അമേരിക്കയിൽ ഇപ്പോൾ ശരത്കാലമാണ്. വേനലിൽ നിന്നും തണുപ്പിലേക്കുള്ള മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രസന്ന കാലം. വീഴാൻ വേണ്ടി പഴുത്ത് നിൽക്കുന്ന ഇലകൾ. കാറ്റിന്റെ മൂളൽ. താഴെ വീഴുന്ന ഇലകൾ പറക്കുന്ന ശബ്ദം. സന്ധ്യ മയങ്ങി വരുന്നതിനുപകരം പെട്ടെന്ന് ഓടിയെത്തുന്ന സമയം. ഈ കാലത്താണ് ഹാലോവീൻ എന്ന ആഘോഷം വരുന്നത്. വിശുദ്ധൻ എന്നർഥമുള്ള ഹാലോ (Hallow) വൈകുന്നേരം എന്ന അർഥം ഉള്ള ഈവിനിങ് (evening)എന്നീ പദങ്ങളിൽ നിന്നാണ് ഹാലോവീൻ (Halloween) എന്ന പദം രൂപം കൊണ്ടത്.ആത്മാക്കളുടെ ദിനമാണ് ഹാലോവീൻ (Halloween Day). ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കൾ വീടുകൾ സന്ദർശിക്കാൻ എത്തുമെന്നാണ് വിശ്വാസം. അവരെ സ്വീകരിക്കാൻ പ്രച്ഛന്ന വേഷങ്ങളിൽ മനുഷ്യർ ഒരുങ്ങി നടക്കും. വിശുദ്ധരുടെ തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31 നു ഈ ആഘോഷം കൊണ്ടാടുന്നു.ഹാലോവീൻ എന്നാൽ ആൾ ഹാലോസ് ഈവ് എന്നാണു.
ശരത്കാല നീലിമ ചാരുത പകരുന്ന ആകാശത്തുകൂടെയായിരിക്കും ആത്മാക്കളുടെ വരവ് എന്നാലോചിച്ചപ്പോൾ തോന്നി, ഒരു പക്ഷെ അവരൊക്കെ ഭൂമിയിൽ എത്തിച്ചേർന്നു കാണുമെന്നു. പ്രേതങ്ങളെ പേടിയായിരുന്നെങ്കിലും അവരെ ഇഷ്ടമായിരുന്നു. സന്ധ്യക്ക് വിളക്ക് വച്ച് തൊഴുമ്പോൾ തിരിനാളങ്ങൾ പരത്തുന്ന നിഴലിൽ ചിലപ്പോൾ ആൾ രൂപങ്ങൾ കാണാറുണ്ട്. അവയൊന്നും മനസ്സ് രൂപപ്പെടുത്തുന്നതല്ല, മറിച്ച് തനിയെ പ്രത്യക്ഷപ്പെടുന്നതാണ്. പ്രേതങ്ങൾ ഇപ്പോഴും വെള്ളസാരി ചുറ്റിവരുന്ന സുന്ദരിമാരായിട്ടാണ് നമ്മളൊക്കെ കാണുന്നത്. നിലവിളക്കിലെ തിരി കെടാറായി. വിളക്ക് പൂർണ്ണമായി തനിയെ കെട്ടതിനുശേഷമേ വൈദ്യുതി വിളക്കുകൾ തെളിയിക്കാവു എന്നാണു മുത്തശ്ശിയുടെ ഉപദേശം. വിളക്ക് വയ്ക്കുന്ന മുറിയിൽ ഇരുട്ടിന്റെ നേർമ്മയുള്ള ഒരു കറുപ്പ് പരന്നു. നിലവിളക്ക് അണഞ്ഞുപോയി. ചന്ദനത്തിരിയുടെ സുഗന്ധം. "അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം" . മനസ്സിൽ ഒരു സന്ധ്യാവന്ദനത്തിന്റെ വരികൾ തെളിഞ്ഞു. മനസ്സിൽ പേടി നിറയുകയാണോ? ഒരു നിഴൽ അനങ്ങിയപോലെ. കുട്ടിയായിരുന്നപ്പോൾ പേടി മാറാൻ അർജുനന്റെ പത്തു പേരുകൾ ഉരുവിടാൻ മുതിർന്നവർ ഉപദേശിച്ചിരുന്നു. അർജുനന്റെ പത്തുപേരുകൾ മുഴുവൻ ഇപ്പോൾ ഓർമ്മയില്ല. അല്ലെങ്കിൽ തന്നെ ആ പേരുകൾ ഉരുവിടുമ്പോൾ പേടി മാറുന്നത് മനസ്സ് അപ്പോൾ അതിൽ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ്. പേടി അവിടെ തന്നെ പുഞ്ചിരിച്ചു നിൽപ്പുണ്ടാകും.
ഭാര്യയും കുട്ടികളും താഴത്തെ നിലയിലാണ്. ഈ പ്രായത്തിൽ പേടി എന്ന് പറഞ്ഞാൽ അവരൊക്കെ പരിഹസിക്കും. കൂട്ടുകാരെ ആരെയെങ്കിലും ഫോണിൽ വിളിക്കാമെന്ന് കരുതി ഫോൺ എടുക്കാൻ തിരിഞ്ഞപ്പോൾ ആരോ കയ്യിൽ പിടിച്ചു. ഒരു മൃദുലസ്പർശനം. കുറെ കുപ്പിവളകൾ കിലുങ്ങി. കുറച്ചുനേരത്തേക്ക് ആരെയും കണ്ടില്ല. ഒരു നെടുവീർപ്പിന്റെ ശബ്ദം. പിന്നെ അവരുടെ രൂപം മുന്നിൽ തെളിഞ്ഞു. കൂടെ പഠിച്ചിരുന്ന രാധാമണി. എനിക്കൊരു പ്രേമലേഖനം എഴുതിത്തരു കലാകാരാ എന്ന് പറഞ്ഞ ദാവണി ചുറ്റിയ പെൺകുട്ടി. ഇപ്പോൾ അവൾ സെറ്റ് മുണ്ടൊക്കെ ഉടുത്ത് പണ്ടത്തേക്കാൾ സുന്ദരിയായിരിക്കുന്നു. “ഇരിക്കൂ, ഭാര്യയെ വിളിക്കാം. എങ്ങനെ ഉള്ളിൽ വന്നു?” അവളുടെ കണ്മുനകൾക്ക് വല്ലാത്ത വശ്യശക്തി. അവളുടെ നോട്ടവും ഭീതി ജനിപ്പിക്കുംവിധം. “ആരെയും വിളിക്കണ്ട. നീയും ഞാനും മതി. എങ്ങനെ ഇവിടെ?” അപ്പോഴാണ് അവൾ ഒരു നിഴൽപോലെ അവ്യക്തയായത്. “നിങ്ങൾ എന്നെ പ്രണയിച്ചിരുന്നു. ഞാനും. പക്ഷെ നമ്മുടെ പ്രേമം പൂവണിഞ്ഞില്ല. എന്നെ വേറെ ആരോ കെട്ടി ബന്ധിച്ചു. നീയും അങ്ങനെയല്ലേ. ഞാൻ മരിച്ചിട്ട് രണ്ടു വർഷമായി. ഇപ്പോഴാണ് ഇങ്ങോട്ട് എത്താൻ കഴിഞ്ഞത്.ഈ രണ്ടുവർഷക്കാലംകൊണ്ട് ഒരു കാര്യം എനിക്ക് മനസ്സിലായി. ഇപ്പോൾ പ്രേതങ്ങൾ അവശ നിലയിലാണ്. ഞാൻ കരുതിയിരുന്നത് മരിച്ചു കഴിഞ്ഞാൽ ഞങ്ങൾക്ക് സ്വച്ഛന്ദം വിഹരിക്കാമെന്നാണ്. കുസൃതിക്കാരാണെങ്കിൽ ജീവിക്കുന്ന മനുഷ്യരെ പേടിപ്പിച്ച് രസിക്കാമെന്നു. എന്നാൽ മരിച്ചുകഴിഞ്ഞപ്പോഴല്ലേ സത്യാവസ്ഥ മനസ്സിലായത്. ഇപ്പോൾ ഞങ്ങൾ പ്രേതങ്ങളെ മനുഷ്യർക്ക് യാതൊരു വിലയുമില്ല. കൂടാതെ കുറെ ബുദ്ധിജീവികൾ ഇരുന്നു പ്രേതം എന്നൊന്നില്ലെന്നു സ്ഥാപിക്കുന്നു. നിങ്ങൾക്ക് ബോധ്യമായില്ലേ ഒരു പ്രേതം നിങ്ങളുടെ മുന്നിൽ നിന്ന് സംസാരിക്കുമ്പോൾ അങ്ങനെ ഒരു കൂട്ടർ ഉണ്ടെന്നു.”
മുന്നിലിരിക്കുന്നത് പ്രേതമാണെന്നു എനിക്ക് തോന്നിയില്ല. മുല്ലമൊട്ടുകൾ പോലെ സുന്ദരമായ പല്ലുകൾ ഉള്ള ചുരുളൻ മുടിയുള്ള ചന്ദനനിറമുള്ള സുന്ദരി,. പക്ഷെ അവരുടെ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ശൂന്യതയുണ്ട്. അഴകിൽ കുറവ് വന്നപോലെയുണ്ട്. അവൾ വീണ്ടും പറഞ്ഞു ഇപ്പോൾ ഞങ്ങൾ ഒരാളുടെ മുന്നിൽ അവനെ പേടിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നിന്നാലും അവൻ അറിയുന്നില്ല. എല്ലാവരും എന്തോ സ്വയം പ്രകാശിക്കുന്ന ഒരു കൊച്ചു ചതുര കഷ്ണം കയ്യിൽ വച്ച് ആകാംക്ഷഭരിതരായി ഇരിക്കുന്നു ചുറ്റും സംഭവിക്കുന്നത് അറിയുന്നില്ല. ഞങ്ങൾ അഖിലലോക പ്രേതസമാജ ഭാരവാഹികൾ ഈ വിഷമാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗം ആലോചിച്ഛ് കണ്ടെത്തിയിട്ടുണ്ട്.അതിനായി എന്നെ നിയോഗിച്ചിരിക്കുന്നു. നീ എന്നെ ഒരിക്കൽ സ്നേഹിച്ചിരുന്നതുകൊണ്ട് എന്റെ അപേക്ഷ നീ നിരസിക്കയില്ലെന്നു ഞങ്ങൾ പ്രേത സമാജഭാരവാഹികൾ വിശ്വസിക്കുന്നു. അതുകൊണ്ട് നീ ഞങ്ങളെ സഹായിക്കണം.”
നാട്ടിലേക്കുള്ള ഫ്‌ളൈറ്റിൽ ഇരിക്കുമ്പോൾ ആലോചിച്ചത് സ്നേഹിച്ച പെണ്ണുങ്ങൾ വിട്ടുപോയാലും ഒരു നാൾ നമ്മെ തേടി വരുമെന്നാണ്. രാധാമണിയെ സഹായിക്കണമെങ്കിൽ നീലഗിരി വരെ പോകണം. കർണാടകയിലും,തമിഴ് നാട്ടിലും കേരളത്തിലും സ്ഥിതിചെയ്യുന്ന പർവ്വതനിരയുടെ പേരാണ് നീലഗിരി. അവിടെയാണ് നീലകൊടുംവേലി എന്ന ഔഷധസസ്യം വളരുന്നത്. ഈ സസ്യമാണ് രാധാമണി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സസ്യത്തിന് മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവുണ്ട് എന്ന് വിശ്വസിക്കുന്നു. പ്രേതങ്ങൾക്ക് വീണ്ടും ഭൂമിയിൽ ജീവിക്കാൻ ആഗ്രഹം. അവർക്ക് നീലകൊടുംവേലി ശേഖരിക്കാൻ പ്രാപ്തിയില്ലാത്തതുകൊണ്ട് ഒരു മനുഷ്യന്റെ സഹായം ആവശ്യപ്പെട്ടിരിക്കയാണ്.
നീലഗിരിയുടെ സഖികളെ ജ്വാലാമുഖികളെ എന്ന് പാടി മേലെ ആകാശത്തു ചുറ്റിക്കറങ്ങുന്ന മേഘങ്ങളും നീലനിറമാർന്ന മലനിരകളും തണുപ്പും അനുഭവിച്ച് ഒരു നാട്ടുവൈദ്യൻ പറഞ്ഞ മൂപ്പന്റെ മകളെ തേടി പുറപ്പെട്ടപ്പോൾ ഊട്ടിപട്ടണത്തിന്റെ കാഴ്ചയും സുഖം പകർന്നു. കാട്ടുജാതിക്കാരുടെ ഭാഷയിൽ എങ്ങനെ സംസാരിക്കുമെന്നാലോചിച്ച് നിൽക്കുമ്പോൾ അതാ വെള്ളിച്ചിലങ്ക അണിഞ്ഞും കൊണ്ടൊരു പെണ്ണ്...അവളുടെ മഷിയെഴുതാത്ത മിഴികൾക്ക് എന്ത് കറുപ്പ്. എണ്ണമയമില്ലാത്ത ചുരുളൻ മുടികൾ അവളുടെ അഴകുള്ള മുഖത്ത് പാറികളിച്ചു. അവൾ ആംഗ്യഭാഷയിൽ ചോദിച്ചു.എന്തുവേണം. തമിഴ് അറിയുമോ എന്നും.
പറവയില്ലയ്, നീ മലയാളത്തിൽ സൊല്ലുങ്കോ. സമാധാനമായി. പെട്ടെന്ന് അവളോട് ചോദിച്ചു നീലകൊടുംവേലി വേണം. അതുകേട്ട് അവൾ സ്തബ്ധയായി. അത് തരാൻ പറ്റുകയില്ല. പിന്നെ അവൾ വയലാർ എഴുതിയപോലെ കാതിലോല തക്കയണിഞ്ഞു കല്ലുമാല മാറിലണിഞ്ഞു കന്നിമണ്ണിൽ കാൽ വിരൽ കൊണ്ടവൾ കളം വരച്ചു നിന്നു. അപ്പോൾ നീലകൊടുംവേലിയല്ല അവളുടെ മാദകഭംഗിയായിരുന്നു മനസ്സിൽ നിറഞ്ഞത്. രാധാമണിയോട് വാക്ക് പാലിക്കണം. പക്ഷെ ഈ കാട്ടുപെണ്ണ് അതിനു തയ്യാറല്ല. “വൈദ്യർ പറഞ്ഞിട്ടാണ്, നിന്റെ അച്ഛനോട് പോയി പറ”. അവൾ പറഞ്ഞു അച്ഛനോട് പറയേണ്ട കാര്യമില്ല. ഞാനാണ് ആ ചെടിയുടെ കാവൽക്കാരി. ഇവളും ഒരു നീലകൊടുംവേലി തന്നെ. മനസ്സെന്ന കുരങ്ങൻ ചുറ്റുപാടുമുള്ള ചില്ലകളിലേക്ക് ചാടികളിക്കാൻ തുടങ്ങിയപ്പോൾ ശൃങ്കാര മധു ഒലിക്കുന്ന ചുണ്ടുകളോടെ അവൾ അടക്കം പറഞ്ഞു. കാതലാ.. ആമാ എന്ന് പെട്ടെന്ന് പറഞ്ഞുപോയി. അപ്പോൾ അവളുടെ വെള്ളിച്ചിലങ്കകൾ കിലുങ്ങി. പാട്ടിന്റെ തുടക്കം പോലെ :നാണം എങ്ങും പൊട്ടിവിരിഞ്ഞു നാവിൽ നിന്നും മുത്ത് കൊഴിഞ്ഞു കരളിനുള്ളിൽ കണ്മുന കൊണ്ടവൾ കവിത കുറിച്ചു." രാധാമണിയും നീലകൊടുംവേലിയും അവളുടെ വശ്യസൗന്ദര്യത്തിന് മുന്നിൽ മറഞ്ഞുപോയി. അവളോട് ചോദിച്ചു നീ പോരുന്നോ കൂടെ.അപ്പോൾ അവൾ നിലം തൊടാതെ നിന്നു. സന്തോഷം കൊണ്ടല്ല. അവൾ ഒരു പ്രേതസുന്ദരിയായിരുന്നു. ഒരു ചിരി ചിരിച്ചുകൊണ്ടവൾ മറഞ്ഞുപോയി.
അകന്നുപോകുന്ന അവളുടെ ചിലങ്കയുടെ ശബ്ദം. പിന്നെ അത് അടുത്തേക്ക് തന്നെ വരുന്നു. എന്താണ് ഇരുട്ടത്ത് ഇരിക്കുന്നതെന്നു നല്ല മലയാളത്തിൽ ചോദ്യം. അപ്പോഴാണ് ശരിക്കും കണ്ണ് തുറക്കുന്നത്. അത് നൃത്തപരിശീലനം കഴിഞ്ഞു വന്ന മകളായിരുന്നു. അവളുടെ ചിലങ്കകളുട ശബ്ദം. പുറത്തു അപ്പോൾ കാറ്റ് ചീറി പായുന്നു. മരങ്ങൾ കുലുങ്ങുന്നു. ഭൂതങ്ങൾ നമ്മുടെ ഭവനം വിട്ടുപോകുമ്പോൾ പ്രകൃതി ഇങ്ങനെ രൗദ്രയാകുമെന്ന മുത്തശ്ശിയുടെ വാക്കുകൾ. കുറച്ചുമുമ്പ് വരെ ഞാൻ രാധാമണിയുടെ കൂടെ ഒരു കാട്ടുപെണ്ണിന്റെ കൂടെയായിരുന്നു. മനസ്സിന് സാധിക്കാത്തത് എന്ത്? എന്നാലും പ്രേതത്തെ സൃഷ്ടിക്കുന്നതും മനസ്സാണോ. അതോ അവർ ഉണ്ടോ? ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. ഇങ്ങനെ അനുഭവങ്ങൾ തരുന്നതുകൊണ്ട് തീരെ അവിശ്വസിക്കാൻ വയ്യ.
ശുഭം