അദ്ധ്യാപകനും ആക്ടീവിസ്റ്റും തിരക്കഥാകൃത്തും സംവിധായകനും നടനുമൊക്കെയായ അജു കെ നാരായണനെ 'മെനി സ്‌പ്ലെൻഡറെഡ് ജീനിയസ്' എന്ന് വിളിക്കാം. അദ്ദേഹത്തിന്റെ പത്തൊമ്പതാമത്തെ പുസ്തകം 'ത്രയം' എന്ന മൂന്നു നാടകങ്ങളുടെ സമാഹാരം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ലെറ്റേ ഴ്‌സ് അങ്കണത്തിൽ പ്രകാശനം ചെയ്യുമ്പോൾ കേട്ടു നന്നായി പുല്ലാംകുഴൽ വായിക്കുന്ന ആൾ കൂടിയാണെന്ന്. നാടകാന്തം കവിത്വം-അദ്ദേഹത്തിന്റെ പുതിയ വീടിന്റെ പേര് 'പോയട്രി' (കാവ്യം).
കുട്ടനാട്ടിൽ ഹരിപ്പാടിനടുത്ത് പള്ളിപ്പാട് ഗ്രാമത്തിൽ ജനിച്ച അജു കെ നാരായണൻ മാവേലിക്കര ബിഷപ് മൂർ കോളജിൽ നിന്ന് ബിരുദവും ചങ്ങനാശ്ശേരി എസ്. ബി കോളജിൽ നിന്ന് മാസ്റ്റേഴ്‌സും നേടി. കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ പിഎച്ച്ഡി. ഗവേഷണത്തിനായി കുട്ടനാട്ടിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ചുറ്റിനടക്കുമ്പോൾ കേരളത്തിന്റെ ബുദ്ധ പാരമ്പര്യത്തെക്കുറിച്ചു കേട്ട നാട്ടറിവുകൾ ചേർത്തൊരുക്കിയതാണ് അജുവിന്റെ ഡോക്ടറൽ പ്രബന്ധം.
മോണോക്രോം കാലത്തെ സെപിയാ മുഖം-അജു
ആലുവ യുസി കോളജിൽ പത്തു വർഷം അദ്ധ്യാപകനായി. ശ്രീശങ്കര യൂണിവേഴ്‌സിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ പഠിപ്പിച്ചു. ഇപ്പോൾ എംജി യൂണിവേസിറ്റിയുടെ സ്‌കൂൾ ഓഫ് ലെറ്റേർഴ്‌സിൽ മലയാളം പ്രൊഫസർ. അമ്പത്തൊന്ന് എത്തിയിട്ടും വീണ്ടുമൊരു അങ്കത്തിനു ബാല്യം. ഗവേഷകരുടെ ഗുരു. സംസ്കാരപഠനം, ഫോക്‌ലോർ പഠനം, ചലച്ചിത്രപഠനം എന്നിവയാണ് പ്രധാന ഗവേഷണ, അദ്ധ്യാപന മേഖലകൾ.
അഭിനയലോകത്തും എഴുത്തിന്റെ ലോകത്തും പ്രോജ്വലിച്ച കെ. ജി ശങ്കരപ്പിള്ള, ആർ. നരേന്ദ്രപ്രസാദ്, വിസി ഹാരിസ്, പി. ബാലചന്ദ്രൻ, പിപി രാമചന്ദ്രൻ, ഡി. വിനയചന്ദ്രൻ, കെ എം കൃഷ്ണൻ, പിഎസ് രാധാകൃഷ്ണൻ തുടങ്ങിയവർ സൃഷ്ട്ടിച്ച പൈതൃകത്തിൽ അഭിമാനം കൊള്ളുന്ന അജു, ആ കാൽപ്പാടുകളിലൂടെ സഞ്ചരിക്കുന്നു, പുതിയ പാദ മുദ്രകൾ പതിപ്പിക്കുന്നു.
'പോയട്രി' അവരുടെ പ്രണവം-അജു,അരുൾ ജ്യോതി
ജനിച്ച പള്ളിപ്പാടും വീടുവച്ച നീണ്ടൂരും പലതരത്തിൽ സാമ്യമുള്ള ഗ്രാമങ്ങൾ ആണ്. രണ്ടും ഒരുകാലത്ത് കേരളത്തിന്റെ നെല്ലറ ആയിരുന്ന കുട്ടനാടിന്റെ രണ്ടറ്റങ്ങൾ. രണ്ടിടത്തും വിശ്വാസ പാരമ്പര്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ക്ഷേത്രങ്ങളുണ്ട്. പള്ളിപ്പാടിലുമുണ്ട് നീണ്ടൂർ എന്ന കരയും അവിടൊരു ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രവും ചെമ്പകശ്ശേരി എന്ന കരയും ശ്രീഭഗവതി ക്ഷേത്രവും.
ചെമ്പകശ്ശേരി രാജാവും കായംകുളം രാജാവും തമ്മിലുള്ള യുദ്ധത്തിന്റെ പടക്കളമായിരുന്നു പള്ളിപ്പാട്. ഒടുവിൽ രണ്ടു നാട്ടു രാജ്യങ്ങളും മാർത്താണ്ഡവർമ്മയുടെ ശക്തിക്കു മുമ്പിൽ അടിയറവു പറയേണ്ടി വന്നു. ചെമ്പകശ്ശേരി രാജാവിന്റെ വംശജരാണ് അജുവിന്റെ പുതിയ വീടിനടുത്തുള്ള കുടമാളൂരിലെ മനയിൽ കഴിയുന്നത്. ചെമ്പകശ്ശേരി രാജാവ് ദാനംചെയ്‌ത സ്ഥലത്ത് കുടമാളൂർ സെന്റ് മേരീസ് ദേവാലയം ഉയർന്നതെന്നാണ് ചരിത്രം. പള്ളിയുടെ ഒമ്പതാം ശതവാർഷികം 2025ൽ ആഘോഷിക്കുന്നു.
പത്തൊമ്പതാമത്തെ പുസ്തകം ത്രയം
അച്ചൻകോവിലാർ പടർന്നൊഴുകുന്ന നാടാണ് പള്ളിപ്പാട്. അത് ചെന്നു ചേരുന്ന വീയപുരത്തെ ചുണ്ടൻ വള്ളങ്ങളുടെ പാരമ്പര്യം പ്രശസ്തമാണ്. വീയപുരത്തുനിന്നു നദി പാമ്പയോടുചേർന്നു വേമ്പനാട്ടു കായലിൽ വിലയം പ്രാപിക്കുന്നു. കോട്ടയത്തെ നീണ്ടൂരിനുമുണ്ട് നദിയുടെ പരിലാളനം. മീനച്ചിലാറിന്റെ കൈവഴിയായ കൈപ്പുഴയാർ നീണ്ടൂരിനു തൊട്ടുരുമ്മി കിടക്കുന്ന കൈപ്പുഴയിലൂടെ ഒഴുകി കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങൾ കീറിമുറിച്ച് കുമരകത്ത് വേമ്പനാട്ടുകായലിൽ പതിക്കുന്നു.
പ്രധാനമായും ക് നാനായ കത്തോലിക്കാ ക്രിസ്ത്യാനികളുടെ ആവാസ കേന്ദ്രമാണ് ഈ മേഖല. അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ നാടുകളിലേക്ക് കുടിയേറിയ അവരുടെ പരമ്പരകൾ പണിത കൊട്ടാരം പോലുള്ള വീടുകളുടെ നടുവിലാണ് അജുവിന്റെ ചുവന്ന ഇഷ്ട്ടികയിൽ ബേക്കർ ശൈലിയിൽ പണിത പോയട്രി. അതിനു അതിന്റേതായ സൗന്ദര്യം. ജർമ്മൻ എക്കോണമിസ്റ് ഏണസ്‌റ് ഫ്രഡറിക് ഷൂമാക്കറല്ലേ സ്മാൾ ഈസ് ബ്യൂട്ടിഫുൾ എന്ന സൗന്ദര്യ സങ്കൽപ്പത്തിന്റെ ഉപജ്ഞാതാവ്?
പ്രകാശനത്തിൽ പ്രസംഗിക്കുന്നത് സി.എൽ. തോമസ്
പോയട്രിയിൽ നിന്ന് അഞ്ചു കിമീ അകലമേയുള്ളു അതിരമ്പുഴയിലെ യൂണിവേഴ്‌സിറ്റി ആസ്ഥാനമായ പ്രിയദർശിനി ഹിൽസിലേക്ക്. തിരുവിതാംകൂർ കാലഘട്ടത്തിൽ ആലപ്പുഴയുമായുള്ള വ്യാപാര ബന്ധത്തിന്റെ സിരാകേന്ദ്രം ആയിരുന്നു അതിരമ്പുഴ. അവിടത്തെ പൗരാണികമായ സെന്റ് മേരീസ് പള്ളിയോട് തൊട്ടു ചേർന്ന ഹസൻ റാവുത്തർ മന്ദിരത്തിൽ തുടക്കക്കാലത്തു യൂണിവേഴ്‌സിറ്റിയുടെ ചില വകുപ്പുകൾ പ്രവർത്തിച്ചിരുന്നു. അതിരമ്പുഴക്കു യുനെസ്കോ പൈതൃക പദവി നേടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. അതിൽ ഏറ്റവും സന്തോഷിക്കുന്ന ഒരാളാണ് അജു.
ഒരു തീർത്ഥാടകനെപ്പോലെ ഞാൻ 'കാവ്യം' കാണാനെത്തി. കിണറും അതിനു ചുറ്റും സർവമാന ചെടികളും നട്ടുവളർത്തിയ പൂങ്കാവനം. തെങ്ങൊഴിച്ചെല്ലാം ഉണ്ടെന്നാണ് അജുവിന്റെ അഭിമാനം. കിണറിനോടു ചേർന്ന് തഴച്ചു നിൽക്കുന്ന കൗങ്ങ്, പ്ലാവ്, മാവ്. ഒന്നരയാൾ പൊക്കത്തിൽ മുറ്റത്തേക്കു പടർന്നു കയറിയ മഴമരം എന്ന റെയ്‌ൻ ട്രീ. യവ്വനകാലത്ത് ഞാൻ കേട്ട ദേവരാജന്റെ ഈണത്തിൽ, ആനന്ദഭൈരവി രാഗത്തിൽ പി സുശീല പാടിയ വയലാറിന്റെ വരികൾ ഓർമ്മയിൽ ഓടിയെത്തുന്നു:
ചെത്തി മന്ദാരം തുളസി അഗതിയാമടിയന്റെ
പിച്ചക മാലകള്‍ ചാര്‍ത്തി അശ്രു വീണു കുതിര്‍ന്നോരീ
ഗുരുവായൂരപ്പാ നിന്നെ അവില്‍പ്പൊതി കൈക്കൊള്ളുവാന്‍
കണി കാണേണം.... കണി കാണേണം
അജു, പി.എം.യേശുദാസൻ, നടൻ കൈലാഷ്, പി. ചന്ദ്രകുമാർ
ഓടിട്ട പടിപ്പുര, ഭാഗികമായി ഓടിട്ട മേൽപ്പുര, തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന കൽത്തൂണുകൾ, തടിതൂണുകൾ, മണിച്ചിത്രത്താഴ്, വരവറിയിക്കാൻ കിങ്ങിണി കൂടി തൂക്കിയിരുന്നെങ്കിൽ കേരള വാസ്തു, കലാ പാരമ്പര്യത്തിന്റെ ഗതകാല സൗന്ദര്യം മുഴുവൻ പുനഃസൃഷ്ടിക്കാമായിരുന്നു. ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ കഥ എഴുതിയ മുട്ടം മധു പള്ളിപ്പാട്ടെ തന്റെ അയൽ വാസിയാണെന്ന കാര്യം അജു ഓർമ്മപെടുത്തുന്നു.
കുട്ടനാടും ഓണാട്ടുകരയും മുട്ടിയുരുമ്മിക്കിടക്കുന്ന രണ്ടു കാർഷിക സംസ്‌കൃതിയുടെ നഷ്ട്ടപ്രതാപങ്ങളാണ്. ഹരിപ്പാടും പള്ളിപ്പാടും മുട്ടവുമൊക്കെ രണ്ടിന്റെയും കാറ്റേറ്റ് വളർന്ന വിളഭൂമികൾ. നാരായണന്റെയും രോഹിണിയുടെയും മകൻ അജു കെ. നാരായണൻ അങ്ങിനെ രണ്ടു സംസ്ക്കാരങ്ങളുടെയും കാറ്റേറ്റ് വളർന്നു.
അംബേദ് കറുടെ വേഷത്തിൽ
മൂന്നു തവണ കേരള ഗവർമെന്റിന്റെ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ആളാണ്. അവാർഡ് നേടിയ 'കലാമണ്ഡലം ഹൈദരലി' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് അജുവാണ്. സമക്ഷം എന്ന ചിത്രം സംവിധാനം ചെയ്തു. കിണർ, സമക്ഷം എന്നീ സിനിമകളുടെയും കെണി എന്ന തമിഴ് സിനിമയുടെയും തിരക്കഥാരചനയിൽ പങ്കാളിയായി.
കോട്ടയം ദർശനയിൽ അരങ്ങേറിയ അംബേദ് കർ നാടകത്തിൽ ബാബാസാഹിബ് അംബേദ് കറുടെ വേഷം ചെയ്തതിനു പ്രശംസ നേടി.
പത്തൊമ്പതാത്തെ പുസ്തകമായ ത്രയം മൂന്ന് അനുകല്പന നാടകങ്ങളുടെ സമാഹാരമാണ്. അവയിൽ ആറാമത്തെ വിരൽ പ്രിൻസ് അയ്മനത്തിന്റെ 'ചാരുമാന'ത്തെയും ട്രാവൻകൂർ ലിമിറ്റഡ് എസ്. ഹരീഷിന്റെ 'ആഗസ്ത് 17'നെയും 'സെന്റ് പീറ്ററേഴ്‌സ്ബർഗിലെ രാപകലുകൾ' ദസ്തയെവ് സ്‌കിയുടെ കുറ്റവും ശിക്ഷയും ചൂതാട്ടക്കാരൻ എന്നീ കൃതികളെയും ആസ്പദമാക്കി അജു രചനയും സംവിധാനവും നിർവഹിച്ച നാടകങ്ങൾ.
സംവിധാനം ചെയ്ത ചിത്രം സമീക്ഷ
എണ്ണൂറു വർഷം ബുദ്ധമതം നിലവിലിരുന്ന കേരളത്തിൽ കട്ടനാടിൻറെ നടുതിലകമായ അമ്പലപ്പുഴയിലെ കരുമാടിക്കുട്ടൻ ഉൾപ്പെടെ ഡസനോളം ബുദ്ധപ്രതിമകൾ കണ്ടെടുത്തിട്ടുണ്ടെന്നു 'കേരളത്തിലെ ബുദ്ധമത പാരമ്പര്യം നാട്ടറിവുകളിലൂടെ' എന്ന പുസ്തകത്തിൽ അജു സമർഥിക്കുന്നു. ഡോക്ടറൽ ഗവേഷണത്തിലൂടെ സംഭരിച്ച വിവരങ്ങളാണ് പുസ്തകത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ ബുദ്ധമതം എത്തിയത് വടക്കു നിന്നല്ല ശ്രീ ലങ്കയിൽ നിന്നാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
രണ്ടാം നൂറ്റാണ്ടിൽ ബുദ്ധമതം കേരളത്തിൽ എത്തിയെന്നാണ് ചരിത്രം പറയുന്നത്. എട്ടുനൂറ്റാണ്ടുകാലം അത് നിലനിന്നു. കോഴിക്കോട്, മാവേലിക്കര, കരുമാടി, കരുനാഗപ്പള്ളി, മരുതൂർകുളങ്ങര, ഭരണിക്കാവ്, പള്ളിയ്ക്കൽ, കോട്ടപ്പുറം എന്നിവടങ്ങളിൽ നിന്ന് ബുദ്ധവിഗ്രഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ച ബൗദ്ധിക പാരമ്പര്യത്തെ വിളിച്ചോതുന്നു.
പുരസ്കാരങ്ങൾ, പുസ്തകങ്ങൾ'
മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ' എന്നു പാടിനടന്നിരുന്ന കേരളത്തിൽ മുക്കുവരും പുലയരും നായരും ക്രിസ്ത്യാനിയും അയ്യപ്പനും വാവരും ഏകോദര സഹോദരന്മാരായി കഴിഞ്ഞ കാലം ഉണ്ടായിരുന്നു. വൃതം നോക്കി കറുത്ത തറ്റുടുത്ത് ശബരിമലയിൽ പോയിരുന്ന കാലം. ഇന്ന് കറുപ്പിന് പകരം കാവി മുണ്ടാണ്. സാംസ്കാരിക മൂലധനം ഇന്ന് സാംകാരിക ഫാസിസം ആയിരിക്കുന്നു എന്നദ്ദേഹം വിലപിക്കുന്നു.
പ്രമുഖരെ അണിനിരത്തി, തായമ്പക, തോൽപ്പാവക്കൂത്ത്, കാലിഗ്രാഫി, ചവിട്ടുനാടകം തുടങ്ങിയവ ഉൾപ്പെടുത്തി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ ഈ മാസം 22 മുതൽ 25 വരെ ഒരു ഫോക്‌ലോർ ഫെസ്റ്റിവൽ നടത്താനുള്ള തിരക്കിലാണ് അജു. അതിനിടയ്ക്ക് പ്രഭാഷണങ്ങളോട് വിടപറയുന്നില്ല. എപ്പോഴും തിരക്ക്.
ചെട്ടികുളങ്ങര കെട്ടുകാഴ്ച; കരുമാടികുട്ടൻ-ബൗദ്ധ പാരമ്പര്യം
നീണ്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് 'പോയട്രി'. വാർഡിനെ പ്രതിനിധാനം ചെയ്യുന്ന വികെ പ്രദീപ് പഞ്ചായത്തിന്റെ സിപിഎം പ്രസിഡന്റ്. അജുവിന്റെ സുഹൃത്താണ്. തൊട്ടടുത്ത ഒമ്പതാം വാർഡിനെ പ്രതിനിധീകരിക്കുന്ന കൊച്ചുറാണി എബ്രഹാം കോട്ടയം വൈ ഡബ്ലിയു സി എയുടെ തണൽ എന്ന വനിതാ സംരക്ഷണ സംഘടനയുടെ അധ്യക്ഷ ആയിരുന്നു. സോഷ്യൽ വർക്കിൽ മാസ്റ്റേഴ്‌സുള്ള കൊച്ചു റാണിക്കും അജു-ജ്യോതിമാർ പ്രിയപ്പെട്ടവർ.
ഏഷ്യാനെറ് ന്യൂസിന്റെ എക്‌സി ക്യൂട്ടീവ് എഡിറ്ററും മീഡിയാ വണ്ണിന്റെ ചീഫ്എഡിറ്ററുമായിരുന്ന സി.എൽ. തോമസ് അയൽക്കാരനാണ്. കൊച്ചി ആസ്ഥാനമാക്കി ദി എയ്‌ഡെം (MEDIA മറിച്ചിട്ടാൽ കിട്ടുന്ന പദം) ചാനൽ എഡിറ്റർ. ത്രയം പ്രകാശനത്തിൽ ആശംസകൾ നേരാൻ അദ്ദേഹം ഉണ്ടായിരുന്നു. ഒപ്പം ലെറ്റേഴ്‌സിലെ ഡയറക്ടർ സജിമാത്യു, കെഎം കൃഷ്ണൻ, ജോസ് കെ മാനുവൽ, ഹരികുമാർ ചങ്ങമ്പുഴ, ജോളി ജോസഫ് തുടങ്ങിയവരും.
ശിഷ്യസമ്പത്തിനു നടുവിൽ
അനുഭൂതികളുടെ നിമിഷം, അഗ്നിവ്യൂഹം, എയർഹോസ്റ്റസ്, ഉയരും ഞാൻ നാടാകെ തുടങ്ങി 21 ചിത്രങ്ങൾ സംവിധാനം .ചെയ്ത പി.ചന്ദ്രകുമാർ തന്റെ ഗുരുവായ നടൻ മധുവിനെക്കുറിച്ച് ചെയ്ത അനുസ്മരണം മധുചന്ദ്രിക ആയിരുന്നു സംഗമത്തിലെ ഏറ്ററ്വും ആകർഷകമായ ഒരിനം.
ഹരിപ്പാട്ടെ അരുൾ ജ്യോതിയാണ് ജീവിത പങ്കാളി. കെമിസ്ട്രിയിൽ മാസ്റ്റേഴ്‌സുള്ള ജ്യോതി കോട്ടയം പോസ്റ്റൾ ഡിവിഷൻ ഓഫീസിൽ ഉദ്യോഗസ്ഥ. അയൽക്കാരായ നിങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവരാരാണോ എന്ന ചോദ്യത്തിന് ആണെന്നോ അല്ലെന്നോ മറുപടികിട്ടിയില്ല. നിഗൂഡമായ ചിരി മാത്രം. അച്ഛൻ പഠിച്ച ചങ്ങനാശ്ശേരി എസ്‌ബിയിൽ ബിഎ ഇംഗ്ലീഷ് ചെയ്യുന്ന അശ്വഘോഷ്, ചാരുഹൃദയ് മക്കൾ.