Image

ചില ജീവിത വിചാരങ്ങൾ : പി. സീമ

Published on 14 October, 2024
ചില ജീവിത വിചാരങ്ങൾ :  പി. സീമ

ഏകാന്തതയെ ഭയമുണ്ടോ?  എങ്കിൽ ഈ ചോദ്യങ്ങൾ നിങ്ങളോട് തന്നെ ചോദിച്ചു നോക്കു...നിങ്ങൾ സ്വയം നിങ്ങളെ സ്നേഹിക്കുന്നവർ ആണോ?  സ്വയം സ്നേഹിക്കുന്നതിനേക്കാൾ മൂല്യം മറ്റെന്തിനാണ്‌ ഉള്ളത്?

സ്നേഹിക്കു നിങ്ങളെ തന്നെ.നിങ്ങൾക്കായി താളം തെറ്റാതെ മിടിയ്ക്കുന്ന ഹൃദയത്തിന്റെ സ്പന്ദനങ്ങളെ,

ഈ ഭൂമിയും ആകാശവും കടലും ഋതുഭേദങ്ങളും   നിർലോഭം നിങ്ങൾക്കായി  മാറി മാറി കാഴ്ച വെയ്ക്കുന്ന മിഴികളെ..

കാറ്റിന്റെയും കിളികളുടെയും ചിറകൊച്ചകളെ നിങ്ങളിലേക്ക് ആവാഹിക്കുന്ന കർണ്ണപുടങ്ങളെ

നിങ്ങൾക്കുള്ളിലെ നിങ്ങളെ...

നാം തനിച്ച് വന്നവർ തിരികെയും തനിച്ച് പോകേണ്ടവർ... അപ്പോൾ  യഥാർത്ഥത്തിൽ നാം  ഏറ്റവും അധികം സ്‌നേഹിക്കേണ്ടതു നമ്മളെത്തന്നെ അല്ലേ?  

കാതോർക്കാൻ മറ്റൊരാൾ ഇല്ലാതായാൽ, കാത്തിരിക്കാൻ ഇനിയൊരാൾ ഇല്ലാതായാൽ നിങ്ങൾ  ഒരിക്കലും  തനിച്ചാകില്ല. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത്‌ അപ്പോൾ നിങ്ങൾ തന്നെ ആയിരിക്കും.

ചാരം മൂടിയ പട്ടടയിൽ മറ്റാര് വരും നിങ്ങൾക്ക് കൂട്ടായി? മരിച്ചാൽ ആത്മാവ് പോലും കൂടു വിട്ട് മറ്റൊരു കൂടു തേടുമ്പോൾ ദേഹം മാത്രമല്ലേ ചിതയിൽ എരിയാൻ ഒപ്പം വരൂ..

നട്ടുച്ചകളിലും ഇരുളിലും നിഴൽ പോലും  കൂട്ടില്ലാതാകുമ്പോഴും ഈ ദേഹം അല്ലേ നിങ്ങളെയും പേറി ജീവിതത്തിന്റെ വിവിധ അരങ്ങുകളിൽ കണ്ണീരും പുഞ്ചിരിയുമായി നിങ്ങൾക്ക് വേണ്ടി പല വേഷങ്ങളും അണിഞ്ഞു നൃത്തമാടുന്നത് തൊലിപ്പുറത്തുള്ള ചുളിവുകൾക്ക് കറുത്ത കൺ തടങ്ങൾക്ക് അപ്പോൾ നിങ്ങളോട് ഒരുപാട് കഥകൾ പറയാനുണ്ടാകും. 
ഏകാന്തതയെ പരമമായ അവാച്യമായ ഒരു അനുഭൂതിയാക്കി മാറ്റിയാൽ   ഓരോ ഓർമ്മയും നിങ്ങളോട് സംസാരിക്കും. ഇടയ്ക്ക് ബാല്യത്തിലെ പത്തു വയസ്സുകാരിയാകാം പതിനേഴിന്റെ പ്രണയമാകാം, കുടുംബസ്ഥരാകാം, വാത്സല്യമാകാം, താരാട്ടാകാം മാതൃത്വമാകാം..ഇതിനൊക്കെ കൂട്ട് ഈ ദേഹം ഒന്നല്ലേ  ഉള്ളൂ .ഇല്ലെങ്കിൽ ഈ നമ്മൾ തന്നെ ഇല്ലല്ലോ....അപ്പോൾ ഏറ്റവുമേറെ നാം നമ്മളെ തന്നെ സ്നേഹിക്കുക.  പിന്നെ അന്യരുടെ വേദനകളെ ചേർത്തു പിടിക്കുക അവർക്കു കൂട്ടാകുക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക