വാക്കുകളുടെ വേരുകൾ തേടി
നിഗൂഢത നിഴൽ വിരിക്കുന്ന
മനുഷ്യ മനസ്സുകളുടെ
ഉൾക്കാട്ടിലേക്കൊന്നി-
റങ്ങി നോക്കണം ....
വാത്സല്യത്തിന്റെ
അമ്മച്ചൂടിൽ,
താരാട്ടുശീലുകൾ
കേട്ടുറങ്ങുന്ന
ചില വാക്കുകളുടെ
പതിഞ്ഞ താളത്തിലുള്ള
കുറുകൽ കേൾക്കാം
കരുതലിന്റെ
മറയേറ്റി നിൽക്കുന്ന
ചൂടണയാത്ത
അച്ഛൻ നിഴലിൽ
തണൽ തേടുന്ന
ചില വാക്കുകളുടെ
അടങ്ങാത്ത കിതപ്പറിയാം
ഇഷ്ടങ്ങളെ മാറോടു
ചേർത്ത്
കെട്ടിപ്പുണർന്നിരിപ്പുണ്ട്
വഴിയരികെ
കരിയിലകൾക്കിടയിൽ
എല്ലാം മറന്ന
ചില വാക്കുകൾ
സൗഹൃദത്തിന്റെ
സ്നേഹചൂടിലേക്ക്
ഉൾവലിഞ്ഞ്,
അലിഞ്ഞിരിപ്പുണ്ട്
ഓർമ്മപച്ചകൾക്ക് പിന്നിൽ
ചില നിറം മങ്ങാത്ത വാക്കുകൾ
പ്രണയത്തിന്റെ
ലാസ്യഭാവത്തിൽ ഇടതൂർന്ന
ഇലകൾക്കിടയിലൂടെ
അരിച്ചെത്തുന്ന നനുത്ത
ഇള വെയിൽ കായുന്നുണ്ട്
ഇതൾ വിടരാത്ത
ചില വാക്കുകൾ
സ്നേഹത്തിന്റെ അലകളിൽ
ഒരു വസന്തം തീർക്കാൻ
ഒരുങ്ങിയിറങ്ങുന്നുണ്ട്
താഴ് വാരത്തിൽ
ഇണചേരാനായ് വീണ്ടും
ചില മോഹവാക്കുകൾ
സങ്കടത്തിന്റെ തടയണ
തകർത്ത് നീർ ചോലയിലേക്ക്
പെയ്തിറങ്ങാൻ
വെമ്പൽ കൂട്ടുന്നുണ്ട്
കുറെ മുറിവേറ്റ വാക്കുകൾ
പടർന്ന് പന്തലിച്ച
ക്രൗര്യത്തിന്റെ
കപടതയിൽ മുഖം മറച്ച്
തറഞ്ഞു കയറാനായ്
തക്കം പാർത്തിരിപ്പുണ്ട്
ചില മൂർച്ചയേറിയ വാക്കുകൾ
ക്രോധത്തിന്റെ
വാൾമുന രാകിചേർത്ത്
പതിയിരിപ്പുണ്ട്
ഇരുൾ വീണ വഴികളിൽ
അവസരങ്ങൾ കാത്ത്
ചില വാക്കുകൾ
വെറുപ്പിന്റെ ചീളുകൾ
തട്ടി മുറിഞ്ഞ നോവിൽ
പിടയുന്ന നീറ്റലിനെ
വൃഥാ തലോടുന്ന,
പാതിവഴിയിൽ ഉപേക്ഷിച്ച
ചില വാക്കുകളുടെ
തേങ്ങൽ കാതോർത്താൽ
കേൾക്കാം
തിരിച്ചറിവിന്റെ
നിസ്സഹായതയിൽ
നിസ്സംഗരായി,
നിശ്ശബ്ദരായി
തലകുനിച്ചിരിപ്പുണ്ട്
വിവേകമില്ലായ്മയിൽ കൈവിട്ട് പോയ ചില
വിഷവാക്കുകൾ ......