'നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്നു പാടാം' എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ശ്രീജിത്ത് ഇടവന സംവിധാനം ചെയ്ത 'സിക്കാഡ' പ്രേക്ഷകനില്‍ ഭീതി നിറയ്ക്കുന്ന ചിത്രമാണ്. കൊടുംകാട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരു വ്യക്തി നേരിടേണ്ടി വരുന്ന ഭീദിതവും അസാധാരണവുമായ ചില കാര്യങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
കാടുകളില്‍ കാണുന്ന ഒരുതരം ചീവീടാണ് സിക്കാഡ. വര്‍ഷങ്ങളോളം മണ്ണിനടിയില്‍ കഴിഞ്ഞ ശേഷം ഒന്നിച്ചു പുറത്തേക്കു വരുന്ന ജീവികളാണിവ. ഇതുമായി മനുഷ്യരുടെ ജീവിതത്തിനു സാമ്യം കാട്ടുന്നിടത്താണ് കഥ വികസിക്കുന്നത്. പുതുമയുള്ള പ്രമേയവും മികച്ച തിയേറ്റര്‍ എക്‌സ്പീര്യന്‍സ് നല്‍കുന്ന ഒന്നാണെന്ന് ഉറപ്പിച്ചു പറയാം. മലയാള സിനിമയിലെ കണ്ടു വരുന്ന രീതികളില്‍ നിന്നു വ്യത്യസ്തമായി ചിത്രീകരിച്ച ഒരു മിക്ചച സര്‍വൈവല്‍ ത്രില്ലര്‍ എന്ന് സിക്കാഡയെ വിശേഷിപ്പിക്കാം.
തുടക്കം മുതല്‍ അവസാനം വരെ അങ്ങേയറ്റം ദുരൂഹത നിറഞ്ഞ ഒരു മികച്ച സര്‍വൈവല്‍ ത്രില്ലര്‍ മുവീയാണ് 'സിക്കാഡ'.തന്റെ കാമുകിയായ മേഘയെ അന്വേഷിച്ച് പുലിയറ എന്ന സ്ഥലത്തേക്ക് യാത്ര തുടങ്ങുകയാണ് ജോ എന്ന ചെറുപ്പക്കാരന്‍. യാത്രയ്ക്കിടയില്‍ വണ്ടി കേടാകുന്നതോടെ അയാള്‍ വല്ലാത്ത പ്രതിസന്ധി നേരിടുന്നു. ഒടുവില്‍ അതുവഴി വന്ന ഒരു ട്രെയിലറിന് മുന്നില്‍ കൈ കാണിച്ച് അയാള്‍ പുലിയറയിലേക്ക് ഒരു ലിഫ്റ്റ് ചോദിക്കുന്നു. മനുഷ്യരെ മാത്രം വേട്ടയാടുന്ന കൂറ്റന്റെ അടുത്തേക്കാണോ പോകുന്നതെന്ന അയാളുടെ ചോദ്യം ജോയെ അല്‍പ്പമൊന്ന് ഭയപ്പെടുത്തിയെങ്കിലും പേടിച്ച് പിന്‍മാറാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല. എങ്ങനെയെങ്കിലും തന്റെ കാമുകിയെ കണ്ടെത്തണമെന്ന ആഗ്രഹവും പിന്നെ കൈക്കരുത്തിന്റെ ബലവും ഒക്കെ കൂടി ചേര്‍ന്നപ്പോള്‍ അയാള്‍ തന്റേടത്തോടെ യാത്ര തുടരുകയാണ്. ഒറ്റയ്ക്ക് പുലിയറയിലെത്തിയ ജോയ്ക്ക് നേരിടേണ്ടി വന്നത് കാട്ടുപോത്തും പാമ്പും ചീവീടും മാത്രമായിരുന്നില്ല. തനിച്ച് പുലിയറയിലെ കാട്ടിനുള്ളിലേക്ക് കയറുന്ന ജോയ്ക്ക് പിന്നീട് നേരിടേണ്ടി വന്ന ഭയാനകമായ അനുഭവങ്ങളും അതില്‍ നിന്നു രക്ഷപെടാന്‍ അയാള്‍ നടത്തുന്ന ഓട്ടപ്പാച്ചിലും സാഹസങ്ങളുമാണ് ചിത്രത്തിന്റെ കഥ പറയുന്നത്.
നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറയുന്ന സിനിമ ആദ്യന്തം പ്രേക്ഷകനെ ഭീതിയില്‍ തളച്ചിടുന്നുണ്ട്. ആകാംക്ഷയും ദുരൂഹതയും ഒരു പോലെ നിറച്ചു വച്ച സിനിമ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്.
സെവന്‍സ്, ഗോള്‍, ജനകന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാരമായ രജത് മേനോനാണ് ഇതില്‍ ജോ ആയെത്തുന്നത്. സാഹസികനും അല്‍പ്പം തന്റേടിയുമായ ജോ എന്ന ചെറുപ്പക്കാരന്റെ വേഷം രജിത്തിന്റെകൈകളില്‍ ഭദ്രമായിരുന്നു. കായികമായി ഏറെ അദ്ധ്വാനം വേണ്ടി വന്ന കഥാപാത്രം പലപ്പോഴും അയാള്‍ അനുഭവിക്കുന്ന ഭയം പ്രേക്ഷകരിലേക്ക് കൂടി പകരുന്നുണ്ട്. ഗായത്രി മയൂര എന്ന പുതുമുഖ നായികയാണ് ചിത്രത്തില്‍ ജോയുടെ കാമുകി മേഘയായി എത്തുന്നത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞ കൂറ്റന്‍ എന്ന കഥാപാത്രമായി ജെയിംസ് ജോസ് മികച്ച പ്രകടനം കാഴ്ച വച്ചു. മലയാള സിനിമയിലെ മികച്ച വില്ലന് വേഷങ്ങള്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നടനാണ് താനെന്ന് അദ്ദേഹം ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു. മൈക്കിള്‍, മെര്‍ലിന്‍, റീന, ഷാലിന്‍, കല്ലൂര്‍ അര്‍ജ്ജുന്‍ എന്നിവരാണ് മററു താരങ്ങള്‍.
സംവിധാനത്തിനൊപ്പം തിരക്കഥയും സംഗീത സംവിധാനവും ശ്രീജിത്ത് ഇടവന തന്നെയാണ്. നാല് ഭാഷകളിലായി എത്തുന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതവും കഥയുടെ ആകെയുള്ള മൂഡിന് ചേര്‍ന്നതാണ്.കാടിന്റെ നിഗൂഢവും വന്യവുമായ ഭംഗി അപ്പാടെ ഒപ്പിയെടുക്കാന്‍ ഛായാഗ്രാഹകന്‍ നവീന്‍ രാജിന് കഴിഞ്ഞു. പേടിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ആസ്വദിച്ചു കാണാന്‍ കഴിയുന്ന ചിത്രമാണ് സിക്കാഡ.