ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്സ് എക്‌സിന് ബഹിരാകാശരംഗത്ത് ചരിത്ര നേട്ടം. സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ 71 മീറ്റർ ഉയരമുള്ള ബൂസ്റ്ററിനെ കടലില്‍ ലാന്‍ഡ് ചെയ്യിക്കുന്നതിന് പകരം ലോഞ്ച് പാഡില്‍ തന്നെ വിജയകരമായി തിരികെയെത്തിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ നിര്‍ണായകമാണ് ഈ പരീക്ഷണ വിജയം. കടലില്‍ ലാന്‍ഡ് ചെയ്യുന്നതിന് പകരം ലോഞ്ച് പാഡില്‍ തന്നെ റോക്കറ്റ് ബൂസ്റ്റര്‍ കമ്ബനി തിരികെയെത്തിക്കുന്നത് ഇതാദ്യമായാണ്. സ്‌പെയ്‌സ് എക്‌സ് തങ്ങളുടെ ചെറിയ ഫാല്‍ക്കണ്‍ 9 റോക്കറ്റുകളുടെ ആദ്യഘട്ട ബൂസ്റ്ററുകള്‍ ഈ രീതിയില്‍ കഴിഞ്ഞ ഒമ്ബത് വര്‍ഷമായി വീണ്ടെടുക്കുന്നുണ്ട്.
https://twitter.com/i/status/1845446365717156265
മസ്‌ക് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പാറ്റ്‌ഫോമായ എക്‌സിലൂടെ ഈ ചരിത്രനേട്ടത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപിച്ച് ഏഴ് മിനിറ്റുകള്‍ക്ക് ശേഷം വിക്ഷേപണത്തറയുടെ ലോഹക്കൈകളില്‍ ബൂസ്റ്റര്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു. 'ചോപ്സ്റ്റിക്കുകള്‍' എന്നാണ് ഭീമാകാരമായ ഈ ലോഹക്കൈകള്‍ അറിയപ്പെടുന്നത്.
തങ്ങളുടെ നേട്ടത്തില്‍ സ്‌പേസ് എക്‌സിന്റെ എഞ്ചിനീയര്‍മാരും സന്തോഷം പങ്കുവെച്ചു. ''ഇന്ന് നമ്മള്‍ കണ്ടത് ഈ യുഗത്തിലെ മാജിക്കാണ്. എനിക്ക് ഇപ്പോഴും കുലുങ്ങുന്നത് പോലെ അനുഭവപ്പെടുന്നു,'' വിക്ഷേപണം നടത്തിയ സ്ഥലത്തിന് സമീപത്തുനിന്നും ലാന്‍ഡിംഗ് നിരീക്ഷിച്ച സ്‌പേസ് എക്‌സിന്റെ ഡാന്‍ ഹൂട്ട് പറഞ്ഞു. ഇത് എഞ്ചിനീയറിംഗ് ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന ദിനമാണിതെന്ന് കാലിഫോര്‍ണിയയിലെ ഹത്തോണിലുള്ള സ്‌പേസ് എക്‌സ് ആസ്ഥാനത്തുനിന്ന് സ്‌പേസ് എക്‌സിന്റെ എഞ്ചിനീയറായ കേറ്റ് ടൈസ് പറഞ്ഞു.
വിക്ഷേപണത്തറയിലേക്ക് ബൂസ്റ്റര്‍ വിജയകമായി തിരികെയെത്തിച്ചതോടെ ബഹിരാകാശ വിനോദസഞ്ചാരത്തിന് താത്പര്യമുള്ളവര്‍ക്കും ബഹിരാകാശത്തുനിന്ന് മടങ്ങി വരുമ്ബോള്‍ ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡിംഗ് നടത്താനുള്ള ഗവേഷകരുടെ ശ്രമങ്ങള്‍ക്കും പ്രതീക്ഷയുടെ തിരികൊളുത്തിയിരിക്കുകയാണ്. സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണ പറക്കലിലാണ് സ്‌പെയ്സ് എക്‌സ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. കൂടുതല്‍ ചരക്ക് ബഹിരാകാശ ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ കഴിയുന്ന പൂര്‍ണമായി പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിക്കാനുള്ള കമ്ബനിയുടെ ലക്ഷ്യത്തില്‍ ഏറ്റവും പുതിയ മുന്നേറ്റമാണ് ഈ 'ക്യാച്ച്-ലാന്‍ഡിംഗ്' രീതി. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങള്‍ ഉപയോഗിച്ച് മനുഷ്യനെ ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും എത്തിക്കാനും മസ്‌കിന്റെ സ്‌പെയ്സ് എക്‌സ് ലക്ഷ്യമിടുന്നു.