ഭരണഘടന അനുസരിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിക്കാതെ ഒരു കാര്യവും നടക്കില്ല. 15 അംഗ കൗണ്‍സിലില്‍ ആകട്ടെ 12 പേര്‍ പരസ്യമായി പി.ടി.ഉഷയ്ക്ക് എതിരാണ്. രണ്ടുപേര്‍ നിശബ്ദത പാലിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഐ.ഒ.എ.ഭരണസമിതിയില്‍ പി.ടി.ഉഷ ഒറ്റപ്പെട്ട സ്ഥിതിയാണ്. അതിനു പിന്നാലെയാണ് ഐ.ഒ. എയ്ക്കുള്ള ഒളിംപിക് സോളിഡാരിറ്റി ഗ്രാന്റ് തടഞ്ഞുകൊണ്ടു രാജ്യാന്തര ഒളിംപിക് കമ്മിറ്റി രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് ഐ.ഒ.സി. എക്‌സിക്യൂട്ടീവ് ബോര്‍ഡ് തീരുമാനമെടുത്തത് കഴിഞ്ഞ എട്ടിനാണ്. 11ന് ഐ.ഒ.എ.യെ അവര്‍ രേഖാമൂലം വിവരം അറിയിച്ചു.
കഴിഞ്ഞ നാലു വര്‍ഷമായി സോളിഡാരിറ്റി ഗ്രാന്റ് ആയി ഏതാണ്ട് 8.5 കോടി രൂപയാണ് ഇന്ത്യക്കു ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ഏതാനും മാസമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐ.ഒ.സി. നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും അതിനാലാണ് കടുത്ത നടപടിയെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ കത്ത് ഉഷയ്ക്കു മാത്രമല്ല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും ലഭിച്ചു എന്നതാണു ശ്രദ്ധേയം. പരസ്പരമുള്ള ആരോപണങ്ങള്‍ എന്ന് ഐ.ഒ.സി. വിലയിരുത്തുമ്പോള്‍ തീരുമാനം ഏകപക്ഷീയമാകില്ലെന്നു ചുരുക്കം.
ട്രഷറര്‍ സഹദേവ് യാദവിനെ പഴിചാരി ഉഷ പ്രസ്താവന ഇറക്കി. സെപ്റ്റംബര്‍ 26നു ഉഷ വിളിച്ചു ചേര്‍ത്ത എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ രഘുറാം അയ്യരെ സി.ഇ.ഒ. ആയി നിയമിച്ചത് അംഗീകരിക്കാതെ അലസിപ്പിയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 25ന് പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ചുകൊണ്ട് ഒക്ടോബര്‍ മൂന്നിന് പി.ടി.ഉഷ നോട്ടീസ് ഇറക്കി. എന്നാല്‍ പി.ടി. ഉഷയ്‌ക്കെതിരെ അവിശ്വാസപ്രമേയം കൂടി അജന്‍ഡയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ജോയിന്റ് സെക്രട്ടറി കല്യാണ്‍ ചൗബേ പ്രത്യേക പൊതുയോഗത്തിനു നോട്ടീസ് ഇറക്കി. രഘുറാം അയ്യരെ അംഗീകരിക്കാതെ, താല്‍ക്കാലി സി.ഇ.ഒ. ചൗബേയ്ക്ക് തുടര്‍ അധികാരം നല്‍കിക്കൊണ്ട് എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ 12 പേര്‍ തീരുമാനമെടുത്തിരുന്നു. ഇക്കാര്യം
അവര്‍ ഐ.ഒ.സിയെയും അറിയിച്ചു.
ചൗബേയുടെ നടപടി നിയമവിരുദ്ധവും അനുവദാമില്ലാത്തതുമെന്നാണ് ഉഷയുടെ വാദം ഐ.ഒ.എ. ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 8.1 പ്രകാരം പ്രസിഡിന്റിന്റെ നിര്‍ദ്ദേശ പ്രകാരം സി.ഇ.ഒ.യാണ് യോഗം വിളിയ്‌ക്കേണ്ടത്. ഇവിടെ ആരാണ് യഥാര്‍ത്ഥ സി.ഇ.ഒ. എന്നതാണ് പ്രശ്‌നം. എക്‌സിക്യൂട്ടീവിന്റെ തീരുമാനപ്രകാരവും സി.ഇ.ഒ.യ്ക്ക് യോഗം വിളിക്കാം. അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ അംഗങ്ങളില്‍ നാലില്‍ മൂന്നിന്റെ സാന്നിധ്യം വേണം. വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് അനുകൂലിക്കുകയും വേണം. പക്ഷേ, ആറ് സംഘടനകളുടെ പ്രതിനിധികളുടെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടും. കാരണം ആറ് ഫെഡറേഷനുകളുടെ ഭരണം തര്‍ക്കത്തിലാണ്.
കഴിഞ്ഞ ജനുവരി 15നാണ് രഘുറാം അയ്യര്‍ ഐ.ഒ.എ.യില്‍ സി.ഇ.ഒ. ആയി ചുമതലയേറ്റത്. നിയമനം ജനുവരി അഞ്ചിന് കൗണ്‍സില്‍ അംഗീകരിച്ചിരുന്നെന്ന് ഉഷ വാദിക്കുന്നു. എന്തായാലും പ്രതിമാസം 20 ലക്ഷം രൂപയായി നിശ്ചയിക്കപ്പെട്ട ശമ്പളം ഇനിയും അദ്ദേഹത്തിനു കിട്ടിയിട്ടില്ല. ഇതിനിടയ്ക്കാണ് റിലയന്‍സ് ഇന്ത്യ ലിമിറ്റഡുമായി ഉണ്ടാക്കിയ കരാറില്‍ ഐ.ഒ.എയ്ക്ക് 24 കോടി രൂപ നഷ്ടമുണ്ടായെന്ന സി.എ.ജി.യുടെ കണ്ടെത്തല്‍ വരുന്നത്. ഫലത്തില്‍ പി.ടി.ഉഷയും റിലയന്‍സും ഒരു വശത്തും മറ്റുള്ളവര്‍ എതിരും എന്നതാണു സ്ഥിതി.
കേന്ദ്രസര്‍ക്കാറിനെ ഇടപെടുത്തി പ്രശ്‌നം പരിഹരിക്കാനായിരിക്കും പി.ടി.ഉഷ ശ്രമിക്കുക. പക്ഷേ, സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായാല്‍ ഐ.ഒ.എ.യുടെ അംഗീകാരം പോകും. അതുകൊണ്ട് പരസ്യമായി രംഗത്തിറങ്ങാന്‍ കേന്ദ്ര കായിക മന്ത്രാലയമോ ഭരണകക്ഷിയോ തയ്യാറാകില്ല. അവര്‍ക്ക് പ്രധാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 2036 ലെ ഒളിമ്പിക്‌സ് ഇന്ത്യയില്‍ നടത്തുക എന്നതാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഒക്ടോബര്‍ 25ലെ പ്രത്യേക ജനറല്‍ ബോഡി യോഗം അലസിപ്പിരിയാനാണു സാധ്യത. ചിലപ്പോള്‍ നടന്നില്ലെന്നും വരാം.