Image

ജോണ്‍ ലൂയിസ്; അഹിംസയുടെ പ്രവാചകന്‍ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 38- സാംസി കൊടുമണ്‍)

Published on 13 October, 2024
ജോണ്‍ ലൂയിസ്; അഹിംസയുടെ പ്രവാചകന്‍ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 38- സാംസി കൊടുമണ്‍)

കാറ്റിനൊപ്പം നടന്നവന്‍ എന്ന ജോണ്‍ ലൂയിസിന്റെ ആത്മകഥയുടെ പേജുകള്‍ മറിക്കവെ ഉയര്‍ന്ന കൊടുങ്കാറ്റിന്റെ താണ്ഡവത്തില്‍ ജോന്‍ ലൂയിസ് നടന്നത് കാറ്റിനൊപ്പമല്ല കൊടുങ്കാറ്റില്‍ എന്നു തിരുത്തണമെന്നു ആന്‍ഡ്രുവിനു തോന്നി. ജോണ്‍ ലൂയിസിനെക്കുറിച്ച് സമകാലീന അമേരിക്കന്‍ രാഷ്ട്രിയ ചരിത്രം എന്ന ശീര്‍ഷകത്തില്‍ ഒരു ചര്‍ച്ച നടത്താമെന്നുപറഞ്ഞത് റീനയുടെ കയ്യില്‍ വേണ്ടത്ര രേഖകള്‍ കാണും എന്നുള്ള വിശ്വാസത്തില്‍ ആയിരുന്നു. പക്ഷേ റീനപറയുന്നത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ തോളോടൊപ്പം അഹിംസാ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ കൈകോര്‍ത്ത സിവില്‍ റൈറ്റ് ആക്ടിവിസ്റ്റും, മാര്‍ട്ടിന്റെ കൊലപാതകത്തിനു ശേഷം ആ പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ച അറ്റ്‌ലാന്റയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗവും എന്നതില്‍ കവിഞ്ഞ് ആ ജീവിതത്തിലെ കടന്നുപോയ സമരങ്ങളുടെ ചരിത്രം വിശദമായി അറിയില്ല എന്നാണ്. അതങ്ങനെയാണ്... ഇവിടെ ആരും ചരിത്രം വിശദമായി പഠിക്കുന്നില്ല... പഠിപ്പിക്കുന്നുമില്ല. പ്രത്യേകിച്ചും കോണ്‍ഫഡറേറ്റ് സ്റ്റേറ്റുകളായിരുന്നിടത്തൊന്നും കറുത്തവന്റെ സഹനചരിത്രവും, സമരചരിത്രവും പഠിപ്പിക്കുന്നില്ല. 'ക്യാന്‍സല്‍ കള്‍ച്ചര്‍' എന്ന പുത്തന്‍ പ്രവണത (ഇവിടെ മാത്രമല്ല, ഏകാധിപത്യത്തിലേക്കും, വര്‍ഗ്ഗീയതിയിലേക്കും വഴിമാറുന്ന എല്ലാ രാജ്യങ്ങളും തങ്ങളുടെ ചരിത്രത്തെ പുതുക്കി പണിയാന്‍ ശ്രമിക്കും. കഴിഞ്ഞ ആറെഴു വര്‍ഷമായി അമേരിയ്ക്കയിലും ആ പ്രവണത പ്രകടമാണ്. അതിനെക്കുറിച്ച് മറ്റൊരു ചര്‍ച്ച ആവശ്യമാണെന്ന് ആന്‍ഡ്രു ഓര്‍ത്തു.)തുടച്ചുമാറ്റപ്പെടുന്നവന്റെ ആത്മരോക്ഷത്തെ കാണുന്നില്ല. പക്ഷേ ചരിത്രത്തെ അങ്ങനെ തമസ്‌കരിക്കാന്‍ കഴിയുമോ. കുറെക്കാലത്തേക്ക് കറുത്ത ചായത്തില്‍ ചരിത്രത്താളുകളില്‍ നിന്നും അവരെ മായിക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും, മറവിയിലായിരിക്കുന്നതൊക്കെ വെളിച്ചത്തിലേക്ക് വരുന്ന ഒരു ദിവസം ഉണ്ടാകാതിരിക്കുമോ...എത്രമാത്രം നാം ഒന്നിനെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നുവോ അത്രമാത്രം ശക്തമായി അതുയര്‍ത്തുവരും. ആന്‍ഡ്രു കേരളത്തിന്റെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ ഓര്‍ത്ത് ഉള്ളില്‍ പറഞ്ഞു. ജോണ്‍ ലൂസിന്റെ ആത്മകഥ വായിക്കുമ്പോള്‍ അമേരിയ്ക്കയിലെ അടിമജീവത്തെക്കുറിച്ചുള്ള വായനയാണല്ലോ എന്ന തിരിച്ചറിവില്‍ ആന്‍ഡ്രു അതില്‍ ലയിച്ചു.

1619ലെ ആദ്യ കപ്പലിലെ അടിമകള്‍ക്കൊപ്പം ആരംഭിച്ച സമരം ക്രിത്യം 400 വര്‍ഷങ്ങള്‍ക്കിപ്പുറം 2020 ജൂലൈ 17ന് ജോണ്‍ ലൂയിസ് മരിക്കുമ്പോഴും തുടരുന്നു. അസ്ഥിത്വത്തിനുവേണ്ടിയുള്ള, സ്വയം അടയാളപ്പെടുത്താനുള്ള സമരം. ഉടമകളായിരുന്നവര്‍ ഇന്നും പുതിയ നിയമങ്ങളാല്‍ അവന്റെ അടിമജീവിതം അങ്ങനെതന്നെ ആയിരിക്കുമെന്നുറപ്പിക്കുന്നു. ആ നിയമങ്ങളെ പൊളിച്ചെഴുതാനുള്ള സമരങ്ങളുടെ മുന്നില്‍ ജോന്‍ ലൂയിസ് ഉണ്ടായിരുന്നു. 1940തില്‍ ജോണ്‍ ലൂയിസ് അലബാമയില്‍ ജനിച്ചു. അലബാമ സമരങ്ങളുടെ നാടാണ്. ജോണിനു നാലുവയസുള്ളപ്പോഴത്തെ മങ്ങിയ ഓര്‍മ്മയില്‍ രണ്ടാം ലോകമഹയുദ്ധത്തെക്കുറിച്ച് വീട്ടില്‍ വിരുന്നുവന്ന തന്നേക്കാള്‍ മുതിര്‍ന്ന കുട്ടികളായ ബന്ധുക്കല്‍ പരസ്പരം പറയുന്നതു കേട്ടിരുന്നുവെങ്കിലും എന്താണു യുദ്ധം എന്നു തിരിച്ചറിയാണുള്ള പ്രായം ആയിട്ടില്ലായിരുന്നു. ആ ഓര്‍മ്മകള്‍ എന്തുകൊണ്ട് മായാതെ കിടക്കുന്നു എന്നു ചോദിച്ചാല്‍ ബന്ധപ്പെട്ട മറ്റു സംഭവങ്ങള്‍ തന്റെ ജീവിതമായി അത്ര ഇഴപിരിയാതെ കിടക്കുന്നു എന്നുള്ളതായിരിക്കാം എന്നു ജോണ്‍ കരുതുന്നു.

ആ ഇടയ്ക്കു മാത്രം അച്ഛന്‍ വാങ്ങിയ 110 ഏക്കറും മൂന്നു മുറിയുള്ള വലിയ വീടും എന്ന കൗതുകം കാണാന്‍ വന്ന ബന്ധുക്കളേയും കുട്ടികളേയും മറക്കാന്‍ ഓര്‍മ്മകള്‍ വിസമ്മതിക്കുന്നു.അധികം അടിമകള്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടങ്ങളില്‍ ഉയര്‍ന്ന അച്ഛന്റെ അഭിമാനവും ഓര്‍മ്മകളില്‍ ഉണ്ട്. ആ പ്രദേശത്തെ ഏറ്റവും വലിയ തോട്ടവും, വീടും 300 ഡോളറിനു വാങ്ങുമ്പോള്‍ അതുവരെയുള്ള അച്ഛന്റെ മുഴുവന്‍ സമ്പാദ്യവും ആയിരുന്നുവെന്ന് കൂടെക്കൂടെ ഓര്‍മ്മപ്പെടുത്തുന്ന അച്ഛനെ പിന്നെ പലപ്പോഴും ഓര്‍മ്മയില്‍ കണ്ടെത്തും. സ്ഥലം പാട്ടത്തിനെടുത്ത്, കൃഷിയുടെ വിളവ് ഉടമക്ക് പാട്ടം അളന്നതിനുശേഷമുള്ളത് വീട്ടു ചിലവും കഴിഞ്ഞ് മിച്ചം വെച്ച തുക എന്ന് അച്ഛന്‍ പറയുമ്പോള്‍ അതിന്റെ വേദന മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ലായിരുന്നു. അത് വായിച്ചപ്പോള്‍ ആന്‍ഡ്രുവിന്റെ മനസ്സില്‍ സ്വന്തം നാട്ടിലെ പാട്ടഭൂമിയും, പാട്ടകൃക്ഷിയും, നെല്ലളവും, കര്‍ഷകസമരവും ഒക്കെ മിന്നി മറഞ്ഞു. ലോകത്തെല്ലായിടവും ഇങ്ങനെ ഒക്കെ ആയിരുന്നിരിക്കാം. ഇവിടെ കോര്‍പ്പ ്‌ഷെയറെന്നു പറയുമ്പോള്‍ അവിടെ (ജന്മി വക) പാട്ടകൃഷിയെന്നു പറയുന്നു. ജോണ്‍ ലൂയിസിന്റെ ഓര്‍മ്മയിലെ വീടും പറമ്പും വലിയ വനം എന്ന് ഓര്‍മ്മിക്കുന്നത് വളര്‍ന്നു വലുതായ മരങ്ങളെ ഓര്‍ത്തിട്ടാണ്. അതിനിടയിലെകൃഷിഭൂമിയെക്കുറിച്ചും പറയുന്നുണ്ട്. പരുത്തിയും, ചോളവും, കപ്പലണ്ടിയും വിളയിക്കുന്ന ഭൂമി. ഒരു അടിമയുടെ വലിയ സ്വപ്നമാണ് അച്ഛന്‍ സാധിച്ചെടുത്തിരിക്കുന്നതെന്ന് ഓര്‍മ്മക്കുറിപ്പില്‍ ജോണ്‍ ലൂയിസ് പറയുന്നത് തെല്ലഭിമാനമുള്ള മകന്‍ എന്ന നിലയിലും, ഒരടിമയുടെ മകന്‍ അമേരിക്കന്‍ നിയനിര്‍മ്മാണ സഭയുടെ അംഗം ആയി എന്ന വളര്‍ച്ചയെ അച്ഛന്‍ കണ്ടല്ലോ എന്ന അഭിമാനത്തോടും ആയിരിക്കാം.വെളുത്തവരും, കറുത്തവരും ഈ പ്രദേശത്തു വരുന്നതിനു മുമ്പ് ഈ ഭൂമിയത്രയും, തദ്ദേശവാസികളായ ഇന്ത്യന്‍സിന്റേതായിരുന്നുവല്ലോ എന്ന് ജോണ്‍ ഓര്‍ക്കുന്നത് ചരിത്രത്തെ ഓര്‍മ്മപ്പെടുത്താന്‍വേണ്ടിക്കൂടിയാകാം.

കാറ്റിനൊപ്പം നടന്നവന്റെ ബാല്ല്യകാല ഓര്‍മ്മകള്‍ വായിക്കുമ്പോള്‍ ആന്‍ഡ്രു തന്റെ ഒര്‍മ്മകളിലെ സമാനതകളും കോര്‍ത്തിണക്കാന്‍ ശ്രമിച്ച്, കാലദേശങ്ങള്‍ക്കിടയിലെ അന്തരത്തിലും മനുഷ്യന്‍ പൊതുസ്വഭാവങ്ങളില്‍ ഏകീഭാവം ഉള്ളവര്‍ എന്നു തിരിച്ചറിയുന്നു. അലബാമയിലെ പൈക് കൗണ്ടിയിലെ മനുഷ്യരും, ഇങ്ങ് കേരളത്തിലെ ഒരു മലയോരഗ്രാമത്തിലെ ജീവിതവും 1940തുകളില്‍ സമാനതയുള്ളതായിരുന്നു എന്ന കണ്ടെത്തെല്‍ ആന്‍ഡ്രുവിനെ ലൂയിസിന്റെ ആത്മകഥക്കൊപ്പം നടക്കാന്‍ പ്രേരിപ്പിച്ചു. ചെമ്മണ്‍ പാതകളും, ചെറുമഴയില്‍ പോലും ചെളിനിറയുന്ന നാട്ടുവഴികളിലൂടെ ഇഴഞ്ഞു നീങ്ങുന്ന കാളവണ്ടികളും ഗൃഹാതുരയോടെ വായിക്കാന്‍ പറ്റു. ജോണ്‍ ലൂയിസ് ഏറെയും കുതിരവണ്ടികളെ ഓര്‍ക്കുമ്പോള്‍ തനിക്ക് ആ സ്ഥലത്ത് കാളവണ്ടികളെമാറ്റി പ്രതിഷ്ഠിക്കേണ്ടിവരുന്നത് സമാനതകളുടെ അനുഭൂതി ലഭിക്കാനാണ്. ഏതു നല്ല കൃതിയും അങ്ങനെ വായിച്ചെങ്കിലെ അതു നമ്മളിലേക്കിറങ്ങു എന്ന് സാഹിത്യ ചര്‍ച്ചകളില്‍ പറയാറുള്ളത് ആന്‍ഡ്രു ഓര്‍ത്ത് ഇതാ നല്ല കൃതി എന്നു സ്വയം പറഞ്ഞു. കേരളത്തിലെ കീഴാളജീവിതവും അമേരിയ്ക്കയിലെ അടിമജീവിതവും താരതമ്യം ചെയ്യാന്‍ പറ്റില്ലെങ്കിലും ചില കാര്യങ്ങളിലെ സമാനതകള്‍ കണ്ടില്ല എന്നു നടിക്കാം. പക്ഷേ അങ്ങനെ സമാനതകള്‍ ഉണ്ട് എന്നു പറഞ്ഞാല്‍ ചിലരെങ്കിലും വാളെടുക്കുമായിരിക്കും.

(ഡല്‍ഹിയില്‍ ജനിച്ചെങ്കിലും മമ്മിയുടെയും, ഡാഡിയുടെയും ജോലിക്കിടയില്‍ മകനെ പരിചരിക്കാന്‍ ഇടം കിട്ടുന്നില്ല എന്ന തിരിച്ചറിവിലായിരിക്കാം തന്നെ ചെറുപ്രായത്തില്‍ തന്നെ മമ്മിയുടെ അമ്മക്കൊപ്പം ആക്കിയത്. വല്ല്യമ്മച്ചിയില്‍ നിന്നും പഠിച്ച പാഠങ്ങളൊക്കെ ഇപ്പോള്‍ ജോണ്‍ ലൂയിസിന്റെ കഥയില്‍ വായിക്കുന്നപോലെ.)

തമ്പ്രാന്റെ പാടത്തെ പണിക്കാര്‍ കുടികിടപ്പുകളില്‍ സ്വന്തം കൂടുംബം സ്ഥാപിച്ചെങ്കിലും അവരുടെ അധികാരി തമ്പ്രാന്‍ തന്നെയായിരുന്നു. പലയിടങ്ങളിലും കീഴാളക്കുടിലുകളിലെ ജീവിതം തമ്പ്രാന്റെ ഇംഗിതപൂര്‍ത്തിക്കായി വഴങ്ങേണ്ടവരായിരുന്നു. എതിര്‍ത്തവരുടെ ജീവിതം ചേറ്റുകണ്ടങ്ങളില്‍ താണകഥകള്‍ ഏറെ കേട്ടിട്ടുണ്ട്. അമേരിക്കക്കാര്‍ അതിനെ ലിഞ്ചിങ്ങ് എന്നു വിളിക്കുന്നു. ഇവിടെ പരസ്യമായി, എതിര്‍ക്കുന്നവരെ തൂക്കിലേറ്റുമ്പോള്‍ ചോദിക്കാന്‍ ആരും ഇല്ലായിരുന്നു. അടിയാന്റെ വിളവുകളില്‍ കണ്ണുവെയ്ക്കാറുള്ള തമ്പ്രാക്കന്മാരുടെ കഥകള്‍ അക്കാലാത്തെ സാഹിത്യങ്ങളുടെ പ്രമേയമായിട്ടുള്ളത് വായിച്ച ഓര്‍മ്മയില്‍ ആന്‍ഡ്രു ഒരോന്നോര്‍ത്തെടുത്തു. കൊയ്തു കൂലി പത്തിലൊന്നു കിട്ടിയിരുന്ന അടിയാളന്റെ അടുപ്പില്‍ തീ പുകയുന്നുണ്ടോ എന്നറിയാനുള്ള ആവേശമൊന്നും തമ്പ്രാനാവശ്യമില്ലായിരുന്നു. എല്ലാക്കാലത്തേയും, എല്ലാരാജ്യങ്ങളിലേയും മുതലാളി തൊഴിലാളി ബന്ധം അങ്ങനെ ആയിരുന്നു.

ജോണ്‍ ലൂയിസ് തന്റെ ഓര്‍മ്മകളിലെ തൊഴില്‍ ഇടങ്ങളെക്കുറിച്ചു പറയുമ്പോള്‍ അവര്‍ കടന്നു പോയ ജീവിതം അനാവരണം ചെയ്യുകയാണ്. പരുത്തികൃഷിയിടത്തിലെ വിളവെടുപ്പിനെക്കുച്ചു പറയുന്നത് പണിയുടെ കാഠിന്യത്തെക്കുറിച്ചാണ്. പൊരിവെയിലത്ത്, ഒരു പരുത്തിന്റെയെങ്കിലും തണല്‍ കൊതിച്ച് പണിയെടുക്കുന്ന ഒരു തൊഴിലാളിയുടെ വേദന അറിയണമെങ്കില്‍ ആ അവസ്ഥയിലൂടെ കടന്നുപോകണം. സൂര്യന്‍ ഉദിക്കുന്നതുമുതല്‍ സൂര്യാസ്തമനം വരെ പണിയെടുത്താല്‍ ഒരാള്‍ക്ക് 200 പൗണ്ട് പരുത്തി പറിച്ചെടുക്കാന്‍ കഴിഞ്ഞേക്കും. ഭാര്യയൂം ഭര്‍ത്താവും കൂടി നാനുറു പൗണ്ട് ശേഖരിച്ചാല്‍ ഒരു ദിവസത്തെ മൊത്തം കൂലി ഒരു ഡോളറും നാല്പതു സെന്റും. അപ്പോഴേക്കും കൈകളുടെ വിരലുകളെല്ലാം മുറിഞ്ഞ് ചോരവരുന്നുണ്ടാകും. പൊട്ടി വിരിഞ്ഞ പരുത്തി കായ്കളില്‍ നിന്നും പഞ്ഞി പറിച്ചെടുക്കുമ്പോള്‍ കായ്കളുടെ പുറംതോട് മാതൃപേടകമായി പൊഴിഞ്ഞു മാറാതെചുവട്ടില്‍ ഉണങ്ങി നില്‍ക്കുന്നുണ്ടാകും. അതു കൈവിരലുകളെ മുള്ളെന്നപോലെ കുത്തിനോവിക്കും. പിറ്റേദിവസവും കൈയ്യുടെ വേദനയെ മറന്ന് പണിയെടുത്തെങ്കിലെ മതിയാകു.

'ഒരാള്‍ എത്ര നല്ലവനായാലും ചെയ്യുന്ന ജോലിയെ കുറ്റം പറഞ്ഞാല്‍ അവന്‍ അതില്‍ വിജയിക്കില്ല.' ലൂയിസിന്റെ അമ്മയുടെ യുക്തിവാദമാണ്. ജോലിയോടുള്ള ആത്മാര്‍ത്ഥത തെളിയിക്കാന്‍ അവര്‍ അതു പറയുമ്പോള്‍ ജോലി ഒരിക്കലും മുഷിപ്പനായി തോന്നുകയില്ല. അതാണ് ജോണ്‍ പഠിച്ച പാഠം. 1950-60 കളിലെ ജീവിത സാഹചര്യങ്ങളേക്കുറിച്ചും, ജീവിത പരിസരങ്ങളേക്കുറിച്ചും ജോണ്‍ ലൂയിസ് തന്റെ പുസ്തകത്തില്‍ വിവരിക്കുന്നതു വായിച്ചപ്പോള്‍ അക്കാലത്തെ അലബാമയിലെജീവിതവും തന്റെഇന്ത്യന്‍ ഗ്രാമ ജീവിത പരിസരവും ഏറെ സമാനതകള്‍ നിറഞ്ഞതാണല്ലോ എന്ന് ആന്‍ഡ്രു ഓര്‍ത്തു. രാവിലെ മുതല്‍ വൈകുന്നതുവരെ പാടത്തെ പലതരം വിളവുകളെ പരിചരിക്കുന്ന ഒറ്റത്തോര്‍ത്തുടുത്ത കര്‍ഷകരും, പാട്ടഭൂമിയില്‍ വിളവിന്റെ പകുതിയും, മുക്കാലും തിരികെക്കൊടുക്കാമെന്ന വ്യവസ്ഥയില്‍ വിത്തും, വളവും കടം കൊള്ളുന്ന പാട്ടക്കരാറുകാര്‍ എന്നും കടത്തിന്റേയും, ദാരിദ്രത്തിന്റേയും തോഴന്മാരായി കഴിയുന്നവര്‍, ഇവരൊക്കെ രണ്ടിടങ്ങളിലും ഒരേകാലത്തിന്റെ സൃഷ്ടികളായിരിക്കും. അലബാമയില്‍ കഴുതയും, കുതിരയും നിലം ഒരുക്കുമ്പോള്‍, മറുഭാഗത്ത് പോത്തും, കാളയും ആ സ്ഥാനം ഏറ്റെടുക്കുന്നു. ഭാഷയുടെയും, കാലാവസ്ഥയുടെയും, ഭക്ഷണത്തിന്റേയും വ്യത്യാസം ഉണ്ടെങ്കിലും ജീവിതത്തിന്റെ അടിസ്ഥാനം ഒന്നാണ്. ഞയറാഴ്ചകളില്‍ ഏറ്റവും നല്ല വസ്ത്രങ്ങള്‍ പള്ളിയില്‍ പോകാനായി പ്രത്യേകം മാറ്റിവെയ്ക്കുന്നവരുടെ സാംസ്‌കാരിക പകര്‍ച്ചയാകാം, തന്റെ ചെറുപ്പത്തിലും ഞയറഴ്ചകളില്‍ പള്ളിയില്‍ പോകാനായി വല്ല്യമ്മച്ചി പ്രത്യേകം മാറ്റിവെച്ചിരിക്കുന്നവസ്ത്രങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ ആന്‍ഡ്രിവില്‍ നിറച്ചത്.

വീടിന്റെ മുറ്റവും പരിസരങ്ങളും തൂക്കാന്‍ അവര്‍ മരച്ചില്ലകളുടെ ഇലകളഞ്ഞ് കമ്പ് കൂട്ടിക്കെട്ടി ചൂലാക്കിയത്, അവര്‍ക്ക് തെങ്ങും ഈര്‍ക്കില്‍ച്ചുലും ഇല്ലാതിരുന്നതിനാലാണ്. തുണികള്‍ നനകല്ലില്‍ അടിച്ചു കഴുകുമ്പോള്‍ അതു നാട്ടിലെപ്പോലെ കിണറിന്റെ കരയിലല്ലെന്നു മാത്രം. കാരണം കിണര്‍ പുരയില്‍ നിന്നും അല്പം അകന്നായിരിക്കും എന്നതായിരിക്കും. വലിയ ഡ്രമ്മുകളില്‍ വെള്ളം നിറച്ച് അലക്കാനും, കുളിക്കാനും, കുടിക്കാനും ഉപയോഗിക്കുന്നവര്‍, ഒത്തിരി വെളുക്കാത്താ തുണികള്‍ പുഴുങ്ങി അലക്കുന്ന രീതി വായിച്ചപ്പോള്‍, വല്ല്യമ്മച്ചി വലിയ മണ്‍കലത്തില്‍ പുഴുങ്ങാന്‍ കാരവെള്ളത്തില്‍ മുക്കിയ തുണികള്‍ ആന്‍ഡ്രുവില്‍ ഓര്‍മ്മയായി ചിരിക്കുന്നു. തുണികള്‍ പുഴുങ്ങുന്നത് ഒരു ചടങ്ങുതന്നെയാണ്. അതെന്നും ഉണ്ടാകില്ല... മൂന്നും നാലും മാസത്തില്‍ ഒന്ന് എന്നുവേണമെങ്കില്‍ പറയാം. വെള്ളത്തുണികള്‍, പ്രത്യേകിച്ചും വല്ല്യമ്മച്ചിയുടെ ചട്ടയും, കച്ചമുറിയും, വല്ല്യപ്പച്ചന്റെ ചമ്പന്‍ക്കറ പിടിച്ച വെളുത്ത ഒറ്റമുണ്ടും ഒക്കെയായിരിക്കും. സാധാരണ കഴുകിയാല്‍ വെളുക്കാത്തവ കാരവെള്ളത്തില്‍ മുക്കി വെച്ചിരുന്നിട്ട്, പിറ്റെദിവസം വെളുപ്പിനെ മുറ്റത്തെ പ്രത്യേക അടുപ്പില്‍, മണ്‍കലത്തിലെ കാല്‍ഭാഗം വെള്ളത്തിനു മുകളില്‍ കലത്തിന്റെ അകവിസ്താരത്തിനൊപ്പിച്ച് മുറിച്ച ഓലമടല്‍ പാകി തുണി വെള്ളത്തില്‍ മുങ്ങാതെ ആവിയില്‍ പുഴുങ്ങി എടുത്ത് വടക്കേത്തോട്ടില്‍ കൊണ്ടുപോയി അടിച്ചു നനയ്ക്കുമ്പോള്‍ അതുവെളുത്ത് വെന്മയാകും. പിന്നെ നീലവും കഞ്ഞിയും മുക്കി ഉണക്കിയാല്‍ പുത്തന്‍ മുണ്ടാകുന്നു. ആ വിദ്യ എങ്ങനെ ജോണ്‍ ലൂയിസിന്റെ അമ്മ പഠിച്ചു എന്ന് ആന്‍ഡ്രു ആശ്ചര്യപ്പെട്ട് വിണ്ടും പുസ്തകത്താളുകളിലേക്കു കണ്ണു നട്ടു. രണ്ടു ഭൂഖണ്ഡങ്ങളില്‍ ജനിച്ച ജോണ്‍ ലൂയിസിന്റെ ജീവിതവും തന്റെ ജീവിത പരിസരങ്ങളിലെ സമാനതകളും ആന്‍ഡ്രു കൂട്ടി വായിക്കുകയായിരുന്നു.

ജോണ്‍ ലൂയിസ് കുടുംബത്തിലെ കോഴികളുടെ ചുമതലക്കാരനായ കഥയിലും തന്റെ ഓര്‍മ്മകള്‍ ഉടക്കുമ്പോള്‍ അതിലെ സമാനതകളെക്കാള്‍, തന്റെ ബാല്യകാലവും ജീവിതവും തികട്ടിവരുന്നു എന്ന് ആന്‍ഡ്രു ഓര്‍ത്ത് പേജുമറിയ്ക്കാതെ, തിരിഞ്ഞു കിടന്ന് ഉറങ്ങുന്ന ഭാര്യയെ ഉണര്‍ത്താതെ, കുട്ടക്കിഴില്‍ കിയോ..കിയോ പറയുന്ന കോഴിക്കുഞ്ഞുങ്ങളെ കേട്ടു. വല്ല്യമ്മച്ചിയുടെ സ്വകാര്യ സമ്പ്യാദ്യമാണ് കോഴികളും മുട്ടയും. അതില്‍ നിന്നും കിട്ടുന്ന വരുമാനവും. കോഴിയുടെ വരുമാനം വല്ല്യമ്മച്ചി അവകാശമാക്കുമ്പോള്‍ കോഴിക്കുഞ്ഞുങ്ങളെ കുറുക്കനും, പരുന്തും, പുള്ളും കൊണ്ടുപോകാതെ നോക്കേണ്ടത് ഞങ്ങള്‍ കുട്ടികളുടെ ചുമതലയായിരുന്നു.വിരിഞ്ഞു കുട്ടിത്തം വിട്ടുമാറാത്ത കോഴിക്കുഞ്ഞുങ്ങളെ നോക്കിയിരിക്കുന്നതില്‍ കവിഞ്ഞ ആനന്ദം അക്കാലത്ത് മറ്റൊന്നില്ലായിരുന്നു. അതിന്റെ മാര്‍ദവമുള്ള തൂവ്വലും, കൈവെള്ളയില്‍ ഒതുങ്ങുന്ന വലുപ്പവും, കുഞ്ഞിക്കാലുകളും, അമ്മക്കോഴിയുടെ ചിരകിന്‍ കീഴില്‍ സംരക്ഷണം തേടുമ്പോഴുള്ള ഓട്ടവും ഒക്കെ എത്രനേരവും നോക്കി നില്‍ക്കുമായിരുന്നു. കോഴിയെ അടവെയ്ക്കുമ്പോള്‍ മുതല്‍ അതിനു പിന്നാലെയാണ്. അടവെയ്ക്കാനുള്ള പത്തൊ പതിഞ്ചോ മുട്ടകള്‍ മാറ്റിവെച്ചാല്‍ പിന്നെ കോഴിക്ക് അടയാകുന്നതും കാത്തിരിക്കും. വല്ല്യമ്മച്ചി ഒരു പഴയ പനവട്ടിയില്‍ ഉമിനിറച്ച് അതില്‍ ചില ആഭിചാര കര്‍മ്മങ്ങള്‍ മാതിരി കുരിശുവരച്ച് എന്തൊക്കയോ പ്രാര്‍ത്ഥനകള്‍ ചൊല്ലി ഒരു ഇരുമ്പു സാധനം വെയ്ക്കുന്നു. ചിലപ്പോള്‍ ആണിയായിരിക്കും. ഇടിവെട്ട് ഏല്‍ക്കാതിരിക്കാനുള്ള ആക്കാലത്തെ സാങ്കേതിക കരുതലായിരുന്നതെന്നു പിന്നീട് മനസ്സിലായി. അടക്കോഴിയെ തീരുമാനിച്ചു കഴിഞ്ഞാല്‍ കരുതിവെച്ചിരുന്ന മുട്ടകള്‍ ഉമിനിറച്ച വട്ടിക്കകത്ത് ആദ്യം കുരിശാകൃതിയില്‍ വെച്ച് പിന്നെ കുരിശ് വട്ടത്തില്‍ ഇട നിറയ്ക്കുന്നു.

അടക്കോഴിയെ തിരഞ്ഞെടുക്കുന്നതിലും ചിലകാര്യങ്ങള്‍ നോക്കും. ഏറ്റവും അടകൂടുതലുള്ള, വലുപ്പവും, ചിറകുവിസ്താരവുമുള്ള, തൂവല്‍ പൊഴിയാത്ത ആരോഗ്യമുള്ള കോഴിയായിരിക്കണം. ആദ്യത്തെ കുറെ ദിവസങ്ങള്‍ കോഴി അടയില്‍ നിന്നും പുറത്തുവന്ന് അല്പം എന്തെങ്കിലും കൊത്തിത്തിന്നും. പിന്നെ മുട്ട ചൂടാകാന്‍ തുടങ്ങിയാല്‍ അത് തപസിരിക്കുന്ന മുനിയെപ്പോലെയാണ്; ഒറ്റയിരുപ്പ്. ഇടക്ക് ചിറകിനു വെളിയിലേക്ക് തള്ളിപ്പോകുന്ന മുട്ടകള്‍ ചുണ്ടുകൊണ്ട് ഉള്ളിലേക്ക് നീക്കിവെയ്ക്കുന്നതൊക്കെ ഒരു ത്യാഗിയുടെ, വിരിയാന്‍ പോകുന്ന കുഞ്ഞങ്ങള്‍ക്കുവേണ്ടിയുള്ള കരുതലാണ്. വിരിഞ്ഞ കുഞ്ഞുങ്ങള്‍ ചിരകുകള്‍ക്കിടയിലൂടെ പുറത്തുവരുന്നത് നോക്കി നില്‍ക്കുന്ന കൗതുക കണ്ണുകളില്‍ വിരിയുന്ന സന്തോഷം ഇപ്പോഴും ഓര്‍മ്മകളില്‍ ഉണ്ട്.പാകമായ ഒരോ മുട്ടകളും കൊത്തിപ്പൊട്ടിക്കുന്ന തള്ളക്കോഴി ഇതാരുടെ മുട്ട എന്നന്വേഷിക്കുമോ...? സ്വന്തം ചൂടുകൊടുത്തു വിരിയിച്ചതൊക്കെ സ്വന്തം എന്ന ചിന്തയിലായിരിക്കും. എല്ലാം വിരിഞ്ഞു കഴിഞ്ഞാല്‍ ഒരു ലേഡി ജനറലിനെപ്പോലേ കുഞ്ഞുങ്ങളേയും നയിച്ചു പോകുന്ന തള്ളക്കോഴിയെ കാണുമ്പോള്‍ അതിന്റെ ഇത്രനാളത്തെ തപസ് സഭലമായല്ലോ എന്ന ചിന്ത മനസ്സില്‍ ഉദിക്കും. വിരിഞ്ഞ കുഞ്ഞുങ്ങളുടെ ചുണ്ടുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന പളുങ്കുപോലെയുള്ള ഒരു മൊട്ട് അടര്‍ത്തി മാറ്റിയെങ്കിലെ നുറുങ്ങരി കൊത്തിത്തിന്നാന്‍ അതിനു കഴിയുള്ളു. പ്രകൃതി എന്തുമുന്‍കരുതലിന്റെ പേരിലാണോ അതിന്റെ ചുണ്ടുകളെ ബന്ധിച്ചതെന്നാര്‍ക്കറിയാം. കോഴിയും കുഞ്ഞും പുറത്തിറങ്ങാന്‍ തുടങ്ങിയാല്‍ അതിനു പിന്നാലെ പരുന്തും, പുള്ളും പിടിക്കാതെ നോക്കി നടക്കേണ്ട ചുമതല കുട്ടികളുടേതായിരുന്നു. കോഴികളുടെ സംരക്ഷണത്തിനായി വല്ല്യമ്മച്ചിക്ക് ചില പരിപാടികളൊക്കെയുണ്ടായിരുന്നു. ഒരു കോഴിക്കുഞ്ഞിനെ പള്ളിയിലെ പുണ്യാളനു നേരുകയോ, ഒരു കോഴിരൂപം പള്ളിയില്‍ നേര്‍ച്ചയായി കൊടുക്ക്കയോ ചെയ്യാമെന്നുള്ള പുണ്യവാളനുമായുള്ള കരാര്‍. കുതിരപ്പൂരത്തെ കുന്തം പിടിച്ച പുണ്യാളന്‍ കോഴികളെ നോക്കിയാലും ഇല്ലെങ്കിലും ചിലതിനെ ഒക്കെ പരുന്ത് റാഞ്ചിക്കൊണ്ടു പോകും. അപ്പോഴത്തെ അമ്മക്കോഴിയുടെ നിലവിളിയും, പരുന്തിനൊപ്പം പറന്നുപൊങ്ങി തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള വെപ്രാളവും കുഞ്ഞുമനസ്സിലെ ഓര്‍മ്മകളാകുന്നു. കിടക്കയില്‍ ഭാര്യ ഒന്നു തിരിഞ്ഞു കിടന്ന് 'വിളക്കു കെടുത്തുന്നില്ലെ' എന്ന ചോദ്യം ഉറങ്ങാന്‍ സമയമായി എന്ന സൂചനയായിരുന്നു.

വിളക്കു കെടുത്തി ഉറങ്ങാന്‍ കിടന്നിട്ടും, ആറാം വയസിനു മുമ്പേ അമ്മയുടെ കോഴികളുടെ ചുമതലക്കാരനായ ജോണിനൊപ്പമായി ആന്‍ഡ്രു. കോഴികളൊട് സുവിശേഷം പറയുന്ന, കോഴികളെ വെള്ളത്തില്‍ സ്‌നാനപ്പെടുത്തിയപ്പോള്‍ വെള്ളത്തില്‍ മുങ്ങി മരിച്ച രണ്ടു കോഴിക്കുഞ്ഞുങ്ങളേക്കുറിച്ചുള്ള ജോണ്‍ ലൂയിസിന്റെ രോദനം കേള്‍ക്കാമായിരുന്നു. തന്റെ ബാല്യക്കാലത്തെ കോഴികളുടെ ചുമതല തന്റെ ഭാവിയെ രൂപപ്പെടുത്താന്‍ ഏറെ സഹായിച്ചു എന്ന് ജോണ്‍ രേഖപ്പെടുത്തുന്നു. ഭാവിയിലേക്കുള്ള പരിശീലനക്കളരി എന്ന് അന്നു തിരിച്ചറിഞ്ഞില്ലെങ്കിലും, അവകാശസമരങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍ പാലിച്ച അച്ചടക്കവും, സഹജീവികളൊടുള്ള സഹാനുഭൂതിയുമൊക്കെ പഠിച്ചത് അന്നത്തെ കോഴിക്കളരിയില്‍ നിന്ന് എന്ന് ജോണ്‍ സാക്ഷ്യപ്പെടുത്തുന്നു. കോഴികളെ കണ്ടു പഠിക്കുവീന്‍ എന്നൊരുപമ ഭാവിയില്‍ ആരെങ്കിലും ഉണ്ടാക്കട്ടെ എന്നോര്‍ത്ത് ചുണ്ടില്‍ വിരിഞ്ഞ ഒരു നര്‍മ്മത്തെ ഒതുക്കി ആന്‍ഡ്രു കണ്ണടച്ചു.

അതിവേഗം പിന്നോട്ടോടുന്ന റോഡരുകിലെ മരങ്ങളും, വീടുകളുംആദ്യ ബസ്സുയാത്രയിലെ അനുഭവമായി ഓര്‍മ്മയില്‍ നിറയുന്നു. മറ്റൊന്നും അത്രകാര്യമായി ഓര്‍ക്കാന്‍ പറ്റുന്നില്ല. വല്ല്യമ്മച്ചിക്കൊപ്പം എവിടെയോ വിരുന്നു പോയി വരുന്ന വരവാണന്നറിയാം. അങ്ങോട്ടുള്ള ദൂരമത്രയും പാടവരമ്പില്‍ക്കൂടിയുള്ള നടപ്പായിരുന്നു. ആ പ്രദേശത്തെ ഒരേ ഒരു ബസിലെ ആദ്യയാത്രയുടെ ഓര്‍മ്മ ഡ്രൈവറുടെതൊട്ടുപുറകിലെ സീറ്റില്‍ ഉറച്ചപ്പോഴാണ് ഭാര്യ തൊട്ടുണര്‍ത്തി; 'എന്തോരു കൂര്‍ക്കംവലിയെന്ന്' അതൃപ്തിപ്പെട്ട് മറുവശം തിരിഞ്ഞത്. ബസ്സ് കയറ്റം കയറിയതായിരിക്കും എന്ന് തമാശപറഞ്ഞാല്‍ കൂടെച്ചിരിക്കാനുള്ള നര്‍മ്മബോധമൊന്നും ഭാര്യക്കില്ലല്ലോ എന്നോര്‍ത്ത് ആന്‍ഡ്രു സ്വയം ചിരിച്ച് ജോണ്‍ ലൂയിസിന്റെ ആദ്യ ബസ്സുയാത്രയുടെ ഓര്‍മ്മകളിലേക്ക് മറിഞ്ഞു. അതുവരെ സ്‌കൂളില്‍ പോകാന്‍ കറുത്തവര്‍ക്കു മാത്രമുള്ള ബസില്‍ കയറിയിട്ടുണ്ടെങ്കിലും, ഗ്രാമത്തിനു പുറത്തേക്കുള്ള ശരിക്കുമുള്ള ബസ്സിലെ യാത്രാ അനുഭവം ഒരു മുറുമുറുപ്പായി ജോണ്‍ രേഖപ്പെടുത്തുന്നു. ഒരു പ്രസംഗമത്സരത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ചുള്ള യാത്രയുടെ മടങ്ങിവരവില്‍, ഒരു വെളുത്തവനുവേണ്ടി തന്റെ സീറ്റ് ഒഴിഞ്ഞുകൊടക്കാന്‍ ഡ്രൈവര്‍ പറഞ്ഞപ്പാാള്‍ എന്തിനെന്നു സന്ദേഹിച്ച് ഒപ്പമുണ്ടായിരുന്ന ടിച്ചറെ നോക്കിയപ്പോള്‍ അവര്‍ കണ്ണുകൊണ്ട് എഴുനേള്‍ക്കു, ഒരു കറുത്തവന് വെളുത്തവനെക്കാള്‍ കുറഞ്ഞ അവകാശങ്ങളേ ഉള്ളു എന്നു പറയുമ്പോലെ തോന്നി. അന്നേ തോന്നിയ വ്യവസ്ഥിതിയോടുള്ളു പ്രതിക്ഷേധം തന്നെ അവകാശസമരങ്ങളുടെ മുന്നണിപ്പോരാളിയാക്കി എന്ന് ജോണ്‍ ലൂയിസ്സ് പറയുന്നു. റോസാ പാര്‍ക്ക് മൊന്റ്‌ഗോമറി ബസ്സ് ബോയിക്കൊട്ടിനു നിമിത്തം ആകുന്നതിനുമുമ്പായിരുന്നത്. റോസാ പാര്‍ക്കുപോലും ഒറ്റ ദിവസത്തെ പ്രകോപനത്തില്‍ നിന്നും ആരംഭിച്ച പ്രതിക്ഷേധം ആയിരുന്നില്ല. പടിപടിയായി പലരുടെയും ഉള്ളിലെ പ്രതിക്ഷേധം റോസാ പാര്‍ക്കിലൂടെ പൊട്ടിത്തെറിച്ചു എന്നു വേണം പറയാന്‍.

അക്കാലത്ത് ഇന്ത്യയില്‍ തൊട്ടുകൂടാഴ്മ്യയും, ഐത്തവും ഒക്കെ ഗ്രാമങ്ങളില്‍ നിലനിന്നിരുന്നുവെങ്കിലും, പൊതു നിരത്തുകളിലും, പൊതു ഇടങ്ങളിലും എല്ലാവര്‍ക്കും തുല്ല്യാവകാശങ്ങള്‍ ആയിരുന്നു എന്നു പറയുമ്പോള്‍ കീഴാളര്‍ പൊതുഇടങ്ങളില്‍ നിന്നും മാറി നടന്നവര്‍ എന്നു തിരുത്തി വായിക്കണം.ഇന്ത്യ ഭരണഘടനയിലുടെ എല്ലാവര്‍ക്കും തുല്ല്യ നീതി ഉറപ്പാക്കിയിരുന്നു. എന്നിരുന്നാലും ചില വര്‍ഗ്ഗിയകോമരങ്ങള്‍ എല്ലാക്കാലത്തും എല്ലായിടത്തും ഉണ്ടായിരുന്നു. വടക്കെ ഇന്തയിന്‍ കീഴ്ജാതി ഗ്രാമങ്ങള്‍ ചുട്ടുകരിക്കുന്ന മേല്‍ജാതി ഭ്രാന്തന്മാരെക്കുറിച്ച് ഇടയ്ക്ക് വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു എന്ന് ആന്‍ഡ്രു ഓര്‍ക്കുമ്പോള്‍, തന്റെ നാട്ടില്‍ അത്തരം സംഭവങ്ങള്‍ 1930 കള്‍ക്ക് മുമ്പ് ഒന്നൊ രണ്ടോ നടന്നതായി ചരിത്രത്തില്‍ എവിടെയോ വായിച്ചിട്ടുണ്ട്. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികതയും ജനങ്ങളെ പുരോഗമന ചിന്തയിലേക്കു നയിച്ചു എന്ന് റീനയൊടെങ്കിലും പറയണമെന്ന് ആന്‍ഡ്രു ഉറപ്പിച്ചപ്പോഴും തന്റെ ചെറുപ്പത്തില്‍ കണ്ട ചില അസമത്വങ്ങളെ ഉള്ളില്‍ കുടിയിരുത്താന്‍ തീരുമാനിച്ചു. കീഴാളന്‍ കഴിക്കുന്ന പാത്രം കഴുകിവെയ്ക്കണം എങ്കിലും അവര്‍ക്ക് പാത്രങ്ങളില്‍ വിളമ്പാന്‍ തയ്യാറായല്ലോ എന്നത് വളര്‍ച്ചയുടെ ഒരു പടകായി കാണാം. പണ്ട് മുറ്റത്ത് കുഴി കുത്തി ഇലയില്‍ വിളമ്പിയിരുന്നവര്‍ അടുക്കളില്‍ പാത്രങ്ങളില്‍ വിളമ്പാന്‍ തയ്യാറയല്ലോ എന്ന ചിന്തയില്‍ ആന്‍ഡ്രു സ്വയം തലയാട്ടി പുരോഗതിയെ ഉറപ്പിച്ചു. അക്കാലത്തെ അമേരിക്കന്‍ ചരിത്രം അത്ര നിറമുള്ളതായിരുന്നില്ല എന്ന് ജോണ്‍ ലൂയിസും മറ്റുചരിത്രകാര്‍ന്മാരും സാക്ഷിപറയുന്നു.

പൊതു ഇടങ്ങളില്‍കറുത്തവനു പ്രത്യേകം ഇരിപ്പിടങ്ങളും, മൂത്രപ്പുരകളും, കുടിവെള്ള ടാപ്പുകളും ഉള്ള ഒരു രാജ്യത്തിന്റെ ജനാധിപത്യം എങ്ങനെയുള്ളതായിരിക്കും. പ്രത്യേകിച്ചും തെക്കന്‍ സ്ംസ്ഥാനങ്ങളിലെ അവന്റെ വോട്ടവകാശം നിക്ഷേധിക്കുമ്പോള്‍ ആരാണ് ജനാധിപത്യത്തിന്റെ അവകാശി. ഈ രാജ്യത്തിന്റെ സമ്പത്തത്രയും കൂലിയില്ലാതെ, കുടുംബമില്ലാതെ , തൊഴുത്തിലെ ജീവിയെപ്പോലെ പണിയെടുത്തവന്റെ വിയര്‍പ്പിന്റെ വിലയാണെന്നു മനസ്സിലാക്കാത്ത ഒരു ജനതെക്കെതിരെയുള്ള പോരാട്ട ജീവിതമായിരുന്നു ജോണ്‍ ലൂയിസിന്റേത് എന്ന ചുരുക്കിപ്പറഞ്ഞാല്‍ ആ ജിവിതത്തില്‍ അനുഭവിച്ച പീഡനങ്ങള്‍ എല്ലാം ആകുമോ...അമേരിക്കയിലെ തുല്ല്യാവകശപോരാട്ടങ്ങളെ നയിച്ച ആറുപേരില്‍ ഒരാളായിരുന്നു ലൂയിസ് എന്നു പറയുമ്പോള്‍ ആ ജീവിതത്തിന്റെ വലുപ്പം ബോദ്ധ്യമാകുമോ എന്തോ... 1963 ലെ വാഷിംഗ്ടന്‍ യോഗത്തില്‍ ഐ ഹാവ് ഏ ഡ്രിം എന്ന മാര്‍ട്ടില്‍ ലൂഥര്‍ കിംഗിന്റെ പ്രസഗത്തിനു സാക്ഷിയും, ആ യോഗത്തിലെ ഒരു പ്രസംഗികനുമായിരുന്ന ജോണിനന്ന് 23 വയസേ കാണു. വെള്ളവും വെളിച്ചവും ഇല്ലാത്ത ഒരു ഗ്രാമത്തില്‍ നിന്നും പതിഞ്ചാം വയസുമുതല്‍ സമരമുഖത്തേക്കിറങ്ങിത്തിരിച്ചവന്റെ വഴിത്തിരിവ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിനെ കണ്ടുമുട്ടിയതെന്ന് ജോണ്‍ പറയുന്നു. ഇന്ത്യയില്‍ ഗാന്ധിജിയെ കണ്ടുമുട്ടിയ അനേകായിരം ചെറുപ്പക്കാര്‍ സാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതുപോലെ... രണ്ടുപേരും ഗാന്ധിയുടെ നോണ്‍വയലന്‍സ് പ്രാസ്ഥാനത്തില്‍ ഹൃദയം ഉറപ്പിച്ചവരായിരുന്നു. അല്ലെങ്കില്‍ ഒരേ വണ്ടിയിലെ യാത്രക്കാര്‍.

Read More: https://emalayalee.com/writer/119

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക