Image

ഖലിസ്ഥാന്‍ വിഘടനവാദി നേതാവിനെ വധിക്കാന്‍ ശ്രമം; മുന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ എഫ്ബിഐ

Published on 18 October, 2024
ഖലിസ്ഥാന്‍ വിഘടനവാദി നേതാവിനെ വധിക്കാന്‍ ശ്രമം; മുന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ എഫ്ബിഐ

വാഷിങ്ടണ്‍;  ഇന്ത്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെതിരെ അമേരിക്ക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ അമേരിക്കയില്‍ വെച്ച്‌ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് 
റോ മുന്‍ ഉദ്യോഗസ്ഥന്‍ വികാസ് യാദവിനെതിരെ എഫ് ബി ഐ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.പന്നൂനെ ന്യൂയോര്‍ക്കില്‍ വെച്ച്‌ വധിക്കാന്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ശ്രമിച്ചുവെന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ കണ്ടെത്തല്‍. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഇന്ത്യ , ഇക്കാര്യത്തില്‍ തെളിവുകളൊന്നുമില്ലെന്നും വ്യക്തമാക്കി

വധശ്രമത്തിന്റെ മുഖ്യ ആസൂത്രകന്‍ ഹരിയാന സ്വദേശിയായ, വികാസ് യാദവ് എന്ന മുന്‍ റോ ഏജന്റാണെന്നാണ് എഫ്ബിഐ കുറ്റപത്രത്തില്‍ പറയുന്നത്. അമേരിക്കയില്‍ പന്നൂനെ വധിക്കാനായി വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയെന്നും ഒരു ലക്ഷം ഡോളറിന്റേതായിരുന്നു ക്വട്ടേഷനെന്നുമാണ് അമേരിക്കന്‍ ആരോപണം.വാടകക്കൊലയാളികളെ അറസ്റ്റ് ചെയ്തതായും അമേരിക്ക പറയുന്നു.

അതേസമയം, വികാസ് യാദവ് നിലവില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്‍പ്പെട്ടയാള്‍ ഇന്ത്യയുടെ ഒരു സര്‍വീസിലും ഉള്ളയാളല്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക