Image

അവൾ (കവിത: ദീപ ബിബീഷ് നായർ)

Published on 21 October, 2024
അവൾ (കവിത: ദീപ ബിബീഷ് നായർ)

വിണ്ടുകീറിക്കിടക്കുന്ന മണ്ണിലേയ്ക്ക് പുതുമഴ പെയ്തിറങ്ങുന്ന ആവേശത്തിലാണ് അവനവളിലേയ്ക്കെത്തിയത് .....

കാത്തിരുന്ന ജലകണങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ മോഹങ്ങളാകുന്ന പുൽനാമ്പുകൾ അവളിൽ മുളച്ചുപൊന്തുകയായിരുന്നു....

കതിരാണോ പതിരാണോ എന്നറിയാതെ മുളച്ചവയൊക്കെയും കൂടുതൽ ആഴത്തിലേക്ക് വേരുകളുറപ്പിക്കുന്നത് അവളറിഞ്ഞിരുന്നു.....

വലയിലേക്ക്  മീനിനെയാകർഷിക്കുന്നതു പോലെ അവൻ തപസിരിക്കുകയായിരുന്നു എന്നു വേണം പറയേണ്ടത്.....

ഏതോ മായാലോകമെന്ന പോലെ അവളുടെ
ഊണും ഉറക്കവുമെല്ലാം അവൻ കവർന്നിരുന്നു....

തിങ്കളിന് ചന്ദ്രിക പോലെ അവളുടെ
കിനാവുകൾക്ക് വെളിച്ചമായി അവൻ നിറഞ്ഞു നിന്നിരുന്നു.....

കണ്ടതൊക്കെ വെറും കിനാവായിരുന്നു എന്നറിയാൻ അവൾക്ക് വർഷങ്ങൾ വേണ്ടിവന്നു....

അന്നുവരെ കാണാത്ത ഒരപരിചിതനെപ്പോലെ അയാളകലുന്നത് അവൾക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു....

അവളുടെ അഴകിനെ ആത്മാവായി കണ്ടിരുന്നവൻ പലതും പറഞ്ഞ് അവളെ അപമാനിക്കുമ്പോൾ സത്യവും മിഥ്യയും തിരിച്ചറിയാനാകാതെ അവളുരുകുകയായിരുന്നു......

പുഴുക്കുത്തേറ്റ് ദലങ്ങളടരുന്നതുപോലെ അവളുടെ സ്വപ്നങ്ങളോരോന്നായി കൊഴിഞ്ഞു വീഴാൻ തുടങ്ങിയിരുന്നു.....

ആശകൾ നശിച്ചുപോയ അവളൊടുവിലൊരുദിനം ചിറകറ്റ ശലഭമായി മണ്ണിലേക്ക് പതിക്കുകയായിരുന്നു.......

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക