികുതി കൊടുത്തിട്ടില്ല. അത് കൊണ്ട് തന്നെ സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങളും ട്രംപിന് വോട്ടു ചെയ്യില്ല."
"ട്രംപ് നികുതി അടയ്ക്കാതിരുന്നത് അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങൾ നഷ്‌ടത്തിൽ ഓടിയതുകൊണ്ടാണ്. അതിനെല്ലാം ഓഡിറ്റ് ചെയ്‌ത കണക്കുകൾ അധികൃതർക്ക് നൽകിയിട്ടുമുണ്ട്. എന്നാൽ വ്യക്തിപരമായി ലീഡർഷിപ് എടുക്കുന്നവരുടെ യോഗ്യതയെപ്പറ്റി ചോദിച്ചപ്പോൾ ടിം വാൾസ് ഉരുണ്ടു കളിക്കുകയല്ലായിരുന്നോ? ചൈനയിലെ ടിയാൻമെൻ സ്‌ക്വയറിൽ സമരം ചെയ്‌ത നൂറുകണക്കിനു വിദ്യാർത്ഥികളെ ബുൾഡോസർ കയറ്റി കൊന്നപ്പോൾ ലോകം മുഴുവൻ പ്രതിഷേധം ഇരമ്പി. അമേരിക്കൻ പൗരന്മാരെല്ലാം പ്രതിഷേധാർഹം ചൈന വിട്ടു പോയപ്പോൾ അന്ന് ചൈനയിൽ അധ്യാപകനായിരുന്ന ടിം വാൾസ് ചൈനയിലേക്കു തന്നെ തിരിച്ചു പോയ ചരിത്രമാണ് ഉള്ളത്. അങ്ങനെയുള്ള ഒരു വൈസ് പ്രെസിഡന്റിനു ചൈനയെ എങ്ങനെ നിലയ്ക്കു നിർത്താനാകും?"
"അപ്പോൾ, പിള്ളേച്ചാ, ജനുവരി 6 നു വാഷിങ്ടണിൽ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കാൻ ശ്രമിച്ച ഡൊണാൾഡ് ട്രംപിന് ജനാധിപത്യത്തെ സ്നേഹിക്കുന്ന ആരെങ്കിലും ഇനിയും വോട്ടു ചെയ്യുമോ?"
"ട്രംപ് അതിനെപ്പറ്റി വിശദീകരിച്ചു കഴിഞ്ഞല്ലോ. അതിൽ അദ്ദേഹത്തിനു പങ്കില്ലെന്ന് പറഞ്ഞു കഴിഞ്ഞു. ജെ ഡി വാൻസ് അതിനെ അനുകൂലിക്കുന്നില്ല എന്നു വ്യക്തിപരമായി പ്രഖ്യാപിക്കയും ചെയ്‌തല്ലോ. അപ്പോൾ പിന്നെ ഇനിയും ആ വിഷയത്തിന് പ്രസക്തിയില്ല. എന്നാൽ കമലാ ഹാരിസിന്റെ 'അബോർഷൻ നയം' ഏറ്റവും ആപത്ക്കരമല്ലേ? ഇവിടെയുള്ള അമേരിക്കൻ സ്ത്രീകൾ ഗർഭം അബോർഷൻ നടത്തുകയും ജനസംഖ്യ അനധികൃത കുടിയേറ്റം കൊണ്ട് നികത്തുകയും ചെയ്യുക എന്ന് പറയുന്നത്, ഈ നാടിന്റെ സംസ്ക്കാരവും സംസ്‌കൃതിയും നശിപ്പിക്കുന്നതിനു തുല്യമല്ലേ? കത്തോലിക്കാ സമുദായം അവർക്കു വോട്ടു ചെയ്യില്ലെടോ."
"അങ്ങനെ അടച്ചു പറയല്ലേ പിള്ളേച്ചാ. അബോർഷൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ആകാം. അതിനുള്ള നിയമസാധുത നൽകും എന്ന് മാത്രമേ അവർ ഉദ്ദേശിച്ചിട്ടുള്ളു. അതുപോലെ തന്നെ തോക്കു നിയന്ത്രണം, ഹൗസിംഗ് പ്രതിസന്ധി, ഹെൽത്ത് കെയർ, ചൈൽഡ് കെയർ, ടാക്‌സ് ക്രെഡിറ്റ് തുടങ്ങിയ വിഷയങ്ങളിലും കമലാ ഹാരിസിന് വ്യക്തമായ നയമുണ്ട്. ട്രംപിന് അതില്ല."
"അത് തെറ്റായ ധാരണയാണ്. നയങ്ങൾ തീരുമാനിക്കുന്നതും പാസാക്കുന്നതും കോൺഗ്രസ് ആണ്. അത് നടപ്പിലാക്കാൻ പ്രെസിഡന്റിന്റെ അംഗീകാരം വേണം എന്നു മാത്രം. നല്ല കാര്യമാണെങ്കിൽ അത് ട്രംപ് തീർച്ചയായും അംഗീകരിക്കും. ഉദാഹരണത്തിന് ഇസ്രായേലിനോടുള്ള പിന്തുണ. ട്രംപ് അധികാരത്തിൽ വന്നാൽ ഇസ്രായേൽ-ഹമാസ്-ഹിസബുള്ള-ഇറാൻ യുദ്ധം അവസാനിക്കും. പലസ്തീൻകാർക്കു സമാധാനമായി ജീവിക്കാം. ഇസ്രായേലിലേക്ക് തീവ്രവാദികൾ കാലു കുത്തുകയില്ല. അതുപോലെ തന്നെ റഷ്യ-യുക്രെയ്ൻ യുദ്ധവും അവസാനിക്കും. ലോകത്തിൽ സമാധാനം നിലനിൽക്കും. ട്രംപ് പ്രസിഡന്റ് ആകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെടോ."
"എന്റെ പിള്ളേച്ചാ, കാലഘട്ടത്തിനു കമലാ ഹാരിസ് ആണ് പ്രസിഡന്റ് ആകേണ്ടത്. അവരുടെ ജാതകത്തിൽ അമേരിക്കൻ പ്രസിഡന്റ് ആകുമെന്ന് എഴുതിയിട്ടുണ്ടാകും. അത് നടക്കും."
"ഇനിയും 26 ദിവസങ്ങൾ ബാക്കിയുണ്ടല്ലോ. നമുക്ക് കാണാം."
"ശരി, കാണാമെടോ."
___________________