വാഷിംഗ്‌ടൺ: അഭിമുഖങ്ങൾ പലപ്പോഴും വലിയ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് പ്രസിഡന്റ് തിരെഞ്ഞുടുപ്പിനു കഷ്ടിച്ച് 24 ദിവസങ്ങൾ മാത്രം ശേഷിക്കെ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ് സി ബി എസിനു നൽകിയ ഇന്റർവ്യൂവിൽ അവർ പറഞ്ഞതോ പറയാൻ ഉദ്ദേശിച്ചതോ ആയ കാര്യങ്ങൾ പല തരത്തിൽ ചാനൽ പ്രക്ഷേപണം ചെയ്തു കഴിയുമ്പോൾ.
മദ്ധ്യ പൂർവ ഏഷ്യയിലെ യുദ്ധം കൈകാര്യം ചെയ്യുന്നതിൽ യു എസ പ്രസിഡണ്ട് ബൈഡനും ഭരണകൂടവും പരാജയപെട്ടു എന്ന ശക്തമായ വിമർശനം നില നിൽക്കെ യു എസ് ആർക്കൊപ്പമാണ് എന്ന ചോദ്യം നിരന്തരം ഉയരുന്നു. ഹമാസിനൊപ്പമാണെന്നു പറഞ്ഞാൽ ഇസ്രായേൽ വംശജരുടെ വോട്ടുകൾ നഷ്ടമാകും. ഇസ്രേലിനൊപ്പമാണെന്നു വ്യക്തമാക്കിയാൽ അറബ് വംശജരുടെ അപ്രീതി സമ്പാദിക്കും. വളരെ നേർത്ത ഒരു പാതയിലൂടെയാണ് ബൈഡനും ഹാരിസും സഞ്ചരിക്കുന്നത്.
കമല ഹാരിസ് നടത്തുന്നത് ഒരു ജീവൻ മരണ പോരാട്ടമാണ് (എതിരാളി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിന്റെയും പോരാട്ടം ഇങ്ങനെ തന്നെയാണ്). ദിവസേനയെന്നോണം ഭാഗദേയങ്ങൾ അഭിപ്രായ സർവേകളിൽ മാറിമറിയുകയാണ്. സുരക്ഷിതമെന്ന് കരുതിയ സംസ്ഥാനങ്ങളിലെ സർവേകൾ അടുത്ത ദിവസം തിരിച്ചടി നൽകുന്നു. തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിനു ഒരു കുറവുമില്ല. വളരെ വേഗം പൗരത്വം നൽകി വോട്ടവകാശവും കുടിയേറ്റക്കാർക്ക് ഉറപ്പു വരുത്തിയതായി റിപ്പബ്ലിക്കനുകൾ ആരോപിക്കുന്നു. എങ്കിലും വോട്ടുകൾ എങ്ങോട്ടു വീഴും എന്ന് ഉറപ്പിക്കാനായിട്ടില്ല എന്നാണ് തുടരെയുള്ള റിപ്പോർട്ടുകൾ.
സി ബി എസ് ഹാരിസുമായി നടത്തിയ ഇന്റർവ്യൂവിൽ ചോദ്യം ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനെ കുറിച്ചായിരുന്നു. തന്റെ പതിവ് ശൈലിയിൽ ഹാരിസ് ചുറ്റിത്തിരിഞ്ഞു ഒരു മറുപടി നൽകി. അതെന്തായിരുന്നു എന്നതിനെ ചൊല്ലിയാണ് ഇപ്പോൾ കോലാഹലം ഉയർന്നിരിക്കുന്നത്. സി ബി എസ് അതിനെ സലാഡിനോട് ഉപമിച്ചു. എന്നാൽ താൻ പറഞ്ഞത് അങ്ങനെ ആയിരുന്നില്ല എന്നും ചാനൽ എഡിറ്റ് ചെയ്തു മറ്റൊരു രൂപാന്തരമാണ് നറൽകിയതു എന്ന് ഹാരിസ് ആരോപിക്കുന്നു.
കലക്ക വെള്ളത്തിൽ മീൻ പിടിക്കുവാൻ തയ്യാറായിരിക്കുന്ന എതിരാളി ട്രംപ് ഉടനെ ഇത് ഏറ്റു പിടിച്ചു. ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ അപവാദമാണ്, ഇതിനെ കുറിച്ച് ഉടൻ അന്വേഷണം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അന്വേഷണം ചാനലും പ്രഖ്യാപിച്ചു. ചാനലിൽ നിന്നു അടുത്ത കാലത്തു വിരമിച്ച ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണം എന്ന ആവശ്യത്തോട് ചാനൽ പ്രതികരിച്ചിട്ടില്ല. ഇന്റർവ്യൂ റ്റേപ്പുകൾ പുറത്തു ആർക്കെങ്കിലും നൽകാനും ചാനൽ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. ചാനൽ ഇപ്പോൾ വിവാദത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ജൂത വംശജനായ ഒരു ആങ്കർ, ടോണി ഡോകോപ്പിൽ, ഒരു എഴുത്തുകാരൻ ടാ-നേഹിസി
കോസ്റ്റസുമായി നടത്തിയ അഭിമുഖത്തിൽ ഫലസ്തീനികളുടെ വികാരം വൃണപ്പെടുത്തി എന്ന ആരോപണത്തിൽ ചാനലിന്റെ റേസ് ആൻഡ് കളർ യൂണിറ്റിനെ നേരിടുകയാണ്. ഡോകോപിലിന്റെ അഭിമുഖവേളയിലെ സംസാരവും ശരീരഭാഷയും ചാനലിലെ പലർക്കും ഇഷ്ടപ്പെട്ടില്ല എന്നതാണ് കാരണം.
ചൊവ്വാഴ്ച നടക്കുന്ന വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥികളുടെ ഡിബേറ്റിനു മുൻപ് ചാനലിന്റെ ട്രംപ് വിരുദ്ധ നിലപാടിൽ മാറ്റം വരണം എന്ന് ഉന്നത അധികാരികൾ കരുതുന്നു. ചാനലിന്റെ ഉയർന്ന നിലപാടുകൾക്ക് യോജിച്ചതായിരിക്കണം ഡിബേറ്റ് എന്ന് ഇപ്പോൾ ചാനൽ അധികാരികൾ ഡിബേറ്റിലെ മോഡറേറ്റർമാർ നോറ ഓ ഡൊണേലിനോടും മാർഗരറ്റ് ബ്രെണ്ണനോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡണ്ട് സ്ഥാനാർത്ഥികളുടെ ഡിബേറ്റിൽ ചാനൽ നിഷ്പക്ഷത പാലിച്ചില്ല എന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി വാൻസിനെതിരെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി വാൽസ്ഉം രണ്ടു മോഡറേറ്റര്മാരും അണി നിരന്നു എന്ന് വിമർശനം ഉണ്ടാകാതിരിക്കാൻ പ്രത്യകം ചാനൽ അധികാരികൾ ശ്രദ്ധിക്കുന്നു.